Film News

'വർഷങ്ങളോളം ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനെ ജനിക്കുമ്പോൾ തന്നെ കൊല്ലുകയാണിവർ' ; ഇത് നിരൂപണമല്ല, പണം സ്വരൂപണമാണെന്ന് വിഷ്ണു നാരായണൻ

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത. ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂസിനോട് പ്രതികരിച്ച് രാസ്തയുടെ ഛായാഗ്രാഹകൻ വിഷ്ണു നാരായണൻ. 'രാസ്ത' ഇറങ്ങി ആദ്യ മണിക്കൂറുകളിൽക്കുള്ളിൽ തന്നെ ഒരു 'റിവ്യൂ' എന്ന രീതിയിൽ സിനിമയെ ഇല്ലായ്മ ചെയ്യുന്ന ഒരു വീഡിയോ ഒരു വ്യക്തി ഇറക്കുകയുണ്ടായി. സിനിമോട്ടോഗ്രാഫി എന്നല്ല, ആ സിനിമയിൽ ഒന്നും തന്നെ കൊള്ളില്ല എന്നാണു അദ്ദേഹത്തിന്റെ നിഗമനം. അത് റിവ്യൂ ആയോ വിമർശനമായോ അല്ല തോന്നുന്നത്, പകരം സ്വന്തം റീച്ചിന് വേണ്ടി ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നത്തെ പരിഹസിക്കലായാണ് തോന്നിയതെന്ന് വിഷ്ണു നാരായണൻ ഫേസ്ബുക്കിൽ കുറിച്ചു. യൂട്യൂബിൽ സിനിമാ റിവ്യൂ എന്ന പേരിൽ വരുന്ന ചില വിഡിയോകൾ നിരൂപണങ്ങളല്ല, പണം സ്വരൂപിക്കൽ മാത്രമാണെന്നും വിഷ്ണു നാരായണൻ കൂട്ടിച്ചേർത്തു.

വിഷ്ണു നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

പ്രിയപ്പെട്ടവരെ,

ആരും വിമർശനത്തിനതീതരല്ല ഞാനും,

മലയാള സിനിമയിൽ എത്തിയിട്ട് 24 വർഷമായി, സ്വതന്ത്ര ഛായാഗ്രാഹകനായിട്ട്‌ 13 വർഷവും.

24 സിനിമകളോളം ചെയ്ത ഞാൻ ധാരാളം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്, അതുപോലെ തന്നെ പ്രശംസകളും.

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആയ ' രാസ്ത ' എന്ന സിനിമ ഇറങ്ങി ആദ്യ മണിക്കൂറുകളിൽക്കുള്ളിൽ തന്നെ ഒരു 'റിവ്യൂ' എന്ന രീതിയിൽ ആ സിനിമയെ ഇല്ലായ്മ ചെയ്യുന്ന ഒരു വീഡിയോ ഒരു വ്യക്തി ഇറക്കുകയുണ്ടായി. സിനിമോട്ടോഗ്രാഫി എന്നല്ല, ആ സിനിമയിൽ ഒന്നും തന്നെ കൊള്ളില്ല എന്നാണു അദ്ദേഹത്തിന്റെ നിഗമനം. ഇങ്ങനെ ആ സിനിമയെ പറയുന്നത് കാണുമ്പോൾ റിവ്യൂ ആയോ വിമർശനമായോ അല്ല തോന്നുന്നത്, പകരം സ്വന്തം റീച്ചിന് വേണ്ടി ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നത്തെ പരിഹസിക്കലായാണ് തോന്നിയത്. സിനിമ കണ്ടിറങ്ങിയ യഥാർത്ഥ പ്രേക്ഷകർ വിളിച്ചു പറഞ്ഞ അഭിപ്രായം ആണ് ആ തോന്നലിനു കാരണം.

പിന്നെ ഉള്ള ഒരു വിമർശനം, മൊബൈലിൽ ഷൂട്ട് ചെയ്തപോലെ, സൂം ചെയ്തു വെച്ചു എന്നൊക്കെയാണ്. ഇങ്ങനെ ആധികാരികമായി അങ്ങുറപ്പിക്കരുത് എന്ന് എനിക്ക് പറയാനുണ്ട്. നമുക്ക് പരിചിതമല്ലാത്ത, ഒട്ടും ഷൂട്ടിങ് ഫ്രണ്ട്‌ലി അല്ലാത്ത ഒരു സാഹചര്യത്തിൽ എങ്ങനെയൊക്കെ ഷൂട്ട് ചെയ്യാമോ അങ്ങനെയൊക്കെയാണ് ഈ സിനിമയുടെ ഷൂട്ട് ഫിനിഷ് ചെയ്തത്. Whole crew പത്ത് ഇരുപതു ദിവസം കൊടും ചൂടിലും രാത്രിയിലെ തണുപ്പിലും തന്നെയാണ് 'രാസ്ത' ഷൂട്ട്‌ ചെയ്തത്.

നമുക്കറിവില്ലാത്തതിനെ വിമർശിക്കുന്നയാൾ തീർച്ചയായും ആത്മവിമർശമനം നടത്തണം.

അതില്ലല്ലോ എനിക്കും കിട്ടണം പണം. തീർച്ചയായും ഈ പോസ്റ്റും വിൽക്കപ്പെടും, ആഘോഷിക്കപ്പെടും.

ഇനി സിനിമയിലേക്ക് വരുന്നവർക്കും ഇപ്പോൾ ഇവിടെ ഉള്ളവർക്കും വേണ്ടിത്തന്നെയാണീ പോസ്റ്റ്.

തീർച്ചയായും മോശമായത് വിമർശിക്കപ്പെടണം, വിമർശനത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാം. അതെ സമയം ഒരു ദാക്ഷിണ്യവും ഇല്ലാതെ വായിൽ തോന്നിയത് ഇങ്ങനെ പറയുന്നത് കൊണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട ഓരോരോ വ്യക്തികളും എത്രമാത്രം മാനസികമായി തളർത്തപ്പെടും, പിന്തള്ളപ്പെടും എന്ന് ഇവർ ചിന്തിക്കുന്നില്ല.

വേണ്ട , ചിന്തിക്കേണ്ട ..

വർഷങ്ങളോളം ആഗ്രഹിച്ചു കിട്ടിയ ഒരു കുഞ്ഞിനെ ജനിക്കുമ്പോൾ തന്നെ കൊല്ലുകയാണിവർ. ഇവരുടേത് സിനിമാ നിരൂപണം അല്ല, കൊല്ലലിനെ കാശാക്കിമാറ്റലാണ്. 130 രൂപ മുടക്കി ലക്ഷങ്ങൾ നേടാനുള്ള ത്വര.

നിരൂപണം അല്ല, പണം സ്വരൂപിക്കൽ മാത്രമാണ്.

എല്ലാ സിനിമകളും എല്ലാവർക്കും ഒരുപോലെ ഹൃദ്യമാവണം എന്നില്ല .

നല്ല റിവ്യൂ പറയുന്ന സിനിമ ചിലർക്ക് മോശമായേക്കാം..

ഒരു ആളുടെ അഭിപ്രായം പ്രേക്ഷക സമൂഹത്തിന്റെ മുഴുവൻ അഭിപ്രായമല്ലല്ലോ?

പ്രേക്ഷകരായ നിങ്ങളോരോരുത്തരും ഈ സിനിമ 'രാസ്ത' കാണുക, ഒന്ന് കണ്ട് വിലയിരുത്തുക , ചിന്തിക്കുക..

ഈ ചിത്രം കണ്ടവരുടെ മനസ്സൊന്നു പറയണേ...

സത്യമായ അഭിപ്രായങ്ങൾ തീർച്ചയായും തരിക ...

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശിച്ച അമിക്കസ് ക്യൂറിയുടെ കണ്മുന്നിൽ ഈ പോസ്റ്റ് എത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

വിഷ്ണു നാരായണൻ.

കഴിഞ്ഞ ദിവസം രാസ്ത സിനിമയുടെ റിവ്യൂ വീഡിയോക്ക് പിന്നാലെ യൂട്യൂബർക്ക് സംവിധായകനിൽ നിന്ന് തെറിവിളിയും വധഭീഷണിയുമെന്ന് പരാതി നൽകിയിരുന്നു. യൂട്യൂബറും പോഡ്കാസ്റ്ററുമായ ഉണ്ണി വ്ലോഗ്സിലെ ഉണ്ണിയാണ് രാസ്ത എന്ന ചിത്രത്തിന്റെ സംവിധായകൻ അനീഷ് അൻവറിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ജനുവരി അഞ്ചിന് റിലീസ് ചെയ്ത രാസ്ത എന്ന സിനിമയുടെ വീഡീയോ റിവ്യൂ തന്റെ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തതിന് പിന്നാലെ സംവിധായകൻ ഫോണിൽ വിളിച്ച് അസഭ്യപ്രയോ​ഗം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ഉണ്ണി വ്ലോ​ഗ്സിന്റെ പരാതി. ഉണ്ണിയുടെ വീഡിയോയിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തിൽ വീഡിയോ പ്രതികരണം ഉടൻ പോസ്റ്റ് ചെയ്യുമെന്നും അനീഷ് അൻവർ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

സർവൈവൽ ത്രില്ലെർ ആയി എത്തിയ ചിത്രം റുബൽ ഖാലി മരുഭൂമിയിൽ പെട്ടു പോകുന്ന നാല് പേരുടെ ദിവസങ്ങളുടെ അതിജീവനവും അവരെ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്ന ഒമാൻ പോലീസും,റെസ്ക്യൂ ടീമും മരുഭൂമിയിൽ നേരിടുന്ന വെല്ലുവിളികളും ആണ് പറയുന്നത്. ഷാഹുൽ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ചെയ്തത്. ജൂൺ എന്ന സിനിമയിലൂടെ എത്തിയ സർജനോ ഖാലിദ്, അനഘ നാരായണൻ, ടി ജി രവി, സുധീഷ്, ഇർഷാദ് അലി, ആരാധ്യ ആൻ തുടങ്ങിയവർക്ക്‌ ഒപ്പം ജിസിസിയിലെ പ്രമുഖ താരങ്ങൾ ആയ ഫക്രിയ കാമിസ്, കാമിസ് അൽ റവാഹി, പാക് താരം സമി സാരങ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിച്ചത് അലു എന്റർടൈൻമെന്റ്സിനു വേണ്ടി ലിനു ശ്രീനിവാസ് ആണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT