ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമയാണ് ബോങ് ജൂണ്‍-ഹോ (Bong Joon-ho) സംവിധാനം ചെയ്ത് 2019 -ല്‍ പുറത്തിറങ്ങിയ പാരസൈറ്റ് (Parasite). കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ (Palme d'Or) നേടുന്ന ആദ്യം കൊറിയന്‍ സിനിമയാണ് പാരസൈറ്റ്. 'മെമ്മറീസ് ഓഫ് മര്‍ഡര്‍', 'മദര്‍', 'സ്‌നോപിയേഴ്‌സര്‍' എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോ -യും, ഹാന്‍ ജിന്‍-വണ്‍ -ഉം (Han Jin-won) ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. വര്‍ഗ്ഗരാഷ്ട്രീയത്തിലൂന്നി കഥ പറഞ്ഞു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഷോപ്ലിഫ്റ്റര്‍സ്', 'റോമ', 'ഐ ഡാനിയേല്‍ ബ്ലെയ്ക്', 'ആന്‍ എലിഫന്റ് സിറ്റിംഗ് സ്റ്റില്‍' തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വര്‍ഗ്ഗവിവേചനം (class divide) മുഖ്യ പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പാരസൈറ്റ്. ഒരു പടികെട്ടു പോലെ നിലകൊള്ളുന്ന ദക്ഷിണ കൊറിയന്‍ നഗരങ്ങളിലെ അധികാര-വര്‍ഗ്ഗ വ്യവസ്ഥിതിയുടെ പല തട്ടിലുള്ള മനുഷ്യരുടെ ജീവിതത്തിലൂടെയും അവരുടെ പരസ്പര സമ്പര്‍ക്കത്തിലൂടെയും ഉപജീവനത്തിനും നിലനില്പിനുമായുള്ള പടവെട്ടലിലൂടെയും ഈ ലോകത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് പാരസൈറ്റ്.
ഒരു വീടിന്റെ സെമി-ബേസ്മെന്റ് ഭാഗത്താണ് കിം (Kim) കുടുംബം കഴിയുന്നത്. കി-ടേക്ക് (Ki-taek), ഭാര്യയെ ചുങ്-സൂഖ് (Chung-ssok), മകളായ കി-ജോങ് (Ki-jeong), മകനായ കി-വൂ (Ki-woo) എന്നിവര്‍ അടങ്ങുന്ന കുടുംബം. ജനലിന്റെ ചെറിയ വിടവിലൂടെ റോഡ് കാണാം, ആ റോഡിന്റെ അരികിലായി മൂത്രമൊഴിക്കുന്ന ആളുകളെ കാണാം. പുകയടിക്കുമ്പോള്‍ (Fumigation) ജനാല തുറന്നു ഇട്ടാല്‍ നേരിട്ട് അത് ബേസ്മെന്റിന്റെ ഉള്ളിലേക്കു കയറും. ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡിനായ് കവര്‍ ഉണ്ടാക്കി നല്‍കുന്നതിലൂടെ കിട്ടുന്ന തുച്ഛമായ പണമാണ് കിം കുടുംബത്തിന്റെ വരുമാനം. അപ്പോഴാണ് കി-വൂ -ന്റെ സുഹൃത്ത് ഒരു അപേക്ഷയുമായി അവിടേക്ക് വരുന്നത്. വിദേശത്തു പോകുന്നതിനാല്‍ അതുവരെ താന്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു കുട്ടിക്ക് അവളുടെ വീട്ടില്‍ ചെന്ന് പഠിപ്പിച്ചു കൊടുക്കാമോ എന്ന് ചോദിച്ചായിരുന്നു മിന്‍ (Min) വന്നത്. കെവിന്‍ എന്ന പേര് മാറ്റി കി-വൂ അവിടെ ചെല്ലുകയാണ്. ഇടുങ്ങിയ ബേസ്മെന്റില്‍ നിന്ന് കൊട്ടാരം പോലെ വിശാലമായ അത്യാധുനിക മാതൃകയില്‍ നിര്‍മിച്ച പാര്‍ക്ക് (Park) കുടുംബത്തിന്റെ വീട്ടിലേക്ക്. അവിടെയും നാല് അംഗങ്ങളാണ് ഉള്ളത്. വ്യവസായിയായ ഡോങ്-ഇക് (Dong-ik), ഭാര്യ യിഓണ്‍-ഗ്യോ (Yeon-gyo), സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായ ഡാ-ഹ്യേ -ഉം (Da-hye) ഡാ-സുങ് -ഉം (Da-sung) അടങ്ങുന്നതാണ് പാര്‍ക്ക് കുടുംബം. ഇതുകൂടാതെ ആ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്ന സെര്‍വന്റായ മൂണ്‍-ഗ്വാങ് -ഉം (Moon-gwang) ഉണ്ട്. കി-വൂ നു പിന്നാലെ പല ജോലികളിലായി കിം കുടുംബത്തിലെ നാല് പേരും പാര്‍ക്ക് കുടുംബത്തിലെ ജോലിക്കാരാകുകയാണ്. മൂണ്‍-ഗ്വാങ് ന്റെ ഭര്‍ത്താവായ കുന്‍-സേ -യും (Kun-sae) പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്.
ഈ മൂന്ന് കുടുംബങ്ങളും മൂന്ന് വര്‍ഗ്ഗത്തെ ആണ് പ്രതിനിധീകരിക്കുന്നത്. സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ടിലുള്ള സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധികളാണ് പാര്‍ക്ക് കുടുംബം. മൂണ്‍-ഗ്വാങ് ആകട്ടെ സമ്പന്ന വര്‍ഗ്ഗത്തെ അവരെ സേവിച്ചു കഴിയുന്ന 'സെര്‍വന്റ് ക്ലാസ്' എന്ന് വിളിക്കപ്പെടുന്ന വര്‍ഗ്ഗത്തില്‍ പെടുന്നു. സെമി-ബേസ്മെന്റ് പോലെ മുകളിലോ താഴെയോ അല്ലാതെ ഇതിനിടയില്‍ എവിടെയോ പെട്ട് കിടക്കുകയാണ് കിം കുടുംബം. ഈ മനുഷ്യരിലൂടെയും അവരുടെ ജീവിത സംഘര്‍ഷങ്ങളിലൂടെയുമാണ് 'പാരസൈറ്റ്' സഞ്ചരിക്കുന്നത്. മുതലാളിത്ത ലോകത്തെ വര്‍ഗ്ഗ സമരത്തിന്റെ തീവ്രതയെ മൂന്ന് കുടുംബത്തിലെ കാഴ്ചകളിലൂടെയും അവരുടെ വിനിമയത്തിലൂടെ അടയാളപ്പെടുത്തുകയാണ് ബോങ് ജൂണ്‍-ഹോ ഈ സിനിമയിലൂടെ ചെയ്യുന്നത്. നവലിബറല്‍ മന്ത്രങ്ങളാല്‍ കെട്ടിപ്പടുത്ത മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്‍ വര്‍ഗ്ഗസമരത്തിന്റെയും അതിജീവന പോരാട്ടങ്ങളുടെയും തീക്കനല്‍ എരിയുന്നത് കുറച്ചു മനുഷ്യരിലൂടെ അതിന്റെ സൂക്ഷ്മ തലത്തില്‍ നമ്മള്‍ കണ്ടറിയുകയാണ്.
വികസിത രാഷ്ട്രം എന്നത് ഒരു നവലിബറല്‍ നിര്‍മ്മിതി മാത്രമാണ് എന്ന് ലോകം തിരിച്ചറിഞ്ഞത് ഏറെ വൈകിയൊന്നുമല്ല. ലോകജനസംഖ്യയുടെ മേല്‍ത്തട്ടില്‍ ഉള്ള ഒരു ശതമാനം ആളുകളുടെ താല്‍പര്യങ്ങള്‍ക്കു അനുസരിച്ചു ഏറെക്കുറെ പ്രവര്‍ത്തിക്കുന്ന ഒരു ലോക വ്യവസ്ഥിതിക്കുള്ളില്‍ ഒരു നീണ്ട പടികെട്ടു പോലെയാണ് അധികാരശ്രേണി സൃഷ്ടിക്കപ്പെട്ടത്. കുറെ സ്ഥാപനങ്ങളുടെ ഇടപെടലുകളും കപട വാഗ്ദാനങ്ങളും വഴി നിയോലിബറല്‍ മുതലാളിത്തം തഴച്ചു വളര്‍ന്നു. എന്നാല്‍ സാമ്പത്തിക അസമത്വം അടക്കം മാറി ലോകം എല്ലാവര്‍ക്കും ഒരേ പോലെ ഓടികളിക്കാനുള്ള മൈതാനമോ ഒരു ആഗോള ഗ്രാമമോ ഒക്കെയാകും എന്ന വാഗ്ദാനങ്ങള്‍ നൂറുവട്ടം ആവര്‍ത്തിച്ച് പറഞ്ഞ ഒന്നാം ലോകത്തെ മുതലാളിത്ത രാജ്യങ്ങള്‍ക്കും, അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും അസമത്വത്തിന്റെ അന്തരം കൂട്ടാന്‍ മാത്രമേ കഴിഞ്ഞുള്ളു എന്ന യാഥാര്‍ഥ്യം ലോകം ഇപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്ന് അപായമണികള്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒരേ സ്വരത്തില്‍ കരുത്താര്‍ജ്ജിച്ചു മുഴങ്ങുന്നതിനു മുന്‍പേ തന്നെ ആ ശബ്ദം അവസാനിപ്പിക്കാന്‍ നമ്മുടെ സമ്മതത്തോടെ തന്നെ മുതലാളിത്ത വ്യവസ്ഥിതിക്കു കഴിയുന്നു. എന്നാല്‍ ഇന്ന് സാമ്പത്തിക-സാമൂഹിക അസമത്വം ഓരോ ദിനം പിന്നിടുമ്പോഴും തീവ്രമായിക്കൊണ്ടിരിക്കുകയാണ്.
പണം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം എന്നതിനുമപ്പുറത്തായി, അസമത്വം വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ അധികാരശ്രേണിയില്‍ മനുഷ്യരെ ശ്വാസം മുട്ടിക്കുകയാണ്. ഒരു നീരാളി ഇരയെ ചുറ്റിപിടിക്കുന്ന പോലെ എല്ലാഭാഗത്തു നിന്നും മനുഷ്യരെ ഈ നിലനില്‍ക്കുന്ന വ്യവസ്ഥിതിയും അത് തീര്‍ക്കുന്ന അസമത്വവും വേട്ടയാടുകയാണ്. ഒന്നാം ലോകമെന്നോ മൂന്നാം ലോകമെന്നോ വ്യത്യാസം ഇല്ലാതെ എല്ലാ സമൂഹത്തിലും അതിന്റെ അരികുവത്കരിക്കപ്പെട്ട ഇടങ്ങളില്‍ 'മാലിന്യം' എന്നോണം മനുഷ്യര്‍ അടിഞ്ഞു കൂടുകയോ അല്ലെങ്കില്‍ എടുത്തെറിയപ്പെടുകയോ ചെയുന്നു. ആവശ്യം വരുമ്പോള്‍ എടുത്തു ഉപയോഗിക്കാനും അല്ലാത്തപ്പോ ഒതുക്കി മാറ്റിവെക്കാനും വിധിക്കപെട്ട മനുഷ്യര്‍. എല്ലാ നഗരത്തിന്റെയും ഭ്രാന്ത പ്രദേശങ്ങളിലും, ഏതെങ്കിലും ഒരു വശത്തുള്ള ചേരികളിലും, ഇടുങ്ങിയ തെരുവുകളിലും, വഴിയരികിലും ഒക്കെയായി ദിനവും പോരാടുന്ന മനുഷ്യര്‍ ലോകത്തിന്റെ ഗതകാല ചരിത്രത്തില്‍ ഇടമില്ലാത്തവരാണ്. വര്‍ഗ്ഗ-വിവേചനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ എന്നും പുരോഗതിയുടെ പടിക്കു വെളിയില്‍ ഏറ്റവും താഴെത്തട്ടില്‍ അതിജീവനത്തിനായി പാടുപെടുന്നവര്‍.
മുകളിലത്തെ വീട്ടിലെ ആളുകളുടെ വൈ-ഫൈയോ അല്ലെങ്കില്‍ പുതുതായി തുടങ്ങിയ കോഫി ഷോപ്പിന്റെ സൗജന്യ വൈ-ഫൈ ഒക്കെ ആശ്രയിച്ചാണ് കിം കുടുംബം കഴിയുന്നത്. നടക്കാനും കിടക്കാനും ഉള്ള സ്ഥലം ഒഴിച്ചാല്‍ ബാക്കി എല്ലായിടത്തും സാധനങ്ങളാണ്. ഉറപ്പുള്ള ഒരു വാതില്‍ പോലുമില്ലാത്ത ഇടത്താണ് അവര്‍ കഴിയുന്നത്. ആ 'വീട്' പോലെ തന്നെയാണ് അത് നിലനില്‍ക്കുന്ന സ്ഥലവും. കുറച്ചു സ്ഥലത്തു കുറെയേറെ മനുഷ്യര്‍. ആരോ ഒരു കൂട്ടമായി വലിച്ചെറിഞ്ഞ പോലെ ഞെങ്ങി നെരുങ്ങി കഴിയുന്ന ഒരുപാട് ആളുകള്‍. മറുവശത്ത് നാലുപേര്‍ മാത്രമുള്ള വീടിന്റെ വലുപ്പം ഒരു മൈതാനത്തോളം ആണ്. അതിലും വലിയ മുറ്റവും, ചുറ്റും മതിലും, വെള്ളം കൃത്യമായി ഒലിച്ചു പോകാന്‍ ഓടയും, വീടിനു ചുറ്റും പച്ചപ്പുള്ള ചെറിയ കാടും എല്ലാം ചേര്‍ന്ന ഒരിടത്താണ് പാര്‍ക്ക് കുടുംബം മാത്രം കഴിയുന്നത്. ആ വീടിന്റെ ഉള്ളില്‍ കടക്കണം എങ്കില്‍ പോലും ആദ്യം വീട്ടിലേക്ക് വിളിച്ചിട്ടു അവിടെയുള്ളവരുടെ അനുവാദത്തോടയെ കഴിയുകയുള്ളു. കൂടാതെ മറ്റു പല സുരക്ഷാ സംവിധാനങ്ങളും, അതെ പോലെ ആരും തിരിഞ്ഞു നോക്കാതെ പല വീടുകളുടെ വലുപ്പം വരുന്ന ബേസ്മെന്റും. 'ഇടത്തിന്റെ രാഷ്ട്രീയം' (politics of space) വ്യക്തമായി അടയാളപ്പെടുത്തുന്നത് ഹോംഗ് ക്യുങ്-പ്യോ -ന്റെ (Hong Kyung-pyo) ഷോട്ടുകളാണ്. പല ലോങ്ങ് ഷോട്ടുകളിലും മീഡിയം ലോങ്ങ് ഷോട്ടുകളിലുമായി ഛായാഗ്രാഹകന്‍ 'ഇടം' നഷ്ട്ടപെടലിന്റെ രാഷ്ട്രീയം സൂക്ഷ്മമായി സിനിമയില്‍ സമന്വയിപ്പിചിരിക്കുകയാണ്. സിനിമയിലുടനീളം ഇടത്തിന്റെ രാഷ്ട്രീയം നിഴലിച്ചു നില്‍ക്കുന്നത് കാണാം.
അന്നന്നുള്ള ഭക്ഷണം അപ്പോള്‍ തന്നെ തീരുന്ന കിം കുടുംബത്തില്‍ നിന്ന് മാസങ്ങളോളം ആവശ്യത്തിനായുള്ള സാധനങ്ങള്‍ വാങ്ങിച്ചു ശേഖരിച്ചു വച്ചേക്കുന്ന പാര്‍ക്ക് കുടുംബത്തിലേക്കു എത്തുമ്പോള്‍ എല്ലാം മാറുകയാണ്. തിരക്കുകള്‍ക്കിടയില്‍ ഒന്നിച്ചിരിക്കാന്‍ പോലും സമയം കിട്ടാത്ത പാര്‍ക്ക് കുടുംബം, വലിയ വീട്ടില്‍ എപ്പോഴും കസേരയില്‍ ഇരുന്നു ഉറങ്ങുന്ന യിഓണ്‍-ഗ്യോ, വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടതിനു സമാനമായ അവസ്ഥയില്‍ കഴിയുന്ന രണ്ടു കുട്ടികള്‍... കിം കുടുംബത്തില്‍ ആകട്ടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന, എപ്പോഴും ഒന്നിച്ചുള്ള നാല് പേര്‍. തങ്ങളുടെ വേദനകളും ആകുലതകളും ഒന്നിച്ചു പങ്കിടുന്നവര്‍. മാനസിക-വൈകാരിക തലത്തില്‍ ഒരു വ്യവസ്ഥിതി സൃഷ്ടിക്കുന്ന വ്യത്യസ്ത മാനുഷിക അവസ്ഥകളെയാണ് നമ്മള്‍ തിരിച്ചറിയുന്നത്. കടക്കെണിയില്‍ പെട്ട തന്റെ ഭര്‍ത്താവിനെ മൂണ്‍-ഗ്വാങ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് പാര്‍ക്ക് കുടുംബത്തിന്റെ ബേസ്മെന്റിലാണ്.
അവിശ്വസനീയമായ കാഴ്ചകളാണ് സിനിമയുടെ രണ്ടാം പകുതിയില്‍ നടക്കുന്നത്. പക്ഷേ മിക്കപ്പോഴും കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമാണ് ജീവിത യാഥാര്‍ഥ്യങ്ങള്‍. കാര്‍ ഓടിക്കുമ്പോള്‍ കി-ടേക്ക് -ന്റെ തുണിയില്‍ നിന്നുയരുന്ന 'സുഖകരമല്ലാത്ത ഗന്ധത്തെ' കുറിച്ച് ഡോങ്-ഇക് ഭാര്യയോട് പറയുന്നത് കി-ടേക്ക് കേള്‍ക്കുന്ന ഒരു രംഗമുണ്ട്. പിന്നീട് പല രംഗങ്ങളിലുമായി ഈ 'ദുര്‍ഗന്ധ' പരാമര്‍ശം കടന്നു വരുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരുടെ വിയര്‍പ്പിന്റെ മുഷിഞ്ഞ ഗന്ധത്തെ പരിഹസിക്കുന്ന സമ്പന്ന വര്‍ഗ്ഗത്തെ പാര്‍ക്ക് കുടുംബത്തിലൂടെ കാണാം. ആ മുഷിഞ്ഞ കുപ്പായം ധരിച്ച മനുഷ്യര്‍ കഴിയുന്ന തെരുവുകളിലൂടെ കാറിലൂടെ പോലും യാത്ര ചെയ്യാന്‍ മടിക്കുന്ന സമ്പന്നര്‍ക്ക് മാത്രം പോകാനും ആസ്വദിക്കാനുമുള്ള ഇടങ്ങള്‍ വേറെയുണ്ട്. അവിടെയാണ് വര്‍ഗ്ഗ വിവേചനത്തിന്റെ പടികെട്ടുകള്‍ക്ക് അരികുവത്കരണത്തിന്റെ നിറം കൈവരുന്നത്. സാമൂഹികമായി താഴെക്കിടയില്‍ ഉള്ളവര്‍ അകറ്റി നിര്‍ത്തപ്പെടുകയാണ് (social aparthied), അല്ലെങ്കില്‍ അവരെ ഒരു മൂലയിലേക്ക് പിരിച്ചു മാറ്റുകയാണ് (spacial segregation).
ഇങ്ങനെ വര്‍ഗവിവേചനത്തെ പ്രതിനിധീകരിക്കുന്ന പല ബിംബങ്ങള്‍ സിനിമയില്‍ ഉടനീളം കാണാം. വര്‍ഗ്ഗവിവേചനത്തിന്റെ വേരുകളുടെ ആഴം പല സന്ദര്‍ഭങ്ങളിലൂടെയും, ആളുകളുടെ പെരുമാറ്റത്തിലൂടെയും, അവര്‍ കഴിയുന്ന ഇടത്തിലൂടെയും, അവരുടെ അനുഭവങ്ങളിലൂടെയും വായിച്ചെടുക്കാവുന്നതാണ്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിന്റെ തീവ്രതയെ അടയാളപ്പെടുത്തുന്ന മറ്റൊരു കാര്യം ജോങ് ജെയ്-ഇല്‍ (Jeong Jae-il) ഒരുക്കുന്ന പശ്ചാത്തല സംഗീതമാണ്. വര്‍ഗസമരത്തിന്റെ തീക്ഷ്ണത കടുത്തു വരുന്ന പല രംഗങ്ങളിലും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അവതരണം ഉള്ളില്‍ തുളച്ചു കയറും. സംഭാഷണങ്ങളുടെ സഹായമില്ലാതെ, വലിയ ബഹളങ്ങളില്ലാതെ എന്നാല്‍ ആ രംഗങ്ങള്‍ ആവശ്യപ്പെടുന്ന അതേ ശ്രദ്ധയോടെ പശ്ചാത്തല സംഗീതം നമ്മളോട് കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അനുഭവിച്ചറിയാന്‍ സഹായിക്കുന്നുണ്ട്.
ഭാവാര്‍ത്ഥതലങ്ങള്‍ അന്വേഷിച്ചു പോകുമ്പോള്‍ ഒരുപാട് ചിന്തിപ്പിക്കുന്ന പല രംഗങ്ങളും സംഭാഷണങ്ങളും സിനിമയില്‍ തുന്നി ചേര്‍ത്തിരിക്കുന്നത് കാണാം. പരസ്പര വിരുദ്ധമായ രണ്ടു കാഴ്ചകളെ സംയോജിപ്പിച്ചു കൊണ്ട് വര്‍ഗ്ഗവിവേചനത്തിന്റെ രാഷ്ട്രീയം സൂചിപ്പിക്കുന്ന രണ്ടു പ്രധാന എഡിറ്റിംഗ് കട്ടുകള്‍ ഈ സിനിമയിലുണ്ട്. മഴ പെയ്യുമ്പോള്‍ ഓടി വരുന്ന കി-വൂ താഴേക്കു നോക്കുമ്പോള്‍ കാണുന്ന ആധുനികമായി പണിഞ്ഞ ഡ്രെയിനേജില്‍ നിന്ന് കട്ട് ചെയ്ത് കാണിക്കുന്നത് കിം കുടുംബം അടക്കം താമസിക്കുന്ന സെമി-ബേസ്മെന്റുകളിലേക്ക് മലിനജലം കയറുന്ന കാഴ്ചയാണ്. മറ്റൊരു രംഗത്തില്‍, തന്റെ 'അലമാര മുറിയിലെ' ഒരുപാട് തുണികള്‍ക്കിടയില്‍ മകന്റെ പിറന്നാളിന് ഇടാനുള്ള വസ്ത്രം തിരയുന്ന യിഓണ്‍-ഗ്യോ -ല്‍ നിന്ന് കട്ട് ചെയ്ത് കാണിക്കുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ തുണിക്കായി ബഹളം വയ്ക്കുന്ന നൂറുകണക്കിന് ആളുകളെയാണ്. രണ്ടു ഇടങ്ങളിലായി, രണ്ടു സാഹചര്യങ്ങളിലാണ് ഒരു നഗരത്തിന്റെ രണ്ടു ഭാഗത്തായി മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന എഡിറ്റിംഗ് കട്ടുകളുടെ പിന്നില്‍ യാങ് ജിന്‍-മോ (Yang Jin-mo) എന്ന എഡിറ്ററാണ്.
സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും തൂക്കിയിട്ടിരിക്കുന്ന സോക്സുകള്‍ കാണിച്ചുകൊണ്ടാണ്. അത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. പാരാസൈറ്റ് സംസാരിക്കുന്നത് വര്‍ഗ്ഗരാഷ്ട്രീയ വ്യവഹാരത്തിന്റെ ഉള്ളില്‍ നിന്ന് കൊണ്ടാണ്. ഇന്ന് ഏറെ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തില്‍ കലയും അതിന്റേതായ രീതിയില്‍ പ്രതിഷേധിക്കുന്നുണ്ട്, അല്ലെങ്കില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ഒരു ശതമാനത്തിന്റെ കൈയില്‍ ഈ ലോകത്തിലെ എഴുപത് ശതമാനം വിഭവങ്ങളും പോകുമ്പോള്‍, ഓരോ നാളും അരികുകള്‍ക്കും അപ്പുറം തള്ളിനീക്കപ്പെടുന്ന വര്‍ഗ്ഗം ഒരു മാര്‍ഗവും ഇല്ലാതെ വരുമ്പോള്‍ മനുഷ്യന് എത്തിച്ചേരാന്‍ കഴിയുന്ന അത്യന്തമായ അവസ്ഥയില്‍ എത്തിച്ചേരും, അത് മാനവികതയുടെ മരണമാണ്. പാരാസൈറ്റ് ആ ഓര്‍മപ്പെടുത്തലോടെയാണ് അവസാനിക്കുന്നത്. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന മനുഷ്യരുടെ രണ്ടറ്റം കൂട്ടികെട്ടാന്‍ ഉള്ള ഓട്ടത്തിന്റെ ഇടയില്‍ ഒരുപക്ഷേ മനുഷ്യന്‍ തന്നെ ചവിട്ടിമെതിക്കപ്പെട്ടേക്കാം. അവസാന രംഗത്തോട് അടുത്ത് ഒരു പ്രതീക്ഷ പങ്കുവെക്കുന്നുണ്ട് സംവിധായകന്‍. തടവറയില്‍ അകപ്പെട്ട വര്‍ഗ്ഗത്തെ അവിടെ നിന്ന് വിമോചിപ്പിച്ചു വെളിച്ചം വീശുന്ന ഒരു പ്രഭാതത്തില്‍ കെട്ടിപുണരാന്‍ കഴിയുന്ന ലോകം! പക്ഷേ ആ സമത്വ-സുന്ദര സ്വപ്നം എത്രയോ വിദൂരത്താണ് എന്ന സത്യം പറഞ്ഞു വെച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.
വള്‍ച്ചര്‍ -നു (Vulture) നല്‍കിയ ഒരു അഭിമുഖത്തില്‍ ബോങ് ജോണ്‍-ഹോ പറയുന്നത് ഇങ്ങനെ, 'ഈ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ വേണ്ടി കഠിനമായി പരിശ്രമിക്കുന്ന കുറെ ആളുകളുണ്ട്. അവരോടപ്പമാണ് ഞാനും, അവര്‍ക്കു വേണ്ടി വാദിക്കുകയാണ് ഞാന്‍ എപ്പോഴും. പക്ഷേ സിനിമയുടെ മഹത്തായ ശക്തി എന്ന് പറയുന്നത് പറയാനുള്ള രാഷ്ട്രീയത്തെ പച്ചയായി, നഗ്‌നമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുത്തുക എന്നതാണ്... ഞാന്‍ ഒരു ഡോക്യൂമെന്ററിയോ പ്രചാരണ സിനിമയോ അല്ല ഉണ്ടാക്കുന്നത്. ഈ ലോകത്തെ എങ്ങനെ മാറ്റാം എന്ന് പറഞ്ഞു തരുന്നതോ അല്ലെങ്കില്‍ ചില നികൃഷ്ടമായ കാര്യങ്ങള്‍ സംഭവിക്കുന്നത് കൊണ്ട് അതിനെതിരെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞു തരുന്നതോ അല്ല എന്റെ സിനിമകള്‍. മറിച്ച് യാഥാര്‍ഥ്യത്തിന്റെ ഭീതിപ്പെടുത്തുന്ന എപ്പോള്‍ വേണേലും പൊട്ടിത്തെറിക്കാവുന്ന ഭാരത്തെ കാണിച്ചു തരികയാണ്. സിനിമയുടെ സൗന്ദര്യം അതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു'
ഈ വര്‍ഷം കണ്ട സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ പാരാസൈറ്റ് ആണ്. ഇനിയും ക്യാമറ ചെല്ലാന്‍ മടി കാണിക്കുന്ന ഇടങ്ങളിലേക്കു നിശബ്ദതയില്‍ മുഴങ്ങുന്ന വെടിയൊച്ചയുടെ ശക്തിയോടെ സിനിമകള്‍ കടന്ന് ചെല്ലട്ടെ. ഒരുപക്ഷേ ഈ വര്‍ഷം ഏറെ അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ പോകുന്ന സിനിമയായിരിക്കും പാരാസൈറ്റ്. പക്ഷേ റോളണ്ട് ബാര്‍ത്ത് (Roland Barthes) പറഞ്ഞത് പോലെ അധികാരവര്‍ഗ പ്രത്യേയശാസ്ത്രങ്ങള്‍ ഈ സിനിമയെ മിത്തുകളായി മാറ്റിയാലും അതിന്റെ രാഷ്ട്രീയ പൊരുള്‍ ഉയര്‍ത്തിക്കാട്ടി നമ്മള്‍ക്കു പ്രതിരോധിക്കാം