Film Review

ദുരിത ജീവിതത്തിന്റെ അതിരുകള്‍ താണ്ടി; വാഴൈയിലെ കുട്ടിത്തവും മനുഷ്യത്വവും

അദ്ധ്വാനം, തൊഴില്‍, കൂലി, വിശപ്പ്, ദാരിദ്ര്യം, വിദ്യാഭ്യാസം, സ്നേഹം, നിഷേധം, അവകാശം, ജാതി, കൃഷിയും കാര്‍ഷികമുതലാളിത്തവും എന്നിങ്ങനെ ഏറ്റവും അടിസ്ഥാനപരമായ മാനുഷികാവസ്ഥകള്‍ ഇപ്പോഴും ഏറ്റവും പ്രസക്തമായിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് മാരി ശെല്‍വരാജിന്റെ വാഴൈ എന്ന പുതിയ സിനിമ വ്യാഖ്യാനിക്കുന്നത്. കുട്ടികളുടെ സിനിമ എന്ന വിശേഷണത്തോടെ ചുരുങ്ങിയ മുതല്‍മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാഴൈ; കുട്ടികളുടെ സിനിമ എന്ന സങ്കല്പനം എത്ര ഗൗരവമുള്ളതായിരിക്കണമെന്നും എത്ര ജീവിതാവബോധത്തോടെ സമീപിക്കപ്പെടേണ്ടതാണെന്നും തെളിയിക്കുന്നു. അതോടൊപ്പം, വന്‍ മുതല്‍മുടക്കോടെയും വന്‍ പ്രചാരണ കോലാഹലങ്ങളോടെയും നാടാകെ വ്യാപിപ്പിക്കുന്ന പടുകൂറ്റന്‍ സിനിമകളേക്കാളും സിനിമ എന്ന കലാമാധ്യമത്തേയും അതിനെ മനുഷ്യരുടേതാക്കി മാറ്റാനുള്ള പരിശ്രമങ്ങളെയും ഈ സിനിമ സാധൂകരിക്കുന്നു.

വാഴൈയാണ് തന്റെ ഒന്നാമത്തെ സിനിമ എന്നാണ് മാരി ശെല്‍വരാജ് പറയുന്നത്. നിഷ്‌കളങ്കനായ ഒരു കുട്ടി എങ്ങനെയാണ് തന്റെ ചുറ്റുമുള്ള ലോകത്തെ കാണുന്നത് എന്നതാണ് വാഴൈയുടെ പ്രാഥമികാഖ്യാനം. തന്റെ ദുരവസ്ഥകളോട് തിരിച്ചടിക്കുന്നതെങ്ങിനെ എന്ന് വിവരിക്കുന്ന കര്‍ണന്‍ രണ്ടാമത്തെയും വിദ്യാഭ്യാസത്തിലൂടെയാണ് പരിഹാരം ഉണ്ടാകേണ്ടത് എന്നു പറയുന്ന പരിയേറും പെരുമാള്‍ ബിഎ ബിഎല്‍ മേലേ ഒരു കോട് മൂന്നാമത്തെയും രാഷ്ട്രീയ പരിഹാരം നിര്‍ദ്ദേശിക്കുന്ന മാമന്നന്‍ നാലാമത്തെയും സിനിമയാണങ്ങിനെ ആലോചിച്ചാല്‍ എന്നും മാരി ശെല്‍വരാജ് പറയുന്നു.

വാഴൈയിലുള്ളത് സംവിധായകന്റെ തന്നെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളാണെന്നതിനാല്‍ അതിനെ ആത്മകഥാപരമായ സിനിമ എന്നും വിളിക്കാം. ഈ സിനിമയിലുണ്ടാകുന്ന ലോറി അപകടം പോലെ ഒരപകടത്തില്‍ മാരി ശെല്‍വരാജിന്റെ ജ്യേഷ്ഠത്തി കൊല്ലപ്പെട്ടിരുന്നു. തലയില്‍ വാഴക്കുല ഏറ്റി തോട്ടത്തില്‍ നിന്ന് നാഴികകള്‍ നടന്ന് ലോറിയിലെത്തിച്ച് ഒരു കുലയ്ക്ക് ഒരു രൂപ കൂലി വെച്ച് മേടിക്കുന്ന പണിയിലും അദ്ദേഹം കുട്ടിക്കാലത്ത് ഏര്‍പ്പെട്ടിട്ടുണ്ട്. പിന്നീട് ഈ ഒരു രൂപ രണ്ടു രൂപയാക്കുന്നതിന് വേണ്ടി സിനിമയിലെ തൊഴിലാളികള്‍ സമരം പ്രഖ്യാപിക്കുന്നുണ്ട്. അവരുടെ നേതാവായി മാറുന്ന കനി (കലൈയരന്‍) വാഴൈയിലെ മുഖ്യ കഥാപാത്രമായ ശിവനേന്ദന്റെ(പൊന്‍വേല്‍) ആരാധനാ പാത്രമാണ്. അവന്റെ സഹോദരി വേമ്പു(ദിവ്യ ദുരൈസാമി)വിന്റെ കാമുകനുമാണ്. ശിവനേന്ദന്റെ മരിച്ചു പോയ അച്ഛന്‍ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്ന ഒരു ട്രങ്ക് പെട്ടിയിലാണ് അവനും ഇഷ്ടപ്പെട്ടവ സൂക്ഷിക്കുന്നത്. അരിവാളും ചുറ്റികയും നക്ഷത്രവും അങ്കിതമായ ഒരു ചുകന്ന കൊടി ആ പെട്ടിയിലുണ്ട്. അരിവാള്‍ചുറ്റിക നക്ഷത്രത്തിന്റെ ഒരു ലോഹബാഡ്ജും അതിലുണ്ട്. സഹോദരി പറഞ്ഞതുപ്രകാരം മൈലാഞ്ചി നിറയെ പറിച്ച് കനിയ്ക്ക് കൊടുക്കുന്നതിനൊപ്പം, തനിക്കേറ്റവും പ്രിയപ്പെട്ട ഈ ലോഹബാഡ്ജും അവന്‍ കനിയ്ക്ക് കൊടുക്കുന്നു. തന്റെ ചിറ്റപ്പന്റെ (അച്ഛന്റെ അനുജന്‍) ശക്തമായ കമ്യൂണിസ്റ്റ് പശ്ചാത്തലമാണ് മാരി ശെല്‍വരാജിനെ ഈ ഇമേജുകളിലെത്തിക്കുന്നത്.

തെക്കേ തമിഴ് നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി ഭാഗത്തുള്ള ഏക്കര്‍ കണക്കിന് വാഴത്തോട്ടങ്ങളാണ് ഈ സിനിമയുടെ കഥാപശ്ചാത്തലം. കറുങ്കുളം എന്ന ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ശിവനേന്ദനും ആത്മാര്‍ത്ഥ സുഹൃത്ത് ശേഖറും താമസിക്കുന്നത്. അവരൊന്നിച്ച് അതേ ഗ്രാമത്തിലെ സര്‍ക്കാര്‍ ആണ്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്നു. ശിവനേന്ദന്റെ അമ്മയും സഹോദരിയും ദിവസേന കാലത്ത് വാഴത്തോട്ടത്തില്‍ കുലയറുത്ത് തലച്ചുമടേറ്റുന്ന ജോലിയ്ക്ക് പോകുന്നവരാണ്. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും ശിവനേന്ദനും ശേഖറും ഇതേ ജോലിക്ക് പോകും. ഇവര്‍ക്ക് ലഭിക്കാനുള്ള കൂലിയില്‍ വകവെച്ച് പലപ്പോഴായി മേസ്തിരിയില്‍ നിന്ന് അമ്മ വായ്പ വാങ്ങിയിട്ടുമുണ്ട്. ഇങ്ങനെ കടത്തിലും തുച്ഛമായ കൂലിയിലും കുടുങ്ങിയ ഈ തൊഴില്‍ സാഹചര്യത്തിലാണ് ബാലവേല എന്ന നിയമപ്രകാരം നിരോധിക്കപ്പെട്ട കാര്യം കൂടി നടക്കുന്നത്. തൂത്തുക്കുടിയ്ക്കടുത്തുള്ള വിരുദുനഗറിലെ ശിവകാശിയിലാണ് ലോകപ്രസിദ്ധമായ പടക്കവ്യവസായം. അവിടെയും ബാലവേലയാണ് ആ പടക്കവ്യവസായത്തിന്റെ സംരംഭകത്വവിജയത്തിന്റെയും കൊള്ളലാഭത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നെല്ലാവര്‍ക്കുമറിയാം. കുട്ടിജപ്പാന്‍ എന്നൊക്കെയാണ് ശിവകാശിയെ ബിസിനസ് പണ്ഡിറ്റുകള്‍ വിശേഷിപ്പിക്കുക. ഝലം ബെനുരാഗറിന്റെ കുട്ടിജപ്പാനിന്‍ കുഴന്തൈകള്‍ എന്ന ഡോക്കുമെന്ററിയില്‍ ശിവകാശിയിലെ ബാലവേല വിശദമായി രേഖപ്പെടുത്തിയിരുന്നു. കാലം മാറുമ്പോഴും അവശേഷിക്കുന്ന, മായ്ച്ചുകളയാനാവാത്ത ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും മനുഷ്യകഥകളാണ് ഈ ഡോക്കുമെന്ററിയിലെന്നതു പോലെ, മാരി ശെല്‍വരാജിന്റെ വാഴൈയിലും ആവിഷ്‌ക്കരിക്കപ്പെടുന്നത്.

ശിവനേന്ദനും ശേഖറും രജനിയുടെയും കമലിന്റെയും ആരാധകരാണ്. ഇതു കണ്ടപ്പോള്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ പ്രേംനസീറിന്റെ കടുത്ത ആരാധകനായിരുന്നു എന്നതോര്‍മ്മ വന്നു. അന്ന് മറുഭാഗത്തുള്ള മധുവിന്റെ ആരാധകരോട് സൗഹൃദവും മത്സരവുമുണ്ടായിരുന്നതോര്‍ക്കുന്നു.

ക്ലാസിലേറ്റവും പഠിക്കുന്നവനും എല്ലാ വിഷയത്തിലും ഒന്നാം സ്ഥാനത്തെത്തുന്നവനുമാണ് ശിവനേന്ദന്‍. നിഖില വിമല്‍ അവതരിപ്പിക്കുന്ന പൂങ്കൊടി എന്ന അധ്യാപികയോട് അവന് കുറച്ചധികം ഇഷ്ടമുണ്ട്. അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോട് തൊഴിലിന്റെ കീഴ് വഴക്കങ്ങള്‍ അനുവദിക്കുന്നതിലധികമായുള്ള സൗഹൃദങ്ങളും ബന്ധങ്ങളും സ്നേഹങ്ങളും എല്ലാക്കാലത്തും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ്. ടര്‍ക്കിഷ് മാസ്റ്ററായ നൂറെ ബില്‍ഗെ ജൈലാന്റെ എബൗട്ട് ഡ്രൈ ഗ്രാസ്സസ് (ഉണക്കപ്പുല്ലുകളെക്കുറിച്ച്/2023) അടുത്ത കാലത്ത് ഈ വിഷയം കൈകാര്യം ചെയ്ത മനോഹരമായ സിനിമയാണ്.

പൂങ്കൊടി ടീച്ചറുടെ കൈലേസ് വരാന്തയില്‍ വീഴുമ്പോള്‍ ശിവനേന്ദന്‍ അതു കൈവശപ്പെടുത്തി അവന്റേതാക്കുന്നു. പശുവിനെ മേയ്ക്കുന്നതിനിടയില്‍ നെല്ലു കുത്താന്‍ ടിവിഎസ് ഫിഫ്റ്റിയില്‍ പോകുന്ന ടീച്ചറുടെ കൂടെ പോകുന്നതും തിരിച്ചുവരുമ്പോഴേക്കും പശു ബ്രോക്കറായ മുത്തുരാജിന്റെ പുരയിടത്തില്‍ കടക്കുകയും എല്ലാം വലിയ പൊല്ലാപ്പാകുകയുമാണ്.

നിഷ്‌കളങ്കമായി അവതരിപ്പിക്കപ്പെടുന്ന ഈ ഇഷ്ടമാണ് കഥയുടെ രണ്ടാം ഭാഗത്തില്‍ ദുസ്സഹമായ വിനാശത്തില്‍ നിന്ന് ഒരു നിലയ്ക്ക് അവനെ രക്ഷിക്കുന്നത്. ക്ലാസിലൊന്നാമതെത്തിയവര്‍ക്കാണ് സ്‌കൂള്‍ വാര്‍ഷികത്തിലെ ഗ്രൂപ്പ് ഡാന്‍സില്‍ പങ്കെടുക്കാനവസരമുള്ളൂ എന്ന ഉത്തരവനുസരിച്ച് ഡാന്‍സ് പരിശീലനത്തിനായി ശനിയാഴ്ച കാലത്ത് അവന് സ്‌കൂളിലെത്തേണ്ടിവരുന്നു. വീട്ടില്‍ അമ്മയ്ക്ക് പനിയായതിനാല്‍, അവനും കൂടി വാഴക്കുല ചുമക്കാന്‍ പോയില്ലെങ്കില്‍ ബ്രോക്കര്‍ കോപിക്കും. ഇതിനാല്‍ അമ്മ ഡാന്‍സ് പ്രാക്ടീസിന് സമ്മതം കൊടുക്കുന്നില്ല. പിന്നീട് ചേച്ചിയുടെ പ്രത്യേക സമ്മതവും നിര്‍ദ്ദേശവും പ്രകാരമാണ് അവന്‍ സ്‌കൂളിലേയ്ക്ക് പോകുന്നത്. അവന്‍ കാലത്ത് ഭക്ഷണം കഴിക്കാതെയാണ് വാഴക്കുലച്ചുമടുപണിയ്ക്കായി പോകുന്നതെന്നതിനാല്‍ സാധാരണയുള്ള രണ്ടു തൂക്കുപാത്രം ചോറിനു പുറമെ ഒരു അധിക പാത്രം ചോറും അമ്മ കൊടുത്തയച്ചിരുന്നു. സ്‌കൂളിലെ പ്രാക്ടീസ് ഉച്ചയ്ക്ക് കഴിഞ്ഞു. പൂങ്കൊടി ടീച്ചര്‍ അവനോട് വീട്ടില്‍ വന്ന് ശാപ്പിടാം എന്ന് ക്ഷണിക്കുന്നുണ്ടെങ്കിലും, ആത്മാഭിമാനം കൊണ്ടോ നാണം കൊണ്ടോ അത് സ്വീകരിക്കുന്നില്ല. നൂറുകണക്കിന് വാഴക്കുല ചുമന്ന തനിയ്ക്ക് പോകുന്ന വഴിയ്ക്കുള്ള തോട്ടത്തിലെ പാതി പഴുത്ത കുറച്ചു കായകള്‍ കൊണ്ട് വിശപ്പടക്കാവുന്നതേ ഉള്ളൂ എന്നായിരുന്നു അവന്റെ ആശയവും പ്രതീക്ഷയും. അത് സാധിക്കുന്നു. പക്ഷെ, വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളിലെ ജീന്‍ വാല്‍ ജീനെപ്പോലെ, വിശപ്പുള്ളവന് മോഷ്ടിക്കാനുള്ളതല്ല ഭക്ഷണം എന്ന നിയമാനുസൃത അധികാരം പ്രവര്‍ത്തിക്കുകയും അവന്‍ മര്‍ദ്ദനവും ശിക്ഷയുമേറ്റ് കുഴയുകയുമാണ്. ആകെ വലഞ്ഞ അവന്‍ പനി പിടിച്ച് കിടക്കുന്ന അമ്മയറിയാതെ വാതില്‍ കയ്യിട്ടു തുറന്ന് അടുക്കളയിലെത്തി കുറച്ച് ചോറ് വാരിത്തിന്നുന്നതിനിടെ ശബ്ദം കേട്ടെത്തുന്ന അമ്മ അവിടെ നിന്നും തുരത്തുന്നു. വിശപ്പു കൊണ്ടും നുണ പറഞ്ഞത് പിടിക്കപ്പെട്ടതിന്റെ അപകര്‍ഷത കൊണ്ടും എല്ലാം കൂടുതല്‍ ക്ഷീണിച്ച അവന്‍ പുഴയില്‍ നിന്നൊരിത്തിരി വെള്ളം അകത്താക്കി കരയില്‍ കിടന്നു മയങ്ങിപ്പോവുന്നു. അപ്പോഴാണ് നാടിനെ നടുക്കിയ അപകടത്തില്‍ വാഴലോറി മറിഞ്ഞ് അവന്റെ ചേച്ചിയും കനിയുമടക്കം പത്തൊമ്പതു പേര്‍ കൊല്ലപ്പെടുന്നത്. അവന്‍ പോയിരുന്നെങ്കില്‍ അവനും അതില്‍ പെടുമായിരുന്നു. യഥാര്‍ത്ഥത്തില്‍ 1998ല്‍ നടന്ന അപകടത്തില്‍ ഇരുപതു പേര്‍ മരണപ്പെട്ടിരുന്നു. ആ ഇരുപതാമനാണ് കൊല്ലപ്പെടാതെ കൊല്ലപ്പെട്ട ശിവനേന്ദന്‍ അഥവാ മാരി ശെല്‍വരാജ്.

ഹരിതാഭമായ വാഴത്തോട്ടങ്ങളും വാഴയിലകളും തൂങ്ങുന്ന കുലകളും മണ്ണും എല്ലാം കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ചയും 'കേരളത്തിന്റെ സങ്കുചിത മനസ്സില്‍' നിന്ന് രക്ഷപ്പെടാന്‍ തമിഴ്നാട് അതിര്‍ത്തിയിലെത്തുന്ന കവികള്‍ക്ക് ആശ്വസിക്കാനുള്ള മികവുകളുമാണ്. എന്നാല്‍, കാര്‍ഷിക സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്ന ഭൂവുടമകളും കച്ചവടക്കാരും ബ്രോക്കര്‍മാരും ലോറിയുടമകളും ചേരുന്ന മുതലാളിത്തം, സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണ തൊഴിലാളികളുടെ കൊലനിലമാക്കി അതിനെ പരിവര്‍ത്തിപ്പിക്കുന്നതെങ്ങനെ എന്നതാണ് വാഴൈയുടെ പ്രമേയം. തൊഴിലാളി വര്‍ഗത്തിന്റെ കാഴ്ചകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടു എന്ന പുതുകാല പണ്ഡിത-വിദഗ്ദ്ധരുടെ വീക്ഷണങ്ങളെയുെം അതിജീവിച്ചാണ്, ഇതു പോലുള്ള യഥാര്‍ത്ഥ സംഭവകഥകള്‍ മികച്ച സിനിമകളായി വരുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.

അധ്വാനവും ചൂഷണവും കൂലിയും ദാരിദ്ര്യവും പോലുള്ള വര്‍ഗ വിഭജിത വിഷയങ്ങളെന്നതു പോലെ; സ്വപ്നം, ആരാധന, താല്‍ക്കാലിക സ്നേഹം(ക്രഷ്), ആത്മാര്‍ത്ഥ സൗഹൃദം, ആത്മാഭിമാനം, നിസ്സഹായത, നിഷ്‌കളങ്കത എന്നിങ്ങനെ ഓരോ മനുഷ്യര്‍ക്കും പ്രധാനമായ വികാരഘടകങ്ങള്‍ ഏറെ ശ്രദ്ധയോടെ സിനിമയില്‍ ഇഴചേര്‍ത്തിരിക്കുന്നു എന്നതും വാഴൈയുടെ മികവാണ്.

ദാരിദ്ര്യവും വിശപ്പും അമ്മയോടുള്ള വിധേയത്വവുമെല്ലാമുള്ള കുട്ടികളാണെങ്കിലും ശിവനേന്ദനും ശേഖറും കുസൃതി ഒട്ടും കുറവുള്ളവരല്ല. ഒരു രൂപ കൂലി കൂട്ടി ചോദിച്ച് ലഭിച്ചില്ലെങ്കില്‍ സമരമായിരിക്കുമെന്ന് കനി പ്രഖ്യാപിക്കുമ്പോള്‍, എങ്കില്‍ തങ്ങള്‍ക്ക് പണിയ്ക്ക് പോകാതെ സ്‌കൂളില്‍ പോകാമല്ലോ എന്നാണവര്‍ വിചാരിക്കുന്നത്.

സന്തോഷ് നാരായണന്റെ സംഗീതവും തേനി ഈശ്വറിന്റെ ഛായാഗ്രഹണവും എല്ലാ അര്‍ത്ഥത്തിലും മികച്ചതാണ്. ക്ലൈമാക്സിലെ ദുരന്തത്തെ സൂചിപ്പിക്കുന്ന ചില സൂചനാദൃശ്യങ്ങളാണ് വാഴൈയുടെ ആദ്യമുള്ളത്. പുഴയിലേയക്ക് വാഴക്കുലകള്‍ തള്ളിയിടുന്ന ശിവനേന്ദന്‍ അടുത്ത രംഗത്തില്‍ വിശാലമായ ആകാശത്തെയും ചുറ്റുമുള്ള വിജനമായ തരിശു ഭൂമിയെയും നോക്കി കാണാതായ മാട്ടിനെ മ്മ്പേ എന്നു ദയനീയമായി വിളിക്കുന്നു. അവന്റെ ജീവിതത്തിന്റെ അതിരുകള്‍ ഭേദിക്കാന്‍ അവനാഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല.

വിധ്വംസകവും ഹൃദയഭേദകവും വിട്ടുവീഴ്ചയില്ലാത്തതുമായ സിനിമയാണ് വാഴൈ എന്നാണ് അവിനാശ് രാമചന്ദ്രന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിലെഴുതിയ നിരൂപണത്തില്‍ പറയുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇനിയും പറയാത്ത കഥകളാണ് മാരി ശെല്‍വരാജ് ആവിഷ്‌ക്കരിക്കുന്നത്. ശിവനേന്ദന്റെയും ശേഖറിന്റെയും തമിഴ് പുസ്തകത്തിന്റെ പുറം ചട്ടയിലെ അംബേദ്കറും അവര്‍ പൊന്നു പോലെ സൂക്ഷിക്കുന്ന ചുകന്ന കൊടിയിലെ മാര്‍ക്സിസവും മാരിയുടെ വീട്ടുചുമരിലവരോടൊപ്പമുള്ള പെരിയാറും ചേര്‍ന്ന കൂട്ടണി തന്നെയാണ് അദ്ദേഹത്തില്‍ ഭാവിയുടെ രാഷ്ട്രീയാകാശങ്ങള്‍ തെളിയിക്കുന്നത്.

കുട്ടി എന്നത് മുതിര്‍ന്ന മനുഷ്യന്റെ മിനിയേച്ചറോ വളര്‍ച്ച നിയന്ത്രിച്ച ബൊണ്‍സായിയോ അല്ല. കുട്ടിയുടേത് പൂര്‍ണ ലോകം തന്നെയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ കാണുന്നതും അനുഭവിക്കുന്നതും ഇഷ്ടപ്പെടുന്നതും വേദനിക്കുന്നതും പേടിക്കുന്നതും മറികടക്കുന്നതുമായ ജീവിതവുമുണ്ട്. ആ ജീവിതത്തെയാണ് വാഴൈ അവതീര്‍ണമാക്കുന്നത്. ഇറാനിയന്‍ ക്ലാസിക്കുകളായ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ദ് കളര്‍ ഓഫ് പാരഡൈസ്(രണ്ടിന്റെയും സംവിധായകന്‍ മജീദ് മജീദി), ദ് വൈറ്റ് ബലൂണ്‍(ജാഫര്‍ പനാഹി), വേര്‍ ഈസ് ദ് ഫ്രണ്ട്സ് ഹൗസ്(അബ്ബാസ് കിയരോസ്തമി) പോലുള്ള സിനിമകളിലെന്നതു പോലെ, കുട്ടികളുടെ കാഴ്ചയിലൂടെ ലോകത്തെ വ്യാഖ്യാനിക്കുകയാണ് മാരി ശെല്‍വരാജ്. അതിലൂടെ തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ സ്ഥാനം കൈവരിച്ചിരിക്കുകയാണദ്ദേഹം.

വാഴൈ, കണ്ടു മറന്നു പോകാവുന്ന കേവലമൊരു സിനിമ മാത്രമല്ല. നിരവധി ദാര്‍ശനിക തലങ്ങളുള്ള വ്യവഹാരമാണത്. കുട്ടിയുടെ കണ്ണിലൂടെയും വ്യാഖ്യാനത്തിലൂടെയും തൊഴിലാളി വര്‍ഗ ജീവിതവും മനുഷ്യ ജീവിതവും ആവിഷ്‌ക്കരിക്കപ്പെടുന്നു. തൊഴിലാളി വര്‍ഗ ജീവിതത്തിന്റെ വിശദീകരണത്തിലൂടെ മുതലാളിത്ത (അ)നീതിയും ചൂഷണവും തുറന്നു കാട്ടപ്പെടുന്നു. തെക്കന്‍ തമിഴ്നാടിന്റെ പ്രാദേശിക ഭാഷാ-ഭൂ-ജീവിത വഴക്കങ്ങളിലൂടെ ചരിത്രവും സമകാലികതയും അടയാളപ്പെടുത്തപ്പെടുന്നു.

ഭീഷ്മപർവത്തിനു ശേഷം ധീരൻ, സംവിധാനം ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ.

നിഖില വിമൽ ചിത്രം "പെണ്ണ് കേസ്" പ്രഖ്യാപിച്ചു; ചിത്രം കോമഡി ഡ്രാമയെന്ന് സംവിധായകൻ ഫെബിൻ സിദ്ധാർഥ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു, 62 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും

VEETTILEKU | Malayalam Short film | Akhil Dev M

'ആരാധനയുടെ 99 ദിവസങ്ങള്‍'; മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം L-360 പൂര്‍ത്തിയായി

SCROLL FOR NEXT