Film Review

ജയ് ഭീം നികത്തുന്ന ചരിത്രത്തിലെ വിടവുകളും അസാന്നിധ്യവും

പൊലീസ് അതിക്രമങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന, പച്ചത്തെറിയും സ്ത്രീ വിരുദ്ധതയും പറയുന്ന ഉദ്യോഗസ്ഥനെ അതിശക്തനായി വാഴ്ത്തുന്ന മലയാള സിനിമാ സങ്കൽപ്പത്തിൽ നിന്ന് തീർത്തും വിഭിന്നമായ ഒരു ട്രാക്കിലൂടെ സഞ്ചരിക്കുന്നുവെന്നത് 'ജയ് ഭീം' ന്റെ സവിശേഷതയായി തന്നെ എടുത്തുപറയണം.

അടിയന്തിരാവസ്ഥ മലയാളിയുടെ ഓർമ്മയെ പൊള്ളിക്കുന്ന രാഷ്ട്രീയ അനുഭവവും മറവിക്കെതിരെയുള്ള കലാപവുമായി ഇന്നും ചില നേരങ്ങളിൽ എത്തിനോക്കാറുണ്ട്. ആർ ഇ സി യിലെ രാജനും അച്ഛൻ ഈച്ചരവാര്യരും മലയാളിയുടെ രാഷ്ട്രീയജീവിതത്തെ ഇപ്പോഴും വേട്ടയാടുന്നത് കൊണ്ട് തന്നെ അക്കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനും പോലീസ് ഓഫീസർമാരായിരുന്ന ജയറാം പടിക്കൽ പുലിക്കോടൻ നാരായണൻ തുടങ്ങിയവർക്കും രാഷ്ട്രീയകേരളമനസ്സാക്ഷി എന്നൊന്നുണ്ടെങ്കിൽ അത് ഇന്നും മാപ്പു കൊടുത്തിട്ടില്ല. മലയാളസിനിമ നായാട്ട് പോലുള്ള ആഖ്യാനങ്ങൾ വഴി ദളിതസ്വത്വം പേറുന്നവർ കുറ്റവാളികളും പോലീസ് യഥാർത്ഥത്തിൽ നിഷ്കളങ്കരും ഇരകളുമൊക്കെയാണെന്ന് കഷ്ടപ്പെട്ട് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഒരു പക്ഷെ രാജനെ കണ്ടു കിട്ടാൻ ഈച്ചരവാര്യർ കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയും തീവ്രരാഷ്ട്രീയവും പ്രമേയമാക്കി തമിഴ് അതിന്റെ പുരോപ്രവർത്തനം ടി ജെ ജ്ഞാനവെൽ എഴുതി സംവിധാനം ചെയ്ത ജെയ് ഭീം എന്ന സിനിമയിൽ കൂടി പൂർത്തിയാക്കുന്നുണ്ട്. അത് ഇന്ത്യൻ സിനിമയുടെ പുതിയ ചരിത്രമെഴുത്തും ഫാൻഡ്രി കാക്കാമുട്ടൈ പരിയേറുംപെരുമാൾ കർണൻ തുടങ്ങിയ സിനിമകളുടെ തുടർച്ചയും ഒരർത്ഥത്തിൽ പൂർത്തീകരണവുമൊക്കെയായി മാറുന്നുണ്ട്‌. പോലീസ് ഉലക്ക കൊണ്ടുരുട്ടി പുലിക്കോടൻ നാരായണൻ ചവിട്ടിക്കൊന്നു പഞ്ചസാരയിട്ടു കത്തിച്ചുകളഞ്ഞു എന്ന് കരുതപ്പെടുന്ന രാജനുവേണ്ടി ഒരു ജന്മം മുഴുവൻ രാഷ്ട്രീയക്കാരുടെയും കോടതിയുടെയും പിറകെ അലഞ്ഞതിനു ശേഷം ഈച്ചരവാര്യർ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ ഇങ്ങിനെ എഴുതുന്നു. 'ഞാൻ അവസാനിപ്പിക്കയാണ്. ഈ കർക്കിടകത്തിൽ മഴ തകർത്ത് പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളിൽ പെയ്തു വീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചു പൂട്ടിയാലും ആരോ വന്ന് അത് തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്ന പോലെ. ആത്മാവിന് പൂർവ്വജന്മ ബന്ധങ്ങളില്ല എന്നെഴുതുന്നതു ശരിയാവില്ല. മഴ പൊഴിയുന്ന ഈ രാത്രിയിൽ ഞാൻ അവന്റെ കാസറ്റിലാക്കിയ പാട്ടു വെക്കുന്നു. മൂളുന്ന ടേപ്പ് റെക്കാർഡറിനൊപ്പം കളഞ്ഞു പോയ ഒരു ശബ്ദവീചിയെ തൊട്ടെടുക്കാൻ ഞാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായത് കൊണ്ട് മാത്രം ഞാൻ കേൾക്കാതെപോയ പാട്ടുകൾ കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ് എന്റെ മകൻ നിൽക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷെ ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാകുന്നു. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത് ?' ഈച്ചരവാര്യരുടെ ഹേബിയസ് ഹര്‍ജി ജയ് ഭീം റഫർ ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ അനേകം ആദിവാസി ഗോത്രവിഭാഗത്തിൽ പെടുന്ന ജനതയുണ്ട്. കേരളത്തിലടക്കം ഉള്ള ഒരു വിഭാഗമാണ് ഇരുളർ. 1993-ൽ ഇരുളരുടെ കൂട്ടത്തിൽ ഉള്ള ഒരു വ്യക്തിയുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളും, ചന്ദ്രുവെന്ന ന്യായധിപന്റെ നീതിക്കുവേണ്ടിയും മറ്റുമുള്ള ഇടപെടലുമാണ് ജയ് ഭീം പ്രമേയമാക്കിയിരിക്കുന്നത്. കൃഷിയിടങ്ങളിലെ എലികളേയും, പാമ്പുകളേയും പിടിച്ചും, കൂലിപ്പണി ചെയ്തും ജീവിക്കുന്ന ഇരുളർ എന്ന ഗോത്രത്തിലെ രാജാക്കണ്ണ്, സെങ്കേനി എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഉയർന്ന ജാതിക്കാരനും, പാർട്ടിയിലെ നേതാവുമായ ആളുടെ വീട്ടിൽ നിന്നും സ്വർണ്ണം കളവ് പോയപ്പോൾ എത്രയും പെട്ടെന്ന് അതു വീണ്ടെടുക്കാൻ പോലീസ് ശ്രമിക്കുന്നതും രാജാക്കണ്ണിനെ കുറ്റവാളിയായി ജയിലിൽ അടച് കക്കയം ക്യാമ്പിൽ നടന്നതിന് സമാനമായ അതിക്രമം നടത്തി പോലീസ് കോല ചെയ്യുന്നതുമാണ് സിനിമയുടെ ഇതിവൃത്തം എന്ന് ചുരുക്കിപ്പറയാം. ഇയാളുടെ ഭാര്യ സെങ്കേനിയേയും, സഹോദരി, സഹോദരൻ അടക്കമുള്ള ഉറ്റവരേയും സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ധിക്കുകയാണ് പോലീസ് ചെയ്തത്. പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ രാജാക്കണ്ണടക്കം മൂന്ന് പേർ രക്ഷപെട്ടതായി പോലീസ് പിന്നീടറിയിച്ചെങ്കിലും അതിൽ ദുരൂഹതകൾ ഉണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഭർത്താവിനെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നിറ ഗർഭിണിയായ സെങ്കേനി ചെന്നൈ ഹൈക്കോടതിയിലെ വക്കീലായ ചന്ദ്രുവിനെ സമീപിക്കുന്നു. ഈ വക്കീൽ ഫീസ് ഇല്ലാതെ മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്ന നിയമജ്ഞനാണ്. സിനിമയിൽ സൂര്യ കാസ്റ്റ് ചെയ്ത വക്കീൽ ആണെങ്കിലും തമിഴ്‌നാട്ടിൽ ഉള്ള ഒരു ജഡ്ജ് ആയിരുന്നു ചന്ദ്രു. ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന, ഏഴുവർഷ കാലയളവിൽ 96,000 കേസുകൾ തീർപ്പാക്കിയ, ഒരുദിവസം 75 കേസുകൾ വരെ കേട്ടിരുന്ന, ചരിത്രപരമായ പല വിധികളും പ്രസ്താവിച്ച, ജനങ്ങളുടെ ജസ്റ്റിസെന്നു പേരെടുത്ത ഒരു ന്യായാധിപനായിരുന്നു അദ്ദേഹം. ചേമ്പറിലേക്ക് കടന്നുവരുമ്പോൾ ദുഫേദാർ അധികാരത്തിന്റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരം അദ്ദേഹം ഒഴിവാക്കിയിരുന്നു, സുരക്ഷയ്ക്കായി നൽകിയ സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഗൺമാനെ നിയോഗിച്ചിരുന്നില്ല, കാറിന്റെ ഉച്ചിയിൽ ചുവന്ന ബീക്കൺ ലൈറ്റു പിടിപ്പിച്ചിരുന്നില്ല, വീട്ടിൽ സേവകരെ നിയമിച്ചിരുന്നില്ല, അഭിഭാഷകരെ മൈ ലോർഡ് എന്നുവിളിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു, വിരമിച്ച ശേഷം കമ്മീഷനോ ട്രൈബ്യുണലോ ഓംബുഡ്സ്മാനോ ഗവർണറോ ആവാൻ നിന്നില്ല. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാവാം, പൊതുശ്മശാനങ്ങളിൽ ജാതീയമായ വേർതിരിവുകൾ പാടില്ല, തുടങ്ങിയ സുപ്രധാന വിധികൾ എഴുതിയത് ഈ ന്യായാധിപൻ ആയിരുന്നു.

ജസ്റ്റിസ് ചന്ദ്രു

ആദിവാസി വിഭാഗത്തെയും ദളിതുകളെയും കുറ്റവാളി ഗോത്രങ്ങൾ എന്ന ചാപ്പകുത്തുകയും മുൻവിധി നിർമിക്കുകയും ചെയ്യുന്നതിൽ ഇന്ത്യൻസിനിമ വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട് വംശവെറിയും ജാതി മേധാവിത്വവും ജൻമിത്വവും സമൂഹവും അധികാരികളും മാധ്യമങ്ങളും സിനിമകൾ തന്നെയും അതിന് ശക്തിപകരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടിയിലും സമൂഹത്തിലും വംശത്തിലും മതത്തിലുമുള്ളവർ കുറ്റവാളികളും ഭീകരവാദികളുമാണെന്ന ചിന്ത ഓരോ ദിവസവും ഏറി വരികയും ചെയ്യുന്നു. കള്ളക്കേസിൽ കുടുക്കി പിടികൂടിയ ഇരുള സമൂഹത്തിലെ മനുഷ്യരെ ഹാബിച്വൽ ഒഫൻഡേഴ്സ് എന്നാണ് ഭരണകൂട പ്രതിനിധികൾ ചിത്രത്തിൽ വിശേഷിപ്പിക്കുന്നത്. അതും വെറുമൊരു സിനിമ രംഗമല്ല, മനോഭാവം തന്നെയാണ്. ഇന്ത്യൻ ജയിലുകളിൽ അടക്കപ്പെട്ട പീഡിപ്പിക്കപ്പെട്ട, കൊല ചെയ്യപ്പെട്ട നല്ലൊരു വിഭാഗം 'കുറ്റവാളികൾ' ഇവ്വിധം നിർമിക്കപ്പെട്ട മുൻവിധികളുടെയും സാമൂഹിക അബോധത്തിന്റെയും ഇരകൾ കൂടിയാണ്. കൃത്യ സമയത്തുതന്നെ ഇടപെടാൻ ആളുണ്ടായാൽ അധികാരികളുടെ പിന്തുണ ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ പോലീസ് നിങ്ങളെ വെറുതെ വിടും. ഇല്ലെങ്കിൽ കുറ്റം ചെയ്തില്ലെങ്കിലും അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെടാൻ സാധ്യതയുമുണ്ട്. ഇങ്ങിനെ രക്ഷപ്പെട്ട ഒരാളെ കുറിച് ഈച്ചരവാര്യർ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പോപ്പുലർ ഓട്ടോമൊബൈൽ ഉടമ പോൾ കക്കയംക്യാമ്പിൽ പിടിക്കപ്പെട്ടവനായിരുന്നു. പോളിന്റെ പിതാവ് കരുണാകരനുമായി തക്കസമയത്ത് ബന്ധപ്പെട്ടത് കൊണ്ട് അയാൾ മോചിപ്പിക്കപ്പെട്ടു എന്നാണ് വാര്യർ തന്റെ പുസ്തകത്തിൽ എഴുതുന്നത്. പോലീസ് എങ്ങിനെ എപ്പോൾ പ്രതികരിക്കും എന്ന് ഒരു നിശ്ചയവുമില്ല എന്ന് സൂചിപ്പിക്കാൻ തന്റെ സഹപ്രവർത്തകന്റെ വീട്ടിൽ സി ഐ ശ്രീധരൻ ഹെർബിയസ് ഹരജി നൽകിയതിന്റെ പ്രധിഷേധം തീർക്കാൻ നടത്തിയ അതിക്രമത്തെ കുറിച്ചും വാര്യർ വിവരിക്കുന്നു.

ആക്ഷൻ ഹീറോ ബിജു , നായാട്ട് , ആട് തുടങ്ങി അടുത്തകാലത്തിറങ്ങിയ മലയാളം സിനിമകളിൽ പോലീസ് അതിക്രമങ്ങളെ ആദര്ശവൽക്കരിക്കാനും മൂന്നാം മുറ പ്രയോഗങ്ങളെ ന്യായീകരിക്കാനും ശ്രമിക്കുമ്പോൾ വിശാരണ എന്ന തമിഴ് സിനിമയും ഇപ്പോൾ ജയ് ഭീമും സത്യത്തെ, അതുൾക്കൊള്ളുന്ന യാഥാർഥ്യത്തെ പുറത്തെത്തിക്കുന്നു.യഥാർത്ഥ സംഭവങ്ങളുടെ പോലീസ് അതിക്രമങ്ങളുടെ ആവിഷ്കാരം എന്ന നിലക്ക് ഈ സിനിമകൾ റിയലിസ്റ്റ് ആഖ്യാനങ്ങൾ കൂടിയാണ്.

കേരളത്തിൽ അടുത്തകാലത്ത് മുടി നീട്ടി വളർത്തി എന്ന് പറഞ്ഞും മോഷണക്കുറ്റം ആരോപിച്ചും ദളിത് ചെറുപ്പക്കാരെ പോലീസ് കൊല ചെയ്ത സംഭവങ്ങൾ വഴിയേ ഓർക്കാതിരിക്കാനാവില്ല. സത്യത്തിൽ പൊലീസിന് കുറ്റവാളികളെ ദണ്ഡനമുറകൾ ഏൽപ്പിക്കാനുള്ള നിയമ പരിരക്ഷ ഇല്ല എന്നതാണ് വാസ്തവം. കുറ്റം തെളിയിക്കൽ കോടതിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ ആധുനികത പിന്നിട്ട ഇക്കാലത്തും നമ്മുടെ പോലീസ് സിസ്റ്റം ഒട്ടും പരിഷ്കൃതവും ആധുനികവുമല്ല. അവർ അപരരോട് മാന്യമായി പെരുമാറാൻ പോലും ഇപ്പോഴും ശീലിച്ചിട്ടില്ല. തങ്ങൾക്കു സവിശേഷമായി മറ്റു മനുഷ്യരുടെ അന്തസ്സിലും ആത്മാഭിമാനത്തിലും ഇടപെടാൻ അധികാരം കിട്ടിയിരിക്കുന്നു എന്നും പോലീസ് ആയതിനാൽ കുറ്റകൃത്യങ്ങൾ ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്നൊക്കെയാണ് അവരുടെ ധാരണ. ഭരണകൂടം പോലീസിനെ ഇവ്വിധം ഉപയോഗിക്കുകയും ചെയ്യുന്നു. ആദിവാസികൾ ദളിതർ തുടങ്ങിയവരെ പലപ്പോഴും അധികാരികളും പോലീസ് വ്യവസ്ഥയും മനുഷ്യരായിപ്പോലും കരുതുന്നില്ല. അവർ തിരിച്ചറിയൽ രേഖയോ റേഷൻകാർഡോ സ്വന്തമായി കിടപ്പാടമോ ഒന്നും ഇല്ലാത്ത ചോദിക്കാനും പറയാനും ആരുമില്ലാത്ത ആർക്കും വേണ്ടാത്ത കുറച്ചു രൂപങ്ങൾ മാത്രമാണ്. ഇക്കാര്യങ്ങൾ ജയ് ഭീം തുറന്നു കാണിക്കുന്നു.

പൊലീസ് അതിക്രമങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന, പച്ചത്തെറിയും സ്ത്രീ വിരുദ്ധതയും പറയുന്ന ഉദ്യോഗസ്ഥനെ അതിശക്തനായി വാഴ്ത്തുന്ന മലയാള സിനിമാ സങ്കൽപ്പത്തിൽ നിന്ന് തീർത്തും വിഭിന്നമായ ഒരു ട്രാക്കിലൂടെ സഞ്ചരിക്കുന്നുവെന്നത് 'ജയ് ഭീം' ന്റെ സവിശേഷതയായി തന്നെ എടുത്തുപറയണം.

ഒരു പക്ഷെ ഈ സിനിമയെപ്പറ്റി പറയുമ്പോൾ ആ ന്യായാധിപനെ കുറിച്ച് തന്നെ വീണ്ടും സംസാരിക്കേണ്ടതുണ്ട് കാരണം അദ്ദേഹത്തെ പോലെ ഒരാൾ ഇല്ലാതിരുന്നതുകൊണ്ടു നീതി ലഭിക്കാതെ പോയ വലിയ അതിക്രമങ്ങൾ ഏറ്റുവാങ്ങി ഇല്ലാതായിപ്പോയ ആയിരമോ പതിനായിരമോ ലക്ഷമോ ഒക്കെ ആയ നിസ്വരും നിരാലംബരും ആയ മനുഷ്യരുടെ പറയപ്പെടാതെ പോയതും നിശ്ശബ്ദമാക്കപ്പെട്ടതും ആയ വിടവുകൾ നമ്മൾ പറഞ്ഞ ചരിത്രത്തിലുണ്ട്. ഈ നിമിഷത്തെ സാധ്യമാക്കുന്ന ചരിത്രം എന്നത് ഇതിനുമുമ്പു സംഭവിച്ചതും എന്നാൽ മറ്റുള്ളവർ പറയാൻ മടിച്ചത് പറയാൻ ശ്രമിക്കുന്നതും കൂടിയാണ്. ആ അർത്ഥത്തിൽ സിനിമ അടക്കമുള്ള മാധ്യമങ്ങളും ആഖ്യാനങ്ങളും കേവലം അനുഭൂതി ജീവിതഭാവനയും ലളിതകോമള ജീവിത അവസ്ഥകളും മാത്രമല്ല. മൂടിവെക്കപ്പെട്ട സത്യങ്ങളുടെ തുറവി കൂടിയാണ്. അങ്ങിനെ ആവുമ്പോൾ അത് ജാതി ജീവിതത്തിന്റെയും വംശജീവിതത്തിന്റെയും പുതിയ ചരിത്രമെഴുത്തായിത്തീർന്നു കൂടാനിടയുണ്ട്.

തീവ്രമായ വലതുപക്ഷ ആശയങ്ങളും സവർണജാതി പുനരുത്വാനവും ഇടതുപക്ഷ മൂല്യങ്ങളെപോലും പിടിമുറുക്കി കഴിയുകയും മുന്നോക്കസംവരണം പോലുള്ള വലതു പക്ഷ ആശയങ്ങളും സവർണരും അവരുടെ അജണ്ടയും കേരളത്തെ പോലെ തമിഴ്‌നാട്ടിലെ ഇടതു പക്ഷത്തെ പിടി മുറുക്കാത്തതു കൊണ്ടും അവർ അടിസ്ഥാനപരമായി പെരിയോരുടെയും കമ്പരുടെയും മറ്റും വിമോചന ആശയങ്ങൾ ഉള്ളിൽ പേറുന്ന ദ്രാവിഡ ജനത ആയതുകൊണ്ടും കൂടിയാണ് ജയ് ഭീം ഉണ്ടാക്കാൻ സാധിക്കുന്നത്,. ഈ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ "ജയ് ഭീം" എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ഇരുളർ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. രാജാക്കണ്ണിന്റെ അനാഥമരണത്തിനു നീതി ലഭിക്കുമായിരുന്നില്ല, പകരം നൽകാമെന്നു പറഞ്ഞ പണം വേണ്ടെന്നുവച്ചു തിരിഞ്ഞുനടക്കാനുള്ള ത്രാണി സെങ്കനിക്ക് ഉണ്ടാകുമായിരുന്നില്ല. പ്രതിഫലമില്ലാതെ സെങ്കനിയുടെ കേസ് നടത്തിയ, സ്വാധീനിക്കാൻ പണക്കെട്ടുമായി എത്തിയ ഏമാന്മാരെ പടിയിറക്കിവിട്ട ന്യായാധിപൻ ഉണ്ടാവുമായിരുന്നില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT