താരസംഘടന അമ്മയുടെ നേതൃത്വത്തിലേക്ക് മോഹൻലാൽ തിരികെ വരണമെന്ന് നടി സീനത്ത്. സോഷ്യൽ മീഡിയയിൽ പങ്കു വച്ച തുറന്ന കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മമ്മൂക്കക്കും ലാലിനും ജനങ്ങളിലേക്ക് എത്താൻ അമ്മ സംഘടനയുടെ ആവശ്യം ഇല്ല. ഈ ചെറിയ ജീവിതത്തിൽ നേടാവുന്നതിനപ്പുറം പേരും പെരുമയും നിങ്ങൾ നേടിക്കഴിഞ്ഞു. പക്ഷെ അമ്മ എന്ന സഘടനക്ക് നിങ്ങളെ ആവശ്യമാണെന്നും സീനത്ത്. അമ്മയിലെ ഓരോ വ്യക്തികൾക്കും നിങ്ങളെ ആവശ്യമാണ്, നിങ്ങളുടെ സേവനം ആവശ്യമാണ്.
വലിയ ശിഖരങ്ങൾ ഉള്ള രണ്ട് മരങ്ങളാണ് നിങ്ങൾ, അതിനു താഴെ തണൽ പറ്റി ഇരിക്കാൻ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതുകൊണ്ട് അമ്മ സംഘടനയുടെ സാരഥി ആയിട്ട് പ്രിയപ്പെട്ട ലാൽ തിരിച്ചു വരണം. കൂടെ കൂട്ടായി ശക്തിയായി മമ്മുക്കയും മമ്മുക്കയോ ലാലോ നേതൃത്വം വഹിക്കാത്ത ഒരു അമ്മ ചിന്തിക്കാൻ പോലും പറ്റില്ലെന്നും സീനത്ത്.
മമ്മുക്കക്കും, ലാൽജിക്കും, ഒരു തുറന്ന കത്ത്
എന്തിനാണ് സോഷ്യൽ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം,
എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും അറിയണം എന്നു തോന്നി.
നമ്മളെല്ലാവരും സ്നേഹിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ കുറ്റപ്പെടുത്തുകയും വാക്കുകൾകൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ പ്രതികരിക്കാൻ ഭയം ആയിരുന്നു, ഏതു രീതിയിൽ പ്രതികരിച്ചാലും അതിന്നു താഴെ വരുന്ന സൈബർ ആക്രമണം അത് താങ്ങാൻ എല്ലാവർക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ അതൊരു നന്ദികേടാകും.
ആരെന്തു ചെയ്താലും ആവശ്യത്തിന്നും അനാവശ്യത്തിന്നും പഴി കേൾക്കേണ്ടി വരുന്ന ഞങളുടെയൊക്കെ ശക്തിയായ മമ്മുട്ടി, മോഹൻലാൽ, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദി കേട്. അമ്മ എന്ന സഘടനക്ക് വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്പർമാരോട് കാണിക്കുന്ന നന്ദി കേട്.
1994-ൽ രൂപംകൊണ്ടതാണ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ. തുടക്കം മുതൽ ആ സംഘടനയിൽ ഒരു അംഗം ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അമ്മ എന്ന സംഘടന വെറുമൊരു താരസംഘടന മാത്രമല്ല ഒരു വലീയ ചാരിറ്റബിൾ ട്രസ്റ്റാണ്. എത്രയോ വീടില്ലാത്തവർക്ക് വീട് കൊടുക്കുകയും അമ്മയിലുള്ള 115 ഓളം ആളുകൾക്ക് 5000 രൂപ വീതം ഒന്നാം തിയതി മുടക്കം കൂടാതെ എത്തിക്കുകയും, എല്ലാ മെമ്പർമാർക്കും അഞ്ചു ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ്
കൊടുക്കുകയും ചെയ്യുന്ന സഘടനയാണ് അമ്മ. പുതിയ കമിറ്റി രൂപം കൊണ്ടപ്പോൾ മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക് 5000 രൂപക്ക് പുറമെ 2000 രൂപയുടെ മരുന്ന് എത്തിക്കാനും തീരുമാനിച്ചു. ഇതൊക്കെ ഇന്ത്യൻ സിനിമയിൽ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്?ചിലപ്പോൾ എന്റെ അറിവിന്റെ പരിമിതി ആവാം.
അമ്മയുടെ തുടക്കത്തിൽ ഇത്രയും ശക്തിയുള്ള ഒരു സംഘടനയാണ് അമ്മ എന്ന് ഒരിക്കലും കരുതിയില്ല. വർഷങ്ങൾ കൂടുംതോറും അമ്മയുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരുന്നു. ഇപ്പോൾ ആരൊക്കെയോ ചേർന്ന് അമ്മയെ ഇല്ലായിമ ചെയ്യാൻ ശ്രമിക്കുന്നു എന്നൊരു തോന്നൽ, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു, ഭയം ഉണ്ടാക്കുന്നു.
ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹൻലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആൾക്കാർ.
ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോൽപ്പിക്കാൻ?
അമ്മ ഇല്ലാതായാൽ നഷ്ടം മമ്മുട്ടിക്കും മോഹൻലാലിനും അല്ല, ഒന്നാം തിയതി ആകാൻ കാത്തിരുന്ന് അക്കൗണ്ട് നോക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ചില അസുഖങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്ക് താങ്ങായും തണലായും അമ്മായിലൂടെ കിട്ടുന്ന അഞ്ചു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക കിട്ടുബോൾ ആശ്വസിക്കുന്ന മുഖങ്ങൾ ഉണ്ട്. നിറയെ കാശുള്ളവന് ഇതൊന്നും മനസിലാവേണമെന്നില്ല, മനസിലാവാണമെങ്കിൽ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. ഇതിനെല്ലാം വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ചു കഷ്ട്ടപെടുന്നവരാണ് ഈ കലാകാരമാർ.
എല്ലാവരുംകൂടെ കൂട്ട ആക്രമണം നടത്തി സഹിക്കാവുന്നതിന്റെ അപ്പുറം ആയപ്പോൾ സംഘടനയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞു ഇറങ്ങി മോഹൻലാൽ എന്ന ആ വലീയ മനുഷ്യൻ.
പക്ഷെ ഞങ്ങളാരും അത് അംഗീകരിച്ചിട്ടില്ല. ഞങളുടെ പ്രസിഡന്റ് മോഹൻ ലാൽ തന്നെയാണ്.
ഒരു കാര്യം കൂടി പറഞു നിർത്തുന്നു.
പ്രിയപ്പെട്ട മമ്മുക്കാ, ലാൽജി,
മമ്മുക്കക്കും ലാലിനും ജനങ്ങളിലേക്ക് എത്താൻ അമ്മ സംഘടനയുടെ ആവശ്യം ഇല്ല. ഈ ചെറീയ ജീവിതത്തിൽ നേടാവുന്നതിനപ്പുറം പേരും പെരുമയും നിങ്ങൾ നേടിക്കഴിഞ്ഞു. പക്ഷെ അമ്മ എന്ന സഘടനക്ക് നിങ്ങളെ ആവശ്യമാണ്, അമ്മയിലെ ഓരോ വ്യക്തികൾക്കും നിങ്ങളെ ആവശ്യമാണ്, നിങ്ങളുടെ സേവനം ആവശ്യമാണ്. വലീയ ശിഖരങ്ങൾ ഉള്ള രണ്ട് മരങ്ങളാണ് നിങ്ങൾ, അതിനു താഴെ തണൽ പറ്റി ഇരിക്കാൻ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്.
അതുകൊണ്ട് അമ്മ സംഘടനയുടെ സാരഥി ആയിട്ട് പ്രിയപ്പെട്ട ലാൽ തിരിച്ചു വരണം. കൂടെ കൂട്ടായി ശക്തിയായി മമ്മുക്കയും
മമ്മുക്കയോ ലാലോ നേതൃത്വം വഹിക്കാത്ത ഒരു അമ്മ ചിന്തിക്കാൻ പോലും പറ്റില്ല.
തിരിച്ചു വരൂ...🙏🙏🙏