Film Review

കിഷ്കിന്ധാ കാണ്ഡം, വിശുദ്ധമായ കരുതലിന്‍റെ, സ്നേഹത്തിന്‍റെ ഗാഥ

(നോ സ്പോയിലേർസ്)

ഒരച്ഛനും (അപ്പുപിള്ള /വിജയരാഘവൻ) മകനും (അജയചന്ദ്രൻ/ ആസിഫ് അലി) തമ്മിലുള്ള അന്യാദൃശമായ ആത്മബന്ധത്തിൻ്റെ അന്തർധാരയാണ് ദിൻജിത്ത് അയ്യത്താൻ്റെ രണ്ടാം ചിത്രം 'കിഷ്കിന്ധാകാണ്ഡ'ത്തിൻ്റെ ആത്മാവ്. പടത്തിൻ്റെ ഛായാഗ്രഹകൻ കൂടിയായ ബാഹുൽ രമേശിൻ്റെ തിരക്കഥ ബഹുതല മാനങ്ങളിൽ ഇതൾ വിടരുന്ന മികച്ച രചനയാണ്. സസ്പെൻസ് ത്രില്ലർ, മർഡർ മിസ്റ്ററി, സൈക്കോളജിക്കൽ ത്രില്ലർ, മെഡിക്കൽ ഡ്രാമ, ഫാമിലി ഡ്രാമ എന്നിങ്ങനെ പലവിധ ഴോൺറെകളിൽ വർഗീകരിച്ച് വ്യാഖ്യാനിക്കുവാൻ സാധിക്കുംവിധം ബഹുസ്വരമാണ് ബാഹുലിൻ്റെ സ്ക്രിപ്റ്റും അതിന് ദിൻജിത്ത് നല്കുന്ന ട്രീറ്റ്മെൻ്റും. തിരക്കഥാകൃത്തും സംവിധായകനും രണ്ട് വ്യത്യസ്ത കലാകാരന്മാരാണെന്ന് വേർതിരിച്ചറിയാൻ പറ്റാത്തവണ്ണം ഇവരുടെ സർഗാത്മകഥ ' ഇഴചേർന്നു കിടക്കുന്നത് കിഷ്കിന്ധയുടെ രൂപഭദ്രത ഉറപ്പാക്കുന്നു.

ഈ ബഹുവിധ മാനങ്ങളിൽ പിതൃ-പുത്ര ബന്ധത്തിൻ്റെ അതിസൂക്ഷ്മവും അപാരവുമായ ആഴം അടയാളപ്പെടുത്തുന്ന അടരാണ് ചലച്ചിത്രാസ്വാദകൻ എന്ന നിലയ്ക്ക് എന്നെ ഏറ്റവും ആകർഷിച്ചത്.

മറ്റെല്ലാവർക്കും അദ്ദേഹമൊരു ക്യൂരിയസ് ക്യാരക്റ്റർ മാത്രമാണ്. പക്ഷേ തനിക്കങ്ങനെയെല്ല; തനിക്കത് സ്വന്തം അച്ഛനാണ്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ അവലോകനം ചെയ്യുന്നതിൽ യാതൊരു വിധ റാഷനലും തനിക്ക് അപ്ലൈ ചെയ്യുവാൻ സാധിക്കില്ല എന്ന് ആസിഫലി പറയുന്നിടത്താണ് ഈ ഇമോഷനൽ ബോണ്ടേജിൻ്റെ ആദ്യത്തെ അഗ്നിസ്ഫുലിംഗം മിന്നിത്തിളങ്ങുന്നതായി പ്രേക്ഷകന് അനുഭവപ്പെടുക. അതങ്ങനെ വികസിച്ചു വികസിച്ചു വരുന്നതിനിടയിൽ പല ഫോൾഡറുകളും പാർശ്വങ്ങളിലൂടെ ഓപ്പണാവുന്നതായിക്കാണാം. ആത്യന്തികമായി സ്ലോ ബേണിങ് ആയ പടത്തിൻ്റെ ആഖ്യാനപദ്ധതി അതിൻ്റെ അവസാന മിനുട്ടുകളിൽ ചെന്തീയായി ആളിപ്പടരുമ്പോൾ ഈയൊരു ഇമോഷൻ പ്രേക്ഷകൻ്റെ ഉൾക്കാമ്പിൽ നടത്തുന്ന വിസ്ഫോടനത്തിൻ്റെ ആഘാതം തീവ്രതരമാണ്. വിജയരാഘവൻ്റെ ക്യാരക്റ്ററിനെ കെട്ടിപ്പിടിക്കാൻ ആ നിമിഷം പ്രേക്ഷകൻ്റെ ഉള്ള് കണ്ണീരോടെ തിടുക്കം കൊള്ളും. അതേ നിമിഷം ആസിഫലി അച്ഛനെ ഗാഢമായി പുണരുകയും ചെയ്യും. തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകനും ഒരേ വൈകാരിക മുഹൂർത്തത്തിൻ്റെ, ഒരേ വിശുദ്ധ മൂല്യത്തിൻ്റെ ആഴത്തിൽ വിലയനം ചെയ്യുന്നതിൽപ്പരം ഒരു സാധാരണസിനിമ കൊണ്ട് എന്ത് സാധിക്കുവാൻ !

കഥ സെറ്റ് ചെയ്യുവാൻ ഉപയോഗിക്കുന്ന പ്രെമൈസുകളെല്ലാം ഫലപ്രദമായി കലാശിക്കുന്നു എന്നതാണ് പടത്തിൻ്റെ മറ്റൊരു ബിഗ് പോസിറ്റീവ്. വളരെ ഇൻട്രിഗ്യൂയിങ് ആയുള്ള കഥാ കഥനം, നിക്ഷിപ്ത വന പ്രദേശത്തോട് ചേർന്നുള്ള ദേശപരിസരം, വാനരൻമാരുടെ സമർഥമായ പ്ലേയ്സ്മെൻ്റ്, കഥാഗയിൽ ഫോറസ്റ്റ് - പൊലീസ്- മെഡിക്കൽ ഡിപ്പാർട്ട്മെൻ്റുകളുടെ പഴുതുകളില്ലാത്ത മെർജിങ്, സർവോപരി മിസ്റ്ററി ഡ്രാമയുടെ ഗൂഢസുന്ദരവും ഉദ്വേഗപൂർണവുമായ കേന്ദ്രധാര എന്നിങ്ങനെ ബലവത്തായ ഫലകങ്ങളിലാണ് ദിൻജിത് കിഷ്കിന്ധയുടെ ഛായങ്ങൾ കോറിയിടുന്നത്.

ഇലക്ഷൻ ചട്ടങ്ങളിലൂടെ തോക്കിനെ ഇൻട്രൊഡ്യൂസ് ചെയ്യുന്നിടത്ത് തുടങ്ങി പടത്തിലെ ഏറ്റവും സുപ്രധാന സംഭവത്തിൻ്റെ വിവരണത്തിൽ വരെ, ഒന്ന് ശ്രദ്ധപാളിയാൽ വർക്ക് ചെയ്യാതെ പോകുമായിരുന്ന കാര്യ കാരണങ്ങളുടെ കൃത്യമായ ബന്ധനം തിരക്കഥയിൽ ഉടനീളം പുലർത്തുവാൻ ബാഹുൽ കാണിക്കുന്ന ശ്രദ്ധ എടുത്തു പറയേണ്ടതാണ്. വിജയരാഘവൻ്റെ കഥാപാത്രം കടന്നുപോകുന്ന അതി' സങ്കീർണമായ ശാരീരിക-മാനസിക വെല്ലുവിളികളും ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളും എത്ര കരുത്തോടെയാണോ കഥയിൽ വാർന്നു വീഴുന്നത്, അതേ ദൃഢത ആസിഫിൻ്റെ സാന്ദ്രവും പാതിയിലേറെ നിമീലിതവുമായ കഥാപാത്രത്തിനും പകർന്നു നല്കാൻ രചയിതാവിന് സാധിക്കുന്നുവെന്നത് നിസ്സാര കാര്യമല്ല. ഇരു അഭിനേതാക്കളും കൈയടിപ്പിക്കുന്ന പ്രകടനങ്ങളിലൂടെയാണ് കഥാപാത്രങ്ങൾക്ക് ഉയിരേകുന്നത്. അവാർഡ് വിന്നിങ് പെർഫോമൻസസ്. എന്ന് ആഗ്രഹിക്കാം. വിജയരാഘവൻ നിയന്ത്രിതാഭിനയത്തിൻ്റെ ശക്തിയും ശരീര ഭാഷയുടെയും തുളച്ചു കയറുന്ന നോട്ടത്തിൻ്റെയും പാരുഷ്യവും പതർച്ചയും മനോഹരമായി മേളിക്കുന്ന സ്ക്രീൻ പ്രസൻസും കൊണ്ട് വിസ്മയിപ്പിച്ചപ്പോൾ ഒപ്പം നിന്ന പ്രകടനത്തിലൂടെ ആസിഫ്, താൻ കരിയറിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അശോകൻ, നിഴൽകൾ രവി, ജഗദീഷ്, അപർണ ഉൾപ്പെടെയുള്ള സഹ അഭിനേതാക്കളും മികച്ച പ്രകടനത്തോടെ നല്ല പിന്തുണ നല്കുന്നു. ആസിഫിൻ്റെ ഭാര്യയായി വരുന്ന അപർണയുടെ കഥാപാത്രമാണ് മിസ്റ്ററി എന്ന തലത്തിൽ പടത്തിലെ അന്വേഷക. ഉടനീളം പൊലീസിൻ്റെ സാന്നിധ്യമുണ്ടായിട്ടും പതിവിന് വിപരീതമായി ഇങ്ങനെയൊരു വേറിട്ട പാത്ത് ഫൈൻഡിങ് ഡിവൈസിലേക്ക് പോയ തിരക്കഥാകാരൻ്റെ ഭാവന അഭിനന്ദനമർഹിക്കുന്നുഅതേസമയം, അവർക്കിടയിൽ ദാമ്പത്യ- പ്രണയങ്ങളുടെ ഒരു മൃദുലനിമിഷം പോലും കാണാതെ പോയത് വിചിത്രമായും തോന്നി. പഴയ നക്സൽ മൂവ്മെൻ്റിൻ്റെയും പുതിയ മാവോയിസ്റ്റ് കബനീദളത്തിൻ്റെയും റഫറൻസുകൾ കഥാഗതിയ്ക്കനുസാരം പ്രയോഗിക്കുന്നുവെങ്കിലും വാണിജ്യ സിനിമകൾ സാധാരണ ചെയ്യുന്നത് പോലെ അത്തരം സന്ദർഭങ്ങളിൽ വില്ലിഫൈയിങ് ആറ്റിറ്റ്യൂഡ് കാണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കാടിൻ്റെയും കഥാപാത്രങ്ങളുടെയും നിഗൂഢസ്ഥലികളിലേക്ക് പ്രമേയത്തോട് ചേർന്ന് സഞ്ചരിക്കുവാൻ ബാഹുലിൻ്റെ ക്യാമറയ്ക്കും അനുരൂപമായ ലൈറ്റിങ്ങിനും സാധിക്കുന്നു. വിജയരാഘവൻ്റെ വനയാത്രകളിൽ മിക്കപ്പോഴും ക്യാമറ അയാളുടെ പുറകേ സഞ്ചരിക്കുന്നത് കാണാം.

മുജീബ് മജീദിൻ്റെ സ്കോറും സൂരജിൻ്റെ എഡിറ്റും കിഷ്കിന്ധയുടെ ശക്തിയാണ്. സംഗീതകാരൻ ഹോളിവുഡിനാൽ പ്രചോദിതനാണെങ്കിൽപ്പോലും കിഷ്കിന്ധയ്ക്ക് ഊർജമേറ്റുന്നതിൽ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക്. അഭിനന്ദനീയമാണ്.

എന്ത് പരിമിതിയാണോ ഒരാളെ വേട്ടയാടുന്നത്, അതേ പരിമിതിയുടെ ശകലിതമായ ചിറക് തണലായി വിരുത്ത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് കാവലാകുന്നതിൻ്റെ, അതിൻ്റെ നെരിപ്പോടിൽ അവരിരുവരും ഉരുകി ജീവിക്കുന്നതിൻ്റെ, ആ ഉരുക്കത്തിൽ ഉതിർന്ന് വീഴുന്ന വിശുദ്ധമായ കരുതലിൻ്റെ, സ്നേഹത്തിൻ്റെ ഗാഥയാണ് കിഷ്കിന്ധ. മറ്റൊരു സന്ദർഭത്തിൽ 'മതിലുകളി'ൽ ബഷീർ ചോദിക്കുന്നുണ്ട്, വൈ ഷുഡ് ഐ ബി ഫ്രീ / ഹൂ വാണ്ട്സ് ഫ്രീഡം എന്ന്. സമാനമായൊരു തത്വദർശനമാണ് കിഷ്കിന്ധയിലെ സ്നേഹകാണ്ഡത്തിൻ്റെ ' കാതൽ. ഓർമയുടെ തുറവിയ്ക്കും മറവിയുടെ തടങ്കലിനുമിടയിൽ ഉടലുന്ന വിജയരാഘവൻ്റെ അപ്പു പിള്ള, വിസ്മൃതിയുടെ നഷ്ടങ്ങളിൽ സ്വയം സ്വതന്ത്രനാകുന്നതിൻ്റെ വൈരുധ്യാത്മകതയിൽ അതിന് മനോഹരമായി അടിവരയിടുന്നു. ഈ സിനിമയിലെ മിസ്റ്ററിയും സസ്പെൻസും ഡ്രാമയുമെല്ലാം തല്ലിക്കൊഴിച്ചുകളഞ്ഞാലും സ്നേഹവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആ ദർശനം അവിടെത്തന്നെ തിളക്കത്തോടെ അവശേഷിക്കും. അതിന് സുന്ദരമായ ഡിസൈൻ നല്കാൻ ദിൻജിത്തിന് സാധിച്ചിരിക്കുന്നു. മസ്റ്റ് വാച് ഫ്രം തിയേറ്റേർസ്.

'പൊക്കിളില്‍ നിന്ന് ചെങ്കൊടി വലിച്ചൂരി കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച് സഖാവേ എന്ന വിളിച്ച ലോറന്‍സ്'; എം.എം.ലോറന്‍സിനെ ഓര്‍ക്കുമ്പോള്‍

ആ ത്രില്ലര്‍ ചിത്രം പോലെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം: കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശ്

ദുരനുഭവങ്ങളില്‍ നോ പറയാത്തവരെ കുറ്റപ്പെടുത്തരുത്, എല്ലാവരും വരുന്നത് പ്രിവിലേജുള്ള ഇടങ്ങളില്‍ നിന്നാകില്ല: ദിവ്യപ്രഭ

സാരിയിലെ പാട്ടിൽ മനുഷ്യരില്ല, മുഴുവൻ ​ഗാനങ്ങളും എഐ ചെയ്തത്; എഐ സം​ഗീതം മാത്രമുള്ള ചാനൽ ആരംഭിച്ച് രാം ​ഗോപാൽ വർമ്മ

പോലീസ് സേനയുടെ മനോവീര്യം തകർക്കാൻ സമ്മതിക്കില്ല; ആരോപണം വന്നത് കൊണ്ട് എഡിജിപിയെ മാറ്റില്ല, നടപടി റിപ്പോർട്ട് ലഭിച്ച ശേഷം; മുഖ്യമന്ത്രി

SCROLL FOR NEXT