അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയെ പ്രശംസിച്ച് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണി. ഫഹദ് ഫാസില്‍ ഒരു ജീനിയസ് ആയ അഭിനേതാവാണ്. അതുപോലെ സിനിമയിലെ മറ്റെല്ലാ താരങ്ങളും മികച്ച പ്രകടമാണ് കാഴ്ചവച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വളരെ മികച്ചതായിരുന്നുവെന്നും കീരവാണി റെഡ് എഫ്എമ്മിനോട് പറഞ്ഞു. കീരവാണി ഫഹദ് ഫാസിലിന് അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് ചിത്രത്തിന്റെ സംവിധായകനായ അഖില്‍ സത്യന്‍ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു.
പ്രിയപ്പെട്ട പാച്ചു, നിങ്ങള്‍ നിങ്ങളുടെ ഫാര്‍മസി സ്റ്റോര്‍ നേടി, നിങ്ങള്‍ ഹംസധ്വനി നേടി, പതിവുപോലെ ഒരിക്കല്‍ കൂടി എന്റെ ഹൃദയം കീഴടക്കി. സിനിമ കാണുമ്പോള്‍ മുഴുവനും ഞാന്‍ ലൈല എന്ന കഥാപാത്രത്തെ സുധാ മൂര്‍ത്തി ഗാരുവിനും എന്റെ ഭാര്യയ്ക്കും ഒപ്പം ഇന്ത്യയില്‍ നിന്നുള്ള നിരവധി സ്ത്രീകള്‍ക്കും തുല്യമായി കാണുകയായിരുന്നു. ചിത്രത്തിന്റെ ടീമിന് എന്റെ എല്ലാ ആശംസകളും.എം.എം കീരവാണി
സിനിമയെ അഭിനന്ദിച്ചതിനു ഒരായിരം നന്ദിയുണ്ടെന്നും കീരവാണിയെ പോലെ ലെജന്‍ഡ് ആയ ഒരാളുടെ വാക്കുകള്‍ തങ്ങളെ അനുഗ്രഹീതനാക്കിയെന്നും അഖില്‍ സത്യന്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. കൂടാതെ കീരവാണിയുടെ മെസ്സേജ് അയച്ചു നല്‍കിയ ഫഹദ് ഫാസിലിന് അദ്ദേഹം നന്ദിയും അറിയിച്ചു.
പാച്ചു എന്ന ടൈറ്റില്‍ കഥാപാത്രമായി ഫഹദ് എത്തിയ ചിത്രത്തില്‍ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, വിനീത്, മുകേഷ്, ഇന്ദ്രന്‍സ്, അല്‍താഫ് സലിം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണയത്തിനും, നര്‍മ്മത്തിനും പ്രാധാന്യം കൊടുത്തൊരുങ്ങുന്ന ചിത്രം ഒരു ഫാമിലി, ഫീല്‍ഗുഡ് ഡ്രാമ ആയിരിരുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.