നിത്യജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു ഒരുക്കിയിരിക്കുന്ന സിനിമ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയാണ് പിന്തുടരുന്നത്. സുധി.സി.ജെ എഴുതിയ റിവ്യൂ
അവതരണത്തിലും പ്രമേയത്തിലും കഥാപാത്രപരിചണത്തിലും ഒരേപോലെ മികവ് പുലര്‍ത്തുന്ന 'ഓപ്പറേഷന്‍ ജാവ' കോവിഡ്കാല പ്രതിസന്ധിയില്‍ ഉഴറി വീണ മലയാള സിനിമക്കു പുതുജീവനാകുമെന്ന് പ്രതീക്ഷിക്കാം. യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണായ ട്രെയിലര്‍ കണ്ടു തിയറ്ററിലെത്തുന്ന പ്രേക്ഷകനെ സിനിമ നിരാശപ്പെടുത്തുന്നില്ല. സൂഷ്മമായ ആഖ്യാനത്തിനൊപ്പം പഴുതുകളടച്ച തിരക്കഥയും സാങ്കേതിക തികവും കൂടി ചേരുമ്പോള്‍ നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ പ്രേക്ഷകര്‍ക്ക് മികച്ചൊരു തിയറ്ററിക്കല്‍ അനുഭവമായി മാറുന്നു.
പോയ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'അഞ്ചാം പാതിര' ഒരു സീരിയല്‍ കില്ലറിനെയും അയാളുടെ ഭൂതകാലത്തെയുമാണ് പിന്തുടരുന്നതെങ്കില്‍ 'ഓപ്പറേഷന്‍ ജാവ' കേരള പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ കീഴില്‍ വരുന്ന വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങളിലേക്കും,കുറ്റവാളികളിലേക്കും ഇരയാക്കപ്പെടുന്ന നിസഹായരായ ചില മനുഷ്യരിലേക്കുമാണ് ക്യാമറ തിരിച്ചു പിടിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ പോലെ ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളുടെ ലൈവ് റിപ്പോര്‍ട്ടിങിലേക്കു മാത്രം സിനിമയെ പരിമിതപ്പെടുത്തുന്നില്ല എന്നതാണ് 'ഓപ്പറേഷന്‍ ജാവ'യുടെ പ്ലസ്.
ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സിനിമക്ക് കാലിക പ്രസക്തിയും ഉണ്ട്.
തൊഴില്‍തട്ടിപ്പ്, ഓണ്‍ലൈന്‍ പണതട്ടിപ്പ്, ഫിലിം പൈറസി, ഹണി ട്രാപ്പ്, തുടങ്ങി വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണതയിലേക്കാണ് 'ഓപ്പറേഷന്‍ ജാവ' പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിനയദാസ്, ആന്റണി എന്നീ യുവാക്കളിലൂടെ തൊഴില്‍രഹിതരും താല്‍ക്കാലിക ജീവനക്കാരുമായ ആയിരകണക്കിന് ആളുകളുടെ അതിജീവനത്തിന്റെ കഥ കൂടി പറയാന്‍ ശ്രമിക്കുന്നിടത്താണ് തരുണ്‍ മൂര്‍ത്തിയുടെ പ്രഥമ ചലച്ചിത്ര സംരഭം വ്യത്യസ്തമാകുന്നത്. ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സിനിമക്ക് കാലിക പ്രസക്തിയും ഉണ്ട്.
ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സിനിമക്ക് കാലിക പ്രസക്തിയും ഉണ്ട്.
മലയാള സിനിമയുടെ ഗതി മാറ്റിയ 'ട്രാഫിക്കി'ലേതു പോലെ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ക്കു തുല്യ പ്രധാന്യം നല്‍കിയാണ് സിനിമ പുരോഗമിക്കുന്നത്. മലയാളത്തില്‍ പലകാലങ്ങളായി തങ്ങളുടെ പ്രതിഭ തെളിയിച്ചവരും എന്നാല്‍ വേണ്ടത്ര അംഗീകാരം ലഭിക്കാത്തവരുമായ ഒരുപിടി അഭിനേതാക്കളുടെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. താരങ്ങളില്ലാത്ത സിനിമയില്‍ ഓരോരുത്തരും അവരുടെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ഏറ്റവും ജൈവികമായൊരു അനുഭവം പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കുന്നു. ഇര്‍ഷാദ് അലി, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, ധന്യ അനന്യ, വിനീത കോശി, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഓരോരുത്തരും അവരരവരുടെ വേഷങ്ങള്‍ ഏറ്റവും മികവുറ്റതാക്കുന്നു. നിത്യജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു ഒരുക്കിയിരിക്കുന്ന സിനിമ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയാണ് പിന്തുടരുന്നത്.
ഹാസ്യ-ക്യാരക്ടര്‍ റോളുകളിലൂടെ ഇതിനോടകം മികവ് തെളിയിച്ചിട്ടുള്ള ലൂക്ക്മാന്റെയും ബാലു വര്‍ഗ്ഗീസിന്റെയും കരിയറിലെ മികച്ച ബ്രേക്കായി സിനിമ മാറുമെന്നു നിസംശയം പറയാം. ഇവര്‍ അവതരിപ്പിച്ച വിനയദാസ്, ആന്റണി എന്നീ കഥാപാത്രങ്ങളുടെ വ്യക്തിജീവിതത്തിലെ സങ്കീര്‍ണതകളിലൂടെ കടന്നുപോകുമ്പോള്‍ സിനിമ മാനുഷികമായൊരു തലം കൂടി കൈവരുന്നു. ജെയ്ക്‌സ് ബിജോയ് പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്നു. ധ്രുവങ്ങള്‍ പതിനാറ്, രണം, കല്‍ക്കി സിനിമകളില്‍ പശ്ചാത്തല സംഗീതത്തില്‍ പുലര്‍ത്തിയ മികവ് ജെയ്ക്‌സ് ആവര്‍ത്തിക്കുന്നു. സിനിമയുടെ ടോട്ടല്‍ മൂഡിനൊപ്പം ചേര്‍ന്നു നിന്ന് ആദ്യാവസാനം രസചരടു മുറിയാതെ പ്രേക്ഷകരെ ഒപ്പം നടത്താന്‍ സംഗീത സംവിധായകനു കഴിയുന്നുണ്ട്.
ഫയിസ് സിദ്ധിഖിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ ചിത്രസംയോജനവും വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരുടെ സൗണ്ട് ഡിസൈനിങും ഓപ്പേറേഷന്‍ ജാവയ്ക്കു പൂര്‍ണ്ണത നല്‍കുന്നു. നിങ്ങള്‍ സിസിടിവി നീരിക്ഷണത്തിലാണ് എന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയില്‍ കഥാപാത്രങ്ങളെ പിന്തുടരുന്ന മട്ടിലുള്ള ഷോട്ടുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉദ്വേഗവും ആവേശവും നിലനിര്‍ത്തുന്നുണ്ട്. മികച്ച കളര്‍ ഗ്രേഡിങും സിനിമയുടെ മൂഡ് നിലനിര്‍ത്താന്‍ സഹായകമാകുന്നുണ്ട്.
കുറ്റകൃത്യങ്ങളുടെ പാറ്റേണ്‍, കുറ്റവാളികളുടെ സ്വാഭവം, അന്വേഷണത്തിലെ പഴുതുകള്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ ഘടകങ്ങളിലും കൃത്യതയും സൂഷ്മതയും പുലര്‍ത്തുന്നുണ്ട് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍.
കുറ്റകൃത്യങ്ങളുടെ പാറ്റേണ്‍, കുറ്റവാളികളുടെ സ്വാഭവം, അന്വേഷണത്തിലെ പഴുതുകള്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ ഘടകങ്ങളിലും കൃത്യതയും സൂഷ്മതയും പുലര്‍ത്തുന്നുണ്ട് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍. ഓണ്‍ലൈന്‍ സ്ട്രീം പ്ലാറ്റ്‌ഫോമിലെ ത്രില്ലര്‍ വെബ് സീരീസുകളുടെ സ്വാധീനവും മേക്കിങില്‍ പ്രതിഫലിച്ചിട്ടുണ്ട്. തേപ്പുകാരിയെന്ന ക്ലീഷേയും താരതമ്യേന ദുര്‍ബലരായ സ്ത്രീകഥാപാത്രങ്ങളുമാണ് കല്ലുകടി. പുരുഷ കേന്ദ്രീകൃതമായ കോണിലൂടെ മാത്രം സിനിമയെ സമീപിച്ചതും ന്യൂനതയായി അനുഭവപ്പെട്ടു.