വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറഞ്ഞ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാനമാണെന്നും സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു.
രണ്ടു പേരുടെ രാജിയില്‍ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തുകