എന്തൊക്കെ വിജയം ചുറ്റിനും ഉണ്ടെങ്കിലും കല്യാണം കഴിച്ചാലേ ഒരു വ്യക്തി പൂര്‍ണ്ണമാകൂ എന്ന സമൂഹത്തിന്റെ കണ്ടീഷണിങ്ങ് താനും വിശ്വസിച്ചിരുന്നുവെന്ന് നടി നവ്യ നായര്‍. കറുപ്പ് - വെളുപ്പ്, സ്ത്രീ-പുരുഷന്‍, കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ് എന്നൊക്കെയുള്ള നാട്ടുനടപ്പിലാണ് നമ്മള്‍ ജീവിക്കുന്നത്. ഈ നാട്ടുനടപ്പിന്റെ ചെല്ല പേരാണ് കണ്ടീഷണിങ്ങെന്നും നവ്യ നായര്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലേക്ക് തിരിച്ചു വരണമെന്ന് വിചാരിച്ചിരുന്നില്ല. കുറെ അഭിനയിച്ചു മതിയായിട്ടാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. അതില്‍ ആരെയും കുറ്റപെടുത്തില്ല. ആരും ഒന്നും പറഞ്ഞ് പഠിപ്പിച്ചതൊന്നുമില്ല, പക്ഷേ കുട്ടിക്കാലം മുതലേ നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നതാണ് പല കാര്യങ്ങളും. ഇതൊക്കെ വര്‍ഷങ്ങളായുള്ള കണ്ടീഷണിങ്ങിന്റെ ഭാഗമായിരുന്നുവെന്ന് പിന്നെയാണ് തിരിച്ചറിഞ്ഞത്. ഇന്ന് തന്റെ മകന്‍ ഒരിക്കലും ഇത്തരത്തിലുള്ള കണ്ടീഷണിങ്ങ് കേള്‍ക്കുന്നുണ്ടാവില്ലെന്നും നവ്യ പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ വേറൊരു വീട്ടിലേക്ക് പോകേണ്ടതാണെന്ന് നമ്മളെ ഓര്‍മിപ്പിക്കും, അത് മനസില്‍ കിടന്നതുകൊണ്ട് എന്റെ ബേസികായ അവകാശങ്ങള്‍ പോലും തിരിച്ചറിഞ്ഞിട്ടില്ല. ഭര്‍ത്താവിന് എന്നെ എന്തും പറയാം, അത് ചേട്ടന്റെ അവകാശമാണെന്നാണ് വിചാരിച്ചിരുന്നത്. ഇത്രയും ലോകം കണ്ട എസ്റ്റാബ്ലിഷ്ഡ് ആയ നവ്യ നായരായിരുന്നിട്ട് പോലും അതെല്ലാം സഹിക്കണമെന്നാണ് വിശ്വസിച്ചിരുന്നത്.നവ്യ നായര്‍
അനീഷ് ഉപസന സംവിധാനം ചെയ്ത 'ജാനകി ജാനേ' ആണ് നവ്യ നായരുടേതായി പുതുതായി പുറത്തിറങ്ങിയ ചിത്രം. സൈജു കുറുപ്പ്, ജോണി ആന്റണി , ഷറഫുദ്ധീന്‍ , കോട്ടയം നസിര്‍ , അനാര്‍ക്കലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരി ജാനകിയായാണ് നവ്യ നായര്‍ ചിത്രത്തില്‍ എത്തുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. തുടര്‍ന്ന് '.പി.ഡബ്ള്യൂ ഡി, സബ് കോണ്‍ട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നതോടെ, വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് 'ജാനകി ജാനേ' എന്ന ചിത്രം.