Film Review

എന്തുകൊണ്ട് കശ്മീര്‍ ഫയല്‍സ് സംഘ്പരിവാറിന്റെ പ്രൊപ്പഗാന്റയാകുന്നു

ഈയടുത്ത് കാലത്ത് റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ ബിജെപി സര്‍ക്കാരുകളില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും ഇത്രയേറെ പിന്തുണ ലഭിച്ച ചിത്രം വേറെയുണ്ടാവില്ല. അങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ഇങ്ങ് കെ സുരേന്ദ്രന്‍ വരെ ചിത്രം കണ്ട് പോസ്റ്റുകളിടുകയും കാണാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് ടാക്‌സ് ഇളവുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധികള്‍ എന്നിങ്ങനെ പ്രഖ്യാപനങ്ങള്‍. മതവികാരം വ്രണപ്പെട്ടു, സിനിമ നിരോധിക്കണം, ബഹിഷ്‌കരിക്കണം തുടങ്ങിയ സ്ഥിരം പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘ്പരിവാര്‍ ആദ്യമായിട്ട് സിനിമ കാണണമെന്ന് വരെ പറയുന്നു. എന്തുകൊണ്ട്. വര്‍ത്തമാന ഇന്ത്യയില്‍ ഭരണകൂടം എന്തിനെയാണോ പ്രോത്സാഹിപ്പിക്കുന്നത് അതിനെക്കുറിച്ച് രണ്ടുവട്ടം വീണ്ടും ചിന്തിക്കേണ്ടതുണ്ട്, സംശയിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയാത്തവര്‍ ഇനിയുമുണ്ടാവുമോ ?

ദ കശ്മീര്‍ ഫയല്‍സ്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനവും കൊലപാതകങ്ങളും പ്രമേയമാകുന്ന ചിത്രം. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ അധികം പറയപ്പെടാത്ത, ഒരു കലുഷിതമായ കാലഘട്ടമാണ് സിനിമയുടെ പ്രമേയം. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, ആ അനുഭവങ്ങളിലൂടെ കടന്നു പോയവരുടെ ഓര്‍മപ്പെടുത്തലുകളെ ആസ്പദമാക്കി മുഖ്യധാര ബോളിവുഡില്‍ തന്നെ പറയേണ്ട, രാജ്യം മുഴുവന്‍ അറിഞ്ഞിരിക്കേണ്ട പ്രമേയം പക്ഷേ

എന്തുകൊണ്ട് 'കശ്മീര്‍ ഫയല്‍സ്' സംഘപരിവാറിന്റെ പ്രൊപ്പഗാന്റയാകുന്നു എന്നതിന് ഉത്തരം കിട്ടണമെങ്കില്‍ ഒറ്റക്കാര്യം മാത്രം സിനിമയില്‍ നിന്ന് തിരിച്ചറിഞ്ഞാല്‍ മതി. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെയും കൊലപാതകത്തിന്റെയും കഥ ലോകത്തെ അറിയിക്കുക, അല്ലെങ്കില്‍ അതിനെ രേഖപ്പെടുത്തുന്ന ഒരു ദൃശ്യാവിഷ്‌കാരത്തിന് രൂപം കൊടുക്കുക എന്നതായിരുന്നില്ല സംവിധായകന്റെ ലക്ഷ്യം. സംവിധായകനും ചിത്രത്തിലെ പല അഭിനേതാക്കളും പിന്തുണക്കുന്ന മോദിസര്‍ക്കാരിന് തലവേദനയായിരുന്ന ചില വിഷയങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ തക്കവണ്ണം കുറച്ച് കഥകളുണ്ടാക്കി പ്രചരിപ്പിക്കുക എന്നതായിരുന്നു. ഒരു ഇന്റര്‍വ്യൂവില്‍ ഫ്ാക്ട്‌സ് ഡോണ്ട് മാറ്റര്‍ എന്ന് യാതൊരു കുറ്റബോധവുമില്ലാതെ പറയുന്ന സംവിധായകനില്‍ നിന്ന് അതിലധികം പ്രതീക്ഷിക്കാനാവില്ല, ഇനിയിപ്പോള്‍ അത്തരത്തില്‍ പ്രതീക്ഷയുടെ അമിതഭാരമില്ലാതെ പോയാലും ഇന്ന് ജീവിച്ചിരിക്കുന്ന കാലഘട്ടത്തെ തിരിച്ചറിയാന്‍ കോമണ്‍സെന്‍സുള്ള ഏതൊരു ഇന്ത്യക്കാരനും സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നതെന്താണെന്ന് കൃത്യം കൃത്യമായി മനസിലാകും. അതില്‍ ഏത് പക്ഷത്ത് നിങ്ങള്‍ നിക്കുന്നു എന്നത് മാത്രമാണ് ഉയര്‍ന്ന് നില്‍ക്കുന്ന ചോദ്യം.

മുത്തച്ഛന്റെ മരണശേഷം ചിതാഭസ്മവുമായി കശ്മീരിലേക്കെത്തുന്ന കൃഷ്ണ പണ്ഡിറ്റ് എന്ന ചെറുമകനിലൂടെയാണ് കശ്മീര്‍ ഫയല്‍സ് കഥ പറയുന്നത്. ചെറുപ്പത്തില്‍ തന്റെ അച്ഛനും അമ്മയുമെല്ലാം ഒരപകടത്തില്‍ മരിച്ചുവെന്ന് വിശ്വസിച്ചിരുന്ന കൃഷ്ണ കശ്മീരിലേക്ക് ആദ്യമായിട്ടെത്തുകയാണ്. അവിടെ വെച്ച് മുത്തച്ഛന്റെ സുഹൃത്തുക്കള്‍ അവനോട് കൃഷ്ണയുടെ മാതാപിതാക്കളുള്‍പ്പെടെയുള്ള കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് പറയുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ സിനിമയുടെ പ്ലോട്ട്. പലായനം ചെയ്യപ്പെട്ട കശ്മീരി പണ്ഡിറ്റുകള്‍ക്ക് പൂര്‍ണമായി ഇന്നും തിരിച്ച് പോകാന്‍ പറ്റിയിട്ടില്ലെന്നും, അവരെ പുനരധിവസിപ്പിക്കാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നതും യാഥാര്‍ഥ്യമായിട്ടിരിക്കെ മരണത്തോടെയെങ്കിലും സ്വന്തം ജന്മനാട്ടില്‍ മടങ്ങിയെത്താനാഗ്രഹിക്കുന്ന ഒരാളുടെ നരേറ്റീവ് സിനിമയ്ക്ക് യോജിച്ചത് തന്നെയാണ്.

എന്നാല്‍ ആ നരേറ്റീവിനെ അട്ടിമറിക്കുംവിധം സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി കുത്തിനിറക്കുന്ന വര്‍ഗീയ വേര്‍തിരിവുകളും സംഘ്പരിവാര്‍ നിര്‍മ്മിത പൊതുബോധവുമാണ് സിനിമയെ പ്രൊപ്പഗാന്റയാക്കുന്നത്.

ബിജെപിയും മോദിയും അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ മതേതരത്വത്തെയും ജനാധിപത്യത്തെയുമെല്ലാം തച്ചുടക്കുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ നടന്ന രാജ്യത്തെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെ വിറപ്പിച്ചിട്ടുുള്ളവയാണ്. അതില്‍ സര്‍ക്കാര്‍ ഭയപ്പെടുന്ന പേരുകളിലൊന്നാണ് ജവഹര്‍ലാല്‍ നെഹ്രു യുണിവേഴ്‌സിറ്റി എന്ന ജെഎന്‍യു. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെയും അവരുടെ പ്രതിഷേധങ്ങള്‍ക്കെതിരെയുമെല്ലാം മുമ്പും പരസ്യമായി തന്നെ ആരോപണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള സംവിധായകന്‍ സിനിമയില്‍ ഒട്ടും മടിയില്ലാതെ അതെല്ലാം കുത്തിനിറച്ചു. ജെഎന്‍യു വിദ്യാര്‍ഥികള്‍ ചരിത്രബോധമില്ലാത്തവരാണ്, അവിടെ നിന്നുടലെടുക്കുന്ന ഇടതുപക്ഷ പ്രക്ഷോഭങ്ങള്‍ മുസ്ലിം തീവ്രവാദികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുണ്ടാക്കുന്നവയാണ്, വെറും പവര്‍ പൊളിറ്റിക്‌സ് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സര്‍ക്കാരിനെതിരെ, മോദിക്കെതിരെ തിരിയുന്നവര്‍ മാത്രമാണ് എന്ന് സ്ഥാപിച്ചെടുക്കലാണ് സിനിമയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യങ്ങളിലൊന്ന്. അതിനായി കേന്ദ്രകഥാപാത്രമായ കൃഷ്ണ പണ്ഡിറ്റിന്റെ മെന്ററായി രാധിക മേനോന്‍ എന്ന കഥാപാത്രത്തെ സംവിധായകന്‍ കൊണ്ടുവന്നു നിര്‍ത്തുന്നു. കശ്മീര്‍ പണ്ഡിറ്റുകളെ കൊന്നൊടുക്കിയ ബിട്ട എന്ന കഥാപാത്രത്തിനൊപ്പം ആഘോഷിച്ചു നൃത്തം ചെയ്യുന്ന രാധികയുടെ ചിത്രം കൃഷ്ണ ഒരു സീനില്‍ കാണുന്നുണ്ട്. വെറുമൊരു നിഷ്‌കളങ്കനായി ജെഎന്‍യുവിലേക്കെത്തിയ കൃഷ്ണയെ ബ്രെയിന്‍വാഷ് ചെയ്ത് സര്‍ക്കാരിനെതിരെ തിരിക്കുന്ന, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവനാക്കുന്ന, മാളികയിലിരുന്നുകൊണ്ട് കശ്മീരിലെ തീവ്രവാദികളെ ഒറ്റ ഫോണ്‍കോളില്‍ നേരിട്ട് ആക്‌സസ് ചെയ്യുന്നവരായി ഇടതുപക്ഷ ആക്ടിവിസ്റ്റുകളെ വരച്ചുകാട്ടുന്നതിലൂടെ സംവിധായകന്റെ ഉദ്ദേശം കാശ്മീരി പണ്ഡിറ്റുകളുടെ നീതിയോ പലായനത്തിന്റെ ചരിത്രമോ അല്ലെന്ന് കോമണ്‍സെന്‍സുള്ളവര്‍ക്ക് മനസിലാക്കാം.

രണ്ടാമത്തേത്, വിദ്യാര്‍ത്ഥികള്‍ മോദിസര്‍ക്കാരിനെതിരെ തെരുവുകളില്‍ മുഴക്കിയ, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ ഏറ്റ് വിളിച്ച ആസാദി എന്ന മുദ്രാവാക്യമാണ്. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്, മതേതരത്വവും ജനാധിപത്യവും രാജ്യത്ത് നിലനില്‍ക്കുവാനായി മുഴക്കിയ ആസാദിക്കും കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയപ്പോള്‍ വിഘടനവാദികള്‍ വിളിച്ചിരുന്ന ആസാദിക്കും ഒരേ അര്‍ത്ഥമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ കഷ്ടപ്പെടുന്നുണ്ട് സിനിമ. നേരത്തെ പറഞ്ഞ തീവ്രവാദ സ്‌പോണ്‍സര്‍ഷിപ്പിലെന്ന് വിവേക് അഗ്നിഹോത്രി കണ്ടെത്തുന്ന ജെഎന്‍യു സമരത്തിനൊപ്പം ഈ ഒരു നരേറ്റീവും കൂടി ചേരുമ്പോള്‍ രണ്ടാം അജണ്ടയും പൂര്‍ത്തിയാകുന്നു. നാളെ ഭരണഘടനയെ അട്ടിമറിച്ചുള്ള ഏതൊരു നീക്കത്തിനുമെതിരെ ആസാദി മുദ്രാവാക്യം തെരുവിലോ കാമ്പസിലോ ഉയര്‍ന്നാല്‍ വിയോജിപ്പുമായി ആരെങ്കിലും സമരം ചെയ്താല്‍, അവരെയും പതിവ് പോലെ രാജ്യദ്രോഹികളാക്കാന്‍ ഈ സിനിമ നിരത്തുന്ന യുക്തികള്‍ തന്നെ ധാരാളമാണ്.

മൂന്നാമത്തേത് കശ്മീരാണ്. ബിജെപി കാലങ്ങളായി അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന, 2019 ആഗസ്റ്റില്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 ആണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും അതിന് ശേഷം അവിടത്തെ ജനങ്ങളെ മുഴുവന്‍ മതില്‍ക്കെട്ടുകള്‍ക്ക് അകത്ത് തടവിലാക്കിയപ്പോഴും ഇന്റര്‍നെറ്റ് കട്ട് ചെയ്ത് പുറം ലോകത്തോട് സംസാരിക്കാന്‍ കഴിയാതെയാക്കിയപ്പോഴും എല്ലാം ബിജെപി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്ന എല്ലാം ക്ശ്മീരിന്റെ നന്മയ്ക്ക് എന്ന വാദത്തിന് മേല്‍ക്കൂര പണിയുകയാണ് വിവേക് അഗ്നിഹോത്രി.

കശ്മീരിലെ എല്ലാ പ്രശ്‌നത്തിലും കാരണം ആര്‍ട്ടിക്കിള്‍ 370 ആണ് എന്ന് സ്ഥാപിക്കാന്‍ ബിജെപി വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരുന്നതാണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനും കൊലപാതകത്തിനും കാരണവും ആര്‍ട്ടിക്കിള്‍ 370 ആണ് എന്ന് സിനിമയിലൂടെ വിവേക് അഗ്നിഹോത്രി സ്ഥാപിച്ചു കൊടുക്കുന്നതോടെ ഏത് സംസ്ഥാനത്തിനും വേണ്ടത്ര ടാക്‌സ് ഇളവുകൊടുക്കാന്‍ മാത്രം ബിജെപിക്ക് സിനിമ പ്രിയപ്പെട്ടതാകുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനമോ ചരിത്രമോ അല്ല ഹിന്ദുത്വവിമര്‍ശകരെ/ മോദി വിമര്‍ശകരെ/ ഭരണഘടനയുടെ സംരക്ഷണത്തിനായി വാദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന വിഭജനത്തിന്റെ രാഷ്ട്രീയമാണ് സിനിമയുടെ ലക്ഷ്യം.

വീണ്ടും സിനിമയിലേക്ക് വരുകയാണെങ്കില്‍ കശ്മീര്‍ ഫയല്‍സ് തിരക്കഥ കൊണ്ടോ, സംവിധാനമികവുകൊണ്ടോ കണ്ടിരിക്കേണ്ട അനുഭവമൊന്നുമല്ല. അമിത നാടകീയത നിറഞ്ഞ സംഭാഷണങ്ങളും, അതേ നാടകീയത നിറഞ്ഞ മേക്കിങ്ങ് ശൈലിയുമാണ് സംവിധായകന്‍ ടെന്‍ഷന്‍ ബില്‍ഡ് ചെയ്യുവാനായി സമീപിച്ചിരിക്കുന്നത്. പെര്‍ഫോര്‍മന്‍സുകള്‍ ഇഷ്ടമായവരുണ്ടാകാം പക്ഷേ വ്യക്തിപരമായി രാജ്യത്തെ വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരുപാട് സംഘ്പരിവാറുകാരുടെ പ്രസംഗങ്ങളിലൊന്നായി മാത്രമേ അനുപം ഖേറിന്റെയും ദര്‍ശന്‍ കുമാറിന്റെയും പല്ലവി ജോഷിയുടെയുമെല്ലാം പ്രകടനങ്ങള്‍ കാണാന്‍ കഴിയൂ.

മുസ്ലിം പേരുകാരായി സ്‌ക്രീനിലെത്തുന്ന എല്ലാവരും തന്നെ തിന്മയുടെ മുഖമായി മാറുന്നത് ഒരു നിലക്കും യാദൃശ്ചികമല്ലെന്ന് മനസിലാക്കാന്‍ ഇതേ അഗ്നിഹോത്രെിയുടെ ട്വീറ്റുകള്‍ ചുരുങ്ങിയ കാലം പിന്തുടര്‍ന്നാല്‍ മതിയാകും.

സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് മറച്ചുവെച്ച സത്യങ്ങള്‍ പുറത്തുവരുന്നു എന്നതാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളിലെ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ കണക്കുകളേക്കാള്‍ എത്രയോ ഇരട്ടിയാണ് സിനിമയിലെ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍, വിഘടനവാദികളുടെ നേതാവ് കശ്മീര്‍ മുഖ്യമന്ത്രിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നുവെന്നാണ് സിനിമ കാണിക്കുന്നത്. എന്നാല്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്നത് ബിജെപി പിന്തുണയിലുള്ള വിപി സിങ്ങ് സര്‍ക്കാരായിരുന്നുവെന്നതിനെക്കുറിച്ചോ ജഗ്മോഹന്‍ ഗവര്‍ണറായതിനെക്കുറിച്ചോ സിനിമയ്ക്ക് അറിയില്ല, കശ്മീരില്‍ ഇതുവരെ കൊല്ലപ്പെട്ട മുസ്ലിങ്ങളെക്കുറിച്ച് സംവിധായകനും മോദിയ്ക്കും അറിയാത്തത് കൊണ്ട് തന്നെ ഇരുവരുടെ വാദങ്ങളും സത്യങ്ങളും ഒന്നുതന്നയാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

കശ്മീര്‍ ഫയല്‍സിന്റെ സെന്‍സറിങ്ങില്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകള്‍ ഏതെല്ലാമാണെന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ അറിഞ്ഞത് ദേശീയ പതാക താഴെ വീഴുന്ന ഒരു രംഗം, മുന്‍ പ്രധാനമന്ത്രിയുടെ ചിത്രം തീവ്രവാദിയുടെ വീട്ടിലെ ചുവരിലുള്ള രംഗം, ഒരു ടെലിവിഷന്‍ ചാനലിന്റെ ലോഗോ, ഡിസ്‌കോ സിഎം എന്ന ഡയലോഗ്, പണ്ഡിറ്റ് എന്നും മുസ്ലിം എന്ന വാക്കുകള്‍ക്കൊപ്പം തെറിവാക്കുകള്‍ ചേര്‍ത്ത ഇടങ്ങള്‍, ജെഎന്‍യു എന്നത് എഎന്‍യു എന്നാക്കി മാറ്റുക തുടങ്ങിയവയെല്ലാമായിരുന്നു എന്ന് കാണാം. ഭൂരിപക്ഷത്തിന്റേതല്ലാതെ ഒരു മതവികാരവും വ്രണപ്പെടുമെന്ന് സെന്‍സര്‍ ബോര്‍ഡിന് തോന്നാത്തത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതോ നാളെ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് സിനിമയിലെത്തുമ്പോള്‍ ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ കഴിയുമോ എന്നതും കാത്തിരുന്ന് തന്നെ കാണണം.

ഇനി സിനിമയുടെ റിലീസിന് ശേഷം എന്ത് സംഭവിച്ചു എന്നുകൂടെ നോക്കാം. മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സര്‍ക്കാര്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി നല്‍കി. എന്നാല്‍ അതിനൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സംസ്ഥാനത്തെ മുസ്ലിങളോട് ഒരു ആവശ്യവും ഉന്നയിച്ചു, അസം കശ്മീരായി മാറ്റില്ലെന്ന് സംസ്ഥാനത്തെ മുസ്ലിങ്ങള്‍ ഉറപ്പുതരണമെന്നായിരുന്നു ആ ആവശ്യം. എത്ര സിംപിളായിട്ടാണ് മുസ്ലിങ്ങളെല്ലാം തീവ്രവാദികളാക്കി കൊലപാതകികളാക്കി ബിജെപി മാറ്റിയത്. തിയേറ്ററുകളില്‍ സിനിമ കഴിഞ്ഞ് കേള്‍ക്കുന്ന മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും സന്‍സദ് സഭയിലുയര്‍ന്ന കൊലവിളിക്കും ഒരേ സ്വരം തന്നെയാണ്.

സിനിമയില്‍ സത്യമായിട്ടുള്ളത്, ചരിത്ര യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നതും കൊല്ലപ്പെട്ട, പിറന്ന നാടുവിട്ട് പോകേണ്ടി വന്ന ഒരുകൂട്ടം മനുഷ്യരുനുഭവിച്ച വേദന മാത്രമാണ്. ഒരു സിനിമ തെരഞ്ഞെടുക്കുന്ന പ്രമേയം എന്ന നിലക്ക് യൂണിവേഴ്‌സല്‍ തോട്ട് കൂടിയായിരുന്നു സമീപനത്തില്‍ സത്യസന്ധതയുണ്ടെങ്കില്‍ ആ പ്രമേയം. എന്നാല്‍ അത് അതേ തീവ്രതയോടെ ജനങ്ങളിലേക്കെത്തിക്കേണ്ടതിന് പകരം ഒരുകൂട്ടം നുണക്കഥകളിലും ഫേക്ക് നരേറ്റീവുകളിലും പൊതിഞ്ഞ് ആ വേദനയെ രാജ്യത്ത് വെറുപ്പ് പ്രചരിപ്പിക്കാനും വേര്‍തിരിവുകളുണ്ടാക്കാനും മുസ്ലിങ്ങളെ അപരവത്കരിക്കാനുമുള്ള സംഘ്പരിവാറിന്റെ ആയുധമാക്കുകയാണ് സിനിമ ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ഈ സത്യാനന്തര കാലത്ത് ബോക്‌സ് ഓഫീസിലെ പണപ്പെരുക്കത്തെക്കാള്‍ കാശ്മീര്‍ ഫയല്‍സിലെ കള്ളങ്ങളും വസ്തുതാവിരുദ്ധതയും ചര്‍ച്ചയായി ഉയര്‍ത്തേണ്ടത് രാജ്യത്തിന്റെ ജനാധിപത്യത്തോടുള്ള, ഭരണഘടനയോടുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT