Film Review

പൊറിഞ്ചു മറിയം ജോസ് REVIEW:  മാസ് ജോഷി ഐറ്റം 

ചങ്ങാത്തവും ചതിയും പകയും പ്രതികാരവും പ്രമേയമായ സിനിമകളില്‍ കണ്ട അതേ ക്രാഫ്റ്റ്മാന്‍ഷിപ്പ്, വര്‍ഷങ്ങള്‍ക്കിപ്പുറം രാകിമിനുക്കി മൂര്‍ച്ച കൂട്ടിയിരിക്കുകയാണ് ജോഷി.

നിധിന്‍ കെ

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകള്‍ പുതിയ ചര്‍ച്ചകളും വിശകലനങ്ങളുമായി ആഘോഷിക്കപ്പെടുന്നതിനിടയിലേക്കാണ് പൊറിഞ്ചു മറിയം ജോസ് വരുന്നത്. ആ കാലത്തെ സിനിമകളെ നൊസ്റ്റാള്‍ജിയയാക്കിയ മലയാളിക്ക് മാസ് ആക്ഷന്‍ എന്റര്‍ടെയിനറുകളുടെ മാസ്‌റ്റേഴ്‌സായിരുന്നു ഐവി ശശിയും ജോഷിയും. ചടുലവും തീവ്രവുമായ രംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളും അതിനൊത്തെ വേഗവും ശൈലിയാക്കിയ സംവിധായകനാണ് ജോഷി. ജോഷിയുടെ വിന്റേജ് മാസ് ഐറ്റങ്ങളായി ആയി പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമകളാണ് ന്യൂഡല്‍ഹി, കൗരവര്‍, നായര്‍സാബ്, ധ്രുവം, നായര്‍സാബ്,നാടുവാഴികള്‍,നരന്‍ തുടങ്ങിയവ. ചങ്ങാത്തവും ചതിയും പകയും പ്രതികാരവും പ്രമേയമായ സിനിമകളില്‍ കണ്ട അതേ ക്രാഫ്റ്റ്മാന്‍ഷിപ്പ്, വര്‍ഷങ്ങള്‍ക്കിപ്പുറം രാകിമിനുക്കി മൂര്‍ച്ച കൂട്ടിയിരിക്കുകയാണ് ജോഷി. മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന മാസ് ജോഷി സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.

പൊറിഞ്ചു മറിയം ജോസ്, മൂന്ന് കഥാപാത്രങ്ങളെ മാത്രം പ്രധാനമായും ആശ്രയിച്ച് ജോഷി ഒരുക്കുന്ന ത്രില്ലിംഗ് എക്‌സ്പീരിയന്‍സ് ആണ്.

കാട്ടാളന്‍ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തന്‍ പള്ളി ജോസ് ഒറ്റസ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ച ഒരേ നാട്ടുകാരായ മൂന്ന് പേര്‍. പൊറിഞ്ചുവും മറിയവും ജോസും എന്നും ഒരുമിച്ച് നില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തുന്ന ഫ്‌ളാഷ് ബാക്കില്‍ നിന്ന് പടം തുടങ്ങുന്നു. വീട്ട് പേരും, തറവാട്ട് പാരമ്പര്യവും നാട്ടിലും റോട്ടിലും ക്ലാസിലും സമൂഹത്തിലും ഐഡന്റിറ്റി നിശ്ചയിക്കുന്ന 1965കളോട് അടികൂടി ഒന്നിച്ചവരാണ് പൊറിഞ്ചുവും മറിയയും ജോസും. എണ്‍പതുകളുടെ പകുതി കഴിയുമ്പോഴും ആ കാര്യങ്ങളിലൊന്നും മാറ്റം വന്നിട്ടില്ല.

2019ല്‍ ഇരുന്ന് 80-90 കാലത്തെ ജോഷിയുടെ വിന്റേജ് മാസ് സിനിമ ഫീല്‍ ആണ് പൊറിഞ്ചു മറിയം ജോസിന്റേത്. സിനിമയുടെ കഥ നടക്കുന്നതും എണ്‍പതുകളുടെ മധ്യത്തിലാണ്. പ്രൊഡക്ഷന്‍ ഡിസൈനിലും സിനിമാട്ടോഗ്രഫിയിലും ആക്ഷന്‍ കൊറിയോഗ്രഫിയിലുമെല്ലാം വിന്റേജ് ഫീല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. പൊറിഞ്ചു-മറിയം-ജോസ് എന്നീ കാരക്ടര്‍ ഇന്‍ട്രൊ ആവേശമുണ്ടാക്കുന്നതാണ്. ഇതില്‍ പൊറിഞ്ചുവിന്റെ വരവാണ് കലക്കിയത്.

ചന്തയും,പള്ളിപ്പെരുന്നാളും, ബാന്‍ഡ് സെറ്റും കല്യാണവും തുടങ്ങി ആരവങ്ങളുടെ അകമ്പടിയുള്ള സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. ആ നാട്ടിലെയും ഇടകവയിലെയും എന്തിനും പോന്ന മൂന്ന് പേരാണ് പൊറിഞ്ചുവും മറിയവും ജോസും. പെരുന്നാള്‍ രാവും ചന്തയുമാണ് മൂന്ന് പേരുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും അവരുടെ പ്രശ്‌നങ്ങള്‍ പറയാനുമായി സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം. ഒരു പെരുന്നാള്‍ രാവില്‍ തുടങ്ങിയ പ്രശ്‌നം അടുത്ത കൊല്ലത്തെ പെരുന്നാളിന് മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്നതാണ് സിനിമ. കഥാന്തരീക്ഷത്തിലും കഥാപാത്രങ്ങളിലും ട്രീറ്റ്‌മെന്റിലും വിന്റേജ് മൂഡ് മനോഹരമായി സൃഷ്ടിച്ചെടുക്കാനായതാണ് സിനിമയുടെ വിജയം. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും അതിലേക്കുള്ള ബില്‍ഡപ്പുകളും ചടുലത വിടാതെ മുറുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ജോഷി. അഭിലാഷ് എന്‍ ചന്ദ്രന്റെ തിരക്കഥ മാസ് എന്റര്‍ടെയിനറിന് പോന്നതാണ്.

പൊറിഞ്ചു,മറിയം ജോസ്, ഈ മൂന്ന് കഥാപാത്രങ്ങളെ, അവരുടെ ജീവിതത്തെ ഏറ്റവും അടുത്തുനിന്ന് അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കൂടുതല്‍ രംഗങ്ങളും രാത്രിയിലാണ്. മൂന്ന് പേരും മൂന്ന് പേരുടെയും ലോകത്ത് കഴിയുമ്പോഴും അവരെ ചേര്‍ത്തുവയ്ക്കുന്ന കാരണങ്ങളെയും, സംഭവങ്ങളെയും അവതരിപ്പിച്ചതും മനോഹരമായാണ്. സ്‌കൂളില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന അതേ കാരണമാണ് മറിയയിലേക്ക് പൊറിഞ്ചുവിന്റെ അകലം കൂട്ടുന്നത്. ചന്തയിലെ കടമുറികളില്‍ പിരിവിനിറങ്ങുന്ന, പലിശയ്ക്ക് പണം കൊടുക്കുന്ന മറിയയും, അതേ ചന്തയില്‍ ഇറച്ചി വെട്ടുകാരനായ പൊറിഞ്ചുവും, ചടമ്പിത്തരവുമായി ജീവിക്കുന്ന ജോസും അവര്‍ക്കിടയിലുള്ള ഐപ്പേട്ടനും പെരുന്നാളും പള്ളിയും പ്രണയവും പ്രതികാരവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

ജോജുവും ചെമ്പനും മത്സരിച്ചഭിനയിക്കുകയാണോ എന്ന് തോന്നും. എതിരാളികള്‍ക്ക് മുന്നില്‍ മാത്രം ഉഗ്രരൂപികളായവരാണ് പൊറിഞ്ചുവും ജോസും. തമാശയും സ്‌നേഹവും സൗഹൃദവുമായി നടക്കുന്ന പാവത്താന്‍മാരായാണ് രണ്ട് പേരെയും അവതരിപ്പിച്ചിരിക്കുന്നത്. പൊറിഞ്ചു എതിരിന് പത്തിലേറെ പേര്‍ വന്നാലും ഒറ്റയ്ക്ക് നേരിടുന്നയാളാണ്. കാമുകന്‍, ഐപ്പിന്റെ വിശ്വസ്തനായ ചങ്ങാതി, ജോസിന്റെ ചങ്ക്, നാട്ടുകാര്‍ക്ക് എന്തിനും പോന്നയാള്‍ - പല തട്ടിലേക്ക് ശരീരഭാഷകൊണ്ടും ഭാവങ്ങള്‍ കൊണ്ടും മാറി മറിയുന്ന കഥാപാത്രമാണ് പൊറിഞ്ചു. ഗംഭീരമാക്കിയിട്ടുണ്ട് ജോജു.

മാസ് ഹീറോയിലേക്കുള്ള ജോജുവിന്റെ മാസ് എന്‍ട്രിയുമാണ് പൊറിഞ്ചു. മറിയത്തിനും പൊറിഞ്ചുവിനും വേണ്ടി ജീവന്‍ കൊടുക്കാന്‍ മടിയില്ലാത്ത കൂട്ടുകാരനാണ് വല്യ പിടിയില്ലെങ്കിലും ഡിസ്‌കോ ഹരമാക്കിയ, കമല്‍ഹാസന്‍ സിനിമകളുടെ ഫാനായ ജോസ്. ശരീരഭാഷയിലും പെര്‍ഫോര്‍മന്‍സിലും ചിരി സൃഷ്ടിക്കുന്ന ഈ കാരക്ടറിനെ അസ്സലാക്കിയിട്ടുണ്ട് ചെമ്പന്‍. നൈലാ ഉഷയുടെ മറിയം അപ്പനും പൊറിഞ്ചുവിനും ഇടയില്‍ നേരിടുന്ന സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടെ മികച്ച പെര്‍ഫോര്‍മന്‍സാണ്.

സുധി കോപ്പയുടെ മിഥുന്‍ ചക്രവര്‍ത്തി ആരാധകനായ ഡിസ്‌കോ ഡാന്‍സര്‍ ഈ നടന്റെ റേഞ്ച് കാണിച്ചു തരുന്ന റോളാണ്. രണ്ട് പെരുന്നാളുകളിലായി രണ്ട് ഭാവങ്ങളിലെത്തുന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് സുധി കോപ്പ. വിജയരാഘവന്റെ ഐപ്പ് ആണ് എടുത്ത് പറയാവുന്ന മറ്റൊരു കാരക്ടര്‍. രാഹുല്‍ മാധവ് നെഗറ്റീവ് റോളില്‍ മികച്ചു നില്‍ക്കുന്നുണ്ട്. ടിജി രവി, സലിം കുമാര്‍, മാലാ പാര്‍വതി, സുര്‍ജിത്, സ്വാസിക എന്നിവരും നന്നായി.

അജയ് കാച്ചപ്പിള്ളിയുടെ ക്യാമറയും ജേക്‌സ് ബിജോയിയുടെ ബാക്ക് ഗ്രൗണ്ട് സ്‌കോറും സിനിമയുടെ മൂഡ് സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 90കളിലെ മാസ് സിനിമാ ബിജിഎം ഓര്‍മ്മപ്പെടുത്തുന്ന ട്രാക്കുകളാണ്. അതില്‍ പൊറിഞ്ചുവിന്റെ കാര്കടര്‍ തീം ആണ് സിനിമയുടെ ടോട്ടല്‍ മൂഡിനെ ഉയര്‍ത്തുന്നത്. ആദ്യ പകുതിയുടെ ചടുലത രണ്ടാംപകുതിയിലെത്തുമ്പോള്‍ കുറയുന്നുണ്ട്. കുറേക്കൂടി റിയലിസ്റ്റിക് ആയ കഥാന്ത്യമാണ് ജോഷി തെരഞ്ഞെടുത്തിരിക്കുന്നത്.

ഒരേ രീതി ആക്ഷന്‍ സീനുകള്‍ ആവര്‍ത്തിക്കാതെ സംഘട്ടന രംഗങ്ങളെ കുറേക്കൂടി ലൈവ് ആയി അവതരിപ്പിച്ചത് സിനിമയില്‍ ഗുണം ചെയ്തിട്ടുണ്ട്. ടെലിവിഷന്‍, പത്രം, സിനിമ, സിനിമാ പോസ്റ്റര്‍, സിനിമാ ഗാനം, ഡിസ്‌കോ, ബാന്‍ഡ് ടീം തെരഞ്ഞെടുക്കുന്ന പാട്ട് എന്നിവയിലൂടെ കഥ പറയുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തിയതും നന്നായിട്ടുണ്ട്. ഒരു വിന്റേജ് ജോഷി മാസ് സിനിമയുടെ ഫീല്‍ ആണ് പൊറിഞ്ചു മറിയം ജോസ് സമ്മാനിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT