2019 മേയ് മാസത്തില്‍ തമിഴ്നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന്‍ വാണിജ്യമൂല്യം അനുസരിച്ച് സൂപ്പര്‍താരങ്ങളെ തരംതിരിച്ചപ്പോള്‍ ഒന്നാം നിരയിലോ രണ്ടാം നിരയിലോ ഇടംപിടിക്കാത്ത താരമായിരുന്നു കമല്‍ഹാസന്‍. ഒന്നാം നിരയിലുള്ള താരങ്ങള്‍ക്ക് കൂടുതല്‍ തുക തിയറ്റര്‍ അഡ്വാന്‍സും കൂടുതല്‍ റിലീസിംഗ് സെന്ററുകളും അനുവദിക്കാനായിരുന്നു അന്നത്തെ തീരുമാനം.
രജിനികാന്ത്, അജിത്, വിജയ് എന്നിവര്‍ ഒന്നാം നിരയില്‍ ഇടം നേടിയപ്പോള്‍ ജയം രവി, ധനുഷ്, വിജയ് സേതുപതി,സിമ്പു, ശിവകാര്‍ത്തികേയന്‍, എന്നിവര്‍ക്കൊപ്പം സൂര്യ രണ്ടാം നിരയിലേക്ക് തള്ളപ്പെട്ടു.മൂന്നാം നിരയിലായിരുന്നു കമല്‍ഹാസന്‍. ടയര്‍ വണ്‍ കാറ്റഗറിയിലെ താരങ്ങള്‍ക്ക് കളക്ഷനില്‍ നിന്ന് 60 ശതമാനം തിയറ്റര്‍ ഷെയറും, ബി, സി ക്ലാസ് തിയറ്ററുകളില്‍ നിന്ന് 65 ശതമാനം ഷെയറും നല്‍കാനായിരുന്നു അന്ന് തിയറ്ററുടമകള്‍ ഉണ്ടാക്കിയ വ്യവസ്ഥ. നിര്‍മ്മാതാക്കളെയോ മുന്‍നിര സംവിധായകരെയോ കൃത്യമായി കിട്ടാതെ ബോക്സ് ഓഫീസില്‍ തുടര്‍ച്ചയായി സിനിമകള്‍ തകര്‍ന്നടിയുന്നിടത്ത് നിന്ന് കമല്‍ഹാസന്‍ എന്ന നടന്റെയും താരത്തിന്റെയും ഉയിര്‍പ്പായി മാറിയിരിക്കുകയാണ് വിക്രം.
തമിഴ്നാട്ടില്‍ നിന്ന് പത്ത് ദിവസം കൊണ്ട് വിക്രം നേടിയത് 130 കോടി രൂപയാണ്. ആഗോള കളക്ഷനില്‍ വിക്രം പത്ത് ദിവസം കൊണ്ട് 320 കോടി പിന്നിട്ടു. കേരളത്തില്‍ നിന്ന് മാത്രം വിക്രം 33 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
ജിസിസി രാജ്യങ്ങളില്‍ നിന്ന് ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനും വിക്രമിനാണ്. 33.9 കോടി രൂപ. രജനീകാന്ത് -ഷങ്കര്‍ കൂട്ടുകെട്ടിലെത്തിയ എന്തിരന്‍ രണ്ടാം ഭാഗം 2.0 എന്ന ചിത്രത്തെയാണ് വിക്രം പിന്നിലാക്കിയത്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ തമിഴ് നാട്ടിലെ ലൈഫ് ടൈം കളക്ഷനെ വിക്രം പിന്നിലാക്കുമെന്നാണ് അറിയുന്നത്. 155 കോടിയാണ് രാജമൗലി ചിത്രം ബാഹുബലി സെക്കന്‍ഡ് തമിഴ്നാട്ടില്‍ നിന്ന് ആകെ സ്വന്തമാക്കിയത്. വിക്രം വിജയാഘോഷത്തിന്റെ ഭാഗമായി കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രജനികാന്ത്, വിജയ്, അജിത്ത് എന്നീ ഒന്നാം നിര സൂപ്പര്‍താരങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെയും പിന്നിലാക്കിയാണ് കമലിന്റെ പടയോട്ടം. ലോകേഷ് കനകരാജിലൂടെ തമിഴ്നാട് ബോക്സ് ഓഫീസിന്റെ മുന്‍നിരയിലേക്ക് കൂടി മടങ്ങിയെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും കമലിനൊപ്പം പ്രധാന റോളിലെത്തിയ ചിത്രമാണ് വിക്രം. വിക്രം രണ്ട്, മൂന്ന് ഭാഗങ്ങള്‍ കൂടി ഉണ്ടാകുമെന്ന് ലോകേഷ് അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.