Film Review

ലവ്‌: കാഴ്ചയുടെ പദപ്രശ്നം

പ്രേക്ഷകനെ ആവശ്യത്തില്‍ അധികം ചിന്തിക്കാന്‍ വിടുക. അവസാനം നമ്മളൊരു തീര്‍പ്പില്‍ എത്തുപ്പോള്‍ എന്ത് തേങ്ങയാണ് നിങ്ങള്‍ ആലോചിച്ച് കൂട്ടുന്നത് എന്ന രീതിയില്‍ ഒരു ക്ലോസിങ് ഷോട്ട്. ഇതിനപ്പുറം എന്ത് പറഞ്ഞാലും സിനിമ കാഴ്ചയെ ബാധിക്കുന്ന പടമാണ് ഖാലിദ് റഹ്മാന്റെ 'ലവ്‌'. ഹിച്ച്കോക്കിയന്‍ ആഖ്യാനത്തിന്റെ പരിസരവുമായൊക്കെ സാമ്യം തോന്നുന്ന, അതേ സമയം വളരെ സൂക്ഷ്മമായ കാഴ്ച ഉത്തരവാദിത്വമാകുന്ന തരത്തിലുള്ള സൃഷ്ടി. ഒരു ഫ്‌ളാറ്റിലുണ്ടാകുന്ന സംഭവത്തില്‍ തുടങ്ങി, ഒരു ആണിന്റെ ഒരു പ്രശ്ന പരിസരത്ത് നിന്ന് മറ്റൊരു ആണിന്റെ പ്രശ്ന പരിസരത്തിലേക്കും അവിടെ നിന്നു മറ്റൊരാളുടെ അടുത്തേക്കും എത്തിപ്പെടുന്നതിലാണ് സിനിമയുടെ കഥാവികാസം. ഈ പരിസരങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള വഴിതേടലാണ് ചിത്രം. ഒരേസമയം കുറ്റമാണെന്നും അത് ആ പശ്ചാത്തലത്തിലെ നീതിയാണെന്നുമുള്ള തര്‍ക്കവിചാരണങ്ങളുടെ ഒരു മൈന്‍ഡ് ഗെയിം നരേറ്റീവായി സിനിമക്കുണ്ട്.

വളരെ മിനിമലായ കാഴ്ചകള്‍ക്കൊപ്പം, എന്നാല്‍ കഥാപരിസരം ആവശ്യപ്പെടുന്ന എല്ലാ തലത്തിലും ഉയര്‍ന്ന് നില്‍കുന്ന സൃഷ്ടിയുമാണ് 'ലവ്‌'. ഇതിന് വഴിയൊരുക്കുന്നത് സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്ത് ഖാലിദ് റഹ്മാന്റെ കയ്യടക്കമാണ്. എഴുത്തിലെ ഈ മുറുക്കം പ്രേക്ഷകനെ കഥാപശ്ചാത്തലമായ ഫ്‌ലാറ്റില്‍ തന്നെ നിര്‍ത്താന്‍ സഹായിക്കുന്നു. പിരിമുറുക്കം അനുഭവിക്കുന്ന സാഹചര്യത്തിലും സംഭാഷണങ്ങള്‍ക്കൊപ്പം ആക്ഷേപഹാസ്യം കൂടി ചേര്‍ത്തുള്ള അവതരണ ശൈലിയാണ് സിനിമയുടേത്. ഗ്രിപ്പിങ്ങായതും ഒപ്പം ത്രില്‍ അടിപ്പിക്കുന്നതുമായ ആഖ്യാനം.'അനുരാഗ കരിക്കിന്‍ വെള്ള'വും, 'ഉണ്ട'യും ഒരുക്കിയ ഖാലിദിന്റെ മൂന്നാമത്തെ സിനിമ ആദ്യ രണ്ട് വര്‍ക്കുകളെയും മറികടക്കുന്നതാണെന്നതാണ് വ്യക്തിപരമായ അഭിപ്രായം.

മമ്മുട്ടിയുടെ താരശീരം ഒഴിവാക്കിയ സിനിമയായിരുന്നു 'ഉണ്ട'. എന്നാല്‍ അതിന്റെ ക്ലൈമാക്‌സില്‍ തൃപ്തനല്ലെന്ന് പറഞ്ഞ ഖാലിദ് തന്റെ സിനിമകള്‍ വരാനിരിക്കുന്നതേയുള്ളൂ ഓര്‍മപ്പെടുത്തുക കൂടിയാണ്. ആണ്‍ കോണിലെ 'ലവ്‌' മുന്‍നിര്‍ത്തി പറയുന്ന പടം, ആണ്‍ അധികാര അഹന്തയുടേയും വാദപ്രതിപാതത്തിനിടയിലെ കായിക കീഴടക്കലിന്റെ മസ്സില്‍ പവര്‍ ആക്രണങ്ങളും വരച്ചിടുകയാണ്. ഭാര്യയെന്നത് തന്റെ അധികാരപരിധിയില്‍ നില്‍ക്കേണ്ടതാണെന്ന അപകട മനോഭാവത്തിന്റെ സാക്ഷ്യ വിവരണവും സിനിമ നിര്‍വഹിക്കുന്നുണ്ട്. 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' പറഞ്ഞുവച്ചതിനപ്പുറം ഒരു പടികൂടി കടന്ന് അതിനകത്തുള്ള അതിതീവ്രമായ വയലന്‍സലാണ് ഇവിടെ ചര്‍ച്ചക്ക് വെക്കുന്നത്.

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഗോകുലൻ, സുധികോപ്പ, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവരാണ്‌ കഥാപാത്രങ്ങൾ. പ്രകടനം കൊണ്ട്‌ എല്ലാവരും അടയാളപ്പെടുന്ന സിനിമയിൽ അതിശയിപ്പിക്കുന്നത്‌ ഗോകുലനാണ്‌. 2013ൽ ഇറങ്ങിയ 'പുണ്യാളൻ അഗര്‍ബത്തീസ്' എന്ന സിനിമയിലെ ജിംബ്രുട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ്‌ ഗോകുലൻ മലയാള സിനിമയിൽ സാന്നിധ്യമാകുന്നത്‌. പിന്നീടുള്ള ഏഴിലധികം വർഷങ്ങളിൽ അയാളെ മലയാള സിനിമ അടയാളപ്പെടുത്താൻ ശ്രമിച്ചത്‌ പുണ്യാളനിലെ കഥാപാത്രത്തിന്റെ തുടർച്ചയെന്ന നിലയിൽ മാത്രമായിരുന്നു. കോമഡി ട്രാക്കിനു വേണ്ടിയുള്ള കഥാപാത്രങ്ങളായി പലപ്പോഴും ചുരുക്കി നിർത്തപ്പെട്ടു. ഇതിൽ നിന്നൊരു കുതറിയോട്ടമാണ്‌ ലവിലെ കഥാപാത്രം.

ഖാലിദിന്‍റെ തന്‍റെ 'ഉണ്ട'യില്‍ നമുക്ക് ചുറ്റുമുള്ള സാധാരണക്കാരനായ പൊലീസുകാരിലൊരാളായി ഗോകുലനുണ്ടായിരുന്നു. ലോക്ഡൗണ്‍ പരിമിതികളില്‍ ഖാലിദ് ലവ് ഒരുക്കിയപ്പോള്‍ മാനസിക പിരിമുറുക്കങ്ങളില്‍ നിമിഷനേരം കൊണ്ട് മനംമാറ്റം നടത്തുന്ന, അണ്‍പ്രഡിക്ടബിളായ കഥാപാത്രത്തെ ഗോകുലന്‍ സുരക്ഷിതമാക്കി. ഒരേ സമയം രണ്ടു വിദൂര തലത്തിലേക്കുള്ള കഥാപാത്രത്തിന്റെ സഞ്ചാരപദം അനായാസമായി ഗോകുലൻ നടത്തുന്നുണ്ട്‌. പിരിമുറുക്കമുള്ള രംഗങ്ങളില്‍ നിന്ന്‌ ചിരി പടർത്തുന്ന മാറ്റത്തിലേക്കുള്ള ആ ഷിഫ്‌റ്റ്‌ പാളിപോകാൻ സാധ്യത കൂടുതലുള്ളതാണെന്നിരിക്കെ, സിനിമയുടെ രസച്ചരട് പൊട്ടാതെ നോക്കുന്നതും, പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതും ഗോകുലന്‍റെ പെര്‍ഫോര്‍മന്‍സിലുള്ള ഫ്രഷ്നസാണ്.

സിനിമ ആവശ്യപ്പെടുന്ന തലത്തിലേക്ക്‌ പ്രേക്ഷകനെ എത്തിക്കുന്ന, സിനിമയുടെ കാഴ്‌ചയ്‌ക്കൊപ്പം കാഴ്‌ചക്കാരനെ ഒരു വശം ചേർന്ന്‌ നിൽക്കാനും ആ നിൽപ്പിന്റെ ശരി / തെറ്റ്‌ മാനങ്ങൾ ചിന്തിപ്പിക്കാനും പ്രാപ്‌തമാക്കുന്നതും അഭിനയ മികവാണ്‌. ചിന്തകളിൽ നിന്ന്‌ ഉടലെടുക്കുന്ന പ്രവർത്തികളുടെ ഫലവും തുടർന്നുള്ള സഞ്ചാരത്തിനായുള്ള ശ്രമങ്ങളും അനൂപിൽ ഷൈൻ ടോം ചാക്കോ കൃത്യമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. മുൻ സിനിമകളിൽ കണ്ട കഥാപാത്രങ്ങളുടെ ഛായ ദീപ്‌തിയിൽ ഇല്ലാതെ അവതരിപ്പിക്കാന്‍ രജിഷ വിജയനും കഴിഞ്ഞു.

ലോക് ‍ഡൗണിലെ പരിമിതി കൊണ്ട് ഫ്ലാറ്റിനകത്ത് ഒതുങ്ങി നില്‍ക്കുകയല്ല 'ലവ്‌' ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടയിടം എന്താണോ അത് പരിമിതികള്‍ക്കുള്ളിലും കണ്ടെത്തുകയാണ് ചിത്രം ചെയ്യുന്നത്. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെ നാലു ചുമരിനകത്ത്‌ പ്രതിഷ്ടിച്ചുള്ള കഥയിൽ, കാഴ്‌ചകൾക്ക്‌ ആവർത്തന വിരസത ഒരുതരത്തിലും ചിത്രത്തിലുണ്ടാവുന്നില്ല എന്നത് തന്നെയാണ് ലവ്വിനെ ആവിഷ്കാരത്തില്‍ മികച്ചതാക്കുന്നത്.

സിനിമയുടെ പരിസരവും പ്രേക്ഷകനും തമ്മിലുള്ള അകലം നേര്‍പ്പിച്ച് തിയേറ്റര്‍ സീറ്റില്‍ നിന്ന് ഫ്‌ലാറ്റിലേക്ക് കൊണ്ടു പോകുന്നതില്‍ ശബ്ദ വിന്യാസവും ഛായാഗ്രാഹണവും നല്ല പങ്കുവഹിച്ചിട്ടുണ്ട്. നേഹ നായരും യക്‌സാന്‍ ഗാരി പെരേരയും ഒരുക്കിയ സംഗീതവും ജിംഷി ഖാലിദിന്റെ ക്യാമറയും എടുത്ത് പറയേണ്ടതാണ്. കെട്ടിലും മട്ടിലും ഒടിടി കേന്ദ്രീകൃത സിനിമയായി തോന്നുമെങ്കിലും ശബ്ദം സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ട്. തിയേറ്റര്‍ വാച്ച് ആവശ്യപ്പെടുന്ന സിനിമയാണ് ലവ്‌. ഒപ്പം സിനിമയുമായി കൃത്യമായി ഇടപഴകാന്‍ പ്രേക്ഷകനും ശ്രമിച്ചാലാണ് 'ലവ്‌' പൂര്‍ണമാകുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT