വിജയ് സേതുപതി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം മാര്‍ക്കോണി മത്തായി ജൂലൈ പന്ത്രണ്ടിന് തിയറ്ററുകളിലെത്തുകയാണ. ജയറാം നായകനാകുന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള റോളിലാണ് സേതുപതി. മത്തായി എന്ന സെക്യുരിറ്റി ജീവനക്കാരന്റെ റോളിലാണ് ജയറാം. സ്വന്തം പേരില്‍ തന്നെയാണ് സേതുപതിയുടെ കഥാപാത്രം.
മുന്‍നിര മ്യൂസിക് ലേബലായ സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ഫിലിം ബാനറില്‍ നിര്‍മ്മാണ വിതരണ രംഗത്ത് പ്രവേശിക്കുന്ന ചിത്രവുമാണ് മാര്‍ക്കോണി മത്തായി. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആത്മീയയാണ് നായിക. ജോസഫില്‍ ജോജുവിന്റെ നായികയായിരുന്നു ആത്മീയ. രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ് തിരക്കഥ. ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സൗഹൃദവും സിനിമയുടെ പ്രമേയത്തോടുള്ള ഇഷ്ടവുമാണ് വിജയ് സേതുപതിയെ ചിത്രത്തിന്റെ ഭാഗമാക്കിയതെന്ന് ജയറാം ദ ക്യൂവിനോട് പറഞ്ഞു. കമല്‍ഹാസനും വിജയ് സേതുപതിയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടാവും നമ്മള്‍ വിളിക്കുമ്പോള്‍ വരുന്നത്. മാര്‍ക്കോണി മത്തായിയുടെ നിര്‍മ്മാതാവും സംവിധായകനും ഈ കഥാപാത്രം ചെയ്യാന്‍ വിജയ് സേതുപതിയെ പോലെ ഒരാളെ കിട്ടിയാല്‍ കഥാപാത്രം ഭംഗിയാകുമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിക്കാം വിജയ് സേതുപതിയോട് എന്ന് പറഞ്ഞു. അദ്ദേഹത്തിന് ഫോണ്‍ ചെയ്തപ്പോള്‍ കഥ ഫോണില്‍ കൂടെ പറയാന്‍ പറഞ്ഞു. കഥ ഫോണില്‍ കേട്ടപ്പോള്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞു. ബ്രില്യന്റ് ആക്ടറാണ് വിജയ് സേതുപതിയെന്നും ജയറാം.