ഒരു അഭിനേതാവെന്ന നിലയിൽ ധ്യാനിൽ വലിയ തോതിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസൻ. തിരയിൽ നിന്നും പതിനൊന്ന് വർഷങ്ങൾക്കിപ്പുറം പുതിയ സിനിമയിലേക്കെത്തുമ്പോൾ എളുപ്പത്തിൽ കാര്യങ്ങൾ കെൊര്യം ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് ധ്യാൻ മാറിയിട്ടുണ്ട് എന്ന് വിനീത് പറയുന്നു. ക്യാമറയ്ക്ക് മുന്നിൽ നിർത്തി അവനെ ഷൂട്ട് ചെയ്യുമ്പോഴല്ല പകരം സിനിമ പ്രമോഷന് കൊണ്ടു പോകുമ്പോഴാണ് ടെൻഷൻ എന്നും ചാനലുകാരുടെയും ഓൺലൈൻ മീഡിയയുടെയും മുന്നിൽ അവൻ എന്താണ് പറയുക എന്ന് ചിന്തിക്കാനേ കഴിയില്ലെന്നും വിനീത് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിനീത് ശ്രീനിവാസൻ പറഞ്ഞത്:
അഭിനേതാവ് എന്ന നിലയിൽ ധ്യാൻ വലിയ തോതിൽ മാറിയിട്ടുണ്ട്. ‘തിര’യിൽ വരുമ്പോൾ അവൻ തീർത്തും ഒരു തുടക്കക്കാരനായിരുന്നു. ഇന്ന് കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയാൻ പഠിച്ചുകഴിഞ്ഞു. സിറ്റുവേഷൻ പറഞ്ഞുകഴിഞ്ഞാൽ അത് ഉൾക്കൊണ്ട് അവതരിപ്പിക്കാൻ അവനറിയാം. ക്യാമറയ്ക്കി മുമ്പിൽ നിർത്തി സീൻ ഷൂട്ട് ചെയ്യുമ്പോഴല്ല, അവനെയും കൂട്ടി സിനിമാപ്രമോഷന് ഇരിക്കുമ്പോഴായിരുന്നു ടെൻഷൻ. ചാനലുകാരുടെയും ഓൺലൈൻ മീഡിയയുടെയും ക്യാമറയ്ക്കുമുന്നിൽ എന്താണ് അവൻ പറയുക എന്ന് ചിന്തിക്കാനേ കഴിയില്ല. സിനിമയുടെ കഥ പറയരുത്, സർപ്രൈസുകൾ പൊളിക്കരുത്, ക്ലൈമാക്‌സ് വിശദീകരിക്കരുത് എന്നെല്ലാം പറഞ്ഞാണ് പ്രമോഷനുവേണ്ടി വിളിച്ചത്. പറയരുത് എന്ന് പറഞ്ഞതെല്ലാം ഓർത്തുപറയാൻ അവന് പ്രത്യേക കഴിവുണ്ട്.
ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം' . കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തും. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.