ഇൻട്രോസീനിൽ മോഹൻലാലിന്റെ കാൽ വിരലുകളും, കൈകളും, മുടിയും, തലയുമെല്ലാം എടുത്ത് കാണിച്ച് അവസാനം മാത്രം മുഖം കാണിക്കുമ്പോൾ തന്നെ ഒരു ശരാശരി 'വിന്റേജ് ലാലേട്ടൻ' ആരാധകൻ /ആരാധിക അതിതീവ്രമായി സന്തോഷിക്കുന്നു. ആക്ഷൻ സീനുകൾ നൈസർഗികമായും അതിഗംഭീരമായും അഭിനയിക്കാൻ മോഹൻലാൽ അല്ലാതെ മറ്റൊരു നടൻ മലയാളത്തിലില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയാണ് വാലിബനിലൂടെ.
ട്രൈലർ ഉണ്ടാക്കിയ മുൻവിധിയുടെ ഭാരം ഒഴിച്ചുനിർത്തിയാൽ മലൈക്കോട്ടൈ വാലിബൻ ഒരു മോശം സിനിമയാണോ?
അല്ലെന്ന് മാത്രമല്ല മലയാളസിനിമയിലേക്ക് കാഴ്ചയുടെ ഒരു പുതിയ വഴി/ശീലം തുറന്നുവയ്ക്കുന്നുമുണ്ട് വാലിബൻ. അകിര കുറസോവയുടെ യോജിമ്പോ (Yojimbo) യിലും മറ്റും കാണുന്നതുപോലെ ഒരു പോരാളി- Ronin Warrior- ആണ് മോഹൻലാലിന്റെ വാലിബൻ. സെർജിയോ ലിയോണി 'A Fistful Of Dollars' എന്ന ചിത്രത്തിന് യോജിമ്പോയോടുള്ള കടപ്പാട് മറച്ചുവയ്ക്കുന്നില്ല- ഒരു ഡയലോഗ് പോലും ആവർത്തിക്കാതിരിക്കാൻ അദ്ദേഹം യോജിമ്പോയുടെ സ്‌ക്രിപ്റ്റിലെ എല്ലാ ഡയലോഗുകളും പരിഭാഷപ്പെടുത്തി വായിച്ചു എന്നു കേട്ടിട്ടുണ്ട്. സമാനമായ ഒരു വഴി മലൈക്കോട്ടൈ വാലിബൻ മലയാള സിനിമക്ക് മുൻപിൽ തുറക്കുന്നുണ്ട്. കുറസോവയോ ലിയോണിയോ ചെയ്ത പ്രതലത്തിൽ തന്നെയാണ് വാലിബനെ ലിജോ ആവിഷ്‌കരിക്കുന്നത്- അതേ സമയം നാം കേട്ടിട്ടുള്ള ഒരു നാടോടിക്കഥയുടെ ഛായ അതിനുണ്ട് താനും. ലിജോ തന്നെ മനീഷ് നാരായണനുമായുള്ള അഭിമുഖത്തിൽ ലോകമെമ്പാടുമുണ്ടായിട്ടുണ്ടായ ഫോക് കഥകളുടെ അംശം വാലിബനിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്.'ഒരിടത്തൊരിടത്ത്' നടക്കുന്ന, പൊതുവിൽ കാലം, ദേശം തുടങ്ങിയ സങ്കല്പനങ്ങൾക്ക് പിടിതരാത്ത ഒരു ആഖ്യാനഭാഷ തന്നെയാണ് ഇവിടെയും നമ്മൾ കാണുന്നത്. പറങ്കികളുമായുള്ള പോരാട്ടത്തിലാണ് കുറച്ചെങ്കിലും കാലത്തെ പ്രതിയുള്ള ആലോചന ഉടലെടുക്കുന്നത് എന്ന് തോന്നുന്നു. അതൊഴിച്ചുനിർത്തിയാൽ പല ദേശങ്ങളിലേക്ക്-പല കാലങ്ങളിലേക്കും- സഞ്ചരിച്ച് പലതരം യോദ്ധാക്കളെ തോൽപ്പിച്ച് മുന്നേറുന്ന ഒരാളാണ് വാലിബൻ. അയാളോടൊപ്പം ആകെയുള്ളത് അയാളുടെ ആശാനും, അയാളുടെ കീർത്തി വിളിച്ചു പറയുന്ന, അയാളെ മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്ന അയാളുടെ സഹോദരനും മാത്രമാണ്. മടങ്ങിച്ചെല്ലാനോ/കാത്തിരിക്കാനോ ഒന്നുമില്ലാതിരിക്കെ ജയങ്ങളുടെ അർത്ഥമെന്താണ് എന്ന അസ്തിത്വപ്രതിസന്ധിയിലേക്ക് അയാൾ വീണുപോകുന്നുമുണ്ട് സിനിമയുടെ ഒടുവിൽ. ഇതേ പ്രതിസന്ധി നാം മുൻപ് കേട്ടിട്ടുള്ളത് മഹാഭാരതത്തിലാണ്; 'യുദ്ധവിജയത്തിനെന്തർത്ഥം കൃഷ്ണാ' എന്ന് ചോദിക്കുന്ന അർജുനനിൽ. യോജിമ്പോയിലും സ്വത്വപ്രതിസന്ധിയുടെ മറ്റൊരു തലം കാണാം. യോജിമ്പോയിലെ സാമുറായിയോട് പേര് ചോദിക്കുമ്പോൾ, ജനാലക്ക് പുറത്ത് കാണുന്ന മൾബറിത്തോട്ടത്തിലേക്ക് നോക്കിക്കൊണ്ട് 'കുവാബതാകെ സാഞ്ചുറോ' അഥവാ മുപ്പത് വർഷം പഴക്കമുള്ള മൾബറിത്തോട്ടം എന്നാണ് അയാൾ പറയുന്നത്- യോജിമ്പോയുടെ അടുത്ത ഭാഗത്തിന്റെ പേര് 'സാഞ്ചുറോ' എന്നാണ് എന്ന കാര്യവും ഓർക്കാവുന്നതാണ്. അപ്പോൾ വാലിബന്റെ പ്രതലം കൂടുതൽ തെളിഞ്ഞുകിട്ടും.
'പണ്ട് പണ്ടൊരിക്കൽ' എന്നു തുടങ്ങുന്ന കഥകളുടെ കൂടി മേൽ കെട്ടിപ്പടുത്തവയാണ് നമ്മുടെയൊക്കെ കുട്ടിക്കാലങ്ങൾ. ഒരു കഥപറച്ചിലുകാരൻ /കഥപറച്ചിലുകാരി എല്ലാവരുടെയും ജീവിതപരിസരങ്ങളിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെയുണ്ടായിരുന്നിട്ടില്ലാത്തവരെ സംബന്ധിച്ചും അമർചിത്രകൾ അപരിചിതമായിരുന്നില്ല. റിയലിസത്തിന്റെ എല്ലാ സങ്കേതങ്ങളെയും തകിടം മറിച്ചിക്കുന്നവയായിരുന്നിട്ടുകൂടി അത് നമ്മൾ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. 1967-ൽ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേഴ്‌സുമായി ചേർന്ന് അനന്ത പൈ സൃഷ്ടിച്ച അമർചിത്രകഥയുടെ പരമ്പരയിൽ മലയാളമടക്കം ഇരുപതു ഭാഷകളിലായി പ്രതിവർഷം മുപ്പതുലക്ഷം കോമിക്കുകൾ വിറ്റഴിഞ്ഞു എന്നതു കൂടി സാന്ദർഭികമായി ഓർമ്മിക്കാവുന്നതാണ്. അമർചിത്രകഥയെയാണ് മലൈക്കോട്ടൈ വാലിബൻ ദൃശ്യത്തിൽ ആവിഷ്‌കരിക്കുന്നത് എന്നതുകൊണ്ട് കൂടിയാണ് ഇത്രയും ഓർമ്മിച്ചത്. എങ്കിലും മോഹൻലാലിന്റെ തന്നെ പതിവ് 'മാസ്' സിനിമകളോട് താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിമർശനവലയമാണ് ചിത്രത്തിന് ചുറ്റും ഉയരുന്നത്.
കഥ, സംഭാഷണം, വസ്ത്രാലങ്കാരം, ചമയം, പശ്ചാത്തലസംഗീതം, പാട്ടുകൾ തുടങ്ങിയവയിലെല്ലാം പ്രകടമായിത്തന്നെ കാണുന്ന നാടകീയതയെയും ഫാന്റസിയെയും മുൻനിർത്തിയാണ് സിനിമ ഏറ്റവുമധികം വിമർശിക്കപ്പെടുന്നത്. (ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റവും റിയലിസ്റ്റിക് ആയി ചെയ്ത ഈ. മ. യൗ എന്ന സിനിമയിൽ പോലും ഫാന്റസിയുടെ അടരുകൾ തെളിഞ്ഞുകാണാം എന്ന് നിരീക്ഷിക്കുന്നുണ്ട് പി.എസ് റഫീഖ്.മറ്റൊരു നിലയിൽ ആലോചിച്ചാൽ അതിലുമുണ്ട് നാടകീയത) അതുകൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബനിലെ നാടകീയത ഒരു എൽജെപി യൂണിവേഴ്‌സ് ആയി കാണുന്നതായിരിക്കും ഉചിതം എന്നാണ് ലേഖകരുടെ വ്യക്തിപരമായ തോന്നൽ. ഒരുപക്ഷേ ലിജോയുടെ തിയറ്റർ പശ്ചാത്തലം കൂടി അതിനൊരു കാരണമായിരിക്കാം. പ്രതീക്ഷിക്കുന്നത് 'മാസ്' ആയിരിക്കുമ്പോഴാണ് നാടകീയത ഒരു മോശം അനുഭവമാകുന്നത്. അല്ലാത്ത പക്ഷം മനോഹരമായ ഒരു സ്റ്റേജിലേക്ക് കഥാപശ്ചാത്തലത്തെ കൊണ്ടുവെച്ചതിന്റെ സൗന്ദര്യം കൂടി ഇവിടെ അനുഭവിക്കാനാവുന്നുണ്ട്.
അധികമൊന്നും ത്രസിപ്പിക്കാനില്ലാത്ത, പലകുറി കേട്ട് ശീലിച്ചിട്ടുള്ള, മനുഷ്യന്റെ എല്ലാ വികാരങ്ങളുടെയും പുറത്ത് കെട്ടിപ്പടുത്ത ഒരു സാധാരണ കഥയാണ് വാലിബന്റേത്. ഒറ്റയാനായ, ഉള്ളിൽ അനാഥത്വം ചുമന്നു നടക്കുന്ന യോദ്ധാവ് വിശ്വസാഹിത്യത്തിലും സിനിമയിലും പലകുറി ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വാലിബനും അങ്ങനെയൊരു യോദ്ധാവാണ്-അയാൾ വെക്കുന്ന പന്തയങ്ങൾ, നടത്തുന്ന പടയോട്ടങ്ങൾ, അയാളുടെ വിജയഗാഥകൾ, അതിനിടയിൽ കടന്നു വരുന്ന ചതികൾ, പകകൾ, പ്രണയങ്ങൾ, നഷ്ടപ്പെടലുകൾ, രഹസ്യങ്ങൾ, വെളിപ്പെടുത്തലുകൾ തുടങ്ങിയവയിലൂടെയാണ് സിനിമയുടെ സഞ്ചാരം. അതാവട്ടെ കാലത്തെ അതിലംഘിക്കുന്ന ഒരു സഞ്ചാരമാണ്.സമയത്തെപ്പറ്റി സിനിമയിൽ ആകെയുള്ള റഫറൻസ് പറങ്കിപ്പാടയോടുള്ള അങ്കമാണ്! പോർച്ചിഗീസുകാർ ഇന്ത്യയിൽ/കേരളത്തിൽ വന്ന ഒരു കാലത്താണ് കഥ നടക്കുന്നതെന്ന് അനുമാനിക്കാനുള്ള ആ സാധ്യതയെ പക്ഷേ സിനിമ തന്നെ തകർക്കുന്നുണ്ട്.
ഒരൊറ്റ കഥയായി മുന്നോട്ട് പോകാതെ ഇടയ്ക്ക് വെച്ച് മറ്റൊരു കഥയിലേക്കും അവിടന്നു വേറൊന്നിലേക്കും ട്രാക്ക് മാറുന്ന ഒരു രീതി സിനിമയിലുണ്ടല്ലോ. പന്തയങ്ങൾ, പോരാട്ടങ്ങൾ, അതിന് വേണ്ടിയുള്ള യാത്രകൾ, ചിന്നന്റെയും ജമന്തിയുടെയും പ്രണയം, വാലിബന്റെ പ്രണയങ്ങൾ, ജയങ്ങളുടെ ഫിലോസഫി, പകയുടെ രാഷ്ട്രീയം, പറങ്കിപ്പടയുമായുള്ള പോരാട്ടം, ക്ലൈമാക്‌സിൽ മാത്രം വെളിപ്പെടുന്ന വാലിബന്റെ യഥാർത്ഥസ്വത്വം, ജയിക്കുമ്പോഴും അയാൾ ഉള്ളിൽ പേറി നടന്നിരുന്ന ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും ഭാരം, രണ്ടാം ഭാഗത്തെപ്പറ്റിയുള്ള സൂചന... അങ്ങനെ ഒന്നിലും ഉറച്ചുനിൽക്കാതെ വഴുതിമാറിക്കൊണ്ടിരിക്കുന്ന പ്രമേയം സിനിമയെ ഒരേസമയം മനോഹരമാക്കുകയും അതേസമയം സങ്കീർണമാക്കുകയും ചെയ്യുന്നുണ്ട്. വാലിബനെ പരിചയപ്പെടുത്താൻ തന്നെ സിനിമ കുറേയേറെ സമയമെടുക്കുന്നുണ്ട്. പക്ഷേ വ്യക്തിപരമായി ലേഖകർക്ക് അതൊരു ലാഗ് ആയി അനുഭവപ്പെട്ടില്ല എന്നതുകൂടി ചേർക്കട്ടെ. അങ്ങനെയൊരു പരിചയപ്പെടുത്തൽ നിർബന്ധമാണ് എന്ന് തന്നെ ഞങ്ങൾ കരുതുന്നു- കാരണം അയാൾ പഴശ്ശിരാജയോ ചന്തുവോ അല്ല, മലയാളത്തിൽ അയാൾക്ക് പൂർവ്വമാതൃകകളുമില്ല.
അതേസമയം മലൈക്കോട്ടൈ വാലിബനെ മലയാളത്തിലെ അസാധാരണ സിനിമാസൃഷ്ടിയാക്കി മാറ്റുന്ന ഒരു പ്രധാനഘടകം അതിന്റെ മേക്കിങ് ആണ്. വാലിബനിൽ ലിജോ ഉപയോഗിച്ചിരിക്കുന്ന ഫ്രെയിമുകളെ പറ്റി ഇതിനോടകം പലരും എഴുതിക്കണ്ടു-അതിമനോഹരമായി അടുക്കി വെച്ച ഫ്രെയിമുകൾ! ''ഇത് എവിടെ ക്യാമറ വെച്ച് എടുത്തിരിക്കുന്നു' എന്ന് ഒരു സിനിമ പ്രേമിയെ ആശ്ചര്യപ്പെടുത്താൻ പോന്ന, ലിജോയുടെ തന്നെ ''ആമേനി'ലും മറ്റും കണ്ടിട്ടുള്ള അതിമനോഹരമായ ഫ്രെയിമുകൾ സിനിമയിൽ ഉടനീളം കാണാം. ഫാന്റസി കഥപറച്ചിലുകളിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട നിറങ്ങളുടെ ഉപയോഗത്തിൽ തന്നെ സംവിധായകൻ സൂക്ഷ്മമായ ശ്രദ്ധ പുലർത്തിയിട്ടുണ്ട്-ഗോൾഡൻ സൺലൈറ്റിന്റെയും പച്ച, നീല, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളുടെയും അവസരോചിതമായ ഉപയോഗം സിനിമയുടെ എയ്‌സ്‌തെറ്റിക്‌സിനെ ഗംഭീരമാക്കുകയും ചെയ്തു.
മറ്റൊരു പ്രധാനഘടകം സിനിമയിലെ ശബ്ദമാണ്- സൂക്ഷ്മമായി ഉപയോഗിച്ച ശബ്ദങ്ങളും, ശബ്ദമില്ലായ്മകളും. മോഹൻലാലിനെ പോലെ ലോകമെമ്പാടും ആരാധകരുള്ള ഒരു മഹാനാടനെ സ്‌ക്രീനിൽ കാണിക്കുമ്പോൾ കുറെക്കൂടി ആരാധകരെ ത്രസിപ്പിക്കുന്ന, കനമുള്ള ബിജിഎം ചേർത്താൽ തീയേറ്റർ ഒന്നടങ്കം കൈയ്യടിക്കുമായിരുന്നിരിക്കാം. എന്നാൽ മോഹൻലാൽ എന്ന താരത്തേക്കാൾ അയാളിലെ നടനെയാണ് വാലിബനിൽ കാണുന്നത്. മോഹൻലാൽ എന്ന നടനെ സംബന്ധിച്ചിടത്തോളം വാലിബൻ അനായാസമായ കഥാപാത്രമാണ്- അതിലുമെത്രയോ മനോഹരമുഹൂർത്തങ്ങൾ മോഹൻലാലിൽ നിന്നും മലയാളിക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം ലിജോയെ സംബന്ധിച്ച് മോഹൻലാലിന്റെ എല്ലാ സാധ്യതകളെയും അതിന്റെ പരമാവധിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്. മോഹൻലാലിന്റെ കാലുകളും കൈകളും അസാമാന്യ അഭിനയശേഷി പ്രകടിപ്പിച്ച എത്രയോ അനുഭവങ്ങൾ നമുക്ക് മുൻപിലുണ്ട് (മണിച്ചിത്രത്താഴിൽ മോഹൻലാലിന്റെ കൈവിരലുകൾ മനോഹരമായി ഉപയോഗപ്പെടുത്തിയ രംഗമാണ് ലേഖകർ ഓർമ്മിക്കുന്നത്). ശരീരത്തിന്റെ ഏത് ഭാഗത്ത് ക്യാമറ വെച്ചാലും അഭിനയിക്കുന്ന ആ മോഹൻലാലിനെ വീണ്ടും സ്‌ക്രീനിൽ കാണാനായി എന്ന ആഹ്ലാദം ഇവിടെ പങ്കുവയ്ക്കാതിരിക്കാനാവില്ല- സിനിമയിൽ ആദ്യം കാണിക്കുന്നത് മോഹൻലാലിന്റെ കാലാണ് എന്നോർമ്മിക്കുക. 'മാസ് ബിജിഎം' കൊണ്ടല്ല വാലിബനെ ലിജോ ആവിഷ്‌കരിക്കുന്നത്. സിനിമയിലെ സംഘട്ടനങ്ങൾ കാവ്യാത്മകമാകുന്നതും താളാത്മകമാകുന്നതും ശബ്ദത്തിന്റെ ഈ നിലയിലുള്ള ഉപയോഗം കൊണ്ട് കൂടിയാണ് (സ്ഫടികത്തിലേത് പോലെയുള്ള സംഘട്ടനമല്ല വാലിബനിലേത്, ഒടിയനിലേത് പോലെയുമല്ല) മലയാളത്തിന്റെ പതിവ് സംഘട്ടനരംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറേക്കൂടി സംഗീതാത്മകമായാണ് ഇവിടെ അതാവിഷ്‌കരിച്ചിട്ടുള്ളത്. KGF ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ വിക്രം മോറിനെ ആക്ഷൻ കൊറിയോഗ്രഫറായി തീരുമാനിക്കുന്നതിന് പിന്നിലും സംഘട്ടനത്തിലെ പുതുമ എന്ന സംവിധായകന്റെ ആഗ്രഹം പ്രകടമാണ്.പാട്ടുകളിലുമുണ്ട് ഈ മിതത്വം.
ഇൻസ്ട്രുമെന്റ്‌സിനെക്കാൾ വരികളുടെ ആത്മാവിനാണ് മുൻതൂക്കം( പ്രേത്യേകിച്ച് ''പുന്നാരക്കാട്ടിലെ പൂവനത്തിൽ ' എന്ന് തുടങ്ങുന്ന പാട്ടിൽ). മറ്റു പാട്ടുകളിൽ അവസരോചിതമായി കൂടുതൽ ഇൻസ്ട്രുമെൻറ്‌സ് ഉപയോഗിച്ചിട്ടുമുണ്ട്- പൊതുവിൽ നാടകപ്പാട്ടുകളുടെ ഒരു ശൈലി മനോഹരമായി തന്നെ പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട് (പ്രശാന്ത് പിള്ളയും പി.എസ് റഫീഖും ലിജോ ജോസിന്റെ മുൻ ചിത്രങ്ങളിലും ആ നിലയിൽ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുള്ളവരാണ്- ഈ സോളമനും ശോശന്നയും ഓർക്കുക)
ഷോട്ടുകളാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. ഒറ്റയാനായ യോദ്ധാവ് എന്ന സങ്കല്പത്തെ വിനിമയം ചെയ്യാൻ സഹായിക്കുന്ന വൈഡ് ആംഗിൾ ഷോട്ടുകളും( Killers of the Flower Moon എന്ന മാർട്ടിൻ സ്‌കോർസെസെ ചിത്രത്തിൽ വൈഡ് ആംഗിൾ ഷോട്ടിന്റെ മനോഹരമായ ഉപയോഗം നമ്മൾ കണ്ടിട്ടുണ്ട്) Game Of Thrones ഉൾപ്പടെയുള്ള സീരീസുകളെ ഓർമ്മിപ്പിക്കുന്ന തലയറുക്കൽ ഷോട്ടുമെല്ലാം ചിത്രത്തെ മറ്റൊരു തലത്തിലേക്കുയർത്തുന്നു. പറങ്കിപ്പടയെ സാഹസികമായി ജയിച്ചു കഴിഞ്ഞ് നായകനും സംഘവും കോട്ടയ്ക്കകത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ, വളരെ അപ്രതീക്ഷിതമായി ആയുധധാരികളായ പറങ്കികൾ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട് സിനിമയിൽ. എവിടെയും തോൽക്കാത്ത വാലിബൻ പരാജയപ്പെടാൻ പോവുകയാണ് എന്ന പ്രതീതിയാണ് ആദ്യം ഉണ്ടാവുന്നത്. തൊട്ട് പിന്നാലെ അയാൾ മുകളിലേക്ക് നോക്കുകയും പറങ്കികൾ അടിമകളാക്കി വെച്ചിരുന്ന നായകന്റെ തോഴന്മാർ( പ്രജകളല്ല, നായകൻ രാജാവുമല്ല) അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അടിമകൾ ആകാശത്തോട് ചേർന്ന് നിൽക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന ഹൈ ആംഗിൾ ഷോട്ടും അവരുടെ ഉടമകൾ താഴെ ഭയന്ന് നിൽക്കുന്നു എന്ന് തോന്നിക്കുന്ന ലോ ആംഗിൾ ഷോട്ടും മാറി മാറി അവിടെ ഉപയോഗിക്കുന്നുണ്ട്. എത്ര മനോഹരമായാണ് ആ രാഷ്ട്രീയം സിനിമ അവിടെ പറഞ്ഞു വെക്കുന്നത്! നായകൻ ശക്തനാവുമ്പോഴും അമാനുഷികനല്ല, ആരുടേയും ദൈവവുമല്ല. വിശ്വസിക്കാവുന്ന, പ്രതിസന്ധിഘട്ടത്തിൽ സഹായിക്കുന്ന ഒരു നല്ല ചങ്ങാതി മാത്രം ആവുകയാണ് അയാൾ ഇവിടെ- ശ്രമങ്ങൾക്കിടയിൽ വേണമെങ്കിൽ തോറ്റു പോയേക്കാവുന്ന, സഹായങ്ങൾ വേണ്ടി വരുന്ന ചങ്ങാതി. മോഹൻലാൽ സിനിമകളിൽ മുമ്പ് നമ്മൾ അധികമൊന്നും കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒരു തരം camaraderie ( സഖാത്വം) കൂടിയാണ് സിനിമ അവിടെ മുന്നോട്ട് വയ്ക്കുന്നത്. ചിത്രകഥാവത്കരണത്തിന്റെ സൂക്ഷ്മത ഇവിടെ എങ്ങനെ ദൃശ്യമായിരിക്കുന്നു എന്ന് ജോജി വർഗീസ് നിരീക്ഷിക്കുന്നുണ്ട്. അത്യാവശ്യമുള്ള കഥാപാത്രങ്ങളെ മാത്രം ചലിപ്പിക്കുകയും അതേ ഫ്രെയ്മിൽ ബാക്കിയുള്ളവരെ നിശ്ചലരൂപങ്ങളായി നിലനിർത്തുകയും ചെയ്യുന്നതിലെ സാഹസികത ചിത്രകഥ വരയ്ക്കുന്നവരോട് ചോദിച്ചാലറിയാം. സിനിമയിൽ അത് കുറേക്കൂടി സാഹസികമാണ്- കാരണം അവിടെ നായകനെ വലുതാക്കി വരയ്ക്കാനാവില്ലല്ലോ! ആൾക്കൂട്ടത്തിന്റെ വിദൂരദൃശ്യത്തിലും നായകന്റെ വലിപ്പം തെളിഞ്ഞുനിൽക്കണം. ആ സാഹസികതയെ ലിജോ ഏറ്റവും മനോഹരമായി നേരിട്ടതും കോട്ടക്കുള്ളിലെ രംഗത്തിലാണ്. അതിനായി മുൻപ് പലരും ചെയ്തിട്ടുള്ളതുപോലെ മോഹൻലാലിന്റെ ശരീരത്തെ സമർത്ഥമായി- സമ്പൂർണ്ണമായി-ഉപയോഗിക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നു. മോഹൻലാൽ തിരിച്ചുവന്നിരിക്കുന്നു എന്ന് ചിലരെങ്കിലും ആഹ്ലാദിക്കുന്നതും അതുകൊണ്ടായിരിക്കും.
മോഹൻലാൽ തിരിച്ചുവന്നു എന്നല്ല- 'തിരിച്ചുവരാൻ മോഹൻലാൽ എവിടെയും പോയിട്ടില്ല' എന്ന് പി. എസ് റഫീഖ് പറയുന്നുണ്ട്-എക്കാലത്തും സംവിധായകന്റെ മാത്രം നടനായിരുന്ന മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനിലൂടെ കൂടുതൽ വെളിപ്പെടുന്നു എന്നേ ഞങ്ങൾ കരുതുന്നുള്ളൂ.ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ടൂൾ അയാളുടെ ശരീരമാണെന്നിരിക്കെ, അതിന്റെ എല്ലാ സാധ്യതകളും അതിമനോഹരമായി ഉപയോഗപ്പെടുത്താൻ ലിജോക്കും മോഹൻലാലിനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് കോട്ടയുടെ തൂണുകൾ പിഴിതെറിയുന്നതു പോലെയുള്ള രംഗങ്ങൾ കുറേക്കൂടി മനോഹരമായി തോന്നുന്നത്. സിനിമയിൽ രംഗരറാണിയോടൊത്ത് ചെറിയ ഒരു അനക്കം /നൃത്തം ചെയ്യുമ്പോഴും അവരുടെ പ്രണയാഭ്യർത്ഥന നിരസിക്കുമ്പോഴും എതിരെയുള്ള മല്ലന്മാരുടെ വെല്ലുവിളികളെ കളിയാക്കി ആത്മവിശ്വാസത്തോടെ പോരിനൊരുങ്ങുമ്പോഴുമൊക്കെ കടന്നുപോയ അനേകം 'മോഹൻലാൽ സന്ദർഭങ്ങൾ' നമുക്ക് മുന്നിൽ തെളിയുന്നുണ്ട്. ഇൻട്രോസീനിൽ മോഹൻലാലിന്റെ കാൽ വിരലുകളും, കൈകളും, മുടിയും, തലയുമെല്ലാം എടുത്ത് കാണിച്ച് അവസാനം മാത്രം മുഖം കാണിക്കുമ്പോൾ തന്നെ ഒരു ശരാശരി 'വിന്റേജ് ലാലേട്ടൻ' ആരാധകൻ /ആരാധിക അതിതീവ്രമായി സന്തോഷിക്കുന്നു. ആക്ഷൻ സീനുകൾ നൈസർഗികമായും അതിഗംഭീരമായും അഭിനയിക്കാൻ മോഹൻലാൽ അല്ലാതെ മറ്റൊരു നടൻ മലയാളത്തിലില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയാണ് വാലിബനിലൂടെ.
The Complete Actor Mohanlal എന്നതിന് പകരം ''മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്നു'' എന്ന് ബിഗ് സ്‌ക്രീനിൽ കാണിക്കാൻ ലിജോയ്ക്ക് തോന്നിയതും അത് കൊണ്ട് തന്നെയാവും. സിനിമ കണ്ട് കഴിഞ്ഞിറങ്ങുമ്പോൾ അയാൾ അവതരിച്ചു എന്ന് വിശ്വസിക്കാനേ തരമുള്ളൂ!
മലൈക്കോട്ടൈ വാലിബന് നേരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളിൽ കഴമ്പുള്ളയും ഇല്ലാത്തവയുമുണ്ട്. എങ്കിലും മലയാളത്തിന്റെ പതിവ് സിനിമാവഴികളെ സംബന്ധിച്ചെങ്കിലും ഈ ചിത്രം ഒരു നവീനപരിശ്രമമാണ്. അത്തരം പരിശ്രമങ്ങൾ സിനിമ എന്ന വ്യവാഹരത്തെയും മലയാളിയുടെ കാഴ്ചശീലങ്ങളെത്തന്നെയും ഒരർത്ഥത്തിൽ പുതുക്കിപ്പണിയാൻ കെല്പുള്ളവയുമാണ്. മരിയ റോസ് ചിത്രത്തെ പറ്റി എഴുതുന്നു: ' ജനപ്രിയ സാഹിത്യത്തിലെ /സിനിമയിലെ ചില ക്ലാസ്സിക് ഘടകങ്ങൾ; സാഹിത്യത്തിലെ /സിനിമയിലെ ചില ആർട്ടിസ്റ്റിക് സാങ്കേതങ്ങളോട് താല്പര്യമുള്ള ഒരു ന്യൂനപക്ഷത്തെ മാത്രമേ അത് തൃപ്തിപ്പെടുത്തുന്നുള്ളൂ. വ്യക്തിപരമായി എന്റെ അഭിരുചികൾ ഈ ചെറിയ സ്‌പെയിസിലാണ് കിടക്കുന്നത് എന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ് '. ഉറപ്പിച്ചു പറയട്ടെ, വ്യക്തിപരമായി, ഇത്തരത്തിൽ, ഞങ്ങളും സന്തുഷ്ടരാണ്! ഒന്നുകൂടി പറയട്ടെ, മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ്-മോഹൻലാൽ സിനിമ നിങ്ങളെ സന്തുഷ്ടരാക്കുന്നില്ലെങ്കിലും നിങ്ങളോ സിനിമയോ കുറഞ്ഞവരല്ല, സിനിമ ഇഷ്ടപ്പെട്ടവർ കൂടിയവരുമല്ല!
കടപ്പാട്
Flicks and talks youtube ചാനലിനോടും
കെ. ശ്രീകുമാറിന്റെ മലയാള ബാലസാഹിത്യ ചരിത്രം എന്ന പുസ്തകത്തോടും സജയ്. കെ. വി, ജോജി വർഗീസ് എന്നിവരോടും കടപ്പാട്