ലൈംഗിക പീഡകര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. ലോകത്തുള്ള ഒരുപാട് പേര്‍ അത്തരമാള്‍ക്കോരടൊപ്പം പ്രവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. വ്യക്തിപരമായി കൂടുതല്‍ ശക്തമായ നിയമങ്ങള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തന്റെ അഭിപ്രായത്തില്‍ ലൈംഗിക പീഡനത്തിന് വധശിക്ഷ വേണമെന്നും സെല്‍വരാഘവന്‍ പറഞ്ഞു.
സൂര്യ നായകനായ തന്റെ പുതിയ ചിത്രമായ ‘എന്‍ജികെ’യുടെ പ്രചാരണ പരിപാടികള്‍ക്കിട’ ന്യൂസ് മിനിറ്റിന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു സെല്‍വരാഘവന്റെ പ്രതികരണം. മീടൂ രാജ്യത്തെ വളരെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നാണെന്നും എല്ലാ സ്ത്രീകളും മുന്നോട്ട് വന്ന് കൂടുതല്‍ കാര്യങ്ങള്‍ പറയണമെന്നും സെല്‍വരാഘവന്‍ പറഞ്ഞു.
മീടൂ മൂവ്‌മെന്റ് വളരെ നല്ല കാര്യമാണ്. സിനിമയില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്, എല്ലാ മേഖലയിലും ഇത് നടക്കുന്നുണ്ട്. സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വന്ന് അത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നത് നല്ല കാര്യമാണ്. ഇതാണ് സമയം. ഇതുപോലെ എന്തെങ്കിലും ഒന്ന് സംഭവിക്കുമ്പോഴെല്ലാം അവര്‍ എന്തെല്ലാം കാര്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്നുവെന്നെനിക്ക് മനസിലാകും, ഭര്‍ത്താക്കന്മാരെ ഭയന്നിരിക്കാം, അല്ലെങ്കില്‍ രാഷ്ട്രീയമായി, പക്ഷേ അവര്‍ മുന്നോട്ട് വന്ന് സംസാരിക്കണം. കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണം.സെല്‍വരാഘവന്‍
പുതിയ ചിത്രമായ എന്‍ജികെയില്‍ നിന്ന് ഗാനരചയിതാവ് വൈരമുത്തുവിനെ മാറ്റിയത് മീടൂ ആരോപണവുമായി ബന്ധപ്പെട്ടല്ലെന്നും ആരോപണങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ വൈരമുത്തുവിന് പകരം മറ്റൊരാളെ ഗാനരചയിതാവാക്കി മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തന്റെ ‘മയക്കം എന്ന’ എന്ന ചിത്രത്തിലെ ‘അടിടാ അവളെ’ എന്ന ഗാനത്തിലെ വരികള്‍ സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും അതിന് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ധനുഷ് നായകനായ ചിത്രം പുറത്തിറങ്ങിയിരുന്നത്. ആ വരികളെഴുതിയത് സെല്‍വരാഘവന്റെ സഹോദരന്‍ കൂടിയായ ധനുഷായിരുന്നു.