Film News

ആറാട്ടിനൊപ്പം ഹൃദയവും തിയേറ്ററിലുണ്ടാവും, കൊവിഡ് ഇല്ലെങ്കില്‍ 'ഹൃദയം' റെക്കോഡ് ബ്രേക്കിങ്ങ് ഹിറ്റാകുമെന്ന് നിര്‍മ്മാതാവ്

പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഹൃദയം ഫെബ്രുവരി 18 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിക്കുകയാണ്. സാധാരണ മലയാള സിനിമകള്‍ ഒടിടിയില്‍ വന്നാല്‍ പിന്നീട് തിയേറ്ററില്‍ നിന്ന് പിന്‍വലിക്കാറാണ് പതിവ്. എന്നാല്‍ ഹൃദയത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യം മറ്റൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. ഒടിടി റിലീസിനൊപ്പം തന്നെ ചിത്രം തിയേറ്ററിലും പ്രദര്‍ശനം തുടരും എന്ന കരാറിലാണ് വിശാഖ് ഹൃദയം ഹോട്ട്‌സ്റ്റാറിന് കൊടുത്തിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി കാരണം ഞായാറാഴ്ച്ചകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹൃദയം തിയേറ്ററില്‍ റിലീസിന് എത്തുന്നത്. അത്തരമൊരു തീരുമാനം താന്‍ എടുത്തത് തിയേറ്ററുകളെ പിന്തുണയ്ക്കുക എന്ന ഉദ്ദേശത്തിലാണ്. അതിനാല്‍ ലാഭം നോക്കാതെ തിയേറ്റര്‍ റിലീസ് ചെയ്ത ഹൃദയം ഒടിടി റിലീസിന് ഒപ്പം തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതില്‍ ഫിയോക്കിന്റെ തീരുമാനമെന്താണെന്ന് തനിക്ക് അറിയേണ്ടതുണ്ടെന്ന് വിശാഖ് ദ ക്യുവിനോട് പറഞ്ഞു.

വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്:

ഒടിടിയില്‍ വന്നത് കൊണ്ട് സിനിമ തിയേറ്ററില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വലിക്കില്ല. കഴിഞ്ഞ ദിവസങ്ങളിലായി വേറെയും സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടുണ്ട്. എങ്കിലും ഹൃദയം രണ്ട് ദിവസമായി ഹൗസ് ഫുള്ളാണ്. സാധാരണ തിയേറ്റര്‍ ഉടമകള്‍ ഒടിടിയില്‍ റിലീസ് ചെയ്ത സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനമാണ് എടുക്കാറ്. പക്ഷെ ഞാന്‍ ഒരു നിര്‍മ്മാതാവും ചെയ്യാത്ത കാര്യമാണ് ഹൃദയം റിലീസിന്റെ കാര്യത്തില്‍ ചെയ്തത്. മൂന്ന് ഞായറാഴ്ച്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സിനിമ തിയേറ്ററില്‍ തന്നെ ഞാന്‍ റിലീസ് ചെയ്തു. പിന്നെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകള്‍ സി കാറ്റഗറിയായി തിയേറ്റര്‍ അടച്ചപ്പോഴും ഹൃദയം പ്രദര്‍ശനം തുടരുക തന്നെ ചെയ്തു. അതുകൊണ്ടാണ് ആറാട്ട് അടക്കമുള്ള സിനിമകള്‍ തിയേറ്റര്‍ റിലീസിന് തയ്യാറായത്. തമിഴ്‌നാട്ടില്‍ അജിത്തിന്റെ വലിമൈ റിസീല് ചെയ്യാന്‍ തീരുമാനിച്ചത് ഹൃദയം ചെന്നൈയില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നത് കൊണ്ടാണ്.

ഞാന്‍ എന്റെ ഭാഗത്തുനിന്ന് തിയേറ്റര്‍ ഉടമകളെ പിന്തുണച്ചു. ഇനി ഫിയോക്കാണ് തീരുമാനിക്കേണ്ടത് അവര്‍ ഹൃദയത്തിന് വേണ്ടി അവരുടെ ബൈലോ നിയമം മാറ്റുമോ എന്നത്. കാരണം അവരുടെ തീരുമാനം പ്രധാനപ്പെട്ടതാണ്. ഞാനും വിനീതും തീരുമാനിച്ചത് കൊവിഡ് പ്രതിസന്ധിയിലും ഹൃദയം തിയേറ്ററില്‍ എത്തിക്കാനാണ്. ഞങ്ങള്‍ അന്ന് പൈസയല്ല നോക്കിയത്. സിനിമ പ്രേക്ഷകര്‍ തിയേറ്ററില്‍ കാണണം എന്നാണ്. അപ്പോള്‍ എന്തായിരിക്കും തിയേറ്റര്‍ ഉടമകളുടെ തീരുമാനം എന്ന് ഞങ്ങള്‍ക്ക് അറിയണം. അവര്‍ പിന്തുണയ്ക്കുന്നില്ലെങ്കില്‍ നമുക്ക് തീര്‍ച്ചയായും പറയാന്‍ സാധിക്കും ഒടിടിയില്‍ സിനിമ കൊടുക്കുന്നതില്‍ തെറ്റില്ലെന്ന്. ഈ സഹായം തിയേറ്ററിന്റെ ഭാഗത്തുനിന്ന് കിട്ടിയില്ലെങ്കില്‍ പിന്നെ നമുക്ക് സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നവരെ കുറ്റം പറയാന്‍ കഴിയില്ല.

'ഹൃദയം ഒടിടിയില്‍ ഡയറക്ട് റിലീസിന് വലിയൊരു തുക ഓഫര്‍ വന്നിരുന്നു. പിന്നീട് സിനിമ റിലീസ് ചെയ്ത് തിയേറ്റര്‍ അടഞ്ഞ് പോയപ്പോള്‍ രണ്ട് ആഴ്ച്ച കഴിഞ്ഞ് ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള ഓഫറും വന്നിരുന്നു. എന്നിട്ടും ഞാന്‍ കൊടുത്തില്ല. ഇനി നാലാമത്തെ ആഴ്ച്ചയായിട്ടും ഞാന്‍ സിനിമ കൊടുത്തില്ലെങ്കില്‍ പിന്നെ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒന്നും എനിക്ക് കിട്ടില്ല. സാധാരണ ഒരു മലയാളം സിനിമയ്ക്ക് കിട്ടുന്ന ഓഫറാണിത്. എന്റെ രണ്ട് വലിയ ഓഫര്‍ ഞാന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്തായാലും എന്റെ സിനിമ കളിക്കണം എന്നുള്ള തിയേറ്ററുകള്‍ക്ക് ഞാന്‍ സിനിമ കൊടുക്കും.', എന്നും വിശാഖ് പറയുന്നു.

കൊവിഡ് പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ഹൃദയം മലയാള സിനിമയുടെ റെക്കോഡ് ബ്രേക്കിങ്ങ് ഹിറ്റ് ആകുമായിരുന്നു. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള സിനിമകളില്‍ ഹൃദയം ഉണ്ട്. കേരളത്തിലും ടോപ് ലിസ്റ്റില്‍ ഉണ്ടാവുമെന്നത് ഉറപ്പാണെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ ആറാട്ടിനൊപ്പം ഹൃദയവും തിയേറ്ററില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിശാഖ് വ്യക്തമാക്കി. 'സിനിമ മേഖല ഒരു പ്രതിസന്ധിയില്‍ നിന്ന സമയത്ത് ഹൃദയം റിലീസ് ആയി. അതിന് തൊട്ട് പിന്നാലെ ലാലേട്ടന്റെ പടം വീണ്ടും വരുന്നു. അപ്പോള്‍ അച്ഛന്റെയും മകന്റെയും സിനിമ ഒരു വ്യവസായത്തെ തന്നെ തിരിച്ച് കൊണ്ടുവരുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണല്ലോ.' എന്നും വിശാഖ് വ്യക്തമാക്കി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT