Film Review

തടിയും മുടിയും നേരംപോക്കിനുള്ള തമാശയല്ല 

THE CUE

ഫീല്‍ ഗുഡ് എന്റര്‍ടെയിനറായി ട്രീറ്റ്‌മെന്റ് പരുവപ്പെടുത്തിയ ചിത്രമാണ് തമാശ. അഷ്‌റഫ് ഹംസയെന്ന സംവിധായകന്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സാമൂഹിക പ്രശ്‌നത്തെ കൂടി ചര്‍ച്ചയാക്കാന്‍ ശ്രമിച്ചു.

പേര് തമാശയെന്നാണ്, പക്ഷേ ശ്രീനിവാസന്‍ മാഷിന്റെ ധര്‍മ്മസങ്കടങ്ങളിലാണ് സിനിമയുടെ തുടക്കം. പൊന്നാനിക്കാരന്‍ ശ്രീനിവാസന്‍ മലയാളം അധ്യാപകനാണ്. ശിഷ്യര്‍ക്ക് മുഷിപ്പനായൊരു മാഷ്. പ്രൊഫഷനായും പിന്നെ പാണ്ഡിത്യം വിളമ്പാനുള്ള ഇടമായുമാണ് ശ്രീനി അധ്യാപനത്തെ കാണുന്നതെന്ന് തോന്നിക്കുന്ന ക്ലാസ് മുറിയില്‍ നിന്നാണ് സിനിമയുടെ തുടക്കം. അവിടെ ധീരോദാത്തനതിപ്രതാപ ഗുണവാനായ നായക സങ്കല്‍പ്പം വിവരിക്കുകയാണ് ശ്രീനി മാഷ്. പാഠഭാഗം തീര്‍ക്കുന്നതിനപ്പുറം കുട്ടികളുമായി അയാള്‍ക്ക് വലിയ അടുപ്പമൊന്നുമില്ലെന്ന് തോന്നുന്ന രംഗങ്ങളാണ് കോളേജിലേത്. ശ്രീനിയുടെ ക്ലാസിലെ പിള്ളേരുടെ റിയാക്ഷനിലൂടെയാണ് മാഷിനെ പരിചയപ്പെടുത്തുന്നത്. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ശ്രീനിവാസനില്‍ നിന്ന് അഷ്‌റഫ് ഹംസയെന്ന നവാഗത സംവിധായകന്‍ അയാളുടെ ജീവിതപരിസരത്തിലേക്കും തമാശയിലേക്കും പ്രവേശിക്കുന്നു. കഷണ്ടി വിവാഹത്തിന് വിലങ്ങായതില്‍ ആധി പൂണ്ട് ജീവിക്കുന്ന ശ്രീനി മാഷിനെയാണ് കോളേജില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ കാണുന്നത്.

സിനിമയുടെ ആദ്യപകുതിക്കും രണ്ടാം പകുതിക്കും രണ്ട് ഭാവമാണ്. ശ്രീനിയുടെ ലോകത്തെ സാന്ദര്‍ഭിക ഹാസ്യങ്ങളിലൂടെ അവതരിപ്പിച്ച് മുന്നേറുന്നതാണ് ആദ്യ ഭാഗം. അവിടെ ബബിതയെന്ന സഹപ്രവര്‍ത്തകയും, അവിചാരിതമായി കടന്നുവരുന്ന സഫിയയുമാണ് ശ്രീനിക്ക് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍. വിനയ് ഫോര്‍ട്ടിന്റെ ശ്രീനി മാഷിനൊപ്പം കോളേജിലെ പ്യൂണായ നവാസ് വള്ളിക്കുന്നിന്റെ റഹീമിന്റെയും കോമ്പിനേഷന്‍ സീനുകളിലാണ് തമാശയിലെ തമാശകളേറെയും. റിയലിസ്റ്റിക് കഥാപരിസരം നന്നായി നിര്‍മ്മിച്ചെടുത്ത് അതേ അവസരത്തില്‍ തന്നെ ആഖ്യാനത്തില്‍ സിനിമാറ്റിക്കുമാണ്.

