Film Review

മോഹൻലാൽ ഇസ് ബാക്ക്, അതി​ഗംഭീരം അനശ്വര; നേര് തെളിഞ്ഞു

കേരളത്തിലെ തിയറ്ററുകളെ ത്രസിപ്പിച്ച്, ഏറ്റവുമധികം റീമേക്കുകളും പിറന്ന ദൃശ്യം എന്ന കൂറ്റൻ ഹിറ്റ് ചിത്രം റിലീസിനെത്തി പത്ത് വർഷമെത്തുമ്പോഴാണ് അതേ കൂട്ടുകെട്ടിൽ നേര് തിയറ്ററുകളിലെത്തിയത്. ദൃശ്യം, ദൃശ്യം സെക്കൻഡ് എന്നീ സിനിമകളുടെ ഇംപാക്ടിനൊപ്പമല്ലാതെ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരു ചിത്രം പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. മോഹൻലാലും ജീത്തു ജോസഫും പ്രമോഷണൽ ഇന്റർവ്യൂകളിലെല്ലാം ആവർത്തിച്ചിട്ടും എപ്പോഴാണൊരു ട്വിസ്റ്റ്?, എപ്പോഴാണ് മെ​ഗാ സസ്പെൻസ് വരുന്നതെന്ന് വെയ്റ്റ് ചെയ്യുന്ന പ്രേക്ഷകരാണ് നേര് കാണാനിരുന്നതും. സംവിധായകനും മോഹൻലാലും പറഞ്ഞത് പോലെ നേര് ഒരു ത്രില്ലറോ, സർപ്രൈസ് ട്വിസ്റ്റ് കയറിവരുന്നൊരു ഫാമിലി ഡ്രാമയോ അല്ല, ഒരു കേസിന്റെ വിചാരണ ആധാരമാക്കിയ കോർട്ട് റൂം ഡ്രാമയാണ്. ഇമോഷണൽ ട്രാക്കിലൂടെ നീങ്ങുന്ന സിനിമ. സിനിമയുടെ 90 ശതമാനം രം​ഗങ്ങൾ അരങ്ങേറുന്നതും കോടതി മുറിയിലാണ്.

മോഹൻലാൽ എന്ന താരമൊരു ഭാരമാകാതെ കഥ പറയാൻ ശ്രമിച്ചത് നേരിന്റെ വിജയമാണ്. പ്ര​ഗൽഭനായ എതിരാളിക്ക് മുന്നിൽ തല കുനിയുന്ന,തിരിച്ചടികൾ വരുമ്പോൾ കൗണ്ടർ പഞ്ച് ഇല്ലാതെ ഉൾവലിയുന്ന, പരമാവധി, യുക്തിയെ കൂട്ടുപിടിച്ച് മുന്നേറുന്ന പ്രൊസിക്യൂട്ടർ വിജയമോഹനനാണ് സിനിമയിൽ ജീത്തുവിന്റെ നായകൻ.

സ്വന്തം സിനിമകളുടെ വിജയമായി ജീത്തു ജോസഫ് അവകാശപ്പെടുന്നത് ഇമോഷണൽ മൊമന്റ്സ് ആണ്. പതിഞ്ഞ താളത്തിൽ തുടങ്ങി കോടതി മുറിയിലും വാദി-പ്രതി ഭാ​ഗം വാദങ്ങളിലും എത്തുമ്പോൾ മുറുകി മുറുകി പ്രേക്ഷകരെ പിടിച്ചിരുത്തുന്നൊരു ഫോർമാറ്റിലാണ് നേര്.

പെർഫോർമൻസ് ഡ്രിവൻ ഡ്രാമ എന്ന നിലക്കാണ് ഇമോഷണൽ ഡ്രാമ എന്നതിനെക്കാൾ ജീത്തു ജോസഫ് ശ്രദ്ധ പുലർത്തിയിരിക്കുന്നത്. തുടക്കം മുതൽ തന്നെ ജ​ഗദീഷ്, അനശ്വര രാജൻ എന്നിവരുടെ പാക്ക്ഡ് പെർഫോർമൻസിലേക്കാണ് മോഹൻലാലിന്റെ വിജയ് മോഹനും സിദ്ദീഖിന്റെ പ്രതിഭാ​ഗം വക്കീലും പ്രവേശിക്കുന്നത്. കോടതി നടപടിക്രമങ്ങൾ പൂർണമായും സിനിമാറ്റിക് ആക്കാതെ അവതരിപ്പിക്കുമ്പോൾ തന്നെ പ്രധാന രം​ഗങ്ങളിൽ മാസ് അപ്പീൽ വരുത്താനും ജീത്തു ശ്രമിച്ചിട്ടുണ്ട്.

കാഴ്ചയില്ലാത്ത പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ട കേസിനെ സിനിമാറ്റിക് യുക്തിയിൽ അല്ലാതെ കൃത്യതയോടെ കൈകാര്യം ചെയ്തതും നേരിന്റെ വിജയമാണ്. ദൃശ്യം എന്ന സിനിമ കുറ്റകൃത്യം നടത്തിയ ജോർജുകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കാനാണ് പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതെങ്കിൽ ഹീനമായ കുറ്റകൃത്യം നടത്തിയ ആൾക്ക് ശിക്ഷ ഉറപ്പാക്കാനും ഇരക്ക് നീതി കിട്ടാനും ആ​ഗ്രഹിക്കുന്ന നിലയിലാണ് നേരിൽ ജീത്തു പ്രേക്ഷകരെ എത്തിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ അതിഥി സമാധാനം നഷ്ടപ്പെടുത്തിയ സാധാരണ കുടുംബമാണ് രണ്ടിടത്തെയും ഇരകൾ. കോടതി നടപടി ക്രമങ്ങളും നിയമവശങ്ങളും വിചാരണാ നടപടികളും ഫോളോ ചെയ്താണ് സിനിമ മുന്നേറുന്നത്.

ത്രില്ലർ ട്രാക്കിൽ നിന്ന് മാറി കോർട്ട് റൂം പ്രൊസീജറൽ ഡ്രാമ സ്വഭാവത്തിൽ വളരെ മിനിമലായ അവതരണം കൊണ്ടുവരുന്നിടത്താണ് ജീത്തു ജോസഫ് വിജയിച്ചത്. ദൃശ്യം സീരീസിൽ നിന്ന് പൂർണമായും മാറി ത്രില്ലർ ട്രാക്കില്ലാതെ ജീത്തു ചെയ്ത ചിത്രവുമാണ് നേര്.

വിരലനക്കത്തിൽ, കണ്ണിളക്കത്തിൽ, ശരീരത്തിന്റെ ഓരോ അണുവിലെയും താളത്തിൽ മലയാളിയെ ത്രസിപ്പിച്ചൊരു മോഹൻലാലിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും, പ്രേക്ഷകരും. പഴയ മോഹൻലാൽ എന്ന പ്രയോ​ഗം തന്നെയുണ്ടായത് സിനിമകളുടെ സെലക്ഷനിലും പെർഫോർമൻസിലും മോഹൻലാൽ തുടർച്ചയായി നിരാശപ്പെടുത്തിയപ്പോഴായിരുന്നു. ഏതായാലും വിജയമോഹൻ എന്ന പേര് യാദൃശ്ചികമാകില്ല. നടനായും താരമായും കഥാപാത്രമായും വീണ്ടും വിജയപഥത്തിലെത്തിയ മോഹൻലാലിനെ നേരിൽ കാണാം, നേര് കണ്ടാൽ.

പതിവ് ജീത്തു ജോസഫ് ചിത്രങ്ങളിലെന്ന പോലെ അതിസാധാരണമായ കാരക്ടർ ഇൻട്രൊയിലൂടെ, കൂടുതൽ സമയവും അണ്ടർ പ്ലേ സാധ്യത നിലനിർത്തിയാണ് മോഹൻലാലിന്റെ കഥാപാത്രം. വിജയത്തിലേക്കുള്ള ഓരോ പടവും കാണാപ്പാഠമായിരുന്നിട്ടും പരാജയത്തിലേക്ക് ഉൾവലിഞ്ഞൊരാൾ, സ്വയം പിൻവാങ്ങിയൊരാൾ. അയാളാണ് നേരിലെ വിജയ്മോഹൻ. തനിക്ക് ജയിക്കണമെന്നല്ല, ആ മോൾ തോൽക്കരുതെന്നാണ് വിജയ് മോഹൻ നേരിലെ പ്രധാന സീനിൽ പറയുന്നത്. പൂർണമായും കാരക്ടർ ആർക്കിലേക്ക് തന്നെ പ്രവേശിപ്പിച്ച്, കഥാപാത്രത്തിന്റെ താളത്തിലൂടെ മാത്രം സഞ്ചരിക്കുന്ന മോഹൻലാലിനെ ഇത് പോലെ അടുത്ത കാലത്തൊന്നും കണ്ടിട്ടുണ്ടാകില്ല. അനശ്വര രാജൻ കരിയർ ബെസ്റ്റ് പെർഫോർമൻസാണ്.

കോടതി രം​ഗങ്ങളിലും സിദ്ദീഖും മോഹൻലാലുമായുള്ള കോമ്പിനേഷൻ സീക്വൻസുകളിലും ഇമോഷണൽ സീനുകളിലും ഒരു എക്സ്പീരിയൻസ്ഡ് ആക്ടറുടെ മികവ് തോന്നിപ്പിച്ചു. സിദ്ദീഖിന്റെ പ്രതിഭാ​ഗം വക്കീൽ ​ഗംഭീര പ്രകടനം സമ്മാനിച്ച റോളാണ്. വിഷ്ണുവിന്റെ ബിജിഎം മികച്ചതാണ് പ്രത്യേകിച്ചും ക്ലൈമാക്സിനോട് അടുത്ത സീനുകളിൽ. സസ്പെൻസ് ഇല്ലെന്ന് പറയുമ്പോഴും ടെയിൽ എൻഡിനായി ജീത്തു മാറ്റി വച്ച സീനും മികച്ചതാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT