Film Review

ജല്ലിക്കെട്ട്, കാഴ്ച കെട്ടുപൊട്ടിച്ചോടുമ്പോള്‍

ജിസ്‌നി കെ ജോയിസ്

എല്ലാ തലങ്ങളിലും,ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെയും ബ്രില്ല്യന്‍സിന്റെയും കഥ പറച്ചിലിലെ പുതിയ താളത്തിന്റെയും അനുഭവമാണ് ജെല്ലിക്കെട്ട്. മനുഷ്യനും മൃഗവും വന്യതയുടെയും വയലന്‍സിന്റെയും താരതമ്യത്തിലൂടെ കടന്നുപോകുന്നൊരു ഗംഭീര വിഷ്വല്‍ ട്രീറ്റ് ആണ് ടൊറന്റോ ഫെസ്റ്റിവലിലെ വേള്‍ഡ് പ്രിമിയറിന് സ്‌ക്രീനില്‍ തെളിഞ്ഞത്. മാനുഷികതയെന്ന് നിര്‍വഹിച്ച് മനുഷ്യനെ ആര്‍ദ്രതയുടെയും കരുണയുടെയും പ്രതിരൂപമാക്കി പ്രതിഷ്ഠിക്കുകയും വന്യതയെന്നും മൃഗീയതയെന്നുമുള്ള ചേര്‍ത്തുവയ്ക്കലിലൂടെ മൃഗങ്ങളെ വയലന്‍സിന്റെ പ്രതിനിധാനമാക്കുകയും ചെയ്യുന്ന മുന്‍വിധികളിലേക്ക് കെട്ടഴിച്ച് വിടുന്ന, കുതറിയോടുന്ന പോത്ത് ആണ് ജല്ലിക്കെട്ടിലേത്. പച്ചപ്പിലും നീലപ്പരപ്പിലുമായി നമ്മള്‍ ശാന്തരൂപിയാക്കി നിരന്തരം ചിത്രീകരിച്ച മനുഷ്യനെ തച്ചുടച്ച്, പച്ചയെക്കാള്‍ കറുപ്പ് കൂടിയ ചെളിയുടെ, ചോരയുടെ, ഇരുട്ടിന്റെ വാരിപ്പൊത്തലാണ് മനുഷ്യന്റെ തനിനിറം തിരിച്ചറിയലിന്റേതാണ് സിനിമ.

കട്ടപ്പനയിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലെവിടെയോ നടക്കുന്ന കഥ, ചരിത്രത്തെയും രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളിച്ചാണ് കടന്ന് പോകുന്നെതെങ്കിലും, മനുഷ്യന്റെ പരിണാമ ഘട്ടങ്ങളിലെവിടെയും അവനെവിട്ടു പോകാത്ത വന്യതയെ/ ഹിംസാത്മകതയെ ചുരണ്ടിയുടുത്ത്, പച്ചമാംസം പോലെ വിളമ്പുകയാണ് ജല്ലിക്കെട്ട്.

ആദ്യകാഴ്ചക്കാരിലൊരാളെന്ന നിലയില്‍, എസ് ഹരീഷിന്റെ കഥ വായിച്ചിട്ടില്ലാത്തതിനാല്‍ കഥയെപ്പറ്റിയോ നിലപാടുകളെപ്പറ്റിയോ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ജല്ലിക്കെട്ടെന്ന പേരിന്റെ സാധ്യതകളെപ്പറ്റി ചിന്തിച്ചപ്പോഴൊന്നും ഇതുപോലൊരു കഥാപശ്ചാത്തലമേ ആയിരുന്നില്ല ഉള്ളില്‍. പോത്തിനെ രാഷ്ട്രീയമായി സിംമ്പലൈസ് ചെയ്യാനാകുമോ എന്ന ചിന്ത തുടക്കത്തിലേ അവസാനിപ്പിച്ചു.

അറവുകാരന്‍, കാലന്‍ വര്‍ക്കിയുടെ പോത്ത് മരണവെപ്രാളത്തില്‍ ഓടുന്ന ആ ഒരോട്ടം. എസ് ഹരിഷ് എന്ന എഴുത്തുകാരന്റെ അകമനസില്‍ എന്നോ കുരുങ്ങിക്കിടന്ന ആ പോത്തിനെ കയറൂരിവിടുമ്പോള്‍, ജീവിക്കുന്ന കാലത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് നടുവിലൂടെയാണ് പോത്ത് കുതറിയോടുന്നത്. കുത്താനോടുന്നതാണോ രക്ഷ തേടിയോടുന്നതാണോ എന്നത് കണ്ടറിയേണ്ടതുമാണ്. ഓടുന്ന പോത്തിലൂടെ 'കുത്തിമലര്‍ത്തുന്ന' മനുഷ്യന്‍ എന്ന് പരിണാമപൂര്‍ണതയെയാണ്.

പോത്തിനു പിന്നാലെ പിന്നാലെ ഒരു ഗ്രാമം മൊത്തം വിറളി പിടിച്ചോടുമ്പോഴും, കുട്ടിച്ചനെന്ന കഥാപാത്രം ഇടക്ക് പറയുന്ന ഒരു വാചകം ജല്ലിക്കെട്ടിന്റെ രത്‌നച്ചുരുക്കം തന്നെയാണ്. ഏറ്റവും സ്വാദുള്ള മാംസം മനുഷ്യന്റേതാണെന്ന് കുട്ടിച്ചന്‍ പറഞ്ഞുചിരിക്കുന്നതിലെ അസ്വാഭാവികതയാണ് ഈ സിനിമ. ക്രൗഡ് കൊറിയോഗ്രഫിയിലെ അതികായനായി ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ മാറുന്നുണ്ട്. കുറച്ച് മനുഷ്യരില്‍ നിന്ന് വലിയൊരാള്‍ക്കൂട്ടത്തിലേക്ക് അവിടെ വിന്ന് ഒരു നാടൊന്നാകെ സ്‌ക്രീനില്‍ നിറയുമ്പോള്‍ വിഷ്വലൈസേഷനില്‍, വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ ട്രീറ്റ്‌മെന്റില്‍ ലിജോയുടെ മാജികിന് കാഴ്ചക്കാരാവും പ്രേക്ഷകര്‍. എഴുതപ്പെട്ട സ്‌ക്രിപ്റ്റില്‍ നിന്നും ഒന്നും ചോര്‍ന്ന് പോകാതെ, ക്യാമറയ്ക്ക് മുന്നിലെത്തുന്ന എല്ലാ ആര്‍ടിസ്റ്റുകളിലെ പരമാവധി സാധ്യതയെ, പുറത്തെടുത്ത് കഥ പറച്ചിലിന്റെ പുതിയ ലോകം തന്നെ തീര്‍ക്കുകയാണ് ലിജോ ജോസ് പെല്ലിശേരി.

മൃഗങ്ങളെപ്പോലെ അഭിനയിക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന ഒരു സംവിധായകന്റെ ഉറച്ച തീരുമാനങ്ങളാണ് ജെല്ലിക്കെട്ട്. മാന്ത്രികതയെന്നും അസാധ്യമെന്നും വിശേഷിപ്പിക്കുന്ന പെല്ലിശ്ശേരിയുടെ സംവിധാനമികവിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍. തന്റെ സിനിമകളില്‍ ക്രൗഡ് കോറിയോഗ്രാഫിയെയും, ദീര്‍ഘമായ സിംഗിള്‍ ഷോട്ടുകളെയും, ഉള്‍പ്പെടുത്തുമ്പോഴും ഒന്നൊന്നിനോട് ഒട്ടി നില്‍ക്കാതെ, ഒരു നിശ്ചിത ശൈലിയില്‍ അടിയറവു പറയാതെ, പുതുമക്കുമേല്‍ പുതുമ സാധ്യമാക്കുന്ന കണ്ടെത്തലുകളാണ് പെല്ലിശ്ശേരിയുടേത്. ജീവിതത്തെയും മനുഷ്യനെയും മാത്രം യാതൊരു മോഡിഫിക്കേഷനുകളുമില്ലാതെ വെട്ടിയിട്ടു കൊടുക്കാന്‍ അങ്കമാലി ഡയറീസിലും ഈ.മ.യൗലും കാണിച്ച അതേ ആര്‍ജവം തന്നെയാണ് ജെല്ലിക്കെട്ടിലും. ഒരു പക്ഷേ, കത്രിക ചോദ്യങ്ങളില്‍ ചോര്‍ന്നുപോയേക്കാവുന്ന അതിന്റെ വെര്‍ബല്‍ ലൈഫ് ,കയ്യടക്കമുള്ള സംവിധാനമികവിന്റെ മറ്റൊരു സവിശേഷതയാണ്.

തീരെ മെരുങ്ങാത്ത മനുഷ്യരെയാണ് ഓരോ കഥാപാത്രങ്ങളിലും നാം കാണുന്നത്. ഇരുട്ടുകൊണ്ട് വലിച്ചടുപ്പിച്ച്, അധികമാരും വെളുപ്പെടുത്താത്ത അകക്കാടിനെ ഇളക്കിമറിക്കുന്ന കാഴ്ചയിലേക്കാണ് പ്രേക്ഷകരും സഞ്ചരിക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും ഏറ്റവും സാധ്യമായ വന്യതയെ സ്‌ക്രീനിലെത്തിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നു. കാലന്‍ വര്‍ക്കി എന്ന ചെമ്പന്‍ വിനോദിന്റെ കഥാപാത്രവും, സാബു അവതരിപ്പിച്ച കുട്ടിച്ചനും, കാലന്‍ വര്‍ക്കിയുടെ സഹായിയായ ആന്റണി വര്‍ഗ്ഗീസിന്റെ റോളും, ജാഫര്‍ ഇടുക്കിയും, സിനിമയുടെ നിയന്ത്രണ ദണ്ഡില്‍ പിടിമുറുക്കിയ പുതുമുഖങ്ങളും, തനി നാടന്‍ പോലീസുകാരനുമെല്ലാം അണിയറയില്‍ അതീവ കര്‍ക്കശ്യമുള്ള സംവിധായകന്റെ സംഭാവനകളാണ്.

മനുഷ്യനേയും പോത്തിനേയും ഒരേ വേഗത്തില്‍ സിനിമ ഓടിക്കുന്നു.. അവര്‍ പോത്തിനേക്കാള്‍ ഉച്ചത്തില്‍ മുക്രയിടുന്നു.കുത്തിമറിക്കുന്നു. എസ്. ഹരീഷ് സൃഷ്ടിച്ച കഥാപാത്രങ്ങളിലെ എനര്‍ജെസ്ഡ് ട്രാന്‍മിറ്ററുകളുടെ സ്‌ഫോടനം ആഖ്യാനത്തില്‍ സംഭവിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളുടെ പങ്കാളിത്തത്തിലുള്ള പ്രകടമായ കുറവിനെ ചോദ്യം ചെയ്യാവുന്നതാണെങ്കിലും, പോത്തിനു പിറകേ വിറളിപിടിച്ച പോലെ ഓടാന്‍ മാത്രം സെന്‍സില്ലാത്തവരല്ല സ്ത്രീകള്‍ എന്ന അതിവിദഗ്ദമായ ഒരുത്തരത്തിലൂടെ ലിജോ സുരക്ഷിതനാവുകയാണുണ്ടായത്. എങ്കിലും അദ്ദേഹത്തിന് അതിലും വ്യക്തമായ ഒരുത്തരം ഉണ്ടായിരുന്നു എന്നെനിക്കു തോന്നിയിരുന്നു. കഥ അതാവശ്യപ്പെടുന്നില്ല എന്ന ലളിതമായ, ബോള്‍ഡായ മറ്റൊരു ഉത്തരം.

കഥ ആവശ്യപ്പെടുന്നത് ഇരുട്ടായത് കൊണ്ട് തന്നെ, കാടും കറുപ്പും കുറേയേറെ കൊളുത്തിയ തീപ്പന്തങ്ങളുമായാണ് ജല്ലിക്കട്ടിന്റെ ചടുലതാളത്തെ പിടിച്ചുകെട്ടുന്നത്. സമ്പൂര്‍ണമായൊരു ദൃശ്യവിരുന്ന് ഗിരീഷ് ഗംഗാധരന്റെ ക്യാമറയിലൂടെ കാണാം. ലിജോയുടെ ആഖ്യാനഭൂമികയെ താരതമ്യങ്ങളില്ലാത്ത വിധം ഗംഭീരമാക്കിയതിന് പിന്നില്‍ ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ കയ്യൊപ്പ് ഉടനീളമുണ്ട്. ഹൈറേഞ്ചിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ചിതറിയും കലഹിച്ചും ആക്രമിച്ചും ഓടുന്ന മനുഷ്യനും പോത്തിനുമൊപ്പം പ്രേക്ഷകരെ അവര്‍ക്ക് പിന്നാലെ ഓടുകയാണെന്ന് തോന്നും വിധമെത്തിച്ചതില്‍ ഗിരീഷിനും കയ്യടിച്ചേ മതിയാകൂ. സിനിമയുടെ ഭാവം, മുക്രയിട്ടോടുന്ന മനുഷ്യന്റെയും പോത്തിന്റെയും താളക്രമം വിഷ്വല്‍ എക്‌സ്പീരിയന്‍സ് ആക്കി മാറ്റിയതില്‍ ദീപു ജോസഫ് എന്ന എഡിറ്ററെയും എടുത്ത് പറയണം.

സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയും സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയും നേരത്തെ മുതല്‍ തന്നെ ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്റെ താളം ഏറ്റവും നന്നായി ഉള്‍ക്കൊണ്ട് അവരുടെ ബെസ്റ്റ് ഔട്ട്പുട്ട് സംഭാവന ചെയ്തിട്ടുള്ളവരാണ. പോത്തിനെ കാത്ത് ചെവി വട്ടം പിടിക്കുന്നിടം മുതല്‍ ഇരുട്ടിനെയും വയലന്‍സിനെയും മനുഷ്യരുടെയും മൃഗത്തിന്റെയും പരിണാമങ്ങളുടെ പല ഘട്ടം പറഞ്ഞുപോകുന്നിടത്തെല്ലാം രംഗനാഥ് രവിയും സൗണ്ട് മിക്‌സിംഗില്‍ കണ്ണന്‍ ഗണപതും ബ്രില്യന്‍സ് അനുഭവപ്പെടുത്തുന്നത് കാണാം. പെല്ലിശ്ശേരി എന്ന സംവിധായകനെ വാനോളം വാഴ്ത്തുമ്പോഴും, അതിനോടൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്തേണ്ടപേരാണ് പ്രശാന്ത് പിള്ളയുടേതും. ജെല്ലിക്കട്ടിന്റെ പൂര്‍ണതയില്‍ പശ്ചാത്തലസംഗീതത്തിനിത്രമേല്‍ മേല്‍ക്കോയ്മ നേടിക്കൊടുത്ത പ്രതിഭയാണയാള്‍. ഒരോ വിഷ്വല്‍ മിടിപ്പിലും അതിന്റെ താളമായ്, ആസ്വാദകനിലേക്കാഴത്തില്‍ കുത്തിയിറങ്ങുന്നത് പ്രശാന്ത് പിള്ളയുടെ വൈദഗ്ദ്യം ആണ്. അതി വിദഗ്ദനായ ഒരു സര്‍ജന്‍, അതി സങ്കീണമായ ഒരു ശസ്ത്രക്രിയ പൂര്‍ണമാക്കുന്നത്ര ശ്രദ്ധാലുവായാണ് , ദൃശ്യങ്ങളിലേക്ക്, പശ്ചാത്തല സംഗീതത്തെ അദ്ദേഹം തുന്നിച്ചേര്‍ക്കുന്നത്.

കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഇനിയും താമസമുണ്ടെന്നുള്ളതിനാല്‍, സ്‌പോയിലര്‍ സാധ്യത മുന്നില്‍ കാണുന്നത് കൊണ്ട് , ജല്ലിക്കെട്ടിനെപ്പറ്റി നീണ്ട വിവരണം അപ്രസക്തമാണ്. എങ്കിലും, എന്തുകൊണ്ടീ സിനിമ കാണാതിരിക്കരുത് എന്നതിനുള്ള മറ്റൊരു കാരണം കൂടി പറയാതെ വയ്യ. ക്ലൈമാക്‌സ് കണ്ട്, ടൊറോന്റോ ഫിലിം ഫെസ്റ്റിലെ സദസ്, ഇതെങ്ങനെ നിങ്ങള്‍ സാധ്യമാക്കിയെന്നു ചോദിച്ചപ്പോള്‍, വളരെ സിംമ്പിളായി, ഒരു മജീഷ്യന്റെ ചിരിയോടെ ലിജോ പറഞ്ഞ മറുപടി- അതൊരു സീക്രട്ടാണ്.

വി. എഫ്. എക്‌സ് കണ്‍കെട്ടിനെപ്പോലും നിസ്സാരവത്കരിക്കുന്ന, ക്രൗഡിനേയും വേഗതയേയും പിടിച്ചു കെട്ടുന്ന, അനുകരണങ്ങളില്ലാത്ത സിനിമാറ്റോഗ്രാഫി കൊണ്ട് അദ്ഭുതപ്പെടുത്തുന്ന, അസാധ്യമായ പശ്ചാത്തല സംഗീതം കൊണ്ടും സൗണ്ട് ഡിസൈന്‍ കൊണ്ടും സദസിനെ പ്രകമ്പനം കൊള്ളിക്കുന്ന, ജെല്ലിക്കെട്ട് സമകാലീന ലോക സിനിമയ്ക്ക് മുന്നില്‍ ഒരദ്ഭുതമാകുമ്പോള്‍, ലിജോ പെല്ലിശേരിയെന്ന ഫിലിം മേക്കറെ മജീഷ്യനെന്ന് തന്നെ വിളിക്കാം.

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍ സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT