എന്താണ് ലൂമിയർ ബ്രദേഴ്സും ഷെറി ഗോവിന്ദനും തമ്മിലുള്ള ബന്ധം? ഒന്ന്, നിശ്ചയമായും രണ്ടു പേരും ചലച്ചിത്രം എന്ന മാധ്യമം ഉപയോഗിക്കുന്നു എന്നതാണ്. രണ്ട്, തീവണ്ടിയാണ്. ലൂമിയർ ബ്രദേഴ്സിന്റെ ആദ്യ ചിത്രങ്ങളിലൊന്ന് ട്രെയിനിന്റെ ആഗമനം(Arrival of a train) ആണ്. ഒരു പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ കടന്നെത്തുന്നു. ഇന്ന് കേട്ടാൽ അതിശയോക്തി എന്ന് തോന്നാവുന്ന ഒരു സംഭവം ആ ചിത്രത്തിന്റെ പ്രദർശനവുമായി ഉണ്ടായിട്ടുണ്ട്. അക്കാലം വരെ ഒരു ചുമരിന് ചിത്രത്തെ മാത്രം ഉൾക്കൊള്ളാനുള്ള ശേഷിയെ ഉള്ളൂ എന്ന് കരുതിയവരുടെ നേർക്ക് ഒരു ട്രെയിൻ ചീറിപ്പാഞ്ഞു വരുന്നത് കണ്ട് കാണികൾ ഹാളിൽ നിന്ന് ഇറങ്ങിയോടി. കൗതുകം കൊണ്ടും അത്ഭുതം കൊണ്ടും സിനിമക്ക് മാത്രം കയറിച്ചെല്ലാവുന്ന ഒരു ശേഷിയാണിത്. ലൂമിയർ ബ്രദേഴ്സ്ന്റെ തീവണ്ടി ആളുകളെ പുറത്തേക്ക് ഓടിച്ചെങ്കിൽ, ഷെറിയെയും സിനിമയെയും അകത്ത് കയറ്റാതിരിക്കാനാണ് അധികാരികൾ ശ്രമിച്ചത്. ആദിമധ്യാന്തം എന്ന ചിത്രം ഐ എഫ് എഫ് കെയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദർശനവിലക്ക് നേരിടേണ്ടി വന്നു. പ്രിയദർശനായിരുന്നു അന്ന് അക്കാദമി ചെയർമാൻ. ഫിലിം സൊസൈറ്റി പ്രവർത്തകരുടെയും ജനാധിപത്യവാദികളുടെയും വലിയ എതിർപ്പിനെത്തുടർന്ന് പ്രദർശിപ്പിക്കേണ്ടിയും വന്നു. തന്റെ തൊട്ടു മുമ്പുള്ള ചിത്രമായ ക ഖ ഗ ഘ ങ ... യിൽ കരികാലന്റെ മൈത്രേയൻ എന്ന മാജിക്കുകാരനായ മകൻ നീണ്ടുപായുന്ന ഒരു തീവണ്ടിക്കു തിരശ്ചീനമായാണ് സിനിമയിലേക്കും നമ്മളിലേക്കും പ്രത്യക്ഷപ്പെടുന്നത്. അയാളുടെ വലിയ ആഗ്രഹമാവട്ടെ നീണ്ടു പായുന്ന തീവണ്ടിയെ അപ്രത്യക്ഷമാക്കുന്ന മാജിക്കു കാണിക്കുക എന്നതും. നീണ്ടു പായുന്ന, ഒറ്റ സ്ട്രച്ചില്ലുള്ള ഒരു ട്രെയിനിനെ പാലത്തിനു മേളിലല്ലാതെ ലഭിക്കുക പ്രയാസമാണ്. എന്നാൽ കരയ്ക്കു കുറുകെ അങ്ങനെയൊരു നീണ്ടയോട്ടത്തിന്റെ ദൃശ്യത്തിൽ നിന്ന് ലഭിക്കുന്ന കാഴ്ചാനുഭൂതി, സിനിമ എന്ന മാധ്യമത്തെ സംബന്ധിച്ച് തരുന്ന സന്തോഷം ചില്ലറയല്ല. രാത്രിയുടെ ഇരുളിനെ കീറിമുറിച്ച് ഒരു തീവണ്ടി എന്നത് സാഹിത്യം മാത്രമല്ല, സിനിമ കൂടിയാണ്. ഏതോ അദൃശ്യമായ കണ്ണികളാൽ Arrival of a train ലെ മനുഷ്യരും മൈത്രേയനും ബന്ധപ്പെട്ടിരിക്കാം. ആ മനുഷ്യരിലും തീവണ്ടിയെ അപ്രത്യക്ഷനാക്കാൻ കൊതിക്കുന്ന ഒരു മാന്ത്രികനുണ്ടാകാം. ചുമരിലെ തിരശീലയിലേക്ക് തീവണ്ടി വന്നപ്പോൾ പേടിച്ച കാണികളുടെ അത്ഭുതവും സ്തബ്ധതയും തീവണ്ടി അപ്രത്യക്ഷമാക്കുമ്പോൾ മൈത്രേയനും പ്രതീക്ഷിച്ചിരിക്കാം.
പാപവും മരണവും
ഷെറി ഗോവിന്ദനും ദീപേഷും ചേർന്ന് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അവനോവിലോന. ഒരു സിനിമാത്രയത്തിന്റെ(trilogy) രണ്ടാം പാദമായി കണക്കാക്കാവുന്ന ചിത്രമാണ് അവനോവിലോന. ഒന്ന്, ക ഖ ഗ ഘ ങ... രണ്ട് അവനോവിലോന, മൂന്നാമത്തെ ചിത്രം പ്രതീക്ഷിക്കാവുന്നതുമാണ്. പാപവും മരണവും പിതാവും പുത്രനും ഈ രണ്ടു ചിത്രങ്ങളിലും ഒരു സമസ്യയായി നിൽക്കുന്നു. ത്രയത്തിലെ ആദ്യ ചിത്രമായ ക ഖ ഗ ഘ ങ.. യിൽ കാലനൂട്ട് എന്ന ആചാരം നടത്തുന്ന കരികാലനും മാജിക്കുകാരനായ അയാളുടെ മകനുമാണെങ്കിൽ അവനോവിലോനയിൽ സുവിശേഷിതാവായ പത്രോച്ചനും ലൈംഗികവൃത്തി കൊണ്ട് ജീവിക്കുന്ന ട്രാൻസ്ജന്ററായ എഡ്ഡി എന്ന മകനു(?) മാണ്.
കരികാലൻ മരണ വീടുകളിലേക്ക് ക്ഷണിക്കപ്പെടുകയും ആത്മാവിനെ പറഞ്ഞയക്കാനായി കാലനൂട്ട് നിർവഹിക്കുകയും ചെയ്യുന്നു. അതിനു ശേഷം ദീർഘനേരം അയാൾ മരണത്തിലെന്നപോലെ കിടക്കുന്നു. കരികാലൻ ദീർഘനേരമെടുത്ത് ചെയ്യുന്ന മറ്റൊരു കാര്യം കരികാലനൂട്ട് എന്ന ആചാരത്തിനുള്ള ഛായം തേക്കലാണ്. പാപത്തിന്റെ കറുപ്പും ചോരയുടെ ചുവപ്പും ചേർന്ന ഛായം അയാൾ മുഖത്ത് തേക്കുന്നത് പാതിയായ ഒരു കണ്ണാടിയിൽ നമുക്ക് കാണാം. പാതിയായ കണ്ണാടിയിൽ ലൈംഗികവൃത്തിക്കു വേണ്ടി കെട്ടിയ വേഷം അഴിക്കുന്ന പാത്തു എന്ന ഒരു വൃദ്ധനെ(?) നമുക്ക് അവനോവിലോനയിലും കാണാം. രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് കൊക്കാട് നാരായണൻ എന്ന അതുല്യ പ്രതിഭയാണ്.
കീഴ്മേൽ മറിഞ്ഞു കിടക്കുന്ന സംഘർഷഭൂമിയാണ് ഈ രണ്ടു ചിത്രത്തിലും. കരികാലൻ പാപങ്ങളെ തന്നിലേക്ക് ആവാഹിച്ചെടുത്ത് പ്രേതമോക്ഷം നടത്തുന്ന അഛനാണ്. മൈത്രേയനാകട്ടെ തീവണ്ടി പോലെ തന്നെ ജീവിതവും അപ്രത്യക്ഷമാവാൻ കൊതിക്കുന്ന മാന്ത്രികനും. അവനോവിലോനയിലെ അപ്പനായ പത്രോച്ചൻ പാപികളില്ലാത്ത ലോകത്തിനായി പണിയെടുക്കുന്ന സുവിശേഷകനാണ്. ലോകവും അപ്പനും വെറുക്കുന്ന രൂപവും പ്രവർത്തിയുമായി എഡ്ഡി എന്ന ട്രാൻസ് വ്യക്തിത്വത്തിനുടമയായ, പെണ്ണാകാൻ തയ്യാറെടുക്കുന്ന മകനും.
മകനെ കാത്തിരിക്കുന്ന ഒരഛൻ എന്നതിന്റെ മൂർഛ നാം കടൽത്തീരത്ത് എന്ന ഒ വി വിജയന്റെ കഥയിൽ അനുഭവിച്ചതാണ്. രണ്ട് ചിത്രങ്ങളിലും അങ്ങനെയൊരഛനുണ്ട്. ആ പ്രതീക്ഷയിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്ന മകൻ(?) രണ്ട് ചിത്രങ്ങളിലുമുണ്ട്. എന്നാൽ കരികാലന്റെ ഉറക്കവും പത്രോച്ചന്റെ കാലിലെ പുണ്ണും ആത്മീയമായൊരു ശേഷിപ്പായി മൈത്രേയനും എഡ്ഡിയും സ്വീകരിക്കുന്നു. പെണ്ണാവാൻ തുനിഞ്ഞ എഡ്ഡി പുരക്കു മുകളിൽ കയറി സുവിശേഷം പറയുന്നു.
ട്രാൻസ് ജീവിതങ്ങളുടെ സംഘർഷം കൃത്യമായി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ് അവനോവിലോന. അവരുടെ ജീവിത ചുറ്റുപാടുകൾ, കിടന്നുറങ്ങുന്ന മുറി, അടുക്കള, പരസ്പര സ്നേഹം അങ്ങനെ പോകുന്ന ദൃശ്യ പ്രതിനിധാനം ചുരുങ്ങിയ ചിത്രങ്ങളിലെ കണ്ടിട്ടുള്ളൂ. എഡ്ഡി എന്ന പേരു പോലും ' എടിയേ... ' എന്ന് നീട്ടി വിളിപ്പിക്കാൻ ഇട്ടതായിരിക്കാം.
വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്നതിനെ രാഷ്ട്രീയമായി വായിക്കാൻ ശ്രമിക്കുന്ന ചിത്രം കൂടിയാണ് അവനോവിലോന. വ്യക്തിയുടെ തിരഞ്ഞെടുപ്പുകളെ സധൈര്യം അവതരിപ്പിച്ച ഒരു സംവിധായകൻ റഷ്യൻ മാസ്റ്ററായ ആന്ദ്രേ സ്വഗൻസ്റ്റീവ് ആണ്. 2017ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ Loveless എന്ന ചിത്രം സെന്യ - ബോറിസ് എന്ന ദമ്പതിമാരുടെ വ്യക്തിപരമായ വേർപിരിയൽ തിരഞ്ഞെടുപ്പും ആ തിരഞ്ഞെടുപ്പ് അനാഥമാക്കുന്ന അലോഷി എന്ന കുട്ടിയും തമ്മിലുള്ള സംഘർഷമാണ്. എഡ്ഡി എന്ന പുത്രന്റെ Trance Orientation നും സുവിശേഷകനും പിന്നീട് കൂട്ടിക്കൊടുപ്പുകാരനുമാകുന്ന പത്രോച്ചന്റെയും സംഘർഷഭൂമിയാണ് അവനോവിലോന.
സ്വാർത്ഥത(selfishness )യും, നിസ്വാർത്ഥത(selflessness ) യും കറുപ്പും വെളുപ്പും പോലെ, ദുഖവും സന്തോഷവും പോലെ, ശരിയും തെറ്റും പോലെ, നല്ലതും ചീത്തയും പോലെ ധ്രുവീകരിക്കപ്പെടുകയും വ്യക്തികളെ അളക്കുന്ന അപ്പാരറ്റസുകളുമാണ്. ഇവിടെ വ്യക്തി(self ) പുറന്തള്ളപ്പെടാറുണ്ട്. സ്വെഗൻസ്റ്റീവിന്റെ Loveless വ്യക്തി(self ), സ്വാർത്ഥത(selfishness ), നിസ്വാർത്ഥത(selflessness ) എന്നീ മൂന്നിനേയും ഒരേ പോലെ പരിഗണിക്കുകയും വ്യക്തമായി പോർട്രെയ്റ്റ് ചെയ്യുകയും ചെയ്യുന്നു. അതിൽ ഒന്നിന്റെയും പക്ഷം ചേരാതെ സ്നേഹവും (love ) സ്നേഹനിരാസവും(Loveless ) എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിച്ചുതരുന്നു.അലോഷിയെന്ന നിഷ്കളങ്കനായ കുട്ടിയുടെ വ്യക്തിത്വവും(self ) അവന്റെ, പിരിയലിന്റെ വക്കിൽ നിൽക്കുന്ന മാതാപിതാക്കളായ സെന്യ-ബോറിസ് എന്നിവരുടെ സ്വാർത്ഥതയും(ശരി തെറ്റുകളുടെ ബാധ്യത ഇല്ലാത്ത) കാണാതാവുന്ന അലോഷിയെ അന്വേഷിക്കാനിറങ്ങുന്ന പോലീസ് വളണ്ടിയർമാരുടെ നിസ്വാർത്ഥതയും പരസ്പരം ചൂതു കളിക്കുന്നു സിനിമയിൽ. ഏകമായ ഒരു വൈകാരികതയെ പിൻപറ്റികൊണ്ടല്ല സിനിമയുടെ ആഖ്യാനം. സ്നേഹത്തിനും സ്നേഹനിരാസത്തിനും തുല്യമായ, പരസ്പരം സമനില പാലിക്കുന്ന ആഖ്യാന പരിസരം സംവിധായകൻ നൽകുന്നു. അലോഷിയെ കാണാതാവുന്ന സന്ദർഭത്തിൽ, നഗരത്തിനു വെളിയിലെ ഒരു കാട്ടിലേക്ക് രക്ഷാ സംഘം സെന്യയെയും ബോറിസിനെയും കൊണ്ടുപോവുന്നുണ്ട്. രക്ഷാ സംഘം കാടിനകത്തേക്ക് അലോഷിയെ സ്നേഹത്തോടെ വിളിക്കുന്ന ഏതെങ്കിലും ഓമനപ്പേർ വിളിക്കാൻ ഇരുവരോടും ആവശ്യപ്പെടുന്നുണ്ട്. അങ്ങനൊന്ന് ഇല്ലാത്തതിനാൽ സെന്യയും ബോറിസും അലോഷി എന്ന് പോലും വിളിക്കാനാവാതെ നിശ്ശബ്ദരാവുന്നു. രക്ഷാസംഘമാണ് കാടിനകത്തേക്ക് "അലോഷീ" എന്ന് നീട്ടി വിളിക്കുന്നത്.
സെന്യയെ സംബന്ധിച്ചിടത്തോളം സ്നേഹം അവളിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒന്നാണ്. അവളുടെ ഇഷ്ടങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും സ്നേഹം വിലങ്ങുതടിയാണ്. മൂന്ന് തലമുറകളിലൂടെ സ്നേഹം എങ്ങനെ പ്രവർത്തിച്ചുവെന്നു സിനിമ കാണിക്കുന്നുണ്ട്. ഒന്ന് സെന്യ, രണ്ട് അലോഷി, മൂന്ന് സെന്യയുടെ മാതാവ്. അലോഷിയെ അന്വേഷിച്ചിറങ്ങുന്ന സെന്യയും ബോറിസും സെന്യയുടെ അമ്മയുടെ വീട്ടിൽ ചെല്ലുന്നുണ്ട്. അവരനുഭവിക്കുന്ന അനാഥത്വത്തിനും സിനിമയിൽ സ്ഥാനമുണ്ട്. അതിനാൽ തന്നെ സ്നേഹനിരാസം ഒരു പാപമായി വായിച്ചെടുക്കാൻ ചിത്രം ശ്രമിക്കുന്നതെ ഇല്ല. തന്റെ മകനുവേണ്ടി താൻ മുലപ്പാൽ പോലും ചുരത്തിയിട്ടില്ല എന്ന് സെന്യ മധ്യവയസ്കനായ തന്റെ കാമുകനോട് പറയുന്നുണ്ട്. വ്യക്തിയുടെ താല്പര്യം, ആസക്തി എന്നിവയിൽ സ്നേഹവും സ്നേഹ നിരാസവും ഒരേ വേഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സ്വെഗൻസ്റ്റീവ് വ്യക്തമാക്കുന്നു.
അവനോവിലോന തിരഞ്ഞെടുപ്പിലെ പരിഗണനാരാഷ്ട്രീയത്തെ(Privilage Politics) കൂടെ സ്പർശിക്കുന്ന ചിത്രമാണ്. ജാതി - വർഗ ചുറ്റുപാടുകളിൽ പത്രോച്ചനും എഡിക്കും യഥാക്രമം .എത്രനാൾ സുവിശേഷകനായും പെണ്ണായും തുടരാനാവും എന്ന ചോദ്യവും അവനോവിലോന അവശേഷിപ്പിക്കുന്നു. ഈ ഭൂമി ഇത്ര പരന്നും വലിപ്പത്താലും കിടന്നിട്ടും എന്തിന് എന്റെ മുന്നിൽ എന്ന പത്രോച്ചന്റെ നെടുവീർപ്പും പെണ്ണായി വരാൻ കൊതിക്കുന്ന എഡ്ഡിയുടെ സംഘർഷവും സിനിമയിൽ നിറയുന്നു. തീവണ്ടിയുടെ നീണ്ട പാതയിൽ പല തരത്തിൽ അപ്രത്യക്ഷരാവാൻ കൊതിക്കുന്ന മൈത്രേയനും എഡ്ഡിയും കണ്ടുമുട്ടുന്നു. തീവണ്ടിപ്പാളങ്ങളിൽ, കടൽത്തീരങ്ങളിൽ പത്രോച്ചനും കരികാലനും തന്റെ മകനെ തിരയുന്നു.
ഏതാണ് ശരിക്കും ശരി? ഏതാണ് ശരിയായ വിഷമം? ഏതാണ് ശരിയായ സത്യത്തിന്റെ വഴി? ഏതു വർഗത്തിലും ലിംഗത്തിലും ജാതിയിലും പെട്ട മനുഷ്യരാണ് ശരിക്കും മനുഷ്യർ? അങ്ങനെ നീളുന്ന സമസ്യകളിൽ ഒരു ശരി വേണ്ടതുണ്ടോ എന്ന ചോദ്യവും ചിലപ്പോഴൊക്കെ ഉത്തരവുമായി മാറുന്നിടത്ത് നമുക്ക് അവനോവിലോനയുടെ അമ്പരപ്പിക്കുന്ന ദൃശ്യഭാഷയെയും വ്യാകരണത്തെയും അനുഭവിക്കാം. മലയാള സിനിമയുടെ പ്രതീക്ഷയുടെ തലപ്പത്ത് ഷെറി ഗോവിന്ദനെന്ന സംവിധായകൻ നിശ്ചയമായും ഉണ്ട്.