Film News

തലൈവര്‍ക്ക് മേലേ തല?, നമ്പര്‍ വണ്‍ കളക്ഷനെ ചൊല്ലി ട്വിറ്ററില്‍ പോര്

THE CUE

തമിഴില്‍ ബോക്‌സ് ഓഫീസ് കളക്ഷനെ ചൊല്ലി പൊതുവേ പോരടിക്കുന്നത് വിജയ് അജിത് ഫാന്‍സുകള്‍ തമ്മിലാണ്. അല്ലെങ്കില്‍ വിജയ് സൂര്യ ഫാന്‍സ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ആരാധകരും സിനിമകളും ഈ പോരില്‍ കക്ഷി ചേരുന്ന പതിവില്ല. എന്നാല്‍ 2019 ആദ്യ പകുതി പിന്നിട്ടപ്പോള്‍ ബോക്‌സ് ഓഫീസില്‍ മുന്നിലെത്തിയത് ആര് എന്നതിനെ ചൊല്ലി തലയുടെയും തലൈവരുടെയും ആരാധകര്‍ തല്ല് തുടങ്ങിയിരിക്കുന്നു. തമിഴിലെ പ്രധാന ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റ് ആണ് ആരാധകരുടെ പോരിന് വീര്യമായത്.

സമ്മിശ്രപ്രതികരണത്തിനിടെയും രജിനികാന്ത് ചിത്രമായ പേട്ടയുടെ ബോക്സ് ഓഫീസ് നേട്ടത്തെ തമിഴകത്ത് ബഹുദൂരം പിന്നിലാക്കിയായിരുന്നു വിശ്വാസം. എന്നാല്‍ വേള്‍ഡ് വൈഡ് കളക്ഷനില്‍ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയാണ് കളക്ഷനില്‍ മുന്നിലെത്തിയത്. വിശ്വാസമാണ് ഈ വര്‍ഷം ആദ്യപകുതിയിലെത്തുമ്പോള്‍ ബോക്‌സ് ഓഫീസ് വിജയിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പോസ്റ്റ് ചെയ്തതും ഇതിന് പിന്നാലെ അജിത് ആരാധകര്‍ Viswasam1stHalf2019BOWinner എന്ന് ഹാഷ് ടാഗ് ട്രെന്‍ഡിംഗിന് ശ്രമിച്ചതുമാണ് പോരിന് തുടക്കമിട്ടത്.

തിയറ്റര്‍ കളക്ഷനില്‍ അവസാനമായി എത്തിയ വിജയ് ചിത്രമായ സര്‍ക്കാരിനെയും തമിഴകത്തിന്റെ തലയുടെ ചിത്രം പിന്നിലാക്കിയിരുന്നു. ടെലിവിഷന്‍ പ്രിമിയര്‍ റേറ്റിംഗില്‍ വിശ്വാസം ദക്ഷിണേന്ത്യയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സണ്‍ ടിവിയിലൂടെ വിശ്വാസം പ്രിമിയര്‍ സ്‌ക്രീനിംഗ് നടത്തിയപ്പോള്‍ ബാര്‍ക്ക് റേറ്റിംഗ് പ്രകാരം 1,81,43,000 ഇംപ്രഷന്‍സ് നേടി വിശ്വാസം ചാനല്‍ പ്രിമിയറില്‍ റെക്കോര്‍ഡിട്ടിരുന്നു. വിജയ് ആന്റണിയുടെ പിച്ചൈക്കാരന്‍ എന്ന സിനിമ സ്ഥാപിച്ച 1,76,96,000 എന്ന റെക്കോര്‍ഡാണ് അജിത്ത് കുമാര്‍ പിറന്നാള്‍ ദിനത്തില്‍ തകര്‍ത്തത്. ഈ റെക്കോര്‍ഡും അജിത് ഫാന്‍സ് ബോക്‌സ് ഓഫീസ് അവകാശ വാദത്തിന് ഉപയോഗിക്കുന്നുണ്ട്.

പിച്ചൈക്കാരന്‍ എന്ന സിനിമയെക്കാള്‍ കുറഞ്ഞ പ്രേക്ഷകപ്രതികരണമാണ് വിജയ് ചിത്രം സര്‍ക്കാര്‍, തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തമിഴ് പതിപ്പ് എന്നിവ നേടിയത്. മേയ്ദിനത്തില്‍ തലയുടെ പിറന്നാള്‍ ചിത്രമായി വൈകിട്ട് ആറ് മുപ്പതിനാണ് സണ്‍ ടിവി വിശ്വാസം സംപ്രേഷണം ചെയ്തത്. അവധി ദിനമെന്നത് വ്യൂവര്‍ഷിപ്പ് കുതിച്ചുയരാന്‍ ഒരു കാരണമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി രജിനികാന്ത് കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടക്കൊപ്പമാണ് അജിത്തിന്റെ വിശ്വാസം തിയറ്ററുകളിലെത്തിയത്. 130 കോടിയാണ് തമിഴ് നാട്ടില്‍ നിന്ന് മാത്രമായി സിനിമ നേടിയത്. പേട്ടയെ പിന്നിലാക്കിയ ഇനീഷ്യലും വിശ്വാസം നേടിയിരുന്നു. സിരുതൈ ശിവ എന്നറിയപ്പെടുന്ന ശിവയ്ക്കൊപ്പം അജിത്ത് തുടര്‍ച്ചയായി ചെയ്ത മൂന്നാമത്തെ സിനിമയായിരുന്നു വിശ്വാസം. വേതാളം, വിവേകം എന്നീ സിനിമകളില്‍ വിവേകം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. മോശം സിനിമയ്ക്ക് പിന്നാലെ അജിത്ത് വീണ്ടും ശിവയ്ക്ക് ഡേറ്റ് നല്‍കിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. എച്ച് വിനോദിന്റെ സംവിധാനത്തില്‍ പിങ്ക് റീമേക്ക് ആയ നീര്‍പ്പറവൈ ആണ് അജിത്തിന്റെ പുതിയ സിനിമ.

ഫിലിം പ്രമോഷന്‍ ചെയ്യാറുള്ള ട്രേഡ് അനലിസ്റ്റുകളായ രമേശ് ബാല, കൗശിക് എംഎല്‍ എന്നിവരാണ് വിശ്വാസം അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പില്‍ ഒന്നാമതെന്ന് അവകാശപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷനെന്നാണ് രമേഷ് ബാല അവകാശപ്പെട്ടത്. ആറ് മാസത്തിലെ ഉയര്‍ന്ന കളക്ഷനെന്ന് കൗശികും.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT