ജീവിതത്തിൽ പൊളിറ്റിക്കലി കറക്ടായാൽ എഴുത്തിലും അത് പ്രതിഫലിക്കുമെന്ന് ഗാനരചയിതാവ് വിനായക് ശശികുമാർ. പാട്ടെഴുതുമ്പോഴോ മറ്റേതെങ്കിലും കലാപരമായ കാര്യങ്ങൾ ചെയ്യുമ്പോഴോ പൊളിറ്റക്കൽ കറക്‌ടനസിനെക്കുറിച്ച് ചിന്തിച്ചാൽ അത് ക്രിയേറ്റിവിറ്റിയെ സാരമായി ബാധിച്ചെന്ന് വരുമെന്നും എന്നാൽ ജീവിതത്തിൽ പൊളിറ്റിക്കലി കറക്ടാവാൻ ശ്രമിച്ചാൽ അത് താനേ എഴുത്തിൽ പ്രതിഫലിക്കുമെന്നും ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ വിനായക് ശശികുമാർ പറഞ്ഞു.
വിനായക് ശശികുമാർ പറഞ്ഞത്:
കാലഘട്ടം മാറുമ്പോൾ എല്ലാത്തിലും മാറ്റമുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഒരു കാലത്തെ പാട്ടുകളിൽ പ്രകടമായ സ്‌ത്രീ വിരുദ്ധമായ, പൊളിറ്റിക്കലി ഇൻകറക്‌ട് ആയ പരാമർശങ്ങളൊന്നും ഇപ്പോഴത്തെ പാട്ടുകളിൽ വരാറില്ല. ചിലപ്പോൾ പണ്ടത്തെ കാലത്ത് കുറച്ച് സ്‌ത്രീ വിരുദ്ധത ഇരുന്നോട്ടെ എന്ന് കരുതി ഇതൊന്നും മനഃപൂർവം എഴുതിയതാവണം എന്നില്ല. അന്ന് ശരിയാണെന്ന് കരുതി ആയിരിക്കാം ഇതൊക്കെ എഴുതിയതും. എന്നാൽ ഇന്ന് ശരി മാറി. അത് നമ്മൾ സ്വയം പുതുക്കുന്നതിന്റെ ഭാഗം കൂടിയണ്. ഇത് സിനിമകളിലും പാട്ടുകളിലുമൊക്കെ പ്രതിഫലിക്കുകയും ചെയ്യും. ഇല്ലെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ ആളുകളുണ്ടാവുകയും ചെയ്യും. ജയ ജയ ഹേയും, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെയുമുള്ള സിനിമകൾ ഇപ്പോഴാണ് സംഭവിച്ചത്. 90കളിലൊന്നും അത് സംഭവിക്കണമെന്നില്ല.
ജയ ജയ ഹേയിലെ പാട്ടെഴുതുമ്പോൾ ഞാൻ ആലോചിച്ചുട്ടുണ്ട്, ‘ആണല്ല പെണ്ണല്ല, അടിപൊളി വേഷം’ പോലെയുള്ള വരികളുടെ അർത്ഥമെന്തെന്ന്. പിന്നെ ‘പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന’ എന്ന പാട്ടിൽ സ്‌ത്രീകളെ വിശേഷിപ്പിക്കുന്നത് ദാസി, മന്ത്രി എന്നൊക്കെയാണ്. അന്നത് നല്ല രീതിയിൽ വിശേഷിപ്പിച്ചതാവാം. അദ്ദേഹം മനഃപൂർവം തെറ്റെഴുതിയതായിരിക്കില്ല. പക്ഷേ ഇന്ന് ഭാര്യ എന്ന നിർവചനം പണ്ടത്തേതു പോലെയല്ല, അതാണ് ശരിയും. അതുകൊണ്ടാണ് ജയ ജയ ഹേയിലെ ‘ദാസീ മന്ത്രീ ഭാര്യേ സഹോദരീ, വീടിന് ഐശ്വര്യം നീയേ നീയേ’ എന്നെഴുതുമ്പോൾ അത് സർക്കാസം ആവുന്നത്.
നമ്മൾ പാട്ടെഴുതുമ്പോഴോ മറ്റേതെങ്കിലും കലാപരമായ കാര്യങ്ങൾ ചെയ്യുമ്പോഴോ ഈ പൊളിറ്റക്കൽ കറക്‌ടനസിനെക്കുറിച്ച് ചിന്തിച്ചാൽ അത് നമ്മുടെ ക്രിയേറ്റിവിറ്റിയെ ബാധിച്ചെന്ന് വരും. അതിന് പകരം ജീവിതത്തിൽ പൊളിറ്റിക്കലി കറക്‌ട് ആവുകയാണ് വേണ്ടത്. അപ്പോൾ സ്വാഭാവികമായും നമ്മുടെ എഴുത്തും അങ്ങനെ ആയിക്കോളും. അതായത് ആരെയും വേദനപ്പിക്കാൻ പാടില്ല എന്ന ചിന്തയും ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ ഒന്നും പറയാൻ പാടില്ല എന്നൊക്കെയുള്ള ബോധമുണ്ടല്ലോ അതാണ് ഇവിടെ ആവശ്യം. എന്നാൽപ്പോലും നമ്മുടെ വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും സിനിമയിൽ നിന്നുമൊക്കെ ശരിയല്ലാത്ത കാര്യങ്ങൾ കണ്ട് വളർന്നതിന്റെ സ്വാധീനത്തിൽ അറിയാതെ നമുക്ക് തെറ്റ് പറ്റിയെന്ന് വരാം. അപ്പോൾ അത് തെറ്റാണെന്ന് മനസ്സിലാക്കുക, അതാണ് ഇപ്പോഴത്തെ മാറ്റം. പിന്നെ രാഷ്ട്രീയം സംസാരിക്കുന്ന പാട്ടുകളെഴുതുമ്പോൾ എപ്പോഴും സന്തോഷമാണ്. ജയ ജയ ജയ ഹേയിലെ പാട്ടൊക്കെ അത്തരത്തിലുള്ളതാണ്. പറയണമെന്ന് മനസിലുണ്ടായിരുന്ന കാര്യങ്ങളൊക്കെ അതിലൂടെ പറയാൻ പറ്റി.വിനായക് ശശികുമാർ പറഞ്ഞു.