'എന്റെ മടിയിലൊരു തീ കിടന്ന് പൊള്ളുന്നുണ്ടമ്മാ...'- കരഞ്ഞു തളര്‍ന്ന ശബ്ദത്തില്‍ വേണി പറയും..
'ആ തീ, നീയും, നിന്റമ്മയും, നിന്റമ്മൂമ്മയും ചുമന്ന തീയാണ്.. മാറില്ല'
ഒരു ദൈവഹിതം പോലെ വേണിയുടെ ഭാര്യാമാതാവ് ഇങ്ങനെ പറഞ്ഞു തീര്‍ക്കുന്നു.
ഒരു കടലിനും അണയ്ക്കാനാവാത്ത ആ തീ എന്താണ്?
' അമ്മാ... നീ എന്തിനെന്നെ വെറുക്കുന്നു..' യോസന അമ്മയായ വേണിയോട് കേഴുന്നുണ്ടിങ്ങനെ..
' വെറുക്കുന്നതല്ല കണ്ണേ.... പേടിച്ചതാണ്...' വേണി യോസനയെ ചേര്‍ത്തു നിര്‍ത്തുന്നുണ്ടിങ്ങന്നെ.
ഭയത്തിന്റെ, അടങ്ങാത്ത തീക്കനലിന്റെ, ജന്മം കൊണ്ട് മാത്രം സംഘര്‍ഷഭരിതമായ ജീവിതത്തിന്റെ, അനീതിയുടെ സമാനതകളില്ലാത്ത പോര്‍ട്രയ്റ്റാവുന്നു ലീന മണി മേഖലയുടെ ഏറ്റവും പുതിയ ചലച്ചിത്രം 'മാടത്തി'
ഫിക്ഷനും തിരയിടങ്ങളും കാലാകാലം ചര്‍ച്ച ചെയ്ത, പ്രായ പൂര്‍ത്തിയായ മകളെ സംരക്ഷിക്കാന്‍ പാടു പെടുന്ന മാതാപിതാക്കളുടെ കഥയല്ല മാടത്തി. അസമത്വത്തിന്റെ സൂക്ഷ്മാണുക്കള്‍ പേറുന്ന സൊസൈറ്റിയുടെ, ജാതി നിര്‍മ്മിച്ച ഭയപാടുകളും സമാനതകളില്ലാത്ത നെറികേടും അതും പേറി ജീവിക്കേണ്ടി വരുന്ന മനുഷ്യരെയും അവരിലേക്കെറിയുന്ന മനുഷ്യ/ ദൈവ നോട്ടങ്ങളുമാണ് ഈ ചിത്രം.
നാട്ടുശീലുകളിലും, ഫോക് ലോറിലും നാം നിരവധിയായ കീഴാള ദൈവങ്ങളുടെ മിത്തുകള്‍ കേട്ടിട്ടുണ്ട്. കണ്ണകിയുടേതു പോലുള്ള ഇതിഹാസ സമാനമായ മിത്തുകളും നമുക്കുണ്ട്. ഉഗ്രരൂപികളും പ്രതികാരദാഹികളുമായ കുഞ്ഞു ദൈവങ്ങളും, അവയെ ആരാധിക്കുന്ന ചെറു കൂട്ടങ്ങളും നമുക്ക് പരിചിതമാണ്. എന്നാല്‍ ഈ ദൈവങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് എങ്ങനെയെന്ന് നമ്മള്‍ സൂക്ഷ്മമായി അന്വേഷിച്ചിട്ടേ ഇല്ല എന്നതാണ് വാസ്തവം. ശാപത്തിന്റെയോ പ്രതികാരത്തിന്റെയോ ഒക്കെ കണക്കുകള്‍ ബാക്കി നിര്‍ത്തി കല്ലായി പോയ ദൈവ സങ്കല്‍പങ്ങളില്‍ മിത്തിന്റെയും ചരിത്രത്തിന്റെയും നമ്മുടെയും കൗതുകം അവസാനിക്കുന്നു. കഴിയുന്നത്ര കുലീന സങ്കല്‍പ്പത്തോടെ ആ ദൈവ ഭാവനകളെ പുതുക്കി പണിയുന്നു. കാവുകള്‍ ക്ഷേത്രങ്ങളാവുന്നു. തീണ്ടാപാടുള്ള ദൈവത്തിനെ കാണാന്‍ തീണ്ടാപാടുള്ളവര്‍ക്ക് അകലങ്ങള്‍ നിശ്ചയിക്കപ്പെടുന്നു. എല്ലാ ദൈവങ്ങളെയും പൗരോഹിത്യത്തിന്റെ ചട്ടക്കൂടുകളിലേക്ക് കൊണ്ടുവരാന്‍ ബ്രാഹ്മണ്യത്തിനാവുന്നു. ഈ മിത്തിക്കല്‍ എഞ്ചിനീയറിംഗില്‍ അനീതിയുടെ കൊടും ക്രൂരതക്കിരയായൊരു തേങ്ങല്‍ കല്ലായി അവശേഷിക്കുന്നു.
മാടത്തി ആദ്യന്തം ശ്രമിക്കുന്നത് ഫോക് ലോറുകളില്‍ നാം കേട്ട കീഴാള ദൈവ ഭാവനകളിലെ അനീതിയെ തുറക്കാനാണ്. നാമെല്ലാം കേട്ടും പറഞ്ഞും ക്രമേണ വിശ്വസിക്കുന്ന കേവല പ്രതികാരദാഹത്തിന്റെ വെളിച്ചപെടലുകളെ തിരുത്താനാണ് ലീന മണിമേഖല ശ്രമിക്കുന്നത്. ജാതിയുടെ പ്രവര്‍ത്തനവും മിത്തും ഇത്രമേല്‍ ഇഴചേര്‍ക്കപ്പെട്ടൊരു സിനിമാനുഭൂതി സമീപകാലത്തെങ്ങും ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. കവിതകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഡോക്യുഫിക്ഷനുകളിലൂടെയും ചെറു ചിത്രങ്ങളിലൂടെയും നിരന്തരമായി അസമത്വത്തെയും അനീതിയെയും പിന്തുടരുന്ന ലീന മണിമേഖലയുടെ തീര്‍ത്തും ജൈവികമായൊരു സിനിമാഖ്യാനമാണ് മാടത്തി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കഴിഞ്ഞ വര്‍ഷം കേരളത്തിലെമ്പാടും നടന്ന സ്ത്രീ വിരുദ്ധ റെഡി ടു വെയിറ്റ് സമരങ്ങളിലെ മുഖ്യ കാതല്‍ ആര്‍ത്തവമുള്ളതിനാല്‍ അശുദ്ധയാണ് സ്ത്രീ എന്നതായിരുന്നല്ലോ. അതിനെതിരെയുള്ള സമരങ്ങളില്‍ നിരന്തരം കണ്ണിചേര്‍ന്ന കലാകാരിയാണ് ലീന. ചിത്രത്തില്‍, നാട്ടുകാരുടെ ആര്‍ത്തവത്തുണി കഴുകുന്ന, മരിച്ചവരെ ദഹിപ്പിക്കാന്‍ കുഴിവെട്ടി ജീവിക്കുന്ന പുതിരൈ വണ്ണാറെന്ന കീഴാള ജാതിയില്‍ ജനിച്ചവരുടെ ജീവിത സംഘര്‍ഷങ്ങള്‍ പ്രതിപാദിക്കുന്നു. പകല്‍ വെളിച്ചത്തില്‍ മേല്‍ജാതിക്കാരെ കാണാന്‍ പാടില്ലാതെ ഇഴഞ്ഞ് മാറി നില്‍ക്കേണ്ട ഗതികേടില്‍ ജീവിക്കുന്നരാണ് വണ്ണാന്മാര്‍. ആര്‍ത്തവത്തുണികള്‍ക്കിടയിലെ അഴുകിയ ജീവിതത്തേക്കാള്‍ ഭയാനകവും ഭീകരവുമാണ് അവരുടെ പൊതു ജീവിതം. ചെയ്ത ജോലിക്ക് കൃത്യമായി കൂലി ലഭിക്കാത്തവര്‍, നിരന്തരം മേലാളന്മാരുടെ ശാരീരിക പീഢനങ്ങള്‍ക്ക് ബലിയാടാകുന്നവര്‍. സമാനതകളില്ലാത്ത അസമത്വവും ക്രൂരതയും ഒരു ജാതിയില്‍ പിറന്നു എന്നത് കൊണ്ട് മാത്രം അനുഭവിക്കുന്നവര്‍. അങ്ങനെയൊരു കുടുംബമാണ് പന്നീറിന്റെയും വേണിയുടെയും. അവരുടെ കൗമാരക്കാരിയായ മകളാണ് യോസന. യോസനയുടെ മാനുഷികമായ എല്ലാ വൈകാരികതകളെയും ഇല്ലാതാക്കുന്നത് ജാതിയാണ്. വണ്ണാര്‍ ജാതിയില്‍ പിറന്നു എന്നത് തന്നെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച മടിയിലെ തീയുടെ പൊരിത്തുടക്കവും. നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ശ്രീജ ആറങ്ങോട്ടുകരയുടെ 'മണ്ണാത്തി തെയ്യം' എന്ന ഏകാംഗ നാടകം സമാനമായ വിഷയം കൈകാര്യം ചെയ്തതായിരുന്നു.
മലമുകളില്‍ ആരും കാണാതെ മൃഗതുല്യമായാണ് പന്നീറും യോസനയും വേണിയും താമസിക്കുന്നത്. യോസന ഒളിച്ചു കളിച്ചിരുന്ന പാറക്കൂട്ടങ്ങളിലൊന്ന് 'മാടത്തി'യെന്ന ദൈവത്തെ നിര്‍മ്മിക്കാന്‍ മലയ്ക്കടിവാരത്തിലുള്ള പ്രമാണിമാര്‍ തീരുമാനിക്കുന്നു. യോസനയുടെ സ്വാതന്ത്ര്യം, പ്രണയം, ആസക്തി എന്നിവയെല്ലാം തച്ചുടക്കപ്പെടുന്ന നിമിഷത്തിലേക്കുള്ള യാത്രയാണ് പിന്നീട് ചിത്രം. പറഞ്ഞനുഭവിക്കാനാവാത്ത വിധം വേട്ടയാടപ്പെടുന്ന യോസന, അനീതിയുടെ ദൈവ സങ്കല്‍പ്പങ്ങളില്‍ മാടത്തിയായി പരിണമിക്കപ്പെടുന്നു. ദൈവമായതിനാല്‍ നീതി മാറ്റി നിര്‍ത്തപ്പെടുന്നു.
ഒരു കവിത പോലെ ഒഴുക്കുള്ള ആഖ്യാനമാണ് ലീന മണിമേഖലയുടേത്. നാം കേട്ടുകൊണ്ടിരിക്കുന്ന ദൈവ ഭാവനകളുടെ നാടോടിക്കഥ പോലെ തന്നെയാണ് ചിത്രത്തിന്റെ നരേഷനും. ആര്‍ത്തവത്തുണികളില്‍ വരച്ചിട്ട ചിത്രങ്ങള്‍ പറയുന്ന കഥ കേള്‍ക്കാനായി നമ്മെ ലീന കൂട്ടിക്കൊണ്ടുപോവുന്നു. അനീതിയുടെ, സമത്വമില്ലായ്മയുടെ, നോവിന്റെ കഥ നമുക്ക് പറഞ്ഞു തരുന്നു. 90 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം പ്രമേയത്താല്‍ ഒരു ചെറു ചിത്രമല്ല. ആഖ്യാനാനുഭൂതിയില്‍ ലളിതമായി അനുഭവപെടുമെങ്കിലും ഭാരമനുഭവിപ്പിക്കാതെ തിയറ്റര്‍ വിട്ടിറങ്ങുക സാധ്യമല്ല.
സാങ്കേതിമായും ഏറെ മികച്ചു നില്‍ക്കുന്ന അവതരണമാണ് ചിത്രത്തിന്റേത്. ജെഫ് ഡോളന്‍, അഭിനന്ദന്‍ ആര്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരുടെ ഛായാഗ്രഹണ മിഴിവിന്റേയും കാര്‍ത്തിക് രാജിന്റെ ഫോക് ഈണം തുളുമ്പുന്ന സംഗീത മികവിന്റേതു കൂടിയാണ് മാടത്തി. പ്രകടനത്തില്‍ വേണിയായി വേഷമിട്ട സെമ്മലറും, യോസനയായി പകര്‍ന്നാടിയ അജ്മീന കാസിമും ചിത്രത്തെ മികവിന്റെ തലത്തിലേക്കുയര്‍ത്തുന്നു. ഒരു ദേശത്തിന്റെ ദൈവ സങ്കല്‍പം പിറവി കൊള്ളുന്നതിലെ സങ്കീര്‍ണതയെ ഫിക്ഷന്‍ ചോരാതെ കയ്യടകത്തോടെ അവതരിപ്പിച്ച ലീന മണിമേഖലയുടെ ആവിഷ്‌കാര ഭംഗിയെ ഹൃദയത്തോട് ചേര്‍ക്കുന്നു.
ജനുവരി 24 മുതല്‍ 30 വരെ ചിറ്റൂരില്‍ നടക്കുന്ന പന്ത്രണ്ടാമത് പാഞ്ചജന്യം ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമാണ് മാടത്തി. ചിത്രത്തിന്റെ കേരള പ്രീമിയറുമാണ് കൈരളി തിയറ്ററില്‍ നടക്കുന്നത്.