Film News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തു നടപടിയാണ് എടുക്കുക? സര്‍ക്കാരിനോട് ഹൈക്കോടതി, റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ ഹാജരാക്കണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തു നടപടിയാണ് എടുക്കുകയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഗുരുതരമായ കുറ്റങ്ങളില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 10ന് റിപ്പോര്‍ട്ട് ഹാജരാക്കണം. കേസ് എടുക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസാണ് ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില് ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ സംസ്ഥാന വനിതാ കമ്മീഷനെയും കോടതി കക്ഷിചേര്‍ത്തു.

ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മീഷനല്ലെന്നും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൊഴി നല്‍കിയവര്‍ക്ക് മുന്നോട്ടു വരാന്‍ കഴിയാത്ത അവസ്ഥയാണ്. അവരുടെ പേരുകള്‍ പറയാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിനുമാവില്ല. പേരുകളെല്ലാം രഹസ്യമാണ്. സര്‍ക്കാരിന്റെ പക്കലും പേരുകള്‍ നല്‍കിയിട്ടില്ല. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നിയമ നടപടിയെടുക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ ധര്‍മസങ്കടം മനസിലാക്കാന്‍ സാധിക്കുമെന്നും എന്നാല്‍ മൊഴി നല്‍കിയവര്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ രഹസ്യമാക്കി വെച്ചിരിക്കുന്ന ഭാഗങ്ങളില്‍ കേസെടുക്കാന്‍ കഴിയുന്ന വസ്തുതകളുണ്ടോ എന്ന് പരിശോധിച്ച ശേഷം നടപടിയെടുക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ കഴിയില്ലേയെന്ന ചോദ്യത്തിന് പോക്‌സോയാണെങ്കില്‍ നടപടിയെടുക്കാനാകുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സെപ്റ്റംബര്‍ 10ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവുമാണ് 19-ാം തിയതി പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായി പറയുന്നത്. പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ‘തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തിൽ നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും’ പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ആരംഭിക്കുന്നത്.

സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയിൽ ആൺകോയ്മ നിലനിൽക്കുന്നു. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നു

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈം​ഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. 'നോ' പറഞ്ഞാൽ ഓക്കെ ആയ സീനുകൾ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓൺലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്.

വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT