‘സല്യൂട്ട്’ സിനിമയുടെ ഒടിടി കരാറാണ് ആദ്യം ഒപ്പുവച്ചതെന്ന് ദുൽഖർ സൽമാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫറർ ഫിലിംസ്. ദുൽഖർ സൽമാനുമായും അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ ഹൗസായ വേഫെറർ ഫിലിംസുമായും സഹകരിക്കില്ലെന്ന ഫിയോക്കിന്‍റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു വെഫറർ ഫിലിംസ്. ഒടിടിയുമായി കരാർ ഒപ്പിടുമ്പോൾ ചിത്രം ഫെബ്രുവരി 14നു മുൻപ് തിയറ്ററിൽ റിലീസ് ചെയ്യാം എന്ന ധാരണയുണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ ചില അസൗകര്യങ്ങൾ കാരണം ആ സമയത്ത് തിയറ്ററുകളിൽ റിലീസ് സാധ്യമായില്ല. മാർച്ച് 30നു മുൻപ് ചിത്രം ഒടിടിയിൽ എത്തിയില്ലെങ്കിൽ അത് കരാർ ലംഘനമാകും. അതുകൊണ്ടാണ് ഇപ്പോൾ ചിത്രം ഒടിടി റിലീസ് ചെയ്യുന്നതെന്ന് വെഫറർ ഫിലിംസിന്റെ വക്താവ് പറയുന്നു.
‘സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാർ പാലിക്കാത്തതുമാണ് ദുൽഖറിനെയും വെയ്‌ഫെറർ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രതികരണം. എന്നാൽ ഈ അവകാശവാദമാണ് വേഫറർ ഫിലിംസ് നിഷേധിക്കുന്നത്.
‘സല്യൂട്ടിന്’ ഒടിടി കരാർ ആണ് ആദ്യം ഒപ്പുവച്ചത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനും ഒടിടിയുമായി ധാരണയുണ്ടായിരുന്നു. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. എന്നാൽ മാർച്ച് 31നകമോ അതിനുമുമ്പോ ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം എത്തണമെന്ന് ഈ കരാറിൽ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ധാരണയുണ്ട്. കോവിഡ് രൂക്ഷമായതോടെ പറഞ്ഞ തിയതിൽ ചിത്രം തിയറ്ററിൽ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒടിടിയുമായി ഒരു കരാർ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് കരാർ ലംഘനമാകും.’വേഫറർ ഫിലിംസ് പറയുന്നു.
കരാറില്‍ പറഞ്ഞ കാലയളവിനുള്ളിൽ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തില്ലെങ്കിൽ ഒടിടി റിലീസിന് പോകുമെന്ന് തിയറ്റർ ഉടമകളെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും ഇവർ പറഞ്ഞു.
‘നവംബർ മുതൽ വേഫറർ ഫിലിംസ് ദുൽഖറിന്റെ കുറുപ്പ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾ തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഗുണ്ടാ ജയൻ ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്. ഒരേ സമയം രണ്ട് സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിൽ അർഥമില്ല. സല്യൂട്ട് തുടക്കത്തിൽ ഒടിടികൾക്കായി നിർമിച്ച സിനിമയാണ്. ഞങ്ങൾ ഒടിടി പ്ലാറ്റ്‌ഫോം മനസ്സിൽ വച്ച് തന്നെയാണ് ചിത്രം ഒരുക്കിയത്. ഇതിനിടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെ തന്നെ റിലീസ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കോവിഡ് സാഹചര്യമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്.’ വേഫറര്‍ ഫിലിംസ് പറഞ്ഞു.