സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യ കാരണം ജയറാമാണെന്ന് വിജയ് സേതുപതി. ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാനായി ജയറാം വിളിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. പിന്നീട് കഥ കേട്ടപ്പോള്‍ വളരെ രസകരമായി തോന്നി, സിനിമയിലെ പ്രണയം തിരക്കഥയില്‍ മനസിലാക്കാന്‍ കഴിയുമായിരുന്നുവെന്നും സേതുപതി പറഞ്ഞു.
‘മനോരമ ഓണ്‍ലൈന്’ വേണ്ടി ജയറാമുമായി നടത്തിയ അഭിമുഖത്തിലാണ് സേതുപതി ആദ്യ മലയാള ചിത്രത്തെ കുറിച്ച് പറഞ്ഞത്. സിനിമയില്‍ വരാന്‍ ശ്രമിക്കുന്ന കാലത്ത് തന്നെ മലയാള ചിത്രങ്ങള്‍ കാണാറുള്ളതിനെക്കുറിച്ചും സേതുപതി സംസാരിച്ചു.
സിനിമയില്‍ വരാന്‍ ശ്രമിക്കുന്ന സമയത്ത് പലരും വിദേശ സിനിമകള്‍ വാങ്ങുമായിരുന്നു. എന്നാല്‍ സബ്‌ടൈറ്റിലുകള്‍ മനസിലാക്കാന്‍ എനിക്ക് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് മനസിലാകുന്ന ഭാഷ മലയാളം ആയതിനാല്‍ മലയാളം ചിത്രങ്ങള്‍ വാങ്ങുമായിരുന്നു. തമിഴില്‍ പഴയ എംജിആര്‍, ശിവാജി സര്‍ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടി സാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും ചിത്രങ്ങള്‍ വാങ്ങി കാണുമായിരുന്നു, ഭരതന്‍ സര്‍, കമല്‍ സര്‍ , സത്യന്‍ അന്തിക്കാട് സര്‍ എന്നിങ്ങനെ സംവിധായകരുടെ പേരു പറഞ്ഞു വരെ സിനിമകള്‍ വാങ്ങുമായിരുന്നു. വിജയ് സേതുപതി
താന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായത് കൊണ്ട് തന്നെ ഈ അനുഭവം കുറെ നാള്‍ തനിക്കൊപ്പമുണ്ടാവുമെന്നും സേതുപതി പറഞ്ഞു. ജയറാം നായകനാകുന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള റോളിലാണ് സേതുപതി. മത്തായി എന്ന സെക്യുരിറ്റി ജീവനക്കാരന്റെ റോളിലാണ് ജയറാം. സ്വന്തം പേരില്‍ തന്നെയാണ് സേതുപതിയുടെ കഥാപാത്രം.
മുന്‍നിര മ്യൂസിക് ലേബലായ സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ഫിലിം ബാനറില്‍ നിര്‍മ്മാണ വിതരണ രംഗത്ത് പ്രവേശിക്കുന്ന ചിത്രവുമാണ് മാര്‍ക്കോണി മത്തായി. ആത്മീയയാണ് നായിക. ജോസഫില്‍ ജോജുവിന്റെ നായികയായിരുന്നു ആത്മീയ. രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ് തിരക്കഥ. ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.