വൈറസ് റിലീസ് മാറ്റിവച്ചിട്ടില്ലെന്ന് സംവിധായകന്‍ ആഷിക് അബു. കേരളത്തില്‍ നിപാ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതേ പ്രമേയം കൈകാര്യം ചെയ്യുന്ന വൈറസ് റിലീസ് മാറ്റുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. വൈറസ് സര്‍വൈവല്‍ ത്രില്ലറാണെന്ന് സൂചിപ്പിച്ചാണ് റിലീസ് മാറ്റിയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.
വൈറസ് ടീമിന്റെ വിശദീകരണം
കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്.
കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്കാരമാണ്.
വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ.