അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മനോഹരം’. ‘ഓര്‍മയുണ്ടോ ഈ മുഖം’ എന്ന ചിത്രം സംവിധാനം ചെയ്ത അന്‍വര്‍ സാദിഖ് ഒരുക്കുന്ന ചിത്രത്തില്‍ ഒരു ആര്‍ടിസ്റ്റായിട്ടാണ് വിനീത് വേഷമിടുന്നത്. ചിത്രം നാളെ റിലീസിനെത്തും.
എം മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ റിലീസ് ചെയ്തത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു വിനീത് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ റിലീസ് ചെയ്തത്. മാത്യൂ തോമസായിരുന്നു ചിത്രത്തില്‍ നായകന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് മുന്‍പ് തന്നെ വിനീത് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ആദ്യം റിലീസിനെത്തിയത് ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളായിരുന്നു. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയും 50 കോടിയിലധികം കളക്ട് ചെയ്യുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മനോഹരം നാളെ തിയ്യേറ്ററുകളിലെത്തുന്നത്.
വിനീതിന്റെ കരിയറിലെ ആദ്യ കാലങ്ങളിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഓര്‍മയുണ്ടോ ഈ മുഖം. 2014ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഏകദേശം 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. തണ്ണീര്‍ മത്തന്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു വര്‍ഷത്തിന് ശേഷം വിനീത് നായകനാകുന്ന ചിത്രം കൂടിയാണ് മനോഹരം.
ചിത്രത്തില്‍ മനു എന്നാണ് വിനീതിന്റെ കഥാപാത്രത്തിന്റെ പേര്. ഫോട്ടോഷോപ്പിന്റെയും അനുബന്ധ ഡിസൈനിങ്ങ് ആന്‍ഡ് പ്രിന്റിങ്ങ് ടെക്നോളജിയുടെ കടന്നു വരവോടെ ജോലി സാധ്യത കുറയുന്ന മനു ഫോട്ടോഷോപ്പ് പഠിക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടുത്തിയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. ഫോട്ടോഷോപ്പ് അധ്യാപികയുമായിട്ടുള്ള മനു എന്ന കഥാപാത്രത്തിന്റെ പ്രണയം കാണിക്കുന്ന ആദ്യ ഗാനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ട്രെയിലറും പാട്ടുമെല്ലാം ചിത്രത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പുതുമുഖം അപര്‍ണാ ദാസാണ് ചിത്രത്തില്‍ നായിക. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ ഇതിന് മുന്‍പ് അപര്‍ണ അഭിനയിച്ചിരുന്നു. മറ്റൊരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലുണ്ട്.
എആര്‍ റഹ്മാന്റെ ഗിറ്റാറിസ്റ്റും ഗായകനുമായ സഞ്ജീവ് തോമസാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജോ പോളാണ് വരികളെഴുതിയിരിക്കുന്നത്. ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍,ഹരീഷ് പേരടി,വി കെ പ്രകാശ്,കലാരഞ്ജിനി, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.