ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ വിജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ദി കാര്‍വകാ പോഡ്കാസ്റ്റിലാണ് വിവേക് സിനിമയുടെ വിജയത്തെ കുറിച്ച് സംസാരിച്ചത്.
പ്രേക്ഷകര്‍ വിഡ്ഢികളാണെന്നും പണവും സ്റ്റാര്‍ഡവും ഉണ്ടെങ്കില്‍ ഏത് സിനിമയും വിജയിക്കുമെന്നും ഇതോടെ ബോളിവുഡ് വീണ്ടും വിശ്വസിക്കും എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്. ഹിന്ദി സിനിമ മേഖല ഒരു ഹിറ്റിന് വേണ്ടി കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രയത്‌നിക്കുകയായിരുന്നു. അവര്‍ കണ്ടന്റിന് പ്രാധാന്യം ഉള്ള സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പത്താന്‍ വിജയത്തോടെ അതിനെല്ലാം മാറ്റം വരുമെന്നും വിവേക് പറയുന്നു.
'പത്താന് ശേഷം എല്ലാവരും പഴയ സിസ്റ്റത്തിലേക്ക് തന്നെ തിരിച്ച് പോകുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം പത്താന്റെ വിജയം പഴമയുടെയും ചൂഷണത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയുമെല്ലാം വ്യവസ്ഥയുടെ വിജയമാണ്', വിവേക് അഗ്നി ഹോത്രി വ്യക്തമാക്കി.
'പത്താന്റെ പ്രമോഷനുകള്‍ ഒരു രാഷ്ട്രീയ ക്യാംപെയിനായി മാറിയിരുന്നു. ഇക്കാലത്ത് എല്ലാ സിനിമകളും രാഷ്ട്രീയ ക്യാംപെയിനാണെ'ന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം 'പത്താന്റെ വിജയിക്കാന്‍ പ്രധാന കാരണം ഷാരൂഖ് ഖാന്റെ കരിഷ്മയും ആരാധകരുമാണ്. ഷാരൂഖ് സിനിമയെ മാര്‍ക്കറ്റ് ചെയ്ത രീതിയും അതില്‍ പ്രധാനമാണ്. കൂടാതെ സിനിമ ബോയ്‌കോട്ട് ചെയ്യണം എന്ന് പറഞ്ഞവരും ആ വിജയത്തിന് കാരണക്കാരാണ്. അനാവശ്യമായി സിനിമയെ കുറിച്ച് മോശം പറഞ്ഞതും സിനിമ ബോയ്‌കോട്ട് ചെയ്യുമെന്ന് പറഞ്ഞതെല്ലാം പത്താന്റെ വിജയത്തിന് കാരണമായി' , എന്നും വിവേക് അഗ്നിഹോത്രി അഭിപ്രായപ്പെട്ടു.