Film Review

മണ്ണിന്റെ കഥ ; മനുഷ്യരുടെ പോരാട്ടം

“ നിങ്ങൾ ഉറക്കെ, എന്തു വേണമെങ്കിലും പുലമ്പിക്കോളൂ

ബാബാസഹെബ് ഉയർത്തിയ കോട്ടകൾ സുദൃഢമാണ്”

2017ൽ മഹാരാഷ്ട്രയിലെ ഷിർദിയിൽ സാഗർ ഷെജ്വാൾ എന്ന ദളിത്‌ യുവാവിനെ ഒരു കൂട്ടം സവർണ്ണ ജാതിക്കാർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത് ഈ ഗാനം ഫോൺ റിംഗ് ടോൺ ആക്കിയതിൻറെ പേരിലാണ്. ക്രൂരമായി സാഗറിനെ മർദിച്ച ശേഷം നിരവധി തവണ ശരീരത്തിലൂടെ ബൈക്ക് കയറ്റിയാണ് പ്രസ്തുത ഗാനത്തിലെ വരികളോടുള്ള പക അവർ തീർത്തത്. വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടാതെ വിസ്മൃതിയിലേക്ക് മറഞ്ഞു തുടങ്ങിയ ഈ സംഭവമാണ് മാരി സെൽവരാജിൻറെ ‘മാമന്നൻ’ എന്ന ചിത്രം കണ്ടിറങ്ങിയപ്പോൾ ആദ്യം മനസ്സിലേക്കെത്തിയത്. ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ ജാതി എല്ലാക്കാലത്തും സമത്വത്തിലധിഷ്ഠിതമായ മനുഷ്യ വികാസ സങ്കൽപ്പങ്ങളെ തുടക്കത്തിലേ തകർത്തു കളയുന്ന പ്രതിലോമ ശക്തിയായി വർത്തിച്ചിട്ടുണ്ട്. ഒരുകാലത്തും ഇന്ത്യയുടെ പൊതുബോധം ജാതിയാൽ നിർമ്മിതമായ മൂല്യ വ്യവസ്ഥകളെ തള്ളിപ്പറയുകയോ അവയോട് കലഹിക്കുകയോ ചെയ്തിട്ടില്ല. ബ്രാഹ്മണിക മൂല്യബോധത്താൽ സൃഷ്ടിക്കപ്പെട്ട, മനുസ്മൃതിയെ വേദഗ്രന്ധമായി കാണുന്ന സംഘപരിവാറിനാൽ ഭരിക്കപ്പെടുന്ന ഈ രാജ്യത്ത്, അടുത്ത കാലത്തൊന്നും തന്നെ മാനവികതയുടെ അർഥതലങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യവിപ്ലവം സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുക വയ്യ. ഇരുട്ട് നിറഞ്ഞ ഈ കാലത്ത് എന്താണ് കലയ്ക്ക് ചെയ്യാനാവുക? ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളിലേക്കെത്താനുള്ള ശ്രമമാണ് മറാഠിയിൽ നാഗരാജ് മഞ്ജുളെയും തമിഴിൽ പാ രഞ്ജിത്തും മാരി സെൽവരാജുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ധാരയുടെ ചുവട് ചേർന്നുള്ള ഏറ്റവും പുതിയ ചലച്ചിത്രാഖ്യാനമാണ് വടിവേലുവും ഫഹദ് ഫാസിലും മുഖ്യ വേഷങ്ങളിലെത്തുന്ന ‘മാമന്നൻ’.

മാമന്നനില്‍ വടിവേലു, ഉദയനിഥി സ്റ്റാലിന്‍

തൻറെ ചിത്രങ്ങളിലൂടെ ജാതി വിവേചനത്തിനെതിരെ അതിശക്തമായ നിലപാട് പ്രഖ്യാപിച്ച സംവിധായകനാണ് മാരി സെൽവരാജ്. ആദ്യ ചിത്രമായ പരിയേറും പെരുമാളിൽ പ്രണയത്തിൽ ജാതി പ്രവർത്തിക്കുന്നതും ഒരു വ്യക്തിയുടെ സാമൂഹിക അടയാളമായി അത് സ്വയം പ്രവർത്തിക്കുന്നതും ചർച്ച ചെയ്യുകയാണ്. രണ്ടാമത്തെ ചിത്രമായ കർണ്ണനിൽ ശക്തമായ രൂപങ്ങളുടെ സഹായത്തോടെ ചരിത്രത്തിൽ നിന്നും വിവേചനത്തിൻറെ രക്തം പുരണ്ട ഒരു സന്ദർഭത്തെ ഉച്ചത്തിലുള്ള പ്രതിഷേധത്തിൻറെ മൂർച്ചയോടെ അവതരിപ്പിക്കുന്നത് കാണാം. മാമന്നനിൽ ദളിത് സ്വാഭിമാനത്തിൻറെ അതിസങ്കീർണമായ വെല്ലുവിളികളെ ജനാധിപത്യത്തിൻറെ നിലപാടുതറയിൽ ഊന്നിക്കൊണ്ട് പ്രശ്നവൽക്കരിക്കുകയാണ് സംവിധായകൻ. പരിയേറും പെരുമാളിൽ, ഈ നാടിൻറെ സാമൂഹിക ശരീരത്തിൽ നിന്ൻ ജാതിമേൽക്കോയ്മയുടെ അടയാളങ്ങൾ ഒരു കാലത്തും മാഞ്ഞു പോവുകയില്ല എന്ന നിരാശ കലർന്ന തിരിച്ചറിവാണ് പ്രേക്ഷകർക്ക് ബാക്കിയാവുന്നത്. കർണ്ണൻ നിരാശയിൽ നിന്നും പ്രതിഷേധത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട്. സവർണ്ണരുടെ ആക്രമണങ്ങളെ അതെ രൂപത്തിൽ ചെറുക്കുന്ന കർണ്ണനെയാണ് കാണാനാവുന്നത്. ചെറുത്തുനിൽപ്പിൻറെ പുതിയ ഭാഷയും ചിഹ്നങ്ങളും ഇവിടെ സംഗതമാണ്. മാമന്നൻ നിരാശയിൽ നിന്നും, സായുധമായ ചെറുത്തുനിൽപ്പിൽ നിന്നും വിഭിന്നമായ ദളിത്‌ വിമോചനത്തിൻറെ പുതിയൊരു വഴി വെട്ടാനാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തിൻറെയും ഭരണഘടനയുടെയും എല്ലാ സാധ്യതകളുമുപയോഗിച്ചു കൊണ്ടുള്ള വിമോചന മാർഗ്ഗമാണത്. ബാബാ സാഹിബ്‌ അംബേദ്‌കർ വിഭാവനം ചെയ്ത മാതൃകയിൽ സമൂഹത്തിൻറെ അധികാര കേന്ദ്രങ്ങളിൽ അർഹമായ സ്ഥാനം നേടിയെടുക്കേണ്ടതിൻറെ ആവശ്യകതയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.

മാരി സെല്‍വരാജ്

വടിവേലുവിൻറെ കഥാപാത്രമായ മാമന്നൻ ദളിത്‌ സംവരണ മണ്ഡലത്തിൽ നിന്ൻ ജയിച്ച എം.എൽ.എ ആണ്. ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയായിട്ടു പോലും തൻറെ ജാതിയുടെ അടിസ്ഥാനത്തിൽ അയാൾ സ്വയം ഒരു കീഴാളനായി കണക്കാക്കുന്നു. ഉന്നത ജാതിക്കാരായ തൻറെ പാർട്ടിയുടെ നേതാക്കളോട് അടിമത്തത്തിന് സമാനമായ വിധേയമാണ് അയാൾക്ക്. സ്വന്തം അച്ഛൻറെ ഈ വിധേയ സമീപനത്തോട് കടുത്ത പ്രതിഷേധമുള്ള മകൻ അതിവീരൻ (ഉദയനിധി സ്റ്റാലിൻ) സാമൂഹിക മാറ്റങ്ങളുടെ പതാകാവാഹകാരായ പുതിയ തലമുറയുടെ പ്രതിനിധിയാണ്. മാമന്നൻറെ പാർട്ടി നേതാവായ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന സവർണ്ണ കഥാപാത്രമായ രത്നവേലുമായുണ്ടാവുന്ന സംഘർഷമാണ് ചിത്രത്തിലെ ഏറ്റവും നിർണ്ണായകമായ മുഹൂർത്തം. ഈ സംഘർഷം മാമന്നൻറെ സ്വാഭിമാനവുമായി ബന്ധപ്പെട്ടതും രത്നവേലും

കുടുംബവും തലമുറകളായി അനുഭവിച്ചു പോരുന്ന ജാത്യാധികാരത്തിൻറെ ശ്രേണിയോടുള്ള കലഹവുമാണ്. രാഷ്ട്രീയ-സാമ്പത്തിക- സാംസ്കാരിക സമവാക്യങ്ങൾക്കപ്പുറം, ജാതിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അധികാര വ്യവസ്ഥയുടെ സൂക്ഷ്മ പ്രവർത്തനമാണ് ഈ ചിത്രത്തിൻറെ പിന്നീടുള്ള സംഭവങ്ങളുടെ ഗതിവിഗതികളെ നിർണ്ണയിക്കുന്നത്. സൂക്ഷ്മമായി നിർമ്മിച്ചെടുത്ത രൂപകങ്ങളും ചിഹ്നങ്ങളുമുപയോഗിച്ചാണ് മാരി സെൽവരാജ് വിഷയത്തിൻറെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

സ്വന്തം പാരമ്പര്യത്തിലും കുടുംബ മഹിമയിലും അഹങ്കരിക്കുന്ന സവർണ്ണ ജാതിക്കാരനായ രത്നവേലിന് വേട്ടപ്പട്ടികളെ വളർത്തുന്നത് ഹരമാണ്. അധികാരത്തിൻറെ ചിഹ്നമായി ദൃശ്യപ്പെടുന്ന ഈ വേട്ടപ്പട്ടികളിലൂടെയാണ് രത്നവേൽ എന്ന കഥാപാത്രത്തിൻറെ ക്രൂരതയും പകയും തെളിയുന്നത്. ആരെയും കടിച്ചു കീറാൻ തയ്യാറായ അവയുടെ ശൗര്യമാണ് അയാൾക്കുമുള്ളത്. ഹിംസാത്മകമായ അധികാരത്തിൻറെ അടയാളങ്ങൾ പേറുന്ന ഉടലാണ് അയാളുടേത്. ഇതിന് നേർ വിപരീതമായാണ് അതിവീരനെയും അയാൾ വളർത്തുന്ന പന്നിക്കൂട്ടത്തേയും ചിത്രം വിന്യസിക്കുന്നത്. മറാത്തി ചിത്രമായ ഫാൻഡ്രിയെ ഓർമിപ്പിക്കുന്ന കാഴ്ചകൾ ഇവിടെയുണ്ട്. ഫാൻഡ്രിയിൽ പന്നികളെ പിടിക്കുന്നത് കുലത്തൊഴിലാക്കിയ ദളിത്‌ കുടുംബത്തെ കാണാവുന്നതാണ്. ഇവിടെ അതിവീരനും അയാളുടെ പന്നികളും സമാധാനത്തെ സൂചിപ്പിക്കുന്നു. അവിടെ മത്സരമോ ഹിംസയോ ഇല്ല. ബുദ്ധസമാനമായ ശാന്തത വിളയാടുന്ന ഇടം. തമിഴ്നാട്ടിലെ കൂഡല്ലൂരിൽ ദളിത്‌ വിഭാഗത്തിൽ പെട്ട പഞ്ചായത്ത്‌ പ്രസിഡൻറിനെ നിലത്തിരുത്തി ബാക്കിയുള്ള അംഗങ്ങൾ കസേരയിലിരുന്ൻ പഞ്ചായത്ത്‌ യോഗം കൂടിയ വാർത്ത‍ പുറത്തു വന്നത് ഏതാനും വർഷങ്ങൾക്ക് മുൻപാണ്‌. കെ.സ്റ്റാലിൻറെ India Untouched എന്ന ഡോക്യുമെൻററിയിൽ ചെരുപ്പൂരി വച്ച് ചായക്കടയിൽ കയറുകയും, തങ്ങൾക്കായി പ്രത്യേകം മാറ്റി വച്ച ഗ്ലാസുകളിൽ മാത്രം ചായ കുടിക്കുകയും ചെയ്യുന്ന തമിഴ്നാട്ടിലെ ദളിതരെ കാണാം. ദുരഭിമാനക്കൊലകളും ജാതി മതിലുകളും ആ നാട്ടിലെ യാഥാർഥ്യങ്ങളാണ്. എന്നാൽ അധികാരം കയ്യിലുണ്ടെങ്കിലും ദളിതർക്ക് സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാനാവാത്ത സ്ഥിതിവിശേഷം എത്ര രൂക്ഷമാണെന്ൻ മാമന്നൻ എന്ന കഥാപാത്രത്തിൻറെ ജീവിതം പഠിപ്പിക്കുന്നുണ്ട്. അയാൾ സ്വാഭിമാനത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത് പോലും പുതിയ തലമുറയുടെ പ്രതിനിധിയായ തൻറെ മകൻറെ നിർബന്ധത്താലാണ്. ശീലങ്ങളാണ്‌ പഴമയുടെ മുഷിഞ്ഞ മാറാപ്പുകളെ ഇന്നും ചുമക്കാൻ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. ആ ശീലങ്ങളെ പൊളിച്ചെഴുതാൻ തയ്യാറായ ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ടെന്ന ശുഭാപ്തിവിശ്വാസം ചിത്രത്തിലുടനീളം കാണാം. കീർത്തി സുരേഷിൻറെ കഥാപാത്രവും പ്രതിനിധാനം ചെയ്യുന്നത് ഈ മാറ്റത്തെയാണ്. പരിയേറും പെരുമാളിൽ നിന്ൻ മാമന്നനിലേക്കെത്തുമ്പോൾ തെളിഞ്ഞു കാണാവുന്നത് മാറ്റത്തിൻറെ ശുഭോദർക്കമായ അടയാളങ്ങളാണ്.

ഒരു വിഭാഗം ജനത മറ്റുള്ളവർക്കു മേൽ രാഷ്ട്രീയവും, ബൗദ്ധികവും ധാർമികവുമായ ആധിപത്യം നിലനിർത്തുന്ന വ്യവസ്ഥയെയാണ് ഇറ്റാലിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികൻ അൻറോണിയോ ഗ്രാംഷി ഹെജിമണിയെന്ൻ(hegemony) വിളിക്കുന്നത്. ജാതിവ്യവസ്ഥയിലെ സവർണ്ണ ജാതിക്കാരുടെ ഇത്തരം സർവാധിപത്യം സ്വതന്ത്ര ഇന്ത്യയിലെ പരസ്യമായ രഹസ്യമാണ്. മാറി വരുന്ന ഭരണകൂടങ്ങൾ കണ്ടില്ലെന്ൻ നടിക്കുന്ന ഈ ‘ഗ്രേറ്റ് ഇന്ത്യൻ സർക്കസ്’ സൃഷ്ടിച്ച വിവേചനത്തിൻറെ ആഴവും പരപ്പും അതിസങ്കീർണമാണ്. അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥയുടെ കൃത്യമായ ഇന്ത്യൻ പതിപ്പായി നിലനിന്ന ജാതിവ്യവസ്ഥ എത്തരത്തിലാണ് സാമൂഹിക ശ്രേണിയിലെ താഴെത്തട്ടുകാരെ അടിമകളാക്കി നിലനിർത്തിയതെന്ൻ മാമന്നൻ ഓർമിപ്പിക്കുന്നുണ്ട്. സവർണ്ണനായ മുതലാളിയുടെ വീട്ടിലെ കസേരയിൽ ഒരിക്കൽ പോലും ഇരുന്ൻ ശീലമില്ലാത്ത സ്ഥലം എം.എൽ.എ എന്നത് ഇന്ത്യയിൽ മാത്രം സാധ്യമായ സാമൂഹ്യ പ്രതിഭാസമാണ്. സമത്വം അവകാശമാണെന്ന തിരിച്ചറിവിലേക്കുള്ള കഠിനമായ യാത്രയാണ്‌ ചിത്രത്തിലൂടെ സംവിധായകൻ അനുഭവവേദ്യമാക്കുന്നത്. ജാതി മേൽക്കോയ്മ അതേപടി പിന്മുറക്കാർക്ക് കൈമാറുന്ന സവർണ്ണ യാഥാർഥ്യവും, മുൻ തലമുറകളെ അടിച്ചർമർത്തിയ ജാതി അടിമത്തത്തെ ഭരണഘടനയുടെ ബലത്തിൽ ചോദ്യം ചെയ്യുന്ന പുത്തൻ ദളിത്‌ യാഥാർഥ്യവും ഇവിടെ കാണാവുന്നതാണ്. മാമന്നൻ മാറുന്ന കാലത്തിനെ കൃത്യമായി അടയാളപ്പെടുത്താൻ ശ്രമിക്കുകയാണ്.

വടിവേലു എന്ന നടൻറെ ശരീരവും നിറവും തമിഴിൽ ഹാസ്യ കഥാപാത്രങ്ങളുടെ രൂപീകരണത്തിൽ ഒരു ബെഞ്ച്‌മാർക്കായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ബോഡി ഷേമിംഗിനെ സ്വാഭാവികമായ ഹാസ്യരൂപീകരണത്തിൻറെ ടൂളായി കണ്ടിരുന്ന ഒരു കാലത്ത് വടിവേലുവെന്ന നടൻറെ ശരീരം മാത്രം തിരയിൽ ചിരി പടർത്തിയിരുന്നു. ഹിറ്റ്‌ ചിത്രം ‘കാതല’നിലെ കുടക്കമ്പി പോലെ മെലിഞ്ഞ’ (ഇന്ദ്രൻസിനെ ഓർക്കാവുന്നതാണ്) അതേ വടിവേലു പിന്നീട് തള്ളി നിൽക്കുന്ന വയറുമായി കാമുകിയോടൊത്ത് നൃത്തം ചെയ്ത് മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ ‘പോക്കിരി’യിലും ചിരി സൃഷ്ടിക്കുന്നുണ്ട്. മിക്കപ്പോഴും മുഖ്യ കഥയുടെ സമാന്തരമായാണ് വടിവേലുവിൻറെ കോമഡി ട്രാക്ക് സഞ്ചരിക്കാറുള്ളതെന്ൻ കാണാം(പിന്നീട് വിവേകും ഇതേ രീതി പിന്തുടരുന്നുണ്ട്). മാമന്നനെന്ന കഥാപാത്രമായുള്ള വടിവേലുവിൻറെ പ്രകടനം തമിഴ് സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ഒന്നായി ചരിത്രത്തിൽ തന്നെ അടയാളപ്പെടുകയാണ്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ നിസ്സഹായതയും, ക്രോധവും, ഭയവുമെല്ലാം വടിവേലുവിൻറെ മുഖത്ത് മാറിമറിയുന്നുണ്ട്. തമിഴ്നാട്ടിലെ ദളിത്‌ പക്ഷ പാർട്ടിയായ വിടുതലൈ ചിരുതൈഗൽ കക്ഷി (VCK)യുടെ നേതാവും ലോകസഭാംഗവുമായ തോൽ തിരുമാളവനോട്‌ മാമന്നനുള്ള സാദൃശ്യവും ശ്രദ്ധേയമാണ്. ഫഹദ് ഫാസിലിൻറെ ശരീരത്തിന് യോജിച്ച ഒരു കഥാപാത്രമല്ല സവർണ്ണനായ ശക്തിവേൽ. ആ പോരായ്മ ഫഹദ് മറികടക്കുന്നത് അനിതരസാധാരണമായ ഊർജ്ജത്തിലൂടെയാണ്. ചെറിയ വേഷത്തിലാണെങ്കിലും അല്ലു അർജുൻ ചിത്രമായ പുഷ്പയിൽ ഫഹദ് കയ്യടി നേടിയതും വില്ലന് യോജിച്ച ഒന്നായി സ്വന്തം ശരീരത്തെ തിരശീയിൽ മെരുക്കിയെടുത്തു കൊണ്ടാണ്. മാമന്നനിലേത് ഫഹദ് എന്ന നടൻറെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണെന്ന് നിസ്സംശയം പറയാം. നടനെന്ന നിലയിലുള്ള ഉദയനിധിയുടെ പരിമിതികൾ പ്രകടമാവുന്നുണ്ടെങ്കിലും ചിത്രത്തിൻറെ ഇമ്പാക്ടിനെ അത് ബാധിക്കുന്നില്ല.

തമിഴിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഭരതൻറെ കമൽഹാസൻ ചിത്രം തേവർമകനെ മാരി സെൽവരാജ് അടുത്ത കാലത്ത് വിമർശിച്ചത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. തേവർമകനിലെ സവർണ്ണ ജാതിയാഘോഷം എങ്ങനെയാണ് കീഴാള വിഭാഗത്തിൽ പെട്ട ബഹുജനത്തെ അപരവൽക്കരിച്ചതെന്ന ചിന്തകൾ ചലച്ചിത്ര നിരൂപകർ ഉയർത്തിയിട്ടുള്ളതാണ്. തേവർമകനോടുള്ള മാരി സെൽവരാജിൻറെ മറുപടിയായി മാമന്നനെ വായിക്കാവുന്നതാണ്. ഫഹദിൻറെ കഥാപാത്രത്തിന് കമലുമായുള്ള സാദൃശ്യങ്ങളും ശ്രദ്ധേയമാണെന്ന് കാണാം. എ.ആർ റഹ്മാൻറെ സംഗീതം വൈകാരിക രംഗങ്ങളുടെ ഭംഗിയും സ്വാധീനവും വർദ്ധിപ്പിക്കുന്നുണ്ട്. തേനി ഈശ്വറിൻറെ ക്യാമറ നിരവധി അവിസ്മരണീയമായ മുഹൂർത്തങ്ങൾ ചിത്രത്തിലേക്ക് നെയ്ത് ചേർക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്ൻ ദളിത് ബാലന്മാരെ സവർണ്ണ പ്രമാണിമാർ കുളത്തിൽ കല്ലെറിഞ്ഞു കൊല്ലുന്ന രംഗമാണ്. മാമന്നൻ ഓർമ്മകളെ ഉണർത്തി വർത്തമാനകാലത്തെ അനീതികൾക്കെതിരെ കവചം തീർക്കാനുള്ള കലാപരമായ ശ്രമമാണ് നിർവഹിക്കുന്നത്. കുറച്ചു കാലമായി തമിഴ് തിരയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ നവോഥാന സ്വഭാവമുള്ള മുന്നേറ്റത്തിൻറെ ഇന്നത്തെ ഗതിവേഗത്തെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. അരാഷ്ട്രീയ മധ്യവർഗ്ഗ സേഫ് സോൺ രാഷ്ട്രീയ സിനിമകളുടെ കാലത്ത് മാമന്നൻ ഉച്ചത്തിൽ തന്നെ രാഷ്ട്രീയം പറയുകയാണ്. അവഗണിക്കാനാവാത്ത കൃത്യതയിലും മൂർച്ചയിലും..

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT