Film Review

അമ്പരപ്പിക്കുന്ന സുരാജ്, ഫീല്‍ ഗുഡ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

മനീഷ് നാരായണന്‍
സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തേക്കാള്‍ റോബോട്ട് മനുഷ്യര്‍ക്കൊപ്പം ജീവിച്ചാല്‍ എന്ന രസകരമായ ചിന്തയെ നിരുപദ്രവ ഹാസ്യത്തിനൊപ്പം പിന്തുടരുകയാണ് സംവിധായകന്‍. അതുകൊണ്ട് തന്നെ ശാസ്ത്രയുക്തിയില്‍ അല്ല ഭാവനയുടെ സ്വാതന്ത്ര്യത്തിലാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ പോക്ക്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.0 ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയിനറാണ്. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബദായി ഹോ ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു കെ (രതീഷ് ബാലകൃഷ്ണ പൊതുവാള്‍)ആണ് സംവിധായകന്‍. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്നൊരു സിനിമ. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ഭാസ്‌കരപ്പൊതുവാള്‍, സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന മകന്‍ സുബ്രഹ്മണ്യന്‍, പിന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ മനുഷ്യരെ സഹായിക്കാനായി സജ്ജമാക്കിയ ഒരു റോബോട്ട്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.

ബാലരമയില്‍ അവസാന പേജില്‍ മൃഗാധിപത്യം വന്നാല്‍ എന്ന പേരില്‍ രസകരമായൊരു കാര്‍ട്ടൂണ്‍ സീരീസ് ഉണ്ടായിരുന്നു. കൗതുകം ജനിപ്പിക്കുന്ന ഭാവനകളിലേക്ക് സഞ്ചരിക്കുന്ന മൃഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ലോകമാണ് ആ സീരീസിന് പ്രമേയം. ഇവിടെ മനുഷ്യനെ പോലെ ഇടപെടുന്ന,പരിമിതികളോടെ തന്നെ മനുഷ്യന് പകരമാകാന്‍ നോക്കുന്ന റോബോട്ടിനൊപ്പമുള്ള ഭാവനയിലാണ് സിനിമ. ദൈനം ദിനജീവിതത്തിലേക്ക് വൈകാരിക പിന്തുണയോടെ എത്തുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രമേയമാക്കിയ സ്‌പൈക്ക് ജോണ്‍സിന്റെ ഹെര്‍ പോലെ സാങ്കേതിക വിദ്യയെ പൂര്‍ണമായും ശാസ്ത്രീയമായി സമീപിച്ചിരിക്കുന്ന സിനിമയല്ല ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തേക്കാള്‍ റോബോട്ട് മനുഷ്യര്‍ക്കൊപ്പം ജീവിച്ചാല്‍ എന്ന രസകരമായ ചിന്തയെ നിരുപദ്രവ ഹാസ്യത്തിനൊപ്പം പിന്തുടരുകയാണ് സംവിധായകന്‍. അതുകൊണ്ട് തന്നെ ശാസ്ത്രയുക്തിയില്‍ അല്ല ഭാവനയുടെ സ്വാതന്ത്ര്യത്തിലാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ പോക്ക്.

നടപ്പിലും നില്‍പ്പിലും ചെറുചലനങ്ങളിലും നോട്ടങ്ങളിലുമെല്ലാം ശരീരഭാഷയിലുമെല്ലാം അടിമുടി പറിച്ചുനടല്‍. ഓരോ സിനിമ പിന്നിടുമ്പോള്‍ പെര്‍ഫോര്‍മന്‍സ് കൊണ്ട് തന്നിലെ അഭിനേതാവിനെ പുതിയ ഉയരത്തിലെത്തിക്കുകയാണ് സുരാജ്.

പ്രായാധിക്യമുള്ള, ഭാര്യ മരിച്ചതിന് ശേഷം വീട്ടില്‍ ഒറ്റയ്ക്കായ പിടിവാശികളും നിര്‍ബന്ധങ്ങളും ഉള്ള ഭാസ്‌കരപ്പൊതുവാളാണ് സുരാജ് വെഞ്ഞാറമ്മൂട്. കമ്പ്യൂട്ടര്‍ എഞ്ചിനിയറായ മകന്‍ സുബ്രഹ്മണ്യം എവിടെ ജോലി ചെയ്താലും രാത്രിയാകുമ്പോള്‍ വീട്ടിലെത്തണമെന്നതാണ് അച്ഛന്റെ നിര്‍ബന്ധങ്ങളില്‍ പ്രധാനം. അച്ഛന്റെ ദുര്‍വാശികള്‍ നിമിത്തം ആഗ്രഹിച്ച പോലെ ജോലി ചെയ്യാനും ജീവിക്കാനും കഴിയാതെ സുബ്രഹ്മണ്യന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ നാട്ടിലെത്തിക്കുകയാണ്.

ഭാസ്‌കരപ്പൊതുവാളും അയാള്‍ക്ക് ചുറ്റുമുള്ള ലോകവും കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. വീട്ടിലും നാട്ടിലും ദുര്‍വാശി കാട്ടി വെറുപ്പിക്കുന്ന പൊതുവാളും റോബോട്ടിനും ഇടയില്‍ സൗഹൃദമാണോ ശണ്ഠയാണോ ഉണ്ടാകുന്നത് എന്ന കൗതുകത്തെ അനാവരണം ചെയ്യുകയാണ് സംവിധായകന്‍. സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്‍ തന്റെ സ്വതസിദ്ധ ശൈലിയെയും, മാനറിസങ്ങളെയും അപ്രത്യക്ഷമാക്കി ഭാസ്‌കരപ്പൊതുവാള്‍ എന്ന വയോധികനായി അടിമുടി പെര്‍ഫോം ചെയ്യുന്നൊരു സിനിമ. നരപ്പിച്ച മുടിയുടെയും മുഖത്തെ ചുളിവുകളുടെയും ഇടര്‍ച്ചയും പതര്‍ച്ചയുമുള്ള ശബ്ദത്തിന്റെയും ആനുകൂല്യത്തില്‍ അല്ല സുരാജ് വെഞ്ഞാറമ്മൂട് ഭാസ്‌കരപ്പൊതുവാള്‍ എന്ന വയോധികനെ പൂര്‍ണതയിലെത്തിക്കുന്നത്. നടപ്പിലും നില്‍പ്പിലും ചെറുചലനങ്ങളിലും നോട്ടങ്ങളിലുമെല്ലാം ശരീരഭാഷയിലുമെല്ലാം അടിമുടി പറിച്ചുനടല്‍. ഓരോ സിനിമ പിന്നിടുമ്പോള്‍ പെര്‍ഫോര്‍മന്‍സ് കൊണ്ട് തന്നിലെ അഭിനേതാവിനെ പുതിയ ഉയരത്തിലെത്തിക്കുകയാണ് സുരാജ്. ക്ലൈമാക്‌സിനടുപ്പിച്ചുള്ള സുരാജിന്റെ പ്രകടനവും സുപ്പനുമായുള്ള വഴക്കിനിടയിലെ നില തെറ്റലുമെല്ലാം ഇത് കരിയര്‍ ബെസ്റ്റ് പ്രകടനമാക്കുന്നു. തിരുവന്തപുരത്തെ നാട്ടുവാമൊഴികളില്‍ ഒന്നില്‍ കുറേ കാലം സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട് സ്ഥിരപ്പെട്ടിരുന്ന നടന്‍ കണ്ണൂര്‍-പയ്യന്നൂര്‍ മൊഴിഭേദങ്ങളില്‍ മികവോടെ പെര്‍ഫോം ചെയ്യുന്നതിന്റെ കാഴ്ചയുമാണ് ഈ സിനിമ.

മനസ് കൊണ്ട് നാട്ടിന്‍പുറത്തുകാരന്‍ കൂടിയായ സുബ്രഹ്മണ്യനെ സൗബിന്‍ വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട്. സുരാജ്-സൗബിന്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ കരുത്തുറ്റതാക്കാന്‍ സിങ്ക് സൗണ്ട് ചിത്രീകരണത്തിന് കഴിഞ്ഞിട്ടുണ്ട്. സൈജു കുറുപ്പിന്റെ പ്രസന്നനും നന്നായി ഫലിപ്പിച്ച കാരക്ടര്‍ റോളാണ്. രാജേഷ് മാധവന്‍ എന്ന നടനെ കൂടി നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയ സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. മാലാ പാര്‍വതിയാണ് രസകരമായ തലത്തിലേക്ക് ഉയര്‍ന്ന മറ്റൊരു റോള്‍.

ഭാസ്‌കരപ്പൊതുവാളിലേക്ക് സിനിമ കേന്ദ്രീകരിച്ചപ്പോള്‍ ഉപകഥകളായി സമീപിച്ച തയ്യല്‍ക്കാരന്‍, കുഞ്ഞപ്പന്‍, ഹിറ്റോമി, സൗദാമിനി ട്രാക്കുകളെ സമര്‍ത്ഥമായി സമീപിച്ചില്ലെന്നത് പോരായ്മയായി തോന്നി. റോബോട്ടിനോട് നാട്ടിന്‍പുറത്തുകാരുടെ സമീപനം വിശദീകരിച്ച് സൃഷ്ടിച്ച രംഗങ്ങളിലും തമാശകളിലും താളമില്ലായ്മ അനുഭവപ്പെടുന്നുണ്ട്.

ഭാസ്‌കരപൊതുവാളിന്റെയും സുബ്രഹ്മണ്യന്റെ ലോകങ്ങളെയും കാഴ്ചകളെയും രണ്ട് രീതികളില്‍ സമീപിക്കുന്നുണ്ട് ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ്. ഒറ്റപ്പെടലിലും ആധിയിലും പൊതുവാള്‍ കഴിയുന്ന പഴയ, ഇടുങ്ങിയ വീടിനെ കഥാപാത്രത്തിന്റെ വ്യാഖ്യാനം എന്ന നിലയ്ക്ക് സമീപിച്ച് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം. ഗ്രാമാന്തരീക്ഷം ചിത്രീകരിച്ചിരിക്കുന്നതും തികഞ്ഞ സ്വാഭാവികതയോടെയാണ്. കഥ പറച്ചിലിന്റെ താളവും ഭാവവും ഉള്‍ക്കൊണ്ടിരിക്കുന്നതാണ് ബിജിബാലിന്റെ പശ്ചാത്തല സംഗീതം.

നിഷ്‌കളങ്ക ഹാസ്യത്തിലൂന്നിയ എന്റര്‍ടെയിനര്‍ എന്ന നിലയ്ക്കാണ് സിനിമയുടെ ട്രീറ്റ്‌മെന്റ് അനുഭവപ്പെട്ടത്. നാട്ടിന്‍ പുറത്തെ ചായക്കട, കുളക്കടവ്, പത്രക്കാരന്‍, തയ്യല്‍ക്കട തര്‍ക്കങ്ങള്‍ എന്നിവിടങ്ങളില്‍ ലൈവ് റെക്കോര്‍ഡിംഗ് അഭിനേതാക്കളുടെ ടൈമിംഗിനും പെര്‍ഫോര്‍മന്‍സിനും ഗുണകരമാവുകയും അത് പോലെ തന്നെ

ചില ഘട്ടങ്ങളില്‍ പോരായ്മയാവുകയും ചെയ്യുന്നുണ്ട്. സ്ഥിരം അഭിനേതാക്കള്‍ക്ക് പകരം കഥ പറയുന്ന ദേശത്തിന്റെ സ്വഭാവത്തെ വ്യാഖ്യാനിക്കാനാകുന്ന പുതിയ അഭിനേതാക്കളെ കൂടുതലായി ഉപയോഗിച്ചത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വലിയ രീതിയില്‍ സഹായകമായിട്ടുണ്ട്. ചായക്കടയിലെ ആള്‍ക്കൂട്ടത്തിലും നാട്ടിന്‍പുറത്തെ അമ്മൂമ്മമാരിലും നാട്ടുകാരുടെ തര്‍ക്കങ്ങളിലുമെല്ലാം ഇത് സ്വാഭാവികതയില്‍ നിന്നുള്ള ചിരികളായി പരിണമിക്കുന്നുണ്ട്. ജാതി, അന്ധവിശ്വാസം, മത ബോധം എന്നീ സാമൂഹ്യപരിസരങ്ങളെ കളിയാക്കാനായി റോബോട്ടിനെ ഉപയോഗിച്ചതും രസകരമാണ്. സിനിമകള്‍ക്ക് വേണ്ടി പ്രമേയം ആലോചിക്കുമ്പോള്‍ തദ്ദേശീയമായ സാധ്യതകളിലേക്ക് പ്രവേശിക്കുന്നുവെന്നതും, വൈവിധ്യതകളേറെയുള്ള ഗ്രാമ ജീവിതങ്ങളെ ലാന്‍ഡ് സ്‌കേപ്പ് എന്ന നിലയ്ക്ക് കെ യു രതീഷ് എന്ന നവാഗത സംവിധായകന്‍ പ്രയോജനപ്പെടുത്തുന്നുവെന്നതും പ്രശംസിക്കേണ്ടതാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT