KishkindhaKaandam 
Film Review

കിഷ്‌കിന്ധാകാണ്ഡത്തിനെ മാസ്റ്റർപീസ് എന്ന് വിളിക്കാമോ?

ജോർഡൻ പീലിയെപ്പോലുള്ളവരുടെ സ്വാധീനത്തെപ്പറ്റി അഭിമുഖങ്ങളിൽ ബാഹുൽ രമേശ് എടുത്തുപറയുന്നുമുണ്ട്. അപർണ ബാലമുരളിയോടൊപ്പം പ്രേക്ഷകരും കൂടിയാണ് അപ്പുപിള്ളയുടെ വീട്ടിലെത്തിച്ചേരുന്നത്. ആലോചിച്ചു നോക്കിയാൽ ആ വീട്ടിലെ എല്ലാ മനുഷ്യർക്കുമുണ്ട് എളുപ്പത്തിൽ അഴിച്ചെടുക്കാൻ കഴിയാത്ത ഒരു മിസ്റ്ററി സ്വഭാവം.

spoiler alert !

ധർമ്മത്തിന്റെ ഗതിഗഹനമാണ് എന്ന് പ്രഖ്യാപിക്കുന്നുണ്ട് മഹാഭാരതം. ഒരർത്ഥത്തിൽ മഹാഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരടരും അതുതന്നെയാണ്. ലോകസാഹിത്യത്തിലും സിനിമയിലും പിന്നീട് പലകുറി ഈ ഗഹനത പ്രമേയമായിട്ടുണ്ട്. ദസതയേവ്സ്‌കിയുടെ കുറ്റവും ശിക്ഷയും ഒരു മികച്ച ഉദാഹരണമാണ്. ക്രിസ്റ്റഫർ നോളന്റെ മെമെന്റോയിൽ ഇങ്ങനെയൊരു സംഭാഷണം കേൾക്കാം: 'നിങ്ങൾ സന്തോഷവാനായിരിക്കാൻ വേണ്ടി നിങ്ങളോട് തന്നെ കള്ളം പറയുന്നു, അതിൽ തെറ്റൊന്നുമില്ല.' മനുഷ്യചരിത്രം തന്നെ മനുഷ്യർ അറിഞ്ഞും അറിയാതെയും സംഭവിച്ച കുറ്റകൃത്യങ്ങളുടെയും പറഞ്ഞ കള്ളങ്ങളുടെയും കൂടി ചരിത്രമാണ്. സന്തോഷമായിരിക്കാൻ വേണ്ടി (അതല്ലെങ്കിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട്) ചിലവേള മനുഷ്യർ കള്ളം പറയുകയോ സത്യം പറയാതിരിക്കുകയോ ചെയ്യുന്നു. വെളിപ്പെടുത്താനാവാത്ത സത്യങ്ങളും ചുമന്ന് ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ ഗതി ദയനീയമാണ്. അടുത്ത കാലത്ത് ശ്രദ്ധേയമായ കരിക്കിന്റെ പൊരുൾ എന്ന സീരിസ് അത്തരമൊരു ദൈന്യതയെ ആവിഷ്‌കരിക്കാനുള്ള ശ്രമമായിരുന്നു. ദിൻജിത്ത് അയ്യത്താന്റെ കിഷ്‌കിന്ധാകാണ്ഡമാവട്ടെ ഒരുപടി കൂടി കടന്ന് കുറേക്കൂടി ആഴത്തിൽ ആ ദൈന്യതയിലേക്ക് സഞ്ചരിക്കുന്നു. ആ അർത്ഥത്തിൽ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നു തന്നെയാണ് കിഷ്‌കിന്ധാകാണ്ഡം.

Kishkindha Kaandam

മലയാളത്തിന്റെ പതിവ് ത്രില്ലർ സിനിമാ സമവാക്യങ്ങളല്ല കിഷ്‌കിന്ധാകാണ്ഡം പിന്തുടരുന്നത്.കുറ്റകൃത്യത്തെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥരും കുറ്റകൃത്യത്തിന് നേതൃത്വം കൊടുക്കുന്ന കുറ്റവാളികളും കുറ്റകൃത്യത്തിലേക്ക് അവരെ നയിച്ച കാരണങ്ങളുമൊന്നുമല്ല സിനിമയുടെ കേന്ദ്രം. കിഷ്‌കിന്ധാകാണ്ഡത്തെ മുന്നോട്ട് നയിക്കുന്ന മുഖ്യപ്രമേയം ഓർമ്മയും മറവിയും സത്യവും നുണയുമെല്ലാം ചേർന്ന് സങ്കീർണമാക്കുന്ന ജീവിതമാണ്; ആ സങ്കീർണത സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷമാണ്. അതുകൊണ്ടുതന്നെ ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ത്രില്ലറിനെയും കവിഞ്ഞ് മറ്റനേകം പ്രമേയപരിസരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ഇലക്ഷൻ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ലൈസൻസുള്ള തോക്കുടമകൾ അവരുടെ തോക്കുകൾ സമർപ്പിക്കണമെന്ന ഉത്തരവ് വരുകയും അതിനായി വിജയരാഘവന്റെ അപ്പുപിള്ള കാണാതായ തോക്ക് തിരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അവിടെ നിന്ന് തന്നെയാണ് സിനിമയിലെ ദുരൂഹതകളുടെയും ആരംഭം. മലയാളസിനിമയെ സംബന്ധിച്ചെങ്കിലും അപ്പുപിള്ളയുടേത് സമാനതകളില്ലാത്ത ഒരു കഥാപാത്രസൃഷ്ടിയാണ്. വിജയരാഘവൻ പ്രകടനം കൊണ്ട് അതിനെ ഒരുപടി കൂടി ഉയർത്തുകയും ചെയ്തു. അപ്പുപിള്ള അനേകം അടരുകളുള്ള ഒരു കഥാപാത്രമാണ്. ദി ക്യൂരിയസ് കേസ് ഓഫ് അപ്പുപിള്ള എന്നായിരുന്നു സിനിമയുടെ ആദ്യപേരെന്ന് ആസിഫ് അലിയും വിജയരാഘവനും ഒരു അഭിമുഖത്തിനിടയിൽ തമാശരൂപേണ പറയുണ്ട്. സിനിമയ്ക്കെന്ന പോലെ അപ്പുപിള്ള എന്ന കഥാപാത്രത്തിനും അനേകം അടരുകളുണ്ട്. റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനായ, പഴയ നക്‌സലൈറ്റായിരുന്ന അപ്പുപിള്ള തന്റെ മറവിരോഗത്തോട് പൊരുതിക്കൊണ്ടിരിക്കുന്ന ഒരാളാണ്. ഓർമ്മകളിൽ നിന്ന് മറവിയിലേക്ക് സഞ്ചരിക്കുന്ന ഒരാളായാണ് അപ്പുപിള്ള സിനിമയിൽ തെളിയുന്നത്. അതേസമയം വീണ്ടും ആലോചിച്ചാൽ അയാൾ ഓർമ്മകളിൽ നിന്ന് മറവിയുടെ ലോകത്തിലേക്കല്ല, മറവിയിൽ നിന്ന് ഓർമ്മകളിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് കാണാം. എല്ലാം മറന്നുപോകുന്ന അപ്പുപിള്ള പലനിലകളിൽ അയാളുടെ ഓർമ്മകളെ പുനരാനയിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നുണ്ട്. അതിനുവേണ്ടി അയാൾ ഒരേ ഇടങ്ങളിലേക്ക് വീണ്ടും സഞ്ചരിക്കുകയും ഒരേ മനുഷ്യരെ തന്നെ വീണ്ടും കാണുകയും അവരോട് ഒരേ കാര്യങ്ങളെ പറ്റി ആവർത്തിച്ചു സംസാരിക്കുകയുമെല്ലാം ചെയ്യുന്നു.

അയാളുടെ മറവിരോഗം പ്രേക്ഷകർ തിരിച്ചറിയുന്നത് അപ്പുപിള്ളയുടെ മകൻ അജയന്റെ (ആസിഫലി) രണ്ടാം ഭാര്യയായ അപർണയിലൂടെയാണ് (അപർണ ബാലമുരളി). അസ്വാഭാവികതകൾ മാത്രം നിറഞ്ഞ, ഭീതിയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷത്തിലേക്കാണ് അപർണ വിവാഹാനന്തരം വന്നുചേരുന്നത്. സിനിമയിലെ സൈക്കോളജിക്കൽ ഹൊറർ സ്വാധീനങ്ങളെപ്പറ്റി ഇതിനോടകം നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. ഷട്ടർ ഐലന്റ് പോലെയുള്ള സിനിമകളിൽ കണ്ടുപരിചയിച്ച, കാഴ്ചയിൽത്തന്നെ ഭയമുൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒന്നാണ് സിനിമയിലെ സ്ഥലപരമായ അന്തരീക്ഷം. കുരങ്ങന്മാരാൽ ചുറ്റപ്പെട്ട വനം മാത്രമല്ല അപ്പുപിള്ളയുടെ വീടും മുറിയുമെല്ലാം അതേ നിലയിൽ തന്നെയാണ് സിനിമയിൽ കടന്നുവരുന്നത്. ആ ഭീതിയെ അതിന്റെ ആഴത്തിൽ വെളിച്ചപ്പെടുത്തുന്ന ഒരു ഘടകം ബാഹുൽ രമേശിന്റെ മനോഹരമായ സ്‌ക്രിപ്റ്റിംഗ്-സിനിമറ്റോഗ്രഫി കോമ്പോയാണ്. ഭീതിയാൽ ചുറ്റപ്പെട്ട, തീർത്തും ഒറ്റപ്പെട്ട, ഒരിടത്തെത്തിപ്പെടുന്ന മനുഷ്യരുടെ സംഘർഷം ലോകസിനിമയിൽ ഇതിനോടകം പലകുറി പ്രമേയമായിട്ടുണ്ട്. ജോർഡൻ പീലിയെപ്പോലുള്ളവരുടെ സ്വാധീനത്തെപ്പറ്റി അഭിമുഖങ്ങളിൽ ബാഹുൽ രമേശ് എടുത്തുപറയുന്നുമുണ്ട്. അപർണ ബാലമുരളിയോടൊപ്പം പ്രേക്ഷകരും കൂടിയാണ് അപ്പുപിള്ളയുടെ വീട്ടിലെത്തിച്ചേരുന്നത്. ആലോചിച്ചു നോക്കിയാൽ ആ വീട്ടിലെ എല്ലാ മനുഷ്യർക്കുമുണ്ട് എളുപ്പത്തിൽ അഴിച്ചെടുക്കാൻ കഴിയാത്ത ഒരു മിസ്റ്ററി സ്വഭാവം. പെട്ടെന്ന് പുറത്തുകടക്കാനാവാത്ത ഒരു സംഘർഷത്തിൽ അകപ്പെട്ട് കഴിയുന്ന ഒരാളിന്റെ ദൈന്യത തുടക്കം മുതലേ ആസിഫ് അലിയുടെ പ്രകടനത്തിൽ തെളിയുന്നുണ്ട്. ഒരർത്ഥത്തിൽ വിജയരാഘവന്റെയെന്ന പോലെ ആസിഫ് അലിയുടെയും ഗംഭീര പ്രകടനമാണ് ഈ സിനിമയെ മനോഹരമാക്കുന്നത്. കാണാതായ ആസിഫലിയുടെ മകൻ ചാച്ചുവിലുമുണ്ട് കുട്ടിത്തത്തിന്റേതല്ലാത്ത എന്തൊക്കെയോ ചില മിസ്റ്ററികൾ. ചാച്ചു കുരങ്ങിനെ വെടിവെച്ചു കൊല്ലുന്ന രംഗത്തിലും, അവൻ സ്‌കൂളിൽ നിന്ന് ഇറങ്ങിപ്പോയതിനെപ്പറ്റി പോലീസുകാർ പറയുന്ന കഥകളിലും, ഇടയ്ക്കിടെ അവന്റെ കളിപ്പാട്ടങ്ങൾ മുകളിൽ നിന്ന് താഴേക്ക് വീഴുന്ന രംഗങ്ങളിലുമെല്ലാം അത് തെളിയുന്നുണ്ട്. അത്തരത്തിലുള്ള മിസ്റ്ററി കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളുമാണ് കാഴ്ചക്കാരിൽ ഭയം ഉൽപ്പാദിപ്പിക്കുന്നത്. അപ്പുപിള്ളയുടെ ചില നോട്ടങ്ങൾ പോലും അപർണയിലെന്ന പോലും പ്രേക്ഷകരിലും ഭയം നിറയ്ക്കുന്നുണ്ട്. ആ ഹൊറർ സ്വഭാവം സിനിമയിലുടനീളം നിലനിൽക്കുന്നുമുണ്ട്.

ദുരൂഹസാഹചര്യത്തിൽ കാണാതായ ചാച്ചുവിനെന്ത് സംഭവിച്ചു എന്നറിയാനുള്ള അപർണയുടെ അന്വേഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള അവളുടെ സംശയങ്ങളുമാണ് സിനിമയെ ഏറെക്കുറെ മുന്നോട്ട് കൊണ്ടുപോകുന്നത്. അപർണയെന്ന പോലെ പ്രേക്ഷകരും ആ അന്വേഷണത്തിനൊപ്പം സഞ്ചരിക്കുന്നു, ഒരുവേള പ്രേക്ഷകരും അപ്പുപിള്ളയെ സംശയിക്കുന്നു. അപ്പുപിള്ളയാവട്ടെ അയാളുടെ മറവിയോട് തന്നെ പൊരുതിക്കൊണ്ടിരിക്കുകയാണ്. തന്റെ രോഗാവസ്ഥ മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടാതിരിക്കാൻ വേണ്ടി അയാൾ നടത്തുന്ന പരിശ്രമങ്ങൾ നമ്മളെ ഭയപ്പെടുത്തുന്നുണ്ട്.ഓർമ്മകളെ ശേഖരിച്ചുകൊണ്ട് ചാച്ചുവിനെന്ത് സംഭവിച്ചു എന്നറിയാനുള്ള പരിശ്രമമായിരുന്നു അയാളുടേതെന്ന് തിരിച്ചറിയുന്നതോടെ ആ ഭയം ഇരട്ടിക്കുകയാണ്. ഒരു വ്യക്തി അയാളുടെ തന്നെ ഓർമ്മകളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്നതിനേക്കാൾ ഭയപ്പെടുത്തുന്ന മറ്റെന്തുണ്ട്? സിനിമയുടെ ആദ്യഭാഗത്ത് അപ്പുപിള്ളയ്ക്ക് മക്കളോടും മരുമകളോടുള്ള ബന്ധം ഗോഡ്ഫാദറിലെ അഞ്ഞൂറാനെ അനുസ്മരിപ്പിക്കുന്നെങ്കിൽ ഒടുവിൽ സിനിമ വെളിപ്പെടുത്തുന്ന സത്യത്തോടെ അത് മാറിമറിയുന്നു. ചാച്ചുവിനെ കാണാതായതിനു പിന്നിലെ രഹസ്യമെന്ന പോലെ അജയനും അപ്പുപിള്ളയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അതോടെയാണ് വെളിപ്പെടുന്നത്. ഓർമ്മകളെ തിരിച്ചുപിടിച്ചുകൊണ്ട് സത്യം കണ്ടെത്താൻ ശ്രമിക്കുന്ന അച്ഛനും അറിയാവുന്ന സത്യത്തെ ഒളിച്ചുവച്ചുകൊണ്ട് ജീവിക്കേണ്ടി വരുന്ന മകനും കടന്നുപോകുന്നത് ഒരേ സംഘർഷത്തിലൂടെയാണ്. ഓർമ്മകളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട് ഒരേ അനുഭവങ്ങളിലൂടെ പലയാവർത്തി കടന്നുപോകേണ്ടിവരുന്ന അപ്പുപിള്ളയും ആരോടും തുറന്നുപറയാനാവാത്ത വലിയൊരു രഹസ്യവുമായി ജീവിക്കുന്ന അജയനും പ്രേക്ഷകരിൽ ഭയമാണ് സൃഷ്ടിക്കുന്നത്. ഫാന്റസിയുടേതല്ലാത്ത, തികച്ചും യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്ന ഒരു ലോകത്തെ ആവിഷ്‌കരിച്ചുകൊണ്ടും ഹൊറർ സൃഷ്ടിക്കാനാവും എന്ന സാധ്യത കിഷ്‌കിന്ധാകാണ്ഡം മലയാളി പ്രേക്ഷകർക്ക് മുൻപിൽ തുറന്നുവയ്ക്കുന്നു. സൂക്ഷ്മമായ കഥാപാത്രസൃഷ്ടി കൂടിയാണ് അത്തരമൊരു ഹൊറർ അനുഭവമുണ്ടാക്കുന്നതിനു പിന്നിലെ പ്രധാന ഘടകം.

സത്യവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രശ്നവൽക്കരിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്, ചില സത്യങ്ങൾ ഒളിച്ചുവച്ചും അഭിനയിച്ചും ജീവിതം തുടരാൻ മനുഷ്യർ നിർബന്ധിതമാവുന്നതിനെ സൂചിപ്പിച്ചുകൊണ്ട്. ആസിഫലി ഒടുവിൽ പറയുന്ന കഥ അപർണ പൂർണമായും വിശ്വസിക്കുന്നിടത്താണല്ലോ സിനിമയുടെ അവസാനം. സിനിമയുടെ ടെയിൽ എൻഡ് അതിന്റെ തുടർച്ചയാണ്. അപർണ ആ കഥ വിശ്വസിക്കുന്നു എന്നതിനർത്ഥം അപർണയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകരും അത് വിശ്വസിക്കാൻ നിർബന്ധിതമാവുന്നു എന്നാണ്. എല്ലാ അർത്ഥത്തിലും സ്പൂൺ ഫീഡിംഗ് ഒഴിവാക്കി എന്നതുകൊണ്ടു കൂടിയാണ് കിഷ്‌കിന്ധാകാണ്ഡം അതിമനോഹരമായ സിനിമയാവുന്നത്. (അജയന്റെ സംഘർഷങ്ങളും അപ്പുപിള്ളയുടെ മറവിയുമെല്ലാം സ്വാഭാവികമായ, നേർത്ത സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകർ തിരിച്ചറിയുന്നത്. മരണപ്പെട്ട അജയന്റെ ആദ്യഭാര്യയുടെ ഓർമ്മ ചില ഫോട്ടോഗ്രാഫുകളിലൂടെയാണ് ആദ്യം പ്രേക്ഷകരിലെത്തുന്നത്. ഓർമ്മയെ മുഖ്യപ്രമേയമാക്കുന്ന സിനിമയായതുകൊണ്ടാവാം ഫോട്ടോഗ്രാഫ് ഒരു പ്രധാന മെറ്റഫറായി സിനിമയിൽ കടന്നുവരുന്നുണ്ട്.)എല്ലാ സന്ദേഹങ്ങൾക്കും ഉത്തരമുണ്ടാക്കേണ്ടതുണ്ട് എന്ന് കരുതിയിട്ടില്ല എന്ന് ബാഹുൽ രമേശ് പല അഭിമുഖങ്ങളിലും ആവർത്തിക്കുന്നുമുണ്ട്. അതേസമയം ചാച്ചുവിന്റെ തിരോധാനത്തെയും ആദ്യഭാര്യയുടെ മരണത്തെയും പ്രതിയുള്ള അജയന്റെ ഒടുവിലത്തെ ഉത്തരത്തിൽ അപർണ കൺവിൻസ്ഡ് ആവുന്നതോടെ സിനിമ പ്രേക്ഷകരിൽ ബാക്കിയാക്കാനിടയുള്ള അനേകം സന്ദേഹങ്ങളെ ഒരുത്തരം നൽകി അവസാനിപ്പിച്ചതുപോലെ തോന്നി.

അപ്പുപിള്ള തോക്ക് ബോധപൂർവം ഒളിപ്പിച്ചുവച്ച ശേഷം പോലീസിനോട് കള്ളം പറയുന്നതാണെങ്കിലോ? അജയൻ പറയുന്ന കഥയിൽ കള്ളം പതിയിരിക്കുന്നുണ്ടെങ്കിലോ? ക്രിമിനൽ ബുദ്ധിയുള്ള ഒരു കുടുംബത്തിനകത്തേക്കാണ് അപർണ കടന്നുവരുന്നതെങ്കിലോ? അത്തരം ചോദ്യങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചാൽ ഒരുപക്ഷേ അപർണക്ക് (പ്രേക്ഷകർക്കും) മുൻപിൽ മിസ്റ്ററികളുടെ പുതിയ ലോകങ്ങൾ തെളിഞ്ഞുവന്നേക്കും. പക്ഷേ കൺവിസ്ഡ് ആവുന്ന അപർണ അത്തരം ചോദ്യങ്ങളെയും അവ പ്രേക്ഷകർക്കുമുൻപിൽ തുറന്നുതരുമായിരുന്ന പലതരം കാഴ്ചകളുടെയും ചർച്ചകളുടെയും ലോകത്തെയും പരിമിതപ്പെടുത്തുന്നതായി തോന്നി. പക്ഷേ സിനിമയുടെ ഗ്രാഫിനെ ഏതെങ്കിലും നിലയിൽ അത് താഴേക്കു കൊണ്ടുപോകുന്നില്ല. അപർണ ഒരുത്തരത്തിൽ കൺവിൻസ്ഡ് ആവുന്നതോടെ പ്രേക്ഷകരും അതിന് നിർബന്ധിക്കപ്പെടുന്നുണ്ടെങ്കിലും സത്യത്തെയും നുണയെയും സംബന്ധിച്ച, ഭീതി നിറഞ്ഞ പലതരം ചോദ്യങ്ങളുടെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന വിധമാണ് പ്രേക്ഷകർ സിനിമ കണ്ടിറങ്ങുന്നത്. ആ ചോദ്യങ്ങൾ പല നിലകളിൽ അവരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും എന്ന കാര്യവും ഉറപ്പാണ്.ഏത് കലാസൃഷ്ടിയും മികുവുറ്റതാവുന്നത് ബഹുമുഖമായ ചർച്ചകളിലേക്ക് അത് വഴി തുറക്കുമ്പോഴാണ്. ആ നിലയിൽ മലയാളസിനിമയെ തന്നെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന ഒരു മാസ്റ്റർപീസ് തന്നെയാണ് കിഷ്‌കിന്ധാകാണ്ഡം എന്ന കാര്യത്തിൽ സംശയമില്ല.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT