ദേവദൂതൻ  
Film Review

ദേവദൂതൻ ; പ്രണയത്തിന്റെയും പ്രത്യാശയുടെയും കാത്തിരിപ്പ്

മലയാള ചലച്ചിത്ര ശ്രേണിയിൽ പ്രണയം പ്രധാന പ്രമേയമായി നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ സവിശേഷമായ ഒരു പ്രണയ കഥയെ മുൻനിർത്തി സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മോഹൻലാൽ ചിത്രമായ 'ദേവദൂതൻ'. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ചിത്രം 2000 ത്തിന്റെ അവസാനത്തോടെയാണ് റിലീസായത്. മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, ജയപ്രദ, വിനീത് കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തികച്ചും ഒരു സംഗീത സാന്ദ്രമായ പ്രണയ വഴികളെ ചിത്രീകരിച്ച 'ദേവദൂതൻ' വർഷങ്ങൾക്ക് ശേഷം 2024 ജൂലായ് 26 ന് റീറിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രം ആദ്യമായി പുറത്തിറങ്ങിയപ്പോൾ സാധാരണ മോഹൻലാൽ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത അന്ന് ലഭിച്ചിരുന്നില്ല. പ്രേക്ഷകർ കൈവിട്ടതിനാൽ തന്നെ തീയേറ്ററുകളിൽ ദേവദൂതന് ഒരു വലിയ വിജയം സൃഷ്ടിക്കാൻ കഴിഞ്ഞതുമില്ല. എന്നാൽ ഇപ്പോൾ റിപ്പീറ്റ് വാല്യൂ ഗണത്തിൽ പേര് ചേർക്കപ്പെട്ട സിനിമകളിൽ ഒന്നായി ഈ ചിത്രവും മാറി കഴിഞ്ഞു. അതിന്റെ ചുവട് പിടിച്ചാണ് പുതിയ മിനുക്കു പണികൾ നടത്തി സിനിമ വീണ്ടും തീയേറ്ററുകളിലേക്ക് എത്തിച്ചത്.

ഈ ചലച്ചിത്രം ഒരിക്കൽ കൂടി ബിഗ്സ്‌ക്രീനിലേക്ക് എത്താനുള്ള കാരണങ്ങളിൽ പ്രധാനം ഇതിന്റെ കഥയ്ക്കും പ്രമേയങ്ങൾക്കുമപ്പുറം സിനിമയിലെ സംഗീതത്തിന്റെ മികവ് തന്നെയാണ്. മലയാള സിനിമകളിൽ സംഗീതത്തെ മുൻനിർത്തി രൂപപ്പെടുത്തിയിട്ടുള്ള ചിത്രങ്ങളിലെ ഓരോ പാട്ടുകളും ആസ്വാദക മനസ്സിലേക്ക് ചൂഴ്ന്നിറങ്ങാൻ പാകത്തിലുള്ളവയായിരിക്കും. എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. ദേവദൂതനിൽ പാട്ടുകൾക്കും മുകളിൽ സംഗീതത്തിന്റെ മേൽക്കോയ്മയാണ് നിഴലിക്കുന്നത്. അത്തരം സിനിമകൾ അപൂർവങ്ങൾ മാത്രമാണുള്ളത്. അതിൽ ദേവദൂതനും പ്രത്യേകമായൊരു ഇടം തന്നെ നേടിക്കഴിഞ്ഞു.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം നൽകിയിരിക്കുന്നത്. സന്ദർഭോചിതമായി വരുന്ന ഗാനങ്ങൾ മുൻനിര ഗായകരാണ് ആലപിച്ചത്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും അതിന്റേതായ ആകർഷണീയതയാൽ കാണികളുടെ നാവിൻ തുമ്പിലേക്ക് കയറിപ്പറ്റിയവയാണ്. ചിത്രത്തിലെ ഇൻട്രോ സോങ് തന്നെ അതിന് ഉദാഹരണം. സംഗീതത്തിന്റെ ഉള്ളറകളുടെ പ്രതിഫലനം തന്നെയാണ് ആ ഗാനത്തിന്റെ വരികളിൽ തെളിയുന്നത്. ആ കാലഘട്ടത്തിലെ സിനിമകളിൽ കണ്ടു വരുന്ന തരത്തിൽ ഒരു സന്തോഷ നിമിഷത്തിന്റെ സൂചനയായി മാറുന്ന ഗാനമായി തന്നെയാണ് "പൂവേ പൂവേ" എന്ന ഗാനത്തിന്റെയും കടന്നു വരവ്. നഷ്ടബോധത്തെ അടയാളപെടുത്താൻ ഒരു ഗാനത്തിൽ ജാനകിയമ്മയുടെ ശബ്ദം ഉപയോഗിച്ചതിനാൽ ആ ഗാനത്തിന്റെ തീവ്രത ആ ചലച്ചിത്ര രംഗത്തോട് കൂടുതൽ ഇഴകി ചേർന്നു. കഥാസാരത്തിൽ തുളുമ്പി നിൽക്കുന്ന പ്രണയമെന്ന വികാരത്തിന്റെ സൗന്ദര്യം തന്നെയാണ് "കരളേ നിൻ കൈ പിടിച്ചാൽ" എന്ന ഗാനവും.

Mohanlal's 'Devadoothan' re-release

Mohanlal's 'Devadoothan' re-release ആദ്യം സൂചിപ്പിച്ചതു പോലെ ഈ പാട്ടുകൾക്കെല്ലാം മുകളിൽ നിൽക്കുന്ന തരത്തിൽ വിദ്യാസാഗർ തന്റെ കഴിവിനെ ഈണങ്ങളിലൂടെ സംഗീതത്തിന്റെ ഒരു മായികലോകം ദേവദൂതന് മുന്നിലേക്ക് വെയ്ക്കുന്നു. പശ്ചാത്തല സംഗീതത്തിന് പോലും പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള മാന്ത്രികതയുണ്ട്. ഓരോ സംഗീതോപകരണത്തിന്റെ ശബ്ദവും ഓരോ അനുഭൂതിയാക്കി മാറ്റിയിരിക്കുകയാണ് വിദ്യാസാഗർ. സാമൂഹ്യ മാധ്യമങ്ങളിൽ ഈ സംഗീതത്തിന്റെ അലയൊലികൾ പ്രത്യക്ഷമായി തുടങ്ങിയതും ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് വഴിയൊരുക്കിയെന്ന് പറയാൻ കഴിയും.

കഥാഗതിയ്ക്ക് തടസ്സം സംഭവിക്കാത്ത തരത്തിൽ തന്നെയാണ് കഥാപാത്രസൃഷ്ടികളും നടത്തിയിരിക്കുന്നത്. ഈ കഥാപാത്രങ്ങളെ മുൻനിർത്തി രഘുനാഥ് പലേരിയാണ് തിരക്കഥ ചിട്ടപ്പെടുത്തിയത്. വിശാൽ കൃഷ്ണമൂർത്തിയെന്ന കേന്ദ്ര കഥാപാത്രത്തിലൂടെ മറ്റൊരാളുടെ കഥപറയാനാണ് സംവിധായാകൻ ശ്രമിച്ചിരിക്കുന്നത്. പഠനകാലത്ത് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട നായകൻ അതേ കോളേജിലേക്ക് ക്ഷണിക്കപ്പെട്ടു വരുന്നത്തിലൂടെ മറ്റൊരു മനുഷ്യജീവിതത്തിന്റെ അംശവും അയാളിലേക്ക് വന്നു ചേരുന്നു. തനിക്ക് നേരിടേണ്ടി വന്ന നഷ്ടങ്ങളുടെ കേന്ദ്രബിന്ദുവായി നായകന്റെ മനസ്സിൽ ആ കോളേജും അനുഭവങ്ങളും നിലകൊള്ളുന്നുണ്ട്. എന്നാൽ അവിടേക്കുള്ള മടങ്ങി വരവ് തന്നെയാണ് കഥാന്ത്യത്തിൽ അയാളെ ഉന്നതിയിലേക്ക് എത്തിക്കുന്നതും.

1. നഷ്ട്ടങ്ങൾ

2. അന്വേഷണം

3. തിരിച്ചറിവ്‌

ഈ മൂന്ന് വസ്തുതകളിലൂടെയാണ് നായകൻ നടന്നു നീങ്ങുന്നത്. നായകന്റെ മാനസികവ്യാപാരത്തിൽ നിന്ന് മാത്രമേ പ്രേക്ഷകർക്കും കഥാഗതിയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിയൂ. കോളേജ് പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ മുൻനിർത്തി ചിട്ടപ്പെടുത്തുന്ന നാടകത്തിന് തടസ്സം സംഭവിക്കുന്നതും പരിഹാരമായി തുടർന്നുള്ള നടത്തിപ്പിനു വേണ്ടി ആ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ വിശാൽ കൃഷ്ണമൂർത്തിയെ അവർ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. സംഗീതത്തിൽ സമർത്ഥനായ വിശാലിനെ കോളേജിൽ നിന്ന് പഠന കാലത്ത് പുറത്താക്കിയതിൽ പിന്നെ അയാളുടെ ജീവിതം ഒരു പടുകുഴിയിലേക്കാണ് വീണു പോയത്. അവിടെ നിന്നാണ് അയാൾ ആ കോളേജിലേക്ക് വീണ്ടുമെത്തുന്നത്.

തന്റെ നഷ്ടത്തിന്റെ കാരണത്തിലേക്ക് കാലം അയാളെ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് പിന്നീടാണ് അയാൾക്ക് പോലും മനസ്സിലാകുന്നത്. ആ കാരണത്തിന്റെ മുഖവും ഒരു നഷ്ട സ്വപ്നത്തിന്റെ മുഖംമൂടി ചൂടിയിരുന്നു. ഒരു നഷ്ടപ്രണയത്തിന്റെ നിഴലാണ് അയാളിലേക്ക് കൂടിച്ചേരുന്നത്. പുതിയ സംഗീതത്തിന്റെ അടയാളപ്പെടുത്തലുകൾക്ക് വാതിൽ തുറക്കുമ്പോൾ മുറിഞ്ഞു പോയ ഒരു പഴയ നൊമ്പരം അയാളെ ഒരു അന്വേഷണത്തിന്റെ വക്കിലേക്കെത്തിക്കുന്നു.

സെവൻ ബെൽസ്

കാഴ്ചയുടെ ലോകത്തിന്റെ അതിരുകൾ കടന്നുള്ള പ്രണയത്തിന്റെ സപ്തസ്വരമണികളുടെ മുഴക്കമാണ് കഥാഗതിയുടെ കടിഞ്ഞാൺ. പഠന കാലത്ത് ആ സംഗീതോപകരണം വായിച്ചു എന്ന പേരിലാണ് വിശാലിനെ കോളേജ് അധികൃത അഞ്ജലീന ഇഗ്നേഷ്യസ് കോളേജിൽ നിന്നും പുറത്താക്കുന്നത്. തന്റെ കാമുകന്റെ ഓർമ്മകളുടെ ശേഷിപ്പായ ആ സംഗീതോപകരണത്തിന് അവർ നൽകുന്ന വിലയാണ് അവരുടെ ജീവിതവും കാത്തിരിപ്പും.

വിശാൽ കൃഷ്ണമൂർത്തിയെ വീണ്ടും ആ സപ്തസ്വരമണികളിലെ ഗന്ധർവ്വ സംഗീതം ഒരു യാത്രയിലേക്ക് നയിക്കുന്നിടത്താണ് ഒരു പ്രണയകഥയുടെ കെട്ടുകളഴിയുന്നത്. മടങ്ങിവരാൻ സാധിക്കാത്ത ലോകത്തേക്ക് മറഞ്ഞു പോയ മഹേശ്വറിന്റെയും അയാൾ തീർത്ത സംഗീതത്തിന്റെ സൗന്ദര്യമുള്ള അലീനയുടെയും പ്രണയകഥ വിശാൽ കൃഷ്ണ മൂർത്തിയിലൂടെ നമ്മൾ വായിച്ചെടുക്കുന്നു.

1. ഓർമ്മകളുടെ പുസ്തകം 

2. ദുരഭിമാനത്തിന്റെ താളുകൾ

3. മനുഷ്യത്വത്തിന്റെ അസ്തമയം

ദേവദൂതന്റെ യാത്രയിൽ ഒരു മാർഗ്ഗദർശിയായി കടന്നു വരുന്ന കഥാപാത്രമാണ് ഫാ.സ്തേവ. നായകന്റെ ഉദ്യമത്തെ പൂർണ്ണതയിലേക്കെത്തിക്കാൻ നില കൊള്ളുകയാണ് ഫാ.സ്തേവയുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലെ ലക്ഷ്യം. അത് സാധ്യമാക്കിയ ശേഷം അദ്ദേഹവും ഓർമ്മയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു.

കാഴ്ചയുടെ പരിമിതികൾക്കുമപ്പുറം തന്റേതായ അടയാളപ്പെടുത്തലുകൾ സംഗീത രൂപത്തിൽ കുറിച്ചിട്ട മഹേശ്വർ. ആ സംഗീതത്തെയും മഹേശ്വറിനെയും നെഞ്ചോട് ചേർക്കുന്ന അലീന. അവരുടെ ജീവിതത്തിലേക്ക് കാലങ്ങൾക്ക് ശേഷം വന്നു ചേരുന്ന വിശാലിന് ആ കഥയുടെ അന്ത്യം കണ്ടെത്തേണ്ടത് അനിവാര്യമായി മാറുന്നു. ആ കഥ ഒരു പിതാവിന്റെ ദുരഭിമാനത്തിൽ കുതിർന്ന വികൃതമായ മുഖത്തിന്റെ നിഴലിലാണ് അവസാനിക്കുന്നതും. തന്റെ മകളുടെ കാമുകന്റെ പരിമിതിയെ ജീവനോടെ കുഴിച്ചു മൂടുമ്പോൾ രണ്ട് ജീവിതങ്ങൾക്ക് മുന്നിൽ മനുഷ്യത്വം മരണപ്പെടുകയാണ് ചെയ്യുന്നത്. അതിന് സാക്ഷിയായി ആൽബർട്ടോ എന്ന കഥാപാത്രം മാത്രം ശേഷിക്കുന്നു. ആ സത്യത്തിന്റെ വെളിപ്പെടുത്തൽ അലീനയുടെയും അവസാനമായി മാറുന്നു.

അടിമത്തത്തിന്റെ കാലൊച്ചകൾ

തികച്ചും യജമാനന്റെ വാക്കുകൾ പാലിക്കാൻ വിധിക്കപ്പെട്ട ഒരാളാണ് ദേവദൂതനിൽ മുരളിയുടെ ആൽബർട്ടോ എന്ന കഥാപാത്രം. മഹേശ്വറിന്റെയും അലീനയുടെയും സ്നേഹത്തിന് അതിരുകൾ തീർക്കുന്ന വില്ല്യം ഇഗ്നേഷ്യസിനെ അനുസരിക്കാനായി നിയോഗിക്കപ്പെട്ടവനാണ് അയാൾ. മഹേശ്വറിനെ കടിച്ചു കീറുന്ന നായകൾക്കൊപ്പമാണ് ആൽബർട്ടോയുടെയും സ്ഥാനം. അതിനാൽ തന്നെ യജമാനന്റെ വാക്കുകളെ ധിക്കരിക്കുക അയാൾക്ക് സാധ്യമല്ല. വില്ല്യം ഇഗ്നേഷ്യസിന്റെ മരണ ശേഷവും അലീനയുടെ കാവൽക്കാരനായി നിലകൊള്ളാൻ ആൽബർട്ടോ തയ്യാറാകുന്നതും അടിമത്തത്തിന്റെ നിറം അയാളിൽ നിന്ന് മാഞ്ഞു പോകാത്തതിനാലാണ്. അതിന്റെ പരുക്കൻ കാലൊച്ചകൾ തന്നെയാണ് വിശാലിനെ മൺമറഞ്ഞു പോയ ഒരു സത്യത്തിലേക്ക് എത്തിക്കുന്നതും. അവിടെ നിന്നും മഹേശ്വറിന്റെയും അലീനയുടെയും നഷ്ടപ്രണയത്തിന്റെ കാരണത്തെ അയാൾ പുറത്തെടുക്കുകയും ചെയ്യുന്നു. ആ കാരണം തന്നെയാണ് അലീനയുടെ പ്രത്യാശയ്ക്ക് മുന്നിൽ മഹേശ്വറിന്റെ മുഖം കാട്ടിക്കൊടുക്കുന്നതും. മഹേശ്വറിന്റെയും അലീനയുടെയും കഥയ്ക്ക് വിരാമമിടുമ്പോൾ തന്നെ ആൽബർട്ടോ അടിമത്തത്തിൽ നിന്ന് മോചനം നേടുകയും ചെയ്യുന്നു. അയാളുടെ മരണം ഒരു കീഴാളജന്മത്തിൽ നിന്നുമുള്ള രക്ഷപെടൽ തന്നെയാണ്. സ്വതന്ത്രമാക്കപ്പെടുന്ന നിമിഷത്തിന് മുന്നിൽ ആൽബർട്ടോ താഴ്ന്നു പോകുമ്പോൾ പ്രണയത്തിന്റെ പ്രതീകങ്ങളായി മഹേശ്വറും അലീനയും പറന്നുയരുന്നു.

സിബി മലയിൽ തന്റേതായ കാഴ്ചപ്പാടുകളെ മെനഞ്ഞെടുത്തപ്പോൾ പല ദാർശനിക ബോധങ്ങളും ഈ ചലച്ചിത്രത്തോട് മല്ലിടേണ്ടി വന്നിരിക്കാം. യുക്തിയുടെ മൂല്യത്താൽ വിശകലനം ചെയ്താൽ മാത്രമേ ഈ സിനിമയിലെ പോരായ്മകൾ കണ്ടെത്താൻ സാധിക്കൂ. വിശ്വാസത്തിന്റെയും അസാമാന്യമായ പ്രവണതതകളുടെയും സ്വരം മുഴങ്ങുമ്പോൾ മറ്റുള്ള വശങ്ങൾക്ക് ഭംഗിയേറുന്നുമുണ്ട്. സിനിമയുടെ കടന്നുവരവിന്റെ കാലം മുൻനിർത്തിയാൽ എഡിറ്റിങ്ങും സിനിമാറ്റോഗ്രാഫിയും വിജയത്തിന്റെ രൂപം തന്നെയാണ് കൈവരിച്ചിരിക്കുന്നത് എന്നതിലും സംശയമില്ല. അഭിനേതാക്കളുടെ ഭാഗമാണെങ്കിൽ ഒരു മോഹൻലാൽ വിസ്മയത്തിന്റെ അംശം ദേവദൂതനിലും ദർശിക്കാം. പ്രധാനമായി ഭയപ്പെടുത്തുന്ന രംഗങ്ങളുടെ കടന്നു വരവിൽ അവിസ്മരണീയമായ മുഖഭാവങ്ങളാണ് മോഹൻലാൽ കാഴ്ചവെയ്ക്കുന്നത്. അലീനയുടെ പ്രണയത്തിന്റെ തീവ്രത ജയപ്രദയിലും ഭദ്രമായിരുന്നു. അതോടൊപ്പം മഹേശ്വറിനെ വീനീത് കുമാറും അനശ്വരമാക്കി. ക്രൂരതയുടെ നിറം പുരട്ടിയ ഒരു അടിമയുടെ സാന്നിധ്യം മുരളിയെന്ന മഹാനടനിലൂടെയും കാണാൻ കഴിഞ്ഞു. സിബി മലയിലിന്റെ വീക്ഷണത്തിന്റെ പ്രതിഫലനമായി ദേവദൂതൻ മാറിയെന്ന് തന്നെ പറയാൻ കഴിയും.

പ്രണയത്തിന്റെ തീവ്രമായ അടയാളപ്പെടുത്തലിനു പുറമെ മാനുഷിക മൂല്യത്തിന്റെ അസ്തമനമായി ദേവദൂതൻ നിലകൊള്ളുകയാണ് ചെയ്യുന്നത്. ഒരു കാത്തിരിപ്പിന്റെ കഥ രണ്ട് ജീവിതങ്ങളുടെ നഷ്ടബോധത്തിലൂടെ പൂർണ്ണമാകുന്നു. അറുത്തു മാറ്റപ്പെട്ട പ്രണയത്തിന് മേൽ ദുരഭിമാനത്തിന്റെ ക്രൂരമായ ചിരിയൊച്ചകൾ മുഴങ്ങുന്നതും കേൾക്കാം. ആ സത്യത്തിന്റെ ഹൃദയത്തിലേക്കാണ് ദേവദൂതൻ യാത്ര തിരിക്കുന്നത്. പ്രണയത്തിന്റെയും പ്രത്യാശയുടെയും കാത്തിരിപ്പ് അവസാനിക്കുമ്പോൾ ദേവദൂതൻ കാലത്തിന്റെ ദൂതനായി മാറുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT