Film Review

ബൊഗൈൻവില്ല; അമൽ നീരദ് സിനിമകളിൽ ഏറ്റവും ലൂസെൻഡ് ക്ലൈമാക്സും, നീളുന്ന ട്യൂഷൻ ക്ലാസ്സുകളും

സിനിമാറ്റിക് റിഥം ആണ് അമൽ നീരദ് സിനിമകളുടെ ഏറ്റവും സുന്ദരമായ സവിശേഷതയായി അനുഭവപ്പെടാറ്. ‘ബൊഗൈൻ വില്ല’യുടെ ഫസ്റ്റ് പിരീഡിൽ ദൃശ്യങ്ങൾക്കിടയിൽ കിനിഞ്ഞിറങ്ങുന്ന താളം, അതിൻ്റെ പീക്കിൽ അനുഭവിക്കാം. ട്രെയിലറിൽ കാണിച്ചിട്ടുള്ള കാർ ആക്സിഡൻ്റ് സീനിലാണ് സിനിമ ആരംഭിക്കുന്നത്. അൾട്രാ സ്ലോമോഷനിൽ സുന്ദരമായി ചെയ്ത ആ ഓപ്പണിങ് സീനിൽ തന്നെ സാങ്കേതികത്തികവും ദൃശ്യഭംഗിയും സിനിമാറ്റിക് റിഥവും കൊണ്ട് അമൽ നീരദ് കൈയൊപ്പ് ചാർത്തുന്നതായിക്കാണാം. അല്പം കഴിഞ്ഞ്, പടത്തിൻ്റെ ടൈറ്റിൽ കാർഡ് കണ്ടു കഴിയുമ്പോൾ ഉള്ള സീനിൽത്തന്നെ ഈ മർഡർ മിസ്റ്ററി / സൈക്കോളജിക്കൽ /ക്രൈം / ത്രില്ലറിലെ കില്ലർ/വില്ലൻ ആരാണെന്ന് പ്രേക്ഷകൻ അനുമാനിച്ചു കഴിഞ്ഞിട്ടുണ്ടാവും. എന്നാൽ അയാളെ/അവരെ തിരഞ്ഞു നടക്കുന്ന ക്ലൂലെസ് പൊലിസ് കമീഷണർക്ക് പക്ഷേ പടത്തിൻ്റെ പോസ്റ്റ് ക്ലൈമാക്സിൽ മാത്രമേ പ്രസ്തുത സംഗതി പിടികിട്ടുകയുള്ളൂ! ഇതാണ് ‘ബൊഗൈൻവില്ല’യുടെ സ്റ്റാറ്റസ്. സിനിമയുടെ സൗന്ദര്യതലത്തിൽ മികച്ചു നിൽക്കുന്ന ഫസ്റ്റ് പിരീഡും റൈറ്റിങ്ങിലെ പാളിച്ചകളിൽ അടപടലം പൊട്ടിത്തകരുന്ന സെക്കൻ്റ് പിരീഡും പടത്തിൻ്റെ ആദ്യാവസാനം കഥയുടെ ഉയിരായി ഉയർന്ന്നില്ക്കുന്ന പെൺകഥാപാത്രത്തിൻ്റെ പോർട്രയലും കൂടിച്ചേർന്ന സിനിമയാണ് ‘ബൊഗൈൻവില്ല’ എന്ന് പറയാം.

പ്രഡിക്റ്റബിൾ മാത്രമല്ല, മറുഭാഷാ സിനിമകളിൽ പലകുറി കണ്ടു കഴിഞ്ഞത് കൂടിയാണ് ബൊഗൈൻവില്ലയുടെ പ്രമേയം. എന്നാൽ നമ്മുടെ ഇൻഡസ്ട്രിയിൽ അധികമൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത ഒരു സൈക്കോളജിക്കൽ പ്രമേയ പരിസരത്തിൽ നിന്നാണ് അമൽ കഥ പറയുന്നത്. ലാജോ ജോസിൻ്റെ ‘റൂത്തിൻ്റെ ലോകം’ എന്ന സൈക്കോളജിക്കൽ / ക്രൈം മിസ്റ്ററി നോവലിന്റെ അഡാപ്റ്റേഷനാണ് ബൊഗൈൻവില്ല. അമലും ലാജോയും ചേർന്നാണ് തിരക്കഥയെഴുതിയത്. നോവലിലെ റൂത്തും ഭർത്താവ് റോണിയും സിനിമയിലെത്തുമ്പോൾ റീത്തുവും (ജ്യോതിർമയി) റോയിസുമായി (കുഞ്ചാക്കോ ബോബൻ) മാറുകയും കുറച്ച് കുട്ടിച്ചേർക്കലുകളുൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നല്ലാതെ കഥയൊക്കെ ഏറെക്കുറെ സെയിം ആണ്.

ഒരു കാറപകടത്തെത്തുടർന്ന് റെട്രോഗ്രേഡ് അംനീഷ്യയും ആൻ്റിറോഗ്രേഡ് അംനീഷ്യയും ബാധിച്ച് പഴയതോ പുതിയതോ ആയ ഓർമകൾ നിലനിർത്താനാവാതെ സ്ട്രഗിൾ ചെയ്യുന്ന റീത്തുവിൻ്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഗംഭീരമാണ് റീത്തുവിൻ്റെ കാരക്റ്ററൈസേഷൻ. സ്മൃതിയുടെയും വിസ്മൃതിയുടെയും മധ്യേയുള്ള നൂൽപ്പാലത്തിലൂടെ അതിജീവനത്തിൻ്റെ ഊയലാടുന്ന റീത്തുവിനെ ജ്യോതിർമയി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഭാവവും ചലനവും ഡയലോഗ് ഡെലിവറിയുമെല്ലാം ഒന്നാന്തരം. റോണിയുടെ മേയ്ക്കപ്പും സമീറ സനീഷിൻ്റെ കോസ്റ്റ്യൂംസും ഒപ്പം എടുത്തു പറയണം. പടത്തിൻ്റെ, പ്രത്യേകിച്ച് അവസാന ഭാഗങ്ങളിലെ പാളിച്ചകളിൽ നിരാശിതനായാണ് തിയേറ്ററിൽ നിന്നിറങ്ങിയതെങ്കിലും റീത്തു ഇപ്പോഴും മനസ്സു വിട്ടു പോകുന്നില്ല.

നിഗൂഢമായ ചില മിസ്സിങ്/മർഡർ കേസുകളിൽ ഇരകളുടെ അവസാന അവൈലബിൾ സിസിടിവി ദൃശ്യങ്ങളിലെല്ലാം റീത്തുവിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട തമിഴ്നാട് പൊലീസ്, അന്വേഷണം റീത്തുവിലേക്കും റോയ്സിലേക്കും വ്യാപിപ്പിക്കുന്നതോടെ കഥയുടെ ഗതി മാറുകയാണ്. അത്യന്തം ദുർബലമായ ഇൻവെസ്റ്റിഗേഷൻ ട്രാക്ക് ഒരു വശത്തും റീത്തുവിൻ്റെ അതീവ സങ്കീർണമായ സ്ട്രഗിൾ മറുവശത്തുമായി പടം മുന്നോട്ടു പോകുന്ന സിനിമയെ, റീത്തു/ ജ്യോതിർമയി ഒറ്റയ്ക്കാണ് ഷോൾഡർ ചെയ്യുന്നത്. റീത്തുവിൻ്റെ മാനസിക സഞ്ചാരങ്ങളും സന്ദേഹങ്ങളും സംഘർഷങ്ങളും സറണ്ടറുകളും ഹലൂസിനേഷനുകളും ആഴത്തിൽ വികസിപ്പിക്കുവാനും തീവ്രതരമായി അവതരിപ്പിക്കുവാനും ലാജോ ജോസിനും അമലിനും ജ്യോതിർമയിക്കും സാധിക്കുന്നു. സങ്കടകരമെന്ന് പറയട്ടെ, റ്റൈർക്ക് കാലിടറിയതും ഇതേ ഏരിയയിലാണ് - ഫോക്കസ് മുഴുവനും റീത്തുവിലായതോടെ സ്ക്രിപ്റ്റിൻ്റെ ഇതര മേഖലകൾ ദുർബലമാകുകയും പടം മടുപ്പിൽ ചെന്നവസാനിക്കുകയും ചെയ്യുന്നു. കഥയുടെ സുപ്രധാന ട്വിസ്റ്റിന് കാരണമായി സെക്കൻ്റ് പിരീഡിൽ കാണിക്കുന്ന ഫ്ലാഷ് ബാക്ക് സീനുകൾ പടത്തിൻ്റെ പേയ്സിനോട് മാച്ചു ചെയ്യുന്നുണ്ടായിരുന്നില്ല; അതിനാൽത്തന്നെ ആ കാരണം കൺവിൻസിങ്ങായി മാറിയതുമില്ല.

ഇൻവെസ്റ്റിഗേഷൻ്റെ കാര്യത്തിലെന്ന പോലെ ക്ലൈമാക്സിലും വലിയ വീഴ്ച വരുത്തുന്നത് കാണാം. പടം എങ്ങനെ തീർക്കണമെന്ന് മാത്രമല്ല, എവിടെ തീർക്കണമെന്ന കാര്യത്തിലും റൈറ്ററും ഡയറക്ടറും പൂർണ ആശയക്കുഴപ്പത്തിലാണ്. അമൽ നീരദ് സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും ലൂസെൻഡ് ക്ലൈമാക്സും പിന്നെയും നീളുന്ന ട്യൂഷൻ ക്ലാസ്സുകളും ബൊഗൈൻവില്ലയുടെ വലിയ ന്യൂനതകളാണ്.

കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം ഇമേയ്ക്ക് ബ്രെയ്ക്കിങ് റോൾ എന്ന നിലയ്ക്ക് ഡോ. റോയ്സ് നല്ല ടെയ്ക്കെവേ ആയിരുന്നു. ചാക്കോച്ചൻ നന്നായി ചെയ്തിട്ടുമുണ്ട്. അതേസമയം, അമലുമായുള്ള സൗഹൃദത്തിൻ്റെ കമിറ്റ്മെൻ്റും പടത്തിൻ്റെ മാർക്കറ്റിങ്ങും ഉറപ്പിക്കുന്നു എന്നതിനപ്പുറം വർത്ത്ലെസ് ആയിരുന്നു ഫഹദ് ഫാസിലിന്റെ എക്സ്റ്റൻഡഡ് കാമിയോ. സാങ്കേതിക-കലാ വിഭാഗങ്ങൾ സമജ്ഞസമായി ബ്ലെൻഡ് ചെയ്ത് സിനിമയെ റിച്ച് ആക്കാനുള്ള അമലിൻ്റെ മിടുക്ക് ബൊഗൈൻവില്ലയിലും നിറഞ്ഞു നിലപുണ്ട്. സുഷിൻ ശ്യാമിൻ്റെ സുന്ദരമായ സ്കോർ, വിവേക് ഹർഷൻ്റെ എഡിറ്റ്, ആനന്ദ് സി.ചന്ദ്രൻ്റെ ഛായാഗ്രഹണം തുടങ്ങിയ ഘടകങ്ങൾ എടുത്തു പറയേണ്ടതാണ്. കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരങ്ങളിലെ സങ്കീർണതകളും ദുരൂഹതകളും പ്രതിഫലിപ്പിക്കുന്ന വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളുടെ വൈഡാംഗിളുകളും വനാന്തരങ്ങളൂടെ ക്ലോസുകളും റൂത്തിനെ ഒരു സുപ്രധാന കഥാസന്ദർഭവുമായി ബന്ധിപ്പിക്കുന്ന സൂര്യകാന്തിപ്പാടം സീക്വൻസുകളുമെല്ലാം സിനിമയിലെ സുന്ദര സന്ദർഭങ്ങളാണ്.

ലാസ്റ്റ് വേഡ്: കഥ നല്ലതോ മോശമോ എന്തായാലും തിരശ്ശീലയിൽ തിരമാലകളുയർത്തുന്ന ദൃശ്യങ്ങളും സന്ദർഭങ്ങളും ഗ്യാരൻ്റീഡായിരിക്കും അമലിൻ്റെ സിനിമകളിൽ. ബൊഗൈൻവില്ലയും ആ അർഥത്തിൽ വർത്ത് വാച്ച് ആണ്.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT