ടാലന്റ് ഉണ്ടെങ്കിൽ ആർക്കും സിനിമയിൽ നിലനിൽക്കാമെന്ന് അജു വർഗീസ്. തുടക്കത്തിൽ ചവിട്ടിത്താഴ്ത്താനൊന്നും ആരും നിക്കില്ല. രക്ഷപെടുമെങ്കിൽ രക്ഷപെട്ടോട്ടെ എന്ന മനോഭാവമേ ഉള്ളു. കഴിവുള്ളവർക്ക് ഉറപ്പായും ഉയർന്നുവരാമെന്നും അജു ദ ക്യു അഭിമുഖത്തിൽ.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഔട്ട്സൈഡർക്ക് സിനിമ എളുപ്പമാണോ?
'ആരുടെയെങ്കിലുമൊക്കെ സഹായം കൂടാതെ ഒരിടത്ത് എത്തിപ്പെടുക സാധ്യമല്ല. ആ ഒരു പ്രായോഗിക ബുദ്ധിമുട്ട് മാത്രമാണ് സിനിമയിലും ഉളളത്. ആരോട് സഹായം ചോദിക്കണമെന്ന് അറിയണം. ടാലന്റ് ഉണ്ടെങ്കിൽ പലരോടായി ചോദിച്ച് ഒരിക്കൽ നമ്മൽ ആഗ്രഹിക്കുന്നിടത്ത് എത്താം. ആ ചോദിക്കാൻ എടുക്കുന്ന സമയവും പരിശ്രമവും മാത്രമാണ് പ്രധാനം. മറ്റൊരാൾ നമ്മളെ ബഹുമാനിക്കണം എന്ന് ആഗ്രഹിച്ചുകൊണ്ട് നമ്മളൊരു ജോലിയും ചെയ്യാറില്ല. നമ്മുടെ പ്രവൃത്തികൾ വഴിയെ മറ്റൊരാൾക്ക് നമ്മളോട് ബഹുമാനം തോന്നിപ്പിക്കുന്ന ഘട്ടത്തിലേയ്ക്ക് എത്തും. ഏത് ജോലിയ്ക്കും അങ്ങനെയുണ്ട്. സിനിമയിലും അങ്ങനെതന്നെയാണ്. അവർക്ക് പല ജോലികളും തിരക്കുകളുമുണ്ട്. പുതിയതായി വരുന്ന ഒരാളെ ബഹുമാനിച്ചെന്നോ വിളിച്ച് അവസരങ്ങൾ കൊടുത്തെന്നോ വരില്ല. സ്വന്തം കഴിവ് കൊണ്ട് അയാൾ സ്പെഷ്യൽ ആകുന്ന ഒരു സമയത്ത് അത് നടന്നേക്കാം.
തുടക്കത്തിൽ ചവിട്ടിത്താഴ്ത്താനൊന്നും ആരും നിക്കില്ല. ഒന്നു തള്ളിക്കൊടുത്ത് രക്ഷപെടുമെങ്കിൽ രക്ഷപെട്ടോട്ടെ എന്ന മനോഭാവമേ ഉള്ളു. ആരും മറ്റൊരാളെ ഒരു മത്സരബുദ്ധിയോടെ നോക്കുന്നതായി ഞാൻ കണ്ടിട്ടില്ല. കാരണം അവസരങ്ങളുണ്ട്. കഴിവുളളവർക്ക് ഉറപ്പായും ഉയർന്നുവരാം.'