ജയമോഹന്‍,ആദവന്‍,അശോകമിത്രന്‍ എന്നിവരുടെ ചെറുകഥകളെ ആസ്പദമാക്കി വസന്ത് സായി തയ്യാറാക്കിയ ആന്തോളജി സിനിമയാണ് സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും.(Sivaranjaniyum Innum Sila Pengalum Movie Review).
ഫുക്കുവോക്ക ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഈ സിനിമ സോണി ലൈവിലാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.2018ല്‍ മുംബൈ മാമി ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് അവിടെ ജെന്‍ഡര്‍ ഇക്വാലിറ്റി അവാര്‍ഡ് ലഭിച്ചിരുന്നു.
മൂന്നു വ്യത്യസ്ഥകാലഘട്ടങ്ങളില്‍ ജീവിച്ച സരസ്വതി,ദേവകി,ശിവരഞ്ജിനിഎന്നീ മൂന്നുസ്ത്രീകളുടെ ജീവിതവും ചുറ്റുപാടുകളും അസ്തിത്വപ്രതിസന്ധികളും അതിജീവനവും ഒക്കെയാണ് മൂന്നു കഥകളിലായി കടന്നുവരുന്നത്.തമിഴില്‍ ഏറ്റവും മികച്ച സ്ത്രീപക്ഷസിനിമകളെടുത്ത സംവിധായകന്‍ കെ ബാലചന്ദറിനുള്ള ഒരു ട്രിബ്യൂട്ടാണ് ഈ ആന്തോളജി സിനിമയെന്ന് സംവിധായകനും നിര്‍മ്മാതാവുമായ വസന്ത് പറഞ്ഞിട്ടുണ്ട്.
സരസ്വതി
സ്ത്രീകളുടെ സാമ്പത്തികസ്വാതന്ത്ര്യത്തെ മുന്‍ നിര്‍ത്തി കുടുംബമെന്ന അധികാരവ്യവസ്ഥയാണ് ആദ്യത്തെ കഥ സരസ്വതി ചര്‍ച്ച ചെയ്യുന്നത്.എണ്‍പതുകളുടെ തുടക്കത്തിലുള്ള ഒരു തമിഴ് ഗ്രാമത്തിലെസാധാരണ വീട്ടമ്മയാണ് സരസ്വതി.ആ വീട്ടിലെ ഒരേയൊരു ഏണിങ്ങ് മെമ്പര്‍ ഫാക്ടറി ജീവനക്കാരനായ ഭര്‍ത്താവാണ്.സരസ്വതിയുടെ നോക്കിലും നില്‍പ്പിലും നടപ്പിലും ശരീരഭാഷയിലുമെല്ലാം ആ മേല്‍ക്കോയ്മയോടുള്ളവിധേയത്വമുണ്ട്.അയാളുടെ ഒരു നോട്ടത്തില്‍ത്തന്നെ എന്തോ തെറ്റുചെയ്തവളെപ്പോലെ അവളുടെ തല കുനിഞ്ഞുപോകുന്നുണ്ട്.അയാളുടെ ചിട്ടകളെ തെറ്റിയ്ക്കാതെ,ഉറക്കത്തെ അലോസരപ്പെടുത്താതെആ വീട്ടില്‍ കട്ട പിടിച്ച് കിടക്കുന്ന ഇരുട്ടിന്‍റെയത്രയും പോലും വിസിബിളല്ലാതെയാണ് സരസ്വതിയുടെ ജീവിതം.
വീടെന്ന ഇടം ആ പുരുഷനും സ്ത്രീയും പൊതുവായി ഷെയര്‍ ചെയ്യുന്നുണ്ടെങ്കിലും കുഞ്ഞ് ഉള്‍പ്പെടെയുള്ള പൊതുഉത്തരവാദിത്തങ്ങളില്‍ നിന്ന് അയാള്‍ വേറിട്ടാണ് നില്‍ക്കുന്നത്.സഹനത്തിന്‍റെ മൂര്‍ദ്ധന്യനിമിഷത്തില്‍ ഭാര്യയെന്ന മനുഷ്യജീവി ഒന്ന് പ്രതികരിയ്ക്കുമ്പോള്‍,ജോലിയോ സാമ്പത്തികസ്വതന്ത്ര്യമോ ഇല്ലാത്ത ഭാര്യയെ,അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിച്ച് നിസ്സഹായയാക്കി പാഠം പഠിപ്പിച്ച് വിധേയപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിയ്ക്കുകയും ആ സാഹചര്യം സരസ്വതിയേപ്പോലെയൊരു സാധാരണ വീട്ടമ്മ എങ്ങനെ ഉള്‍ക്കൊള്ളുന്നു,നേരിടുന്നു,അതിജീവിയ്ക്കുന്നുഎന്നുമൊക്കെയാണ് കഥ ചര്‍ച്ച ചെയ്യുന്നത്.വിധേയനിലെ ഭാസ്ക്കര പട്ടേലരുടെ കസേര പോലൊരു കസേര ഈ കഥയിലുമുണ്ട്.അയാളുടെ അസാന്നിദ്ധ്യത്തില്‍പ്പോലും അദൃശ്യമായി ആ വീടിനെ ചൂഴ്ന്നുനില്‍ക്കുന്ന ഒരു ഭയവും ജാഗ്രതയുമുണ്ട്.ആ കസേരക്കീഴില്‍ കുനിഞ്ഞിരിയ്ക്കുന്ന സരസ്വതിയുടെ ആത്മാഭിമാനം നിവര്‍ന്നുനിന്ന് തുടങ്ങുന്നതിലേയ്ക്കാണ് സിനിമ സഞ്ചരിയ്ക്കുന്നത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും കൂടിയായ കാളിയേശ്വരി ശ്രീനിവാസനാണ് സരസ്വതിയായെത്തുന്നത്.
ദേവകി
തൊണ്ണൂറുകളുടെ മദ്ധ്യകാലത്തെ ഒരു ഇടത്തരം കൂട്ടുകുടുംബമാണ് പശ്ചാത്തലം.തൊണ്ണൂറുകളില്‍ ബാല്യം കടന്നുപോന്ന പലരുടേയും ഓര്‍മ്മകളില്‍ കാണും ആ കാലത്തെ മറ്റു സ്ത്രീകളില്‍ നിന്നും തികച്ചും വ്യത്യസ്തരായ, സ്വാതന്ത്ര്യബോധവും തന്‍റേടവും സാമര്‍ത്ഥ്യവുമൊക്കെയുള്ള ഒരു ചിറ്റയോ അമ്മായിയോ ചേച്ചിയോ ഒക്കെ.രഹസ്യമായി എഴുതുകയും ഭദ്രമായി പൂട്ടി അലമാരയില്‍ വച്ച് പോവുകയും ചെയ്യുന്ന ദേവകിയുടെ ഡയറിയാണ് ആ കുടുംബത്തില്‍ പെട്ടെന്നുണ്ടാകുന്ന പ്രശ്നം.കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവറിയാത്ത, രഹസ്യസ്വഭാവമുള്ള ഒരു ഡയറി എന്തിന് എന്നതാണ് ചോദ്യം. പലപ്പോഴും മഴയിലെ ഭദ്രയെ ഓര്‍മ്മ വന്നു.വിദ്യാഭ്യാസവും ജോലിയും സ്വാതന്ത്ര്യവുമുള്ള സ്ത്രീകളോട് അതേ വീട്ടില്‍ത്തന്നെ ജീവിയ്ക്കുന്ന ഇതൊന്നുമില്ലാത്ത സ്ത്രീകള്‍ക്ക് തോന്നുന്ന ഒരുതരം ഈര്‍ഷ്യയും പകയുമുണ്ട്.സ്ത്രീകളെ തോല്‍പ്പിയ്ക്കാന്‍ എങ്ങനെയാണ് സ്ത്രീകളും കൂടിയുള്‍പ്പെടുന്ന സിസ്റ്റം ടീം അപ്പ് ചെയ്യുന്നത് എന്ന് നല്ല ബ്രില്ല്യന്റ് ആയി കാണിച്ചിട്ടുണ്ട്. പാര്‍വ്വതി തിരുവോത്താണ് ദേവകി.
ശിവരഞ്ജിനി
രണ്ടായിരമാണ് കാലം.കോളേജില്‍ നിന്ന് നാഷണല്‍ മീറ്റിന് പോകാനൊരുങ്ങുന്ന ശിവരഞ്ജിനിയ്ക്ക് സാഹചര്യങ്ങള്‍ കൊണ്ട് പോകേണ്ടിവരുന്നത് കല്യാണമണ്ഡപത്തിലേയ്ക്കാണ്.കല്യാണം കഴിഞ്ഞ് ഡിഗ്രി പഠനം തുടരുന്നെങ്കിലും അവള്‍ ഉടന്‍ തന്നെ ഗര്‍ഭിണിയാകുന്നു.അതോടെ സ്പോര്‍ട്സ് സ്വപ്‌നങ്ങള്‍ പൊലിയുന്നു.പിന്നെ വര്‍ഷങ്ങളോളം നീളുന്ന ജീവിതത്തിരക്കുകള്‍ക്കിടയില്‍,ദിനചര്യകള്‍ക്കിടയില്‍ താന്‍ ആരായിരുന്നു എന്ന് അവള്‍ തന്നെ മറന്നുപോകുന്നു.ഒരിയ്ക്കല്‍ താന്‍ വിട്ടുകളഞ്ഞ സ്വപ്നമാണ് തന്‍റെയുള്ളിലെ തീരാത്ത ശൂന്യതയെന്ന് തിരിച്ചറിയുന്ന ഏതോ ഒരു നിമിഷത്തില്‍ ശിവരഞ്ജിനി ചിലതൊക്കെ അന്വേഷിച്ച് ഒരു യാത്ര പോകുന്നു. ലക്ഷ്മിപ്രിയ ചന്ദ്രമൌലിയാണ് ശിവരഞ്ജിനി.
കണ്ണുകള്‍ താഴ്ത്തി കുനിഞ്ഞുനിന്ന ശീലങ്ങളില്‍ നിന്നും പതിയെ ഒപ്പമിരുന്നുകൊണ്ടും പിന്നെ ഓടി മുന്നേറിക്കൊണ്ടും കടന്നുപോന്ന മൂന്ന് പെണ്‍ പതിറ്റാണ്ടുകളെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്.ദശാബ്ദങ്ങളുടെ വ്യത്യാസത്തില്‍ കുടുംബമെന്ന പാട്രിയാര്‍ക്കിയല്‍ ആവാസവ്യവസ്ഥയുടെ അകത്തുനിന്നുകൊണ്ട് ചില സ്ത്രീകള്‍ നടത്തിയ നിശ്ശബ്ദവിപ്ലവങ്ങള്‍..സ്വയം കണ്ടെത്തലുകള്‍.കാലങ്ങള്‍ കൊണ്ട് പതിഞ്ഞുപോയ ശീലത്തഴമ്പുകള്‍ക്കിടയില്‍ നിന്ന് സ്വയം തിരിച്ചറിയുന്നത് പോലും ഒരു വലിയ വിപ്ലവമാണ് എന്ന് സരസ്വതിയും ദേവകിയും സിവരഞ്ജിനിയും പറഞ്ഞുവയ്ക്കുന്നു.മൂന്ന്കഥകളിലും കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.ലിംഗനീതിയുമായി ബന്ധപ്പെട്ട് നമ്മള്‍ പോലുമറിയാതെ നമ്മള്‍ അവരില്‍ കുറിച്ചിടുന്ന കാഴ്ചകള്‍ എത്രത്തോളം പ്രധാനമാണ് എന്ന് ഈ പെണ്‍കഥകള്‍ വീണ്ടും ഓര്‍മ്മിപ്പിയ്ക്കുന്നു.
തമിഴ് സിനിമ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു...