Every film is political. Most political of all are those that pretend not to be: 'entertainment' movies. They are the most political films there are because they dismiss the possibility of change. In every frame they tell you everything's fine the way it is. They are a continual advertisement for things as they are.Wim Wenders
കുട്ടന്‍, ഓപ്പ, അച്ഛന്‍ എന്നൊക്കെ ബന്ധുക്കള്‍ സഹോദരി മകന്‍ തുടങ്ങിയവരാല്‍ വിളിക്കപ്പെടുന്ന മമ്മൂട്ടിയുടെ പുഴുവിലെ പ്രതിനായകന് സിനിമയില്‍ സവിശേഷമായ ഒരു നാമം നല്‍കിയിട്ടില്ല. അതെന്തുകൊണ്ടായിരിക്കാം എന്നൊരു വിശദീകരണത്തിനു മുതിരുന്നതിനു മുമ്പ് ഈ കഥാപാത്രം പുഴു എന്ന സിനിമയില്‍ ഇടപെടുന്ന സവിശേഷമായ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി അയാളുടെ മനോഭാവങ്ങളെയും ജീവിതസമീപനത്തെയും വിശകലനം ചെയ്യാന്‍ ശ്രമിക്കാം. തന്റെ മകന്റെ സാമൂഹിക ജീവി എന്ന നിലക്കുള്ള വളര്‍ച്ചയിലും വ്യക്തിത്വ രൂപീകരണത്തിലും അയാള്‍ നിരന്തരം ഇടപെടുന്നു. സാമൂഹിക സമത്വം നീതി ധാര്‍മികത ജനാധിപത്യം തുടങ്ങിയ നമ്മുടെ ആധുനികവും നവോത്വാനപരമായതും ഒക്കെയായ സങ്കല്‍പ്പങ്ങളോടൊക്കെ പുറം തിരിഞ്ഞു നില്‍ക്കുന്നതും വര്‍ഗ്ഗപരമായതും ശുദ്ധരക്തപരമായതും നിറം വംശം ചാതുര്‍വര്‍ണ്യം തുടങ്ങിയവ സംബന്ധമായതും ഒക്കെയായ ക്രീം ലെയര്‍ വ്യക്തിയായി മകനെ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന അച്ഛനാണ് അയാള്‍. ഇക്കാര്യങ്ങള്‍ക്കൊക്കെ വേണ്ടി മകനെ ഒരു വ്യക്തിയായി പോയിട്ട് 'അര' വ്യക്തിയായിപ്പോലും അയാള്‍ പരിഗണിക്കുന്നില്ല. അയാള്‍ രൂപീകരിച്ച പുരുഷഗൃഹ സംസ്‌കാരത്തിലെ കേവലമായ അര പ്രജ മാത്രമാണ് മകന്‍ കിച്ചു എന്ന ഹൃഷികേശന്‍. ഈ ജൈവ പ്രക്രിയ എന്ന് അയാള്‍ കരുതുന്ന അല്ലെങ്കില്‍ അയാള്‍ക്ക് പാരമ്പര്യമായി കൈവന്ന, അയാള്‍ കൈമാറാന്‍ ആഗ്രഹിക്കുന്ന സംവാഹകത്വം കുടുംബനാഥനിലൂടെ കുടുംബാംഗങ്ങളെ ഭരിക്കാന്‍ സഹായിക്കുകയും കുടുംബത്തിനകത്ത് ആന്തരിക കോളനി നിര്‍മിക്കുകയും ചെയ്യുന്ന 'അച്ഛന്റെ അധികാരം' (patria protestas) എന്ന റോമന്‍ നിയമസങ്കല്‍പത്തിലാണ് കുടികൊള്ളുന്നത്. ആ നിയമപ്രകാരം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷന്‍ സമ്പൂര്‍ണ്ണ അധികാരിയായിരിക്കും; ഇളയ പുരുഷന്മാരും മുഴുവന്‍ സ്ത്രീകളും കുട്ടികളും ജോലിക്കാര്‍ ഒക്കെ അടങ്ങുന്നവരുടെ മേല്‍ കുടുംബനാഥനുള്ള അധികാരം നിരുപാധികമായിരിക്കും.
അധികാരം ആണിലൂടെ എന്നതാണ് പാട്രിയാര്‍ക്കിയുടെ വിളംബരവാക്യം. അതായത് അധികാരം ശക്തരിലൂടെ എന്ന്! ശാരീരികമായും മാനസികമായും മൃദുവായവരെ അടിച്ചമര്‍ത്തി ശക്തരെയും സാഹസികരെയും അധികാരമേല്‍പ്പിക്കും. കിച്ചുവിന്റെ അമ്മ നേരത്തെ മരിച്ചതുകൊണ്ട് ഒരു പ്രജയെ അയാള്‍ക്ക് നഷ്ടമായി എന്ന് മാത്രം. അയാള്‍ കാരണമാണ് അവര്‍ മരിച്ചത് എന്നും സിനിമയില്‍ സൂചനയുണ്ട്. പെണ്ണ് എന്ന നിലക്ക് ഭാര്യാപദവിയില്‍ ഉള്ള സ്ത്രീയുടെ മേല്‍ തനിക്ക് പ്രയോഗിക്കാന്‍ സാധിക്കാതെ വന്ന പിത്രാധികാരം തന്റെ സഹോദരിയുടെ മേല്‍ അയാള്‍ തരാ തരം പോലെ പ്രയോഗിക്കുകയും അതിനു വേണ്ടി ശ്രമിക്കുന്നതും കാണാം. സഹോദരി താന്‍ ഗര്‍ഭിണി ആണെന്ന വിവരം അമ്മയെ അറിയിക്കാന്‍ പോകുകയും അമ്മ അവളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നറിയുകയും ചെയ്യുന്നു. മകള്‍ ഒരു ദളിതന്റെ കൂടെ ഇറങ്ങി പോയതിന്റെ ദേഷ്യം ഇനിയും മാറിയിട്ടില്ല എന്ന് വിധി കല്‍പ്പിച്ഛ് അയാള്‍ സഹോദരിയെ തിരിച്ചയക്കുന്നു. പിന്നീട് ഭര്‍ത്താവിനെയും അത് വഴി മകനെയും 'നമ്മുടെ' കൂട്ടത്തില്‍ വളര്‍ത്താന്‍ ഉപദേശിക്കുന്നു. എന്നാല്‍ 'നമ്മളല്ലേ മാറേണ്ടത് ഓപ്പേ? നമ്മളെന്തിനാ മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നത്' എന്ന സഹോദരിയുടെ ചോദ്യത്തിന് മുമ്പില്‍ അയാളുടെ മേല്‍ സൂചിപ്പിച്ച ക്രീം ലെയര്‍ അഭിമാനം വ്രണപ്പെടുകയും സഹോദരിയെയും ഭര്‍ത്താവിനെയും ജാത്യാഭിമാനക്കൊലക്ക് വിധേയപ്പെടുത്തുകയും ചെയ്യുന്നു. പിത്രാധികാരം പാരന്റിങ് പേട്രണ്‍ഷിപ് തുടങ്ങിയ തന്ത്രപരമായ അധികാര പ്രയോഗങ്ങളില്‍ കൂടി അയാള്‍ മകന് നല്‍കിയ പാഠങ്ങളെല്ലാം നോക്കുക. തന്റെ വംശീയ ആര്യനൈസ്ഡ് പ്യുരിറ്റിയും അയാള്‍ തന്നെ മകന്റെ നെഞ്ചില്‍ അണിയിച്ചു കൊടുത്ത പൂണൂല്‍ എന്ന ആര്യനൈസ്ഡ് സിംബോളിക് ഫിസിക്കല്‍ വേഷത്തിന്റെ പ്യുരിറ്റിയും ഉറപ്പിയ്ക്കുന്നതുമാണത്. സ്വന്തം ഭക്ഷണം കൂട്ടുകാര്‍ക്ക് കൊടുത്താലും അവര്‍ തരുന്ന ഭക്ഷണം കഴിക്കാന്‍ പാടില്ല, ടീം എന്ന രീതിയില്‍ കളിക്കുന്ന (പരസ്പരം ശരീരത്ത് സ്പര്‍ശിക്കുന്ന) ഒരു കളിയില്‍ പാങ്കെടുക്കാന്‍ പാടില്ല തുടങ്ങിയവ ഉദാഹരണം. അമീര്‍ എന്ന മുസ്ലിം ചെറുപ്പക്കാരനുമായി മകന്‍ സൗഹൃദത്തിലാണ് അവന്റെ കൂടെ ക്രിക്കറ്റ് കളിക്കാറുണ്ട് തുടങ്ങിയ അറിവുകള്‍ അയാളെ ദേഷ്യം പിടിപ്പിക്കുന്നു. മകന് തന്നെ ഇഷ്ടമല്ല എന്ന അറിവ് അയാളെ അന്തക്ഷോഭത്തിലേക്കും കടുത്ത നിരാശയിലേക്കും നയിക്കുന്നുണ്ടെകിലും അയാള്‍ വൃഥാ താന്‍ മകന്റെ നന്മക്കും ക്ഷേമത്തിനും സന്തോഷത്തിനുമാണ് ഇതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. അവനോട് സ്‌നേഹമുണ്ട് എന്ന് കാട്ടാന്‍ തമാശ പറയാനൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ആ അഭിനയമെല്ലാം വൃഥാ പാഴാവുന്നു. ഹര്‍ഷദ് ഈ സിനിമക്ക് വേണ്ടി എഴുതിയ കഥയും ഷറഫു സുഹാസ് എന്നിവരോടൊപ്പം സൃഷ്ട്ടിച്ച തിരക്കഥയും കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മ ആവിഷ്‌കാരത്തില്‍ കൂടി ബ്രില്യന്റ് ആയി മാറുന്നുണ്ട്. റത്തീന മലയാള സിനിമയെ അതിഗംഭീരമായി സാമൂഹിക രാഷ്ട്രീയ പ്രമേയവല്‍ക്കരിക്കുകയും പുതുക്കുകയും പുനഃസൃഷ്ടിക്കുകയും തന്നെ ചെയ്യുന്നു.
സഹോദരിയുടെയും ദളിതന്‍ ആയ പങ്കാളിയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞ് അയാളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്ന വിധം ജാത്യാഭിമാനി ആയിരിക്കുമ്പോഴും അയാളെ ജീവിതത്തിലുടനീളം ഭയം വേട്ടയാടുന്ന തരത്തിലുള്ള ദുഷ്ടപ്രവൃത്തികള്‍ ഔദ്യോഗിക ജീവിതത്തില്‍ അയാള്‍ ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ അയാളെ പോലെ അനേകം കുറ്റ കൃത്യങ്ങള്‍ ചെയ്തു വിരമിച്ച ജയറാം പടിക്കലിനെയും ലക്ഷ്മണയെയും പോലുള്ള എത്രയോ പോലീസ് കാരും കെവിന്റെയും വിനായകന്റെയും മറ്റും കൊലപാതകങ്ങളും അടങ്ങുന്ന നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളുമായി തന്നെ സിനിമയുടെ പ്ലോട്ട് റിലേറ്റ് ചെയ്യുന്നുണ്ട്.
സിനിമ ആരംഭിച്ചു കഴിഞ് അധികം താമസിയാതെ തന്നെ കുട്ടനെ പിന്തുടരുന്ന ഭയം ശ്രദ്ധിച്ചിരുന്നോ ? അധികാരത്തിന്റെയും മറ്റു പ്രിവിലേജുകളുടെയും സൗകര്യത്തില്‍ പല ക്രൂരതകളും ചെയ്തു കൂട്ടിയ ഏകാധിപതികളെയും മഹത്തായ പ്രത്യയശാസ്ത്രങ്ങളെ ദുരുപയോഗം ചെയ്ത അധികാരപ്രമത്തന്മാരെയും അവസാനകാലത്ത് പിടികൂടിയ ഭയം തന്നെയാണത്. ലക്ഷക്കണക്കിന് കര്‍ഷകരുടെയും മറ്റും മരണത്തിന് കാരണമായ കൃത്രിമ ക്ഷാമവും മറ്റും സൃഷ്ട്ടിച്ച സ്റ്റാലിന് അവസാന കാലത്ത് ആരെയും വിശ്വാസമുണ്ടായിരുന്നില്ല. അണുക്കള്‍ പോലും പ്രവേശിക്കാത്ത ചില്ലു കൂട്ടിലെന്ന പോലെ അയാള്‍ ജീവിച്ചു. കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഉപയോഗിച്ചു. എപ്പോഴും ഒരു ശത്രു തന്നെ ഇല്ലാതാക്കാന്‍ വരുന്നുണ്ടെന്ന് അയാള്‍ ഭയപ്പെട്ടു കൊണ്ടിരുന്നു.
സ്റ്റാലിന്റെ അവസാന നിമിഷം ഇങ്ങിനെയായിരുന്നു : 'എനിക്കിനിയൊന്നും ആവശ്യമില്ലെന്നു പറഞ്ഞ് അദ്ദേഹം പരിചാരകരെയെല്ലാം ഉറങ്ങാന്‍ പറഞ്ഞയച്ചു. വീര്യം കൂടിയ മദ്യമൊന്നുമില്ലാതെ വെറും വീഞ്ഞുമാത്രമായിരുന്നു അന്നെന്ന് ജോലിക്കാരനോര്‍ക്കുന്നു. സ്റ്റാലിന്‍ അസ്വസ്ഥനായാണ് ഉറങ്ങാന്‍ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്ച അദ്ദേഹം പതിവുപോലെ ഉണര്‍ന്നില്ല. ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോള്‍ ജോലിക്കാരന്‍ ഭയന്നുതുടങ്ങി. പക്ഷേ, ഒച്ചയനക്കമൊന്നുമില്ലെങ്കില്‍ അകത്തുചെല്ലരുതെന്നും ചെന്നാല്‍ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പതിവായി പറയാറുണ്ട്. രാത്രി പത്തുമണിയായിട്ടും തമ്മില്‍ ചര്‍ച്ചചെയ്തും അകത്തുകടക്കാന്‍ ഭയന്നുമവര്‍ കഴിച്ചുകൂട്ടി. ഒടുവില്‍ യാദൃച്ഛികമായി വന്ന കേന്ദ്ര കമ്മിറ്റിയുടെ ഒരു മെയില്‍ സൗകര്യമായെടുത്ത് ഒരാള്‍ അകത്തു കടന്നു. ചെറിയ ഭക്ഷണമുറിയുടെ തറയില്‍ വീണുകിടക്കുന്ന യജമാനനെയാണയാള്‍ കണ്ടത്. അപ്പോഴും അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. അയാളോടിച്ചെന്ന് സഖാവ് സ്റ്റാലിന്‍ എന്താണ് കുഴപ്പം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി പക്ഷേ, അവ്യക്തമായ ഞരക്കങ്ങള്‍ മാത്രമായിരുന്നു. മേശപ്പുറത്തെ മിനറല്‍ വാട്ടര്‍ എടുക്കാന്‍ കൈനീട്ടിയപ്പോഴാകണമദ്ദേഹം വീണത്. വീണ്ടുമദ്ദേഹം കൂര്‍ക്കം വലിച്ചുറക്കത്തിലായി. ഓടിവന്ന മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ സോഫയില്‍ കിടത്തി.
ഉടനെ ഉത്തരവാദപ്പെട്ടവര്‍ക്ക് ഫോണ്‍കോളുകള്‍ പോയി. കെ.ജി.ബി.തലവന്‍ അങ്ങേത്തലയ്ക്കല്‍ ഞെട്ടി, ബെറിയയെയും മലങ്കോവിനെയും ബന്ധപ്പെടാനവരോടു പറഞ്ഞു. ഒടുവിലവര്‍ക്ക് മലങ്കോവിനെ കിട്ടി. അയാള്‍ക്ക് ബെറിയയെ ഫോണിലൂടെ കിട്ടിയില്ല. ഒടുവില്‍ ബെറിയയുടെ ഫോണ്‍ വന്നു. സ്റ്റാലിന്റെ രോഗത്തെപ്പറ്റി ആരോടും ഒന്നും പറയരുത് എന്നു പറയുകയല്ലാതെ മണിക്കൂറുകള്‍ കഴിഞ്ഞും ആരും രോഗിയുടെ അടുത്തെത്തിയില്ല; പരിചാരകരൊഴിച്ച്.'
(റഫ: സ്റ്റാലിനും സ്റ്റാലിനിസവും )
സിനിമയിലെ കുട്ടപ്പന്റെ മരണവുമായി സാമ്യമുള്ള ഒരന്ത്യരംഗം പോലെ വിദൂരസാമ്യത തോന്നാവുന്ന ഒരു ക്‌ളൈമാക്‌സ് ആണ് പുഴുവിലേതും. മനുഷ്യ ജീവന് വിലകല്‍പ്പിക്കാതിരുന്ന സ്റ്റാലിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണ് എന്ന അര്‍ബേനിയന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെയും അന്‍വര്‍ ഹോജയുടെയും മറ്റും അഭിപ്രായങ്ങളും പുഴുവിന്റെ ക്‌ളൈമാക്സുമായി ബന്ധപ്പെടുത്തി വായിച്ചു നോക്കുക. അമീറാണ് നിരന്തരം വിഷദ്രാവകവുമായി കുട്ടന്‍ എന്ന അതി ക്രൂരനായ ആ ആര്യ വംശവാദിയായ പോലീസുകാരനെ നിരന്തരം പിന്തുടര്‍ന്ന് കൊണ്ടിരുന്നത്. അമീറിന്റെ ബാപ്പ കബീറിനെ നിരപരാധിയായിട്ടും വസ്ത്രമില്ലാതെ വലിച്ചിഴച്ചു വണ്ടിയിലിട്ടു ജയില്‍ ശിക്ഷ വാങ്ങിച്ചു കൊടുത്ത ആ പോലീസ് കാരന് പ്രത്യേകം പേര് നല്‍കേണ്ടതില്ലാത്ത വിധം അയാള്‍ കേരളത്തില്‍ മിക്കയിടത്തും ഒന്നിലധികം പേരുണ്ടല്ലോ! അഡോള്‍ഫ് ഹിറ്റ്‌ലറിലും അയാളുടെ അച്ഛന്‍ അലോയ്സ് ഹിറ്റ്‌ലറിലും ഉണ്ടായിരുന്ന പല സവിശേഷതകളും മമ്മൂട്ടിയുടെ കുട്ടനിലും നമുക്ക് കണ്ടെത്താം. ഹിറ്റ്ലര്‍ അടിസ്ഥാനപരമായി സെമിറ്റിക് വിരുദ്ധമായിരുന്നു. കുട്ടന്‍ ശാരീരികമായി ക്രൗര്യത കാണിക്കുന്നവരെല്ലാം സെമിറ്റിക് വംശജരാണ് എന്നത് ശ്രദ്ധിക്കുക. ഹിറ്റ് ലര്‍ക്ക് ജൂതരായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവരെ അകറ്റി നിര്‍ത്തിയാണ് ഇടപ്പെട്ടിരുന്നത് എന്നത് പോലെ കുട്ടന്‍ തന്റെ റിയല്‍എസ്റ്റേറ്റ് ബിസിനസിലെ പങ്കാളി ജമാലിനോടുംവിശ്വാസമില്ലാതെയാണ് ഇടപെടുന്നത്.
ഏകാധിപതിയും ആര്യ രക്തവാദിയുമായിരുന്ന ഹിറ്റ്ലറുടെയും കഥയും വ്യത്യസ്തമായിരുന്നില്ലല്ലോ. അതി ക്രൂരമായരീതിയില്‍ മുസോളിനി കൊല്ലപ്പെട്ട വിവരമറിഞ്ഞ ഹിറ്റ്‌ലര്‍ ഭയപ്പെട്ട് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഒരു പക്ഷെ ഇത്തരം ഏകാധിപതികളും വംശവെറിയരും കപട സദാചാരക്കാരും ഒക്കെയായവര്‍ ഒരിക്കലല്ല മരിക്കുന്നത്. ഓരോ ക്രൂരതക്ക് ശേഷവും അവരെ മരണ ഭയം പിടികൂടി വേട്ടയാടുകയും പത്തോ നൂറോ തവണ അവര്‍ ആത്മീയമായി കൊല്ലപ്പെടുകയും ചെയ്യുന്നു. മരണത്തെ അവര്‍ എല്ലായിടത്തുനിന്നും പ്രതീക്ഷിക്കുന്നു. കുട്ടന്‍ വിഷമേറ്റ അവസരങ്ങളില്‍ അയാളുടെ മകനെ പോലും സംശയിക്കുന്നത് ഓര്‍ക്കുക. ഹിറ്റ്‌ലറെ പ്രധാനമായും നിര്‍മ്മിച്ചത് അയാളുടെ കുട്ടിക്കാലത്തെ അനുഭവപരിസരമായിരുന്നു. അയാളുടെ അച്ഛനില്‍ നിന്നേല്‍ക്കേണ്ടി വന്ന കടുത്ത മാനസിക പീഡകള്‍ കൂടി ചേര്‍ന്നാണ് ഒരു ക്രൗര്യനായ ഏകാധിപതി പിറന്നത്. തന്റെ അച്ഛന്റെ ശവസംസ്‌കാര ചടങ്ങിന് പോലും ഹിറ്റ് ലര്‍ ആദ്യം പങ്കെടുക്കാന്‍ തെയ്യാറായിരുന്നില്ല. പിന്നീട് തന്റെ വംശിമയുടെ രാഷ്ട്രീയം അപരരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന പ്രത്യയ ശാസ്ത്ര ബീജത്തിന് ആവശ്യമായി വന്നപ്പോള്‍ മാത്രം ആ തെറ്റ് തിരുത്തുകയും തന്റെ പിതാവിന്റെ ശവക്കല്ലറയില്‍ പേര് കൊത്തിവെക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. അച്ഛന് വേണ്ടിയല്ല, തനിക്കു തന്നെ വേണ്ടി കൊത്തിയ ആര്യനിസത്തിന്റെ പാരമ്പര്യ സംവഹകത്വമെന്ന കൊടിയടയാളമാണത്. ഹിറ്റ്ലറും ഇറ്റാലിയന്‍ ഫാഷിസ്റ്റ് ആയിരുന്ന മുസോളിനിയുമൊക്കെ സ്ഥാപിക്കാന്‍ ശ്രമിച്ച ആര്യനിസം ആര്യന്‍ വംശത്തെ വ്യതിരിക്തവും ഉയര്‍ന്നതുമായ ഒരു വംശീയ വിഭാഗമായി വീക്ഷിക്കുന്ന പ്രത്യയശാസ്ത്രമാണ്, അതിന് മനുഷ്യരാശിയുടെ ബാക്കി ഭാഗത്തെ ഭരിക്കാനും മേധാവിത്തം പുലര്‍ത്താനും അര്‍ഹതയുണ്ട് എന്നവര്‍ കരുതുന്നു. പുരാതന ആര്യന്‍വംശം ഒരു മികച്ച വംശമാണെന്നും വംശീയ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നുവെന്നും ജര്‍മ്മനിക് ജനത ആര്യന്‍ സ്റ്റോക്കിലെ ഏറ്റവും വംശീയമായി ശുദ്ധിയുള്ള ജനങ്ങളാണെന്നും ഉള്ള സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയാണ് ഹിറ്റ്ലര്‍ തന്റെ പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്തിയത്. ഹിറ്റ്ലര്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു എന്നത് പോലെ ഹൃഷികേശന്‍ എന്ന പുത്രനും നിര്‍മ്മിക്കപ്പെട്ട ഹിറ്റ്ലറുടെ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കും. തനിക്ക് ഇഷ്ടമുള്ള ചിത്രകല അഭ്യസിക്കാന്‍ എതിര് നിന്ന അച്ഛന്‍ അലോയ്സ് ഹിറ്റ് ലറുടെ ഒരു പ്രതിരൂപം കൂടിയായി അയാള്‍ പലപ്പോഴും മാറുന്നതും നമ്മള്‍ കാണുന്നു. അയാളുടെ സാന്നിധ്യം കിച്ചുവിനെ ഭയപ്പെടുത്തുന്നു. അല്ലെങ്കില്‍ അയാള്‍ സ്‌നേഹ മസൃണമായി അമ്മക്ക് കഞ്ഞി കോരിക്കൊടുക്കുകയും സഹോദരിയെ ഉപദേശിക്കുകയും മകന്റെ കാലിലെ പരിക്ക് കഴുകുകയും ചെയ്യുമ്പോഴൊക്കെ അസാന്നിധ്യത്തില്‍ അയാളിലെ ഉള്ളിലെ ചെകുത്താന്‍ ഉണര്‍ന്നിരിക്കുന്നു. അയാളുടെ മരണ ശേഷം മകനെ അയാളുടെ ഉള്ളിലെ ചെകുത്താനാല്‍ നിര്‍മിതമായ ഒരു വ്യക്തി അല്ലാതാക്കണമെങ്കില്‍ അതല്ലാത്ത അനുഭവങ്ങള്‍ ഒരു ജന്മം മുഴുവന്‍ ലഭിക്കത്തക്കവിധം ടോക്‌സിക് ആണ് കുട്ടന്‍ അല്ലെങ്കില്‍ ഓപ്പ അല്ലെങ്കില്‍ നമുക്കിടയില്‍ ഇതേ പോലെ ജീവിക്കുന്ന അനേകം അയാള്‍ എന്ന 'മനുഷ്യന്‍!'
സിനിമയുടെ ആദ്യരംഗത്തില്‍ തന്നെ കുട്ടന്റെ മനോഭാവം വെളിവാകുന്നുണ്ട്. ലിഫ്റ്റില്‍ വെച്ചു ഗ്രൗണ്ട് ഫ്‌ലോര്‍ ബട്ടണ്‍ ഞെക്കാന്‍ ഒരു പയ്യന്‍ റിക്വസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ കേട്ടതായി പോലും നടിക്കുന്നില്ല. ലേഖനത്തിലെ തുടക്കത്തില്‍ സൂചിപ്പിച്ച വിധം ആര്യനിസ പുരുഷ ഗൃഹ സംസ്‌കാരത്തിലെ പ്രജകള്‍ മാത്രമായാണ് അയാള്‍ ലിഫ്റ്റ് ഓപ്പറേറ്ററും വാഗമണ്‍ റിസോര്‍ട് ജീവനക്കാരനും ഭാര്യയും സെക്യൂരിറ്റിയും ഒക്കെയായവരോട് പെരുമാറുന്നത്. ചെറിയ അശ്രദ്ധ ആരോപിച്ചു കൊണ്ട് അവരുടെ ജോലി കളയാനും പിരിച്ചുവിടാനുമൊന്നും അയാള്‍ക്ക് യാതൊരു മടിയുമില്ല.
ഒന്നിലധികം സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സ്വീകരിച്ചത് കൊണ്ടുള്ള വീര്‍പ്പുമുട്ടല്‍ ചില സന്ദര്‍ഭങ്ങളില്‍ പുഴുവിനുണ്ടെന്നു ഒറ്റ കാഴ്ച്ചയില്‍ തോന്നാമെങ്കിലും ഏച്ചുകെട്ടലോ മുഴച്ചു നില്‍ക്കലോ അനുഭവപ്പെടാത്ത വിധം തന്ത്രപരവും വിദഗ്ധമായതുമായ പരിചരണത്തോടെ ഇവയെ സമീപിച്ചത് എടുത്തുപറയണം. ജാത്യാഭിമാനം ഏകാധിപത്യം സ്വാര്‍ത്ഥതയും ക്രൂരതയും അമാനവികതയും ജന്തുജന്യമായ പലവിധ അധമവികാരങ്ങള്‍ തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടതാണല്ലോ. ഇവയുടെ ഉല്‍പ്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ഒരു സിനിമക്ക് എത്രത്തോളം സൂക്ഷ്മമായി അവ പരിചരിക്കാമോ അത്രത്തോളം സൂക്ഷ്മമായി തന്നെ അത് നിര്‍വഹിക്കാന്‍ പുഴുവിന് സാധിച്ചു. ഒരു രംഗത്തില്‍ നിന്ന് മറ്റൊരു രംഗത്തിലേക്കുള്ള ജംബ് കട്ടിങ് എന്ന് വിശേഷിപ്പിക്കാവുന്ന ചില രംഗങ്ങള്‍ ( കുട്ടപ്പന്‍ കാക്ക തേങ്ങാപൂളുമായി എന്ന് വിശേഷിപ്പിച്ച സബ് രജിസ്ട്രാറുടെ മുഖത്തടിച്ചതും പോലീസ് കേസും അടക്കമുള്ള രംഗങ്ങള്‍ കഴിഞ്ഞ ഉടന്‍ എല്ലാവരും സുഹൃത്തിന്റെ വീട്ടില്‍ ഒത്തുകൂടി മറ്റു കാര്യങ്ങള്‍ സംസാരിക്കുന്ന രംഗം, കുട്ടനും കിച്ചുവും പല്ലു തേക്കുന്ന രംഗത്തുള്ള ഇലക്ട്രിക് ഷേവറിന്റെ പശ്ചാത്തല സംഗീതവും കുട്ടന്റെ പല്ലുതേപ്പിനെ പറ്റിയുള്ള വിവരണവും അടക്കം സംവിധാന മികവിന്റെ സാക്ഷ്യപത്രങ്ങള്‍ എത്രയെങ്കിലും ഉണ്ട് പുഴുവില്‍). ഒരു പക്ഷെ മമ്മൂട്ടിയുടെ കരിയറിലെ മികച്ച രാഷ്ട്രീയ സാമൂഹിക സിനിമ എന്ന വിശേഷണം അര്‍ഹിക്കുന്ന വിധം ഗംഭീരമാണ് സിനിമയിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്.
മമ്മൂട്ടി ഇന്നേവരെ അഭിനയിച്ച ആര്യനിസ്റ്റ്/ ബ്രാഹ്മണിക് കഥാപാത്രങ്ങളുടെ പ്രതി ആഖ്യാനങ്ങളോ രാഷ്ട്രീയ പുനര്‍നിര്‍മിതിയോ ഒക്കെയായി പുഴുവിലെ കുട്ടന്‍ മാറുന്നു. ഭാവനയിലെ ഹൈന്ദവ നാടുവാഴിയും ക്ഷത്രിയനുമായ നരസിംഹ മന്നാഡിയാര്‍ മാധവനുണ്ണി ദേവര്‍ മഠം നാരായണന്‍ സൂര്യനാരായണ അയ്യര്‍ സി ബി ഐ സീരീസിലെ അഞ്ചു ചിത്രങ്ങളിലെ സേതുരാമ അയ്യര്‍മാര്‍ ( ഈ സീരീസില്‍ അലി ഇമ്രാന്‍ എന്നായിരുന്നു നായകന് ആദ്യം നിശ്ചയിച്ച പേര്, എന്നാല്‍ കേസന്വേഷണ വിദഗ്ധനും ബുദ്ധിമാനുമായ ഒരു ഓഫിസര്‍ക്ക് മുസ്ലിം പേര് നല്‍കിയാല്‍ പ്രക്ഷകര്‍ തിരസ്‌കരിക്കുമോ എന്ന ഭയം കാരണം സിനിമയിലെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ കഥാപാത്രത്തിന് ആര്യനൈസ്ഡ് പേര് നല്‍കുകയായിരുന്നത്രെ! പിന്നീട് അലി ഇമ്രാന്‍ എന്ന രണ്ടു പേരുകള്‍ മൂന്നാംപിറ എന്ന സിനിമയില്‍ രണ്ടു പട്ടികള്‍ക്ക് നല്‍കി പരിഹസിക്കുന്നുണ്ട് മലയാള സിനിമ! ) ധീരതയുടെയും അധികാരം കയ്യാളാനും ഭരിക്കാനും തീരുമാങ്ങള്‍ എടുക്കാനും നടപ്പാക്കാനും വരാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കാനും ബുദ്ധിയും കഴിവും സ്‌കില്ലും ആവശ്യമുള്ള ജോലികള്‍ ചെയ്യാനുമെല്ലാം മാത്രം നിയോഗിക്കപ്പെട്ട വംശീയ വാര്‍പ്പ് മാതൃകകളായിരുന്ന അയ്യരുമാരുടെ എട്ടുകളി മലയാള സിനിമ തിരസ്‌കരിക്കുന്നു. ഇത് മലയാള സിനിമയുടെ അട്ടിമറിയാണ്. കുട്ടപ്പന്റെ നാടകത്തിലെ തക്ഷകനെ പോലെ രാഷ്ട്രീയ ജാഗ്രതയോടെ ഏറ്റവും കാലികമായ സൂക്ഷ്മ നിരീക്ഷണത്തോടെ മലയാള സിനിമയുടെ നെഞ്ചത്തു കൂടിയാണ് രത്തീനയുടെ പുഴു ഇഴഞ്ഞു കയറുന്നത്. മലയാള സിനിമ മാറുകയാണ്. ആര്യനിസവും ജാത്യഭിമാനവും സെമിറ്റിക് ദളിത് വിരുദ്ധതയും ദുര്‍ബല ഗണങ്ങളോ അര പ്രജകളോ ആയ പെണ്ണുങ്ങള്‍ കുട്ടികള്‍ വേലക്കാര്‍ തുടങ്ങിയവരെ കുറിച്ചുള്ള മുന്‍വിധി നിര്‍മാണവും നടത്തി മൂന്നു നേരം മൃഷ്ടാന്നം ഭക്ഷിച്ചു വന്ന തിരുവിതാംകൂര്‍ വെളുത്ത ബ്രാഹ്മണിക് പുരുഷനായ മലയാള സിനിമയുടെ ശരീരത്തിലേക്ക് അതീവ രാഷ്ട്രീയ ജാഗ്രതയോടെ സാമൂഹിക പുതു നവോത്വാന സാമൂഹിക കാഴ്ചപ്പാടോടെ പുഴു എന്ന സിനിമ ഇഴഞ്ഞു തുടങ്ങുകയാണ്.
രാജാവിനെ കൊല്ലാന്‍ തക്ഷകന്‍തന്റെ ബന്ധുക്കളായ നാഗങ്ങളെ ബ്രാഹ്മണ വേഷധാരികളാക്കി മാറ്റി എന്നും അവര്‍ കൊണ്ടുപോയ പഴങ്ങളിലൊന്നില്‍ ഒരു പുഴുവായി തക്ഷകന്‍ ഒളിച്ചിരുന്നു എന്നുമാണ് ഐതിഹ്യം. കാലികമായ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയില്‍ പലവിധങ്ങളായ ചൂഷണങ്ങള്‍ക്കും പുറം തള്ളലുകള്‍ക്കും ഇല്ലാതാക്കലുകള്‍ക്കും മറ്റും വിധേയപ്പെട്ടു കൊണ്ടിരിക്കുന്ന മര്‍ദ്ദിതരുടെ വേഷങ്ങള്‍ കുട്ടപ്പന്റെയും കബീറിന്റെയും പോള്‍ വര്‍ഗീസിന്റെയും മറ്റും രൂപത്തില്‍ സിനിമയിലെമ്പാടുമുണ്ട്. അധികാരത്തിനൊപ്പവും മര്‍ദ്ദകര്‍ക്കൊപ്പവും എക്കാലത്തും നുഴഞ്ഞു കയറിയ തക്ഷകന്‍മാരെ ഉള്‍വഹിച്ച ബ്രാഹ്മണ്യത്തിന്റെ സൂചകം കൂടിയായി പുഴു മാറുകയും ചെയ്യുന്നു.