പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2005ൽ പുറത്തിറങ്ങിയ 'അത്ഭുതദ്വീപ്' എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. 18 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിൽ ഗിന്നസ് പക്രുവിനോടൊപ്പം ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിലെത്തും. മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചിത്രത്തിന്റെ ഭാഗമാണ്. സിജു വിൽസണുമായുള്ള അടുത്ത സിനിമക്ക് ശേഷം 2024 ൽ അത്ഭുതദ്വീപിന്റെ ചിത്രീകരണം തുടങ്ങുമെന്ന് വിനയൻ കൂട്ടിച്ചേർത്തു.
'18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും'. എന്ന ക്യാപ്ഷനൊപ്പം ഉണ്ണിമുകുന്ദന്റെയും അഭിലാഷ് പിള്ളയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിനയൻ വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
'അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സാറിൽ നിന്നും വന്നെത്തിയിരിക്കുന്നു. ഒരു പാടു സന്തോഷവും അതിലേറെ ആവേശവും.കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്. അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം' എന്ന് ഗിന്നസ് പക്രു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
2005 ൽ പുറത്തിറങ്ങിയ അത്ഭുതദ്വീപിൽ പൃഥ്വിരാജിനും ഗിന്നസ് പക്രുവിനും പുറമേ മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കല്പന, ബിന്ദു പണിക്കര്‍,പൊന്നമ്മ ബാബു, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. വിനയൻ തന്നെയായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്.