ആശയ വിനിമയത്തിന് മുഖാമുഖ സംഭാഷണങ്ങളെക്കാള്‍ സോഷ്യല്‍ ചാറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നിടത്താണ് പുതിയ ലോകം. കമ്യൂണിക്കേഷനിലുണ്ടായ ഈ മാറ്റം മലയാള സിനിമയില്‍ ഫലപ്രദമായി ഉപയോഗിച്ചത് തമാശയിലാണ്. ബബിത-ശ്രീനി/ ശ്രീനി-സഫിയ വാട്‌സ് ആപ്പ് ചാറ്റുകളും വോയിസ് മെസ്സേജുമെല്ലാം നീണ്ട സംഭാഷണങ്ങളുടെ അല്ലലില്ലാതാക്കിയ കാഴ്ചയാണ്.

ശ്രീനിവാസന്റെ അപകര്‍ഷത പല സന്ദര്‍ഭങ്ങളെ വച്ച് വിശദീകരിക്കാനാണ് തുടക്കത്തിലെ സീനുകള്‍ ഉപയോഗിച്ചത്. അതില്‍ ശ്രീനി റഹീം(വിനയ്-നവാസ് വള്ളിക്കുന്ന്) ശ്രീനി-ബബിത രംഗങ്ങള്‍ മനോഹരമാണ്. റഹീമിന്റെ പ്രണയത്തിലേക്കുള്ള ഫ്‌ളാഷ് ബാക്ക് കട്ടുകള്‍ എന്തിനെന്ന് പിന്നീട് പിടികിട്ടും. വിനയ് ഫോര്‍ട്ടിന് മുമ്പുള്ള കഥാപാത്രങ്ങളിലെല്ലാം അയാളുടെ ചില സിഗ്നച്ചര്‍ ശൈലികളുണ്ട്. അത്തരം പിടുത്തങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായും അയഞ്ഞ് പൊന്നാനിയിലെ ശ്രീനിമാഷെന്ന ഉള്‍വലിവിലേക്ക് കയറിപ്പാര്‍ത്തിരിക്കുന്നു വിനയ് ഫോര്‍ട്ട്. അടിമുടി, മുടിയിഴ മേക്കോവര്‍. അവസാന സീന്‍ വരെ ശ്രീനിവാസന്‍ മാഷ് എന്ന കഥാപാത്രത്തില്‍ സ്ഥിരത പുലര്‍ത്തിയിട്ടുമുണ്ട് വിനയ്.

രാജ് ബി ഷെട്ടിയുടെ ഒരു മൊട്ടയ കഥയേ എന്ന കന്നഡ സിനിമയുടെ ഒഫീഷ്യല്‍ റീമേക്ക് എന്ന നിലയില്‍ നിന്ന് കുറേക്കൂടി സ്വതന്ത്രമായ രൂപത്തിലേക്കാണ് തമാശ പോകുന്നത്. മനുഷ്യരുടെ മുടിയും തടിയുമൊക്കെ പരിഹാസമാകുന്ന സാമൂഹിക വീക്ഷണത്തെയും ബോധ്യങ്ങളെയുമൊക്കെ കണക്കറ്റ് പരിഹസിച്ചു വിടുമ്പോള്‍ തമാശ വിട്ട് ഗൗരവത്തിലാകുന്നുണ്ട് സിനിമ.

ആശയ വിനിമയത്തിന് മുഖാമുഖ സംഭാഷണങ്ങളെക്കാള്‍ സോഷ്യല്‍ ചാറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നിടത്താണ് പുതിയ ലോകം. കമ്യൂണിക്കേഷനിലുണ്ടായ ഈ മാറ്റം മലയാള സിനിമയില്‍ ഫലപ്രദമായി ഉപയോഗിച്ചത് തമാശയിലാണ്. ബബിത-ശ്രീനി/ ശ്രീനി-സഫിയ വാട്‌സ് ആപ്പ് ചാറ്റുകളും വോയിസ് മെസ്സേജുമെല്ലാം നീണ്ട സംഭാഷണങ്ങളുടെ അല്ലലില്ലാതാക്കിയ കാഴ്ചയാണ്.

കുറേക്കൂടി സിനിമാറ്റിക് ഷിഫ്റ്റില്‍ പ്രേക്ഷകന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന അന്തരീക്ഷത്തിലെത്തുകയാണ് സിനിമ. ശ്രീനിവാസന്‍ മാഷിനെ ഫോളോ ചെയ്തിടത്ത് നിന്ന് കാഴ്ചക്കാരന് ചിരപരിചിതമായ സൈബര്‍ ലോകത്തേക്ക് ഷിഫ്റ്റ്. ശ്രീനിവാസന്‍ എന്ന നായകന്റെ പേരും, തളത്തില്‍ ദിനേശന്‍ എന്ന കമന്റുകളിലെ ചിത്രവും ശ്രീനിവാസന്‍ സിനിമകള്‍ക്കുള്ള സാമൂഹ്യ വായനയാണോ എന്ന് ചിന്തിപ്പിക്കും.

മിനിമലിസ്റ്റിക് അവതരണത്തിനുള്ള പിന്‍ബലമാണ് സമീര്‍ താഹിറിന്റെ ക്യാമറ. മുഹസിന്‍ പരാരി-ഷഹബാസ് അമന്‍-റക്‌സ് വിജയന്‍ കൂട്ടിലുള്ള രണ്ട് പാട്ടുകളും തമാശയുടെ താളത്തിനൊത്താണ്. മൂന്നാം നായികയായെത്തുന്ന ചിന്നു മികച്ച പ്രകടനമാണ്. ചെറുനേരത്തിനുള്ളില്‍ ആ കഥാപാത്രത്തിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുനിര്‍ത്താനാകുന്നുണ്ട് ചിന്നുവിന്. ദിവ്യ പ്രഭയുടെ ബബിത ടീച്ചറും ഗ്രേയസിന്റെ സഫിയയും ആര്യ സലീമിന്റെ അമീറയും നന്നായിട്ടുണ്ട്. നവാസ് വള്ളിക്കുന്ന് സുഡാനി ഫ്രം നൈജിരിയയ്ക്ക് പിന്നാലെ ഈ സിനിമയിലും ചിരിയുടെ പ്രകാശമായി നില്‍ക്കുന്നുണ്ട്.

ഫീല്‍ ഗുഡ് എന്റര്‍ടെയിനറായി ട്രീറ്റ്‌മെന്റ് പരുവപ്പെടുത്തിയ ചിത്രമാണ് തമാശ. അഷ്‌റഫ് ഹംസയെന്ന സംവിധായകന്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സാമൂഹിക പ്രശ്‌നത്തെ കൂടി ചര്‍ച്ചയാക്കാന്‍ ശ്രമിച്ചു. ലളിതവും ഹൃദ്യവുമായ ചലച്ചിത്രാനുഭവമായി സിനിമയും മാറിയിരിക്കുന്നു.

സാമൂഹിക മാധ്യമങ്ങള്‍ നിറത്തിന്റെയും രൂപത്തിന്റെയും വണ്ണത്തിന്റെയും വണ്ണമില്ലായ്മയുടെയും പേരിലുള്ള ബോഡി ഷെയ്മിംഗ് ആക്രമങ്ങളുടെ സ്ഥിരം വേദിയാകുന്ന സാഹചര്യം വര്‍ധിക്കുമ്പോള്‍ ഈ സിനിമ കൈകാര്യം ചെയ്ത വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത തന്റെ വണ്ണത്തെ കളിയാക്കിയുള്ള ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞത് അടുത്തിടെയാണ്. കഷണ്ടിയില്‍ വിഗ് വയ്ക്കാതെ ഫഹദ് ഫാസില്‍ മലയാളിയുടെ പ്രിയനായകനായി മാറിയിട്ടും കഷണ്ടിയുള്ളവര്‍ നേരിടുന്ന സാമൂഹിക ആക്രമങ്ങള്‍ക്ക് കുറവ് വന്നിരുന്നില്ല. തമാശയിലെ തമാശകള്‍ക്കൊപ്പം ഗൗരവതലവും ചര്‍ച്ചയാകട്ടെ.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT