ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഫാമിലി' 2023 ലെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയറിനായി ഒരുങ്ങുകയാണ്. വിനയ് ഫോര്‍ട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, നില്‍ജ കെ ബേബി, അഭിജ ശിവകല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശവം, വിത്ത്, 1956 മധ്യതിരുവിതാംകൂര്‍, എവരിത്തിങ്ങ് ഈസ് സിനിമ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഡോണ്‍ പാലത്തറ ഒരുക്കുന്ന ചിത്രം കൂടിയാണ് ഫാമിലി.
തന്റെ തന്നെ ചെറുപ്പത്തിലെ പല അനുഭവങ്ങളെയും കുടുംബം എന്ന ഇന്‍സ്റ്റിറ്റിയൂഷനെയും കുറിച്ചുള്ള ചിന്തകളും ചേര്‍ത്ത് ഇണക്കിയിട്ടുള്ള ഒരു സിനിമയാണ് 'ഫാമിലി' എന്ന് ഡോണ്‍ പാലത്തറ പറയുന്നു. തനിക്ക് കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള സിനിമ ആയിരിക്കണം താന്‍ ചെയ്യുന്നത് എന്നുള്ളൊരു വാശിയാണ് തന്റെ സിനിമകളെ വ്യത്യസ്തമാക്കുന്നത്. ഓരോ തവണയും സിനിമ ചെയ്യുമ്പോള്‍ ആദ്യത്തെ സിനിമ ചെയ്യുന്നു എന്ന രീതിയില്‍ തന്നെയാണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഡോണ്‍ പാലത്തറ പറയുന്നു. ഫാമിലിയെക്കുറിച്ച് ഡോണ്‍ പാലത്തറ ദ ക്യുവിനോട്.
ഏറ്റവും പുതിയ ചിത്രമായ 'ഫാമിലി' 2023 ല്‍ ഐഎഫ്എഫ്ആറില്‍ സ്‌ക്രീന്‍ ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ട്രെയ്‌ലറില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ തന്നെയും എന്തോ നിഗൂഢത സിനിമയില്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. ഈ ഒരു സിനിമയിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു ?
എന്റെ തന്നെ ചെറുപ്പത്തിലെ പല അനുഭവങ്ങളെയും അതുപോലെ കുടുംബം എന്ന് പറയുന്ന ഇന്‍സ്റ്റിറ്റിയൂഷനെയും കുറിച്ചുള്ള ചിന്തകളും ചേര്‍ത്ത് ഇണക്കിയിട്ടുള്ള ഒരു സിനിമയാണ് ഫാമിലി. ഫാമിലി എന്ന് പറയുമ്പോള്‍ ന്യൂക്ലിയര്‍ ഫാമിലി അല്ല ഉദ്ദേശിക്കുന്നത്. വിശാലമായ അര്‍ത്ഥത്തില്‍, ഒന്നിച്ച് ജീവിക്കുന്നവരാകണം എന്നുമില്ല, പല വീടുകളിലായിട്ട് ചിതറി നില്‍ക്കുന്ന കുടുംബം എന്ന് പറയുന്ന വലിയൊരു ഇന്‍സ്റ്റിറ്റിയൂഷനാണ് പറയുന്നത്. അതുപോലെ, സിനിമയ്ക്കുള്ളില്‍ ഒരുതരം ഡാര്‍ക്ക്നസ് ഉണ്ട്. അത് കൂടുതലും സിനിമ കാണുമ്പോള്‍ മനസിലാകും. അതുകൊണ്ട് തന്നെയാണ് സോണി എന്ന് പറയുന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെയും ട്രെയ്‌ലറില്‍ ഒരുപാട് കാണിക്കാതിരുന്നത്.
സ്വതന്ത്ര സിനിമാ ശ്രേണിയിലാണ് ഇതുവരെ സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം തന്നെ ഉള്‍പ്പെടുന്നത്. എന്നാല്‍ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഐഎഫ്എഫ്കെയിലും ഒടിടിയിലുമെല്ലാം പ്രേക്ഷകരുടെ കൈയ്യടി നേടിയതുമാണ്. പക്ഷേ എന്നിട്ടും കൊമേഷ്യല്‍ സിനിമ എന്നതിലേക്ക് മാറാന്‍ ശ്രമിച്ചിട്ടില്ല. എന്തുകൊണ്ടാണ് കൊമേഴ്ഷ്യല്‍ സിനിമകളെ മാറ്റി നിര്‍ത്തി ഇങ്ങനെ ഒരു വിഭാഗം സിനിമകള്‍ ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്?
കൊമേഷ്യല്‍ എന്നോ, വേറൊരു വിഭാഗം സിനിമ എന്നോ ഉള്ള വേര്‍തിരിവിനെക്കാളും ഞാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമ എന്ന ഒരു നിലപാടിലാണ് നില്‍ക്കുന്നത്. എനിക്ക് കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള സിനിമ ആയിരിക്കണം ഞാന്‍ ചെയ്യുന്നത് എന്നുള്ളൊരു വാശിയാണ്. അപ്പോള്‍ ഓരോ സമയത്തും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാറാം. എന്നാലും ഒരുപാടൊന്നും മാറില്ല, ചെറുതായിട്ടൊക്കെ മാറാം. അതില്‍ ചില ജോണറുകളോട് നമുക്ക് കൂടുതല്‍ ഒരു താത്പര്യം അല്ലെങ്കില്‍ കൗതുകം തോന്നാം. ആ സമയത്ത് നമ്മുടെ ഉള്ളിലുള്ള ചില ചോദ്യങ്ങള്‍ അത്തരം ജോണര്‍ സിനിമകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നതിനായിരിക്കും. അങ്ങനെയുള്ള ചില ഘടകങ്ങളാണ് എന്ത് തരം സിനിമയാണ് ചെയ്യുന്നതെന്ന് എന്നെ സംബന്ധിച്ചിടത്തോളം തീരുമാനിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നോക്കി കഴിഞ്ഞാല്‍, എപ്പോഴും മുതല്‍മുടക്ക് തിരിച്ച് കിട്ടണം എന്ന് ആഗ്രഹിച്ച് തന്നെയാണ് നമ്മള്‍ സിനിമ ചെയ്യുന്നത്. ചെറിയ ബജറ്റിലൊരുക്കിയ സിനിമയാണെങ്കില്‍, ചെയ്തിട്ട് ആരും കാണുന്നില്ല എന്ന് വന്നാല്‍ അത് പണം മുടക്കിയ വ്യക്തിക്ക് നഷ്ടമുണ്ടാക്കുവന്നതാണ്. പണം മുടക്കുന്നവര്‍ക്ക് അത് തിരിച്ച് കിട്ടണം എന്ന് തന്നെയാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ആ അടിസ്ഥാനത്തില്‍ നോക്കി കഴിഞ്ഞാല്‍ എല്ലാ സിനിമകള്‍ക്കും കച്ചവടത്തിന്റേതായ സ്വഭാവമുണ്ട്. പക്ഷെ, അതിന് വേണ്ടി നമ്മള്‍ മറ്റ് കാര്യങ്ങള്‍ ചേര്‍ക്കാതെ, അതായത് സിനിമയുടെ സ്വഭാവത്തിലോ, മേക്കിംഗിലോ ഒന്നും മാറ്റം വരുത്താതെ സിനിമ ചെയ്യുക എന്നതിലാണ് കാര്യം. പിന്നെ ഒരു കാര്യം, നമുക്ക് മുന്‍പേ സിനിമകള്‍ ചെയ്ത് പോയ പലരും ഉണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ളവര്‍. അവര്‍ വിഷ്വല്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ കൊമേഷ്യല്‍ വാല്യു ഉള്ള അഭിനേതാക്കളോടൊപ്പം സഹകരിച്ചു സിനിമകള്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നല്ല സിനിമകള്‍ ചെയ്യുക എന്നതാണ്. അത്തരത്തിലുള്ള ഒരു മാറ്റമേ എന്റെ സിനിമകളിലും വന്നിട്ടുള്ളു. അല്ലാതെ സിനിമകളില്‍ ഒരിക്കലും, അതിന്റെ ഫോമിലും കണ്ടന്റിലും വിട്ടുവീഴ്ച ചെയ്യേണ്ട എന്ന് തന്നെയാണ് തീരുമാനം.
ചെറിയ ബജറ്റിലൊരുക്കിയ സിനിമയാണെങ്കില്‍, ചെയ്തിട്ട് ആരും കാണുന്നില്ല എന്ന് വന്നാല്‍ അത് പണം മുടക്കിയ വ്യക്തിക്ക് നഷ്ടമുണ്ടാക്കുവന്നതാണ്. പണം മുടക്കുന്നവര്‍ക്ക് അത് തിരിച്ച് കിട്ടണം എന്ന് തന്നെയാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ആ അടിസ്ഥാനത്തില്‍ നോക്കി കഴിഞ്ഞാല്‍ എല്ലാ സിനിമകള്‍ക്കും കച്ചവടത്തിന്റേതായ സ്വഭാവമുണ്ട്. പക്ഷെ, അതിന് വേണ്ടി നമ്മള്‍ മറ്റ് കാര്യങ്ങള്‍ ചേര്‍ക്കാതെ, അതായത് സിനിമയുടെ സ്വഭാവത്തിലോ, മേക്കിംഗിലോ ഒന്നും മാറ്റം വരുത്താതെ സിനിമ ചെയ്യുക എന്നതിലാണ് കാര്യം.
വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ തുടങ്ങിയവര്‍ സിനിമയിലുണ്ട്. ഇവരെല്ലാം ഇന്‍ഡസ്ട്രിയില്‍ തന്നെ സജീവമായിട്ട് നില്‍ക്കുന്നവരാണ്. 'സന്തോഷത്തിന്റെ ഒന്നാം രഹസ്യ'ത്തില്‍ റിമ ആയിരുന്നു. കാസ്റ്റിങ്ങില്‍ ഇപ്പോള്‍ പോപ്പുലര്‍ സിനിമകളില്‍ സജീവമായിട്ടുള്ളവരെ ഉപയോഗിക്കാം എന്ന തരത്തില്‍ ചിന്തകളുണ്ടായിട്ടുണ്ടോ? അതോ, സിനിമ ഡിമാന്റ് ചെയ്യുന്നതെന്ത് എന്നത് തന്നെയാണോ പ്രധാന ഫാക്ടര്‍..
ആദ്യ സിനിമയൊക്കെ ചെയ്യുന്ന സമയത്ത് എനിക്ക് അങ്ങനെ പോപ്പുലര്‍ സിനിമകളില്‍ വര്‍ക്ക് ചെയ്യുന്ന ആരെയും പരിചയം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ അവരുടെ അടുത്തേക്ക് ചെന്നിട്ട് നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ എനിക്ക് കുറേ വ്യാകുലതകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി സിനിമയുടെ ഷൂട്ടിംഗ് രീതി മാറ്റേണ്ടി വരുമോ എന്നിങ്ങനെയെല്ലാം, തിരക്കഥയില്‍ വരെ മാറ്റങ്ങള്‍ വരുത്തുമെന്നെല്ലാം കേട്ടിട്ടുണ്ട്. ആ ഒരു കാര്യം കൊണ്ട് ഞാന്‍ ആരുടേയും അടുത്തേക്ക് പോയിട്ടില്ല. ഇപ്പോഴും പല നടന്മാരെക്കുറിച്ചും അങ്ങനെ കേള്‍ക്കുന്നുണ്ട്. പക്ഷെ റിമ, വിനയ്, മാത്യു, നില്‍ജ എന്നിവരുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യുന്ന സമയത്ത് ഇവര്‍ ആരും അത്തരത്തിലൊരു അനാവശ്യമായ ഇടപെടലുകള്‍ ഒന്നും നടത്തിയിട്ടില്ല. ഒപ്പം അവരുടെയെല്ലാം എക്‌സ്പീരിയന്‍സുകള്‍ ഒരു മുതല്‍കൂട്ടായി വരുകയും ചെയ്തു. അതെല്ലാം, അഭിനേതാവ് എന്ന രീതിയിലുള്ള അവരുടെ എക്‌സ്പീരിയന്‍സും അതേ സമയം ഇതൊരു തട്ടുപൊളിപ്പന്‍ സിനിമ അല്ല എന്നറിഞ്ഞ്് കുറച്ച് കൂടി സീരിയസായിട്ടുള്ള ഒരു സിനിമയുടെ ഭാഗമാകാനുള്ള അവരുടെ ഒരു താത്പര്യത്തില്‍ നിന്ന് കൂടിയുണ്ടായതാണ്.
പലരോടും പല റോളുകള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും നന്നായിട്ട് വന്ന ആളുകളെയാണ് ഒടുവില്‍ ഈ സിനിമയില്‍ തെരഞ്ഞെടുത്തത്. വിനയ്യുമായിട്ട് രണ്ട് വര്‍ഷം മുന്‍പ് മുതലേ പരിചയം ഉണ്ട്. അന്നേ ഒന്നിച്ചൊരു പടം ചെയ്യണമെന്ന് ആലോചിക്കുന്നുണ്ടായിരുന്നു. വിനയ് ആ ഒരു സ്പിരിറ്റ് ഉള്ള മനുഷ്യനാണ്. വേറെ തരത്തിലുള്ള സിനിമകള്‍ ചെയ്യണം, കൂടുതല്‍ അഭിനയ സാധ്യത ഉള്ള എന്തെങ്കിലുമൊക്കെ ചെയ്യണം, വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകണം എന്നൊക്കെ ഐഡിയ ഉള്ള ആളാണ്. ഇത്തരത്തിലുള്ള വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വിനയ് ഭയങ്കര എക്‌സൈറ്റഡായി. എനിക്കറിയില്ല, മലയാളത്തില്‍ ഇപ്പോള്‍ എത്ര നടന്മാര്‍ക്ക് ആ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകുമെന്ന്. സിനിമയോട് ഒരു താത്പര്യവും കാഴ്ചപ്പാടുമെല്ലാമുള്ള ചിലര്‍ക്കേ അത് സാധിക്കു. അത് വിനയ്ക്ക് ഉണ്ട്. അതുകൊണ്ടാണ് ഒന്നിച്ച് മുന്നോട്ട് പോകാന്‍ സാധിച്ചത്. അതുപോലെ തന്നെയായിരുന്നു റിമയുടെ കാര്യവും. ബാക്കി പലരും ആ ഐഡിയയോട് പുറന്തിരിഞ്ഞാണ് നിന്നിട്ടുള്ളത്. പക്ഷെ ഈയൊരു പ്രൊജക്ടിലേക്ക് വരുമ്പോഴാണ് എല്ലാ തരത്തിലും രണ്ട് കൂട്ടരും അതിലേക്ക് ഫില്‍ ആകുന്നത്. അങ്ങനെയാണ് ഒരു കൊളാബൊറേഷന്‍ സാധ്യമാവുകയുള്ളു.
സ്വതന്ത്രസിനിമകള്‍ക്ക് മലയാളത്തില്‍ ഓഡിയന്‍സ് കൂടുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടോ? പ്രത്യേകിച്ചും ഐഎഫ്എഫ്കെയുടെയും ഒടിടിയുടെയും എല്ലാം ഇന്‍ഫ്ലൂവന്‍സില്‍....
ഞാന്‍ മനസിലാക്കുന്ന ഒരു കാര്യം മലയാളത്തിലെ സിനിമകളുടെ സ്വഭാവം മുഴുവനായി തന്നെ മാറിയിട്ടുണ്ട് എന്നാണ്. കൃഷാന്ദിന്റെ 'ആവാസവ്യൂഹം' എന്ന സിനിമ പോലൊരു സിനിമ, അതിനെ ഒരു ആര്‍ട്ട് ഹൗസ് സിനിമ എന്ന് പറയാന്‍ പറ്റില്ല. സ്വതന്ത്രമായിട്ട് നിര്‍മിച്ച ഒരു സിനിമയാണ്. എന്നാല്‍ അതേ സമയം കൊമേഷ്യല്‍ ആയിട്ടുള്ള ചേരുവകളുണ്ട്. അതിനൊരു കൊമേഷ്യല്‍ സാധ്യതകളും കൃത്യമായിട്ട് കണ്ടെത്താന്‍ കൃഷാന്ദിന് സാധിച്ചു. ആ രീതിയില്‍ സിനിമകളുടെ അതിരുകള്‍ ഇല്ലാതായിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒരു ബൈനറീസില്‍ അല്ല ഇവിടുത്തെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നുണ്ട്. പിന്നെ വേറൊരു കാര്യം, കേരളത്തില്‍ പ്രേക്ഷകന്റെ അഭിരുചികള്‍ മാറി വരുന്നുണ്ട് . പ്രത്യേകിച്ചും ഓ.ടി.ടി വന്നതോടുകൂടി ആള്‍ക്കാര്‍ കോവിഡിന്റെ ഒക്കെ ഒരു കാലഘട്ടത്തില്‍ ഒരുപാട് വിദേശ ഭാഷ സിനിമകളും മറ്റുമൊക്കെ കണ്ട് അവരുടെ ടേസ്റ്റ് ഭയങ്കര ഡ്രാസ്റ്റിക്കലി അല്ലെങ്കിലും കുറെയൊക്കെ മാറിയിട്ടുണ്ട്. ആള്‍ക്കാര്‍ കുറേ കൂടി ഓപ്പണ്‍ ആയി. പുതിയ സിനിമയിലെ ആള്‍ക്കാരൊക്കെ ലോക സിനിമയില്‍ വളരെയധികം എക്‌സ്‌പോസ്ഡ് ആണ്. അവരുടെ സിനിമയെ കുറിച്ചുള്ള ഐഡിയ തന്നെ ഒരു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് നമുക്ക് ചിന്തിക്കാന്‍ പറ്റാതിരുന്ന തരത്തിലാണ്. ആ രീതിയില്‍ ഉറപ്പായിട്ടും ഇവിടുത്തെ പ്രേക്ഷകര്‍ മാറുന്നുണ്ട്. സീരിയസായിട്ട് സിനിമയെ സമീപിക്കുന്നവര്‍ക്ക് പ്രതീക്ഷ തരുന്നതുമാണ്.
ഈ അടുത്ത് ഇന്‍ഡിപെന്‍ഡന്റ് എന്നുള്ള ആ ഒരു ടേം പ്രോബ്ലമാറ്റിക് ആയിട്ട് തോന്നിയിട്ടുണ്ട്. കേരളത്തില്‍ ഇന്‍ഡിപെന്‍ഡന്റ് എന്ന് പറയുന്നത് ഏത് തരം സിനിമ ആയിരിക്കും എന്നതിന്റെ കാര്യത്തില്‍. ഇപ്പോള്‍ ആര്‍ട്ട്ഹൗസ്, ഹൊറര്‍, കോമഡി, ഫീല്‍ ഗുഡ്, എന്നിങ്ങനെയൊക്കെ ഉണ്ട്. ഇതൊന്നും അല്ലാതെ ഇന്‍ഡിപെന്‍ഡന്റ് എന്ന് പറയുന്നത് ശരിക്കും അമേരിക്കന്‍ സ്റ്റുഡിയോസിന്റെയെല്ലാം പശ്ചാത്തലത്തിലുണ്ടായിട്ടുള്ള ഒരു പ്രയോഗമാണ്.
നമ്മള്‍ സംസാരിക്കുമ്പോള്‍ ഗോവയില്‍ ഫെസ്റ്റിവല്‍ നടക്കുകയാണ്, ഐഎഫ്എഫ്കെ നടക്കാന്‍ പോവുകയാണ്, ജൂറിയായിട്ട് കൂടി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. എങ്ങനെയാണ് മലയാളത്തിലെ ഇന്‍ഡിപെന്‍ഡന്റ് സിനിമകളുടെ വളര്‍ച്ചയെ കാണുന്നത്?
ഈ അടുത്ത് ഇന്‍ഡിപെന്‍ഡന്റ് എന്നുള്ള ആ ഒരു ടേം പ്രോബ്ലമാറ്റിക് ആയിട്ട് തോന്നിയിട്ടുണ്ട്. കേരളത്തില്‍ ഇന്‍ഡിപെന്‍ഡന്റ് എന്ന് പറയുന്നത് ഏത് തരം സിനിമ ആയിരിക്കും എന്നതിന്റെ കാര്യത്തില്‍. ഇപ്പോള്‍ ആര്‍ട്ട്ഹൗസ്, ഹൊറര്‍, കോമഡി, ഫീല്‍ ഗുഡ്, എന്നിങ്ങനെയൊക്കെ ഉണ്ട്. ഇതൊന്നും അല്ലാതെ ഇന്‍ഡിപെന്‍ഡന്റ് എന്ന് പറയുന്നത് ശരിക്കും അമേരിക്കന്‍ സ്റ്റുഡിയോസിന്റെയെല്ലാം പശ്ചാത്തലത്തിലുണ്ടായിട്ടുള്ള ഒരു പ്രയോഗമാണ്. ഇവിടെ ഒരാള്‍ ഫണ്ട് ചെയ്യുന്ന സിനിമയോ അല്ലെങ്കില്‍ പലര്‍ ചേര്‍ന്ന് ഫണ്ട് ചെയ്യുന്ന സിനിമയോ, സ്റ്റാര്‍ ഉള്ള സിനിമയോ ഇല്ലാത്ത സിനിമയോ, എന്നിങ്ങനെയൊക്കെ ഏത് അര്‍ത്ഥത്തിലാണ് ഇന്‍ഡിപെന്‍ഡന്റ് എന്ന് വിളിക്കാന്‍ പറ്റുക എന്ന് എനിക്ക് അറിയില്ല. കാരണം, അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ എടുത്ത് കഴിഞ്ഞാല്‍ മറ്റൊരാള്‍ പണം മുടക്കി മമ്മൂട്ടിയെ പോലൊരു താരം ഒക്കെ അഭിനയിച്ചിട്ടുള്ള ഒരു സിനിമ ആണെങ്കില്‍ കൂടി അത് കലാമൂല്യമുള്ള സിനിമ ആയിട്ട് തന്നെ നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആ ഒരു കാരണമുള്ളതുകൊണ്ട് ഇന്‍ഡിപെന്‍ഡന്റ് എന്നുള്ള ടേമില്‍ അല്ലാതെ ഞാന്‍ മൊത്തത്തില്‍ മലയാള സിനിമയെ കുറിച്ച് സംസാരിക്കാം. ഞാന്‍ കണ്ട എക്‌സ്പീരിയന്‍സ് വച്ചിട്ട് മനസിലാക്കുന്നത് മലയാളത്തില്‍ സിനിമകള്‍ ഉറപ്പായിട്ടും എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന സിനിമകളുടെ എണ്ണമല്ല ഇപ്പോള്‍ ഉള്ളത്. ഓരോ വര്‍ഷവും സെന്‍സര്‍ ചെയ്യപ്പെടുന്ന ഇരുന്നൂറില്‍ പരം സിനിമകളുണ്ട്. അത്രയും സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നിടത്ത് , നമുക്ക് എപ്പോഴും സത്യത്തില്‍ ഒരു വര്‍ഷം എത്ര നല്ല സിനിമകള്‍ ചെയ്യുന്നുണ്ട് എന്ന് ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്ന സിനിമകളെ ഉള്ളൂ എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഏത് ശ്രേണിയിലായാലും നല്ലതിന്റെ എണ്ണം എന്ന് പറയുന്നത്, ആ നിരക്കില്‍ വലിയ വ്യത്യാസമില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പണ്ട് വളരെ കുറച്ച് സിനിമകള്‍ മാത്രം നിര്‍മിക്കപ്പെട്ടിരുന്നത് കൊണ്ടാണ് നല്ല സിനിമകളുടെ എണ്ണം കുറഞ്ഞിരുന്നത്. ഇന്ന് ആ എണ്ണം ഒരുപാട് കൂടി. കുറേ സിനിമകള്‍ ഒരു വര്‍ഷം നിര്‍മിക്കപ്പെടുന്നിടത്ത് നല്ല സിനിമകളുടെ എണ്ണവും കൂടും. പക്ഷെ അതേ സമയം മറ്റേ സൈഡില്‍ മോശം സിനിമകളുടെ എണ്ണവും കൂടുന്നുണ്ട്.
ഇതുവരെ ചെയ്ത എല്ലാ സിനിമകളും തന്നെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രിയനന്ദനനുമായി സംസാരിച്ചപ്പോള്‍ മലയാളി ഓഡിയന്‍സ് ഫെസ്റ്റിവല്‍ സിനിമയായി കണ്ടാല്‍ പിന്നെ കേരളത്തില്‍ നമ്മളെ ഏറ്റവും മോശപ്പെട്ട ആളുകളാക്കി മാറ്റി നിര്‍ത്തുക എന്നുള്ള ഒരു കാര്യമുണ്ട് എന്ന് പറഞ്ഞിരുന്നു. ഇത്തരം സിനിമകള്‍ അങ്ങനെ വലിയ ഒരു പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട്. അത്തരത്തില്‍ തോന്നിയിട്ടുണ്ടോ?
അത് രണ്ട് സൈഡ് ഉള്ള കാര്യമാണ്. അംഗീകാരങ്ങള്‍ കിട്ടി എന്നത് കൊണ്ടുമാത്രം ഒരു സിനിമ നല്ലതാവണമെന്നില്ല. അംഗീകാരം കിട്ടുന്ന സിനിമകളില്‍ പലതും ചിലപ്പോള്‍ എന്തെങ്കിലും ഇഷ്യു അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചത് ആയതുകൊണ്ടോ, രാഷ്ട്രീയ കാരണങ്ങളുടെ പുറത്തോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഘടകങ്ങള്‍ കൊണ്ടൊക്കെയോ ആയിരിക്കും അംഗീകാരങ്ങള്‍ ലഭിക്കുന്നത്. സിനിമയെ ആസ്വദിക്കുന്നവര്‍ കണ്ടിട്ട് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാതെയോ താത്പര്യമില്ലാതെയോ പോകാനുള്ള സാധ്യത അപ്പോള്‍ കൂടുതലാണ്. സിനിമ എന്ന് പറയുന്നത് പൂര്‍ണമായും വിനോദത്തിനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. അതേ സമയം അതൊരു സിനിമ എന്ന് പറഞ്ഞാല്‍ ക്ലാസെടുപ്പ് ആകരുതെന്നും എനിക്കുണ്ട്. ആര്‍ട്ട് എന്നാല്‍ പ്രൊപ്പഗാന്റ സിനിമകള്‍ ആണെന്ന ഒരു തെറ്റിദ്ധാരണ കേരളത്തില്‍ പരക്കെയുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ പ്രേക്ഷകന്റെ ബുദ്ധിയേയും അറിവിനേയും നമ്മള്‍ മാനിക്കേണ്ടതുണ്ട്. ഇന്‍ഡിപെന്‍ഡന്റ് എന്ന ടേം ഇട്ട് വിളിക്കുന്ന പല ഫിലിം മേക്കേഴ്‌സിനും ആ ഒരു പ്രശ്‌നം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ നാല് അഞ്ച് വര്‍ഷത്തെ കണക്ക് എടുക്കുകയാണെങ്കില്‍ വേറെ ഒരു തരത്തില്‍ മാറുന്നുണ്ട്. പുതിയ ജനറേഷന്‍ ഫിലിം മേക്കേഴ്‌സ് വന്നപ്പോള്‍ കാര്യങ്ങള്‍ കുറേ കൂടി മികച്ചതാകുന്നുണ്ട്. അവര്‍ വളരെ വ്യത്യസ്തമായിട്ടുള്ള സിനിമകള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴും ചിലയിടത്ത് എങ്കിലും പ്രേക്ഷകന്റെ ബുദ്ധിയെ മാനിക്കാത്ത രീതിയിലുള്ള സിനിമകള്‍ ഉണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനുള്ള പ്രതിഫലനം എപ്പോഴും ഉണ്ടാകും. പക്ഷെ അല്ലാതെ ഇപ്പോള്‍ മലയാളത്തിലോ മറ്റേത് ഭാഷയിലോ ഉള്ള സിനിമയായാലും പ്രേക്ഷകര്‍ ഏത് വിധത്തിലും പ്രതികരിക്കാം. നല്ലതെന്ന് പറയുന്നവര്‍ ഉണ്ടാകാം, അതേ സമയം സിനിമ ഒട്ടും കണക്റ്റഡ് ആകാത്ത ആളുകളും ഉണ്ടാകാം. നമ്മള്‍ അതിനെ ഒരുപോലെ തന്നെ മനസിലാക്കേണ്ടതുള്ളു.
അംഗീകാരങ്ങള്‍ കിട്ടി എന്നത് കൊണ്ടുമാത്രം ഒരു സിനിമ നല്ലതാവണമെന്നില്ല. അംഗീകാരം കിട്ടുന്ന സിനിമകളില്‍ പലതും ചിലപ്പോള്‍ എന്തെങ്കിലും ഇഷ്യു അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചത് ആയതുകൊണ്ടോ, രാഷ്ട്രീയ കാരണങ്ങളുടെ പുറത്തോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഘടകങ്ങള്‍ കൊണ്ടൊക്കെയോ ആയിരിക്കും അംഗീകാരങ്ങള്‍ ലഭിക്കുന്നത്
ആദ്യ സിനിമയായ 'ശവം', വിത്ത്, 1956 മധ്യതിരുവിതാംകൂര്‍ ഇതിലെല്ലാം ആളുകളെ വളരെ റോ ആയി, പച്ചയായി എക്സ്പ്ലോര്‍ ചെയ്യുക എന്ന തരത്തില്‍, കഥാപാത്രങ്ങള്‍ അതേപടി ഫോളോ ചെയ്യുന്നു എന്ന തരത്തിലെല്ലാം തോന്നിയിട്ടുണ്ട്. എന്നാല്‍ സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തില്‍ കഥാപാത്രങ്ങള്‍ വരെ ലിമിറ്റഡ് ആണ്, അതുവരെ വന്ന ചിത്രങ്ങളുടെ ഒരു പാറ്റേണ്‍ ഇല്ലായിരുന്നു. 'ഫാമിലി'യിലേക്ക് വരുമ്പോള്‍ മുന്‍ ചിത്രങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണോ? അതോ പുതിയൊരു പാറ്റേണ്‍ ആണോ?
എന്നെ സംബന്ധിച്ചിടത്തോളം ഓരോ സിനിമയും വളരെ വ്യത്യസ്തമായിട്ടുള്ള തീമുകളില്‍, വ്യത്യസ്തമായ രീതിയില്‍ തന്നെയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഈ പാറ്റേണ്‍ ഉണ്ടെന്ന് തോന്നുന്നത് പുറത്ത് നിന്ന് നോക്കുന്നവര്‍ക്കാണ്. ഒന്നിന്റെ തുടര്‍ച്ചയായി മറ്റൊന്ന് ചെയ്യുക എന്ന ലക്ഷ്യം ഇല്ല. ഒരു സംവിധായകന്റെ തന്നെ സിനിമ ആകുമ്പോള്‍, അയാളുടെ തന്നെ ഐഡിയ ആകുമ്പോള്‍ അങ്ങനെ ഒരു പാറ്റേണ്‍ പുറത്ത് നിന്ന് തോന്നുന്നത് സ്വാഭാവികമാണ്. എന്നെ സംബന്ധിച്ചിടത്തോളം ബോധപൂര്‍വ്വമായി അങ്ങനെ ഒരു ശ്രമം ഒരിക്കലുമില്ല. ഓരോ സമയത്തും നമുക്ക് തോന്നുന്ന പുതിയ ഒരു ആശയത്തിന്റെ പുറത്ത് പുതിയൊരു സിനിമ എന്നുള്ള രീതിയില്‍ തന്നെയാണ് സിനിമയെ അപ്രോച്ച് ചെയ്യുന്നത്. ഓരോ തവണയും സിനിമ ചെയ്യുമ്പോള്‍ ആദ്യത്തെ സിനിമ ചെയ്യുന്നു എന്ന രീതിയില്‍ തന്നെയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്.
നില്‍ജയുമായിട്ടുള്ള ക്യുവിന്റെ ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്, ഇതുവരെ താന്‍ കാണാത്ത തരത്തിലൊരു മലയുടെ താഴെയായിരുന്നു ഷൂട്ടെന്ന്. മുന്‍ സിനിമകളിലും അത്തരം ഭൂപ്രകൃതിയാണ് കണ്ടിട്ടുള്ളത്... എന്തുകൊണ്ടാണ് അത്തരമൊരു ഭൂപ്രകൃതി സിനിമകളില്‍ ചൂസ് ചെയ്യുന്നത്..
അത് എനിക്ക് വളരെ പരിചിതമായ സ്ഥലമാണ്, ജീവിച്ച് വളര്‍ന്ന സ്ഥലമാണ്. പിന്നെ എനിക്ക് അവിടുത്തെ കാലാവസ്ഥയും ഭയങ്കര ഇഷ്ടമാണ്. അങ്ങനെ പല പല കാര്യങ്ങളാണ്. ഈ സിനിമ മറ്റ് എവിടെ വച്ച് ചെയ്താലും ശരിയാകുമെന്നും എനിക്ക് ഉറപ്പില്ല. ഇത് അവിടെ വളരെ സ്‌പെസിഫിക്കായ കമ്യൂണിറ്റിയും അവരുടെ കഥകളും ഒക്കെ പറയുന്ന തരത്തിലുള്ള കഥകളാണ്. ഓരോ സിനിമ ചെയ്യുമ്പോഴും ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുള്ള, നേരിട്ട് ഇടപഴകിയിട്ടുള്ള ആള്‍ക്കാരുടെയും സമൂഹം എന്ന നിലയില്‍ എനിക്ക് നേരിട്ട് പരിചയമുള്ള ചുറ്റുപാടുമാണ് ഞാന്‍ നോക്കിയിട്ടുള്ളത്. അത് ഇങ്ങനെ ഒരു സ്ഥലത്താണ്. ഏതെങ്കിലും ഒരു സ്ഥലം തെരഞ്ഞെടുക്കുന്നു എന്നതിനേക്കാളും ജനിച്ച് വളര്‍ന്ന സ്ഥലം ആയതുകൊണ്ടാണ് അങ്ങോട്ട് പലപ്പോഴും തിരിച്ച് പോകുന്നത്.
സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിന് ശേഷം, അതിന് ലഭിച്ച അപ്രീസിയേഷനുകള്‍ ഏതെങ്കിലും വിധത്തില്‍ ഡോണ്‍ എന്ന സംവിധായകന്റെ സ്റ്റൈലിനെ സ്വാധീനിച്ചിട്ടുണ്ടോ? കുറച്ചുകൂടി പോപ്പുലര്‍ ഓഡിയന്‍സിന് വേണ്ടി ഇനി ചെയ്യാം എന്ന തരത്തില്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ...
ഒരിക്കലും ഇല്ല. ഞാന്‍ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമയുടെ സമയത്തും പോപ്പുലര്‍ ഓഡിയന്‍സിനു വേണ്ടി ചെയ്യാം എന്ന് വിചാരിച്ച് ചെയ്തതല്ല. ആ സമയത്തെ എന്റെ ഒരു മാനസികാവസ്ഥയും അന്ന് പറയാന്‍ സാധിക്കുമായിരുന്ന തരത്തിലുള്ള പല ഘടകങ്ങള്‍ കൊണ്ടും ചെയ്ത സിനിമയാണ്. അന്ന് കൊവിഡിന്റെ ഒരു സാഹചര്യമുണ്ടായിരുന്നു. പിന്നെ പറയാന്‍ മനസില്‍ തോന്നിയ ഒരു കഥ എന്നത് ഇത്തരത്തില്‍ ഒരു കപ്പിളിന്റെ കഥയായിരുന്നു. പിന്നെ ആ അഭിനേതാക്കളുടെതായിട്ടുളള സംഭാവനകള്‍ ഒരുപാട് ഉണ്ടായിരുന്നു. അങ്ങനെ പല കാര്യങ്ങള്‍ കൊണ്ടും ഉണ്ടായി വന്ന ഒരു സിനിമയാണത്. ഓരോ സിനിമയും നമ്മള്‍ ചെയ്യുന്നതിന് മുന്‍പേ, നമുക്ക് ആ സിനിമ എങ്ങനെയായിരിക്കും ഇരിക്കുന്നതെന്ന് പൂര്‍ണമായിട്ടും അറിയില്ല. ചെയ്ത് കഴിയുമ്പോള്‍ മാത്രമേ എനിക്ക് അതിനെ കുറിച്ചൊരു പൂര്‍ണമായ വ്യക്തത ഉണ്ടാകൂ. അത് നമ്മളില്‍ കൂടെ ഉരുത്തിരിഞ്ഞ് വരികയാണ്. ആ പ്രോസസില്‍ തന്നെയാണ് അതിന്റെ ഭംഗി. അല്ലാതെ കാണികളെ മുമ്പില്‍ കണ്ടിട്ടോ, അവര്‍ക്ക് എന്തായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുക എന്നുള്ള ചിന്തയോയെല്ലാം ഏതെങ്കിലും സ്റ്റേജില്‍ വന്ന് കഴിഞ്ഞാല്‍ അത് സിനിമയെ കറപ്റ്റഡ് ആക്കുമെന്നും അതിന് വേണ്ട പൊട്ടന്‍ഷ്യല്‍ കണ്ടെത്താന്‍ നമുക്ക് കഴിയില്ല എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അപ്പോള്‍ നമ്മള്‍ ഒരു തരത്തിലുള്ള കാണിയിലേക്കും ഒരു സിനിമയെ ചുരുക്കേണ്ടതില്ല എന്നതാണ് അതിന്റെ വിശദീകരണം.
ഫാമിലി ഫെസ്റ്റിവലുകള്‍ക്ക് ശേഷമെന്നായിരിക്കും കേരളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക...
ഒത്തിരി താമസമില്ലാതെ സിനിമ റിലീസ് ചെയ്യുക എന്ന ഒരു ശ്രമമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ തന്നെ റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഒരുപാട് താമസമില്ലാതെ സിനിമ ആളുകളില്‍ എത്തിക്കണം എന്നാണ് ആഗ്രഹം. ഫെസ്റ്റിവല്‍ നടക്കുന്നത് ഫെബ്രുവരിയിലാണ്. സാധാരണ ചെയ്യുന്നതുപോലെ ഫെസ്റ്റിവലിന് ശേഷം ഒരു വര്‍ഷം ഒന്നും കാത്തിരിക്കേണ്ടി വരില്ല എന്ന് തന്നെ പ്രതീക്ഷിക്കുന്നു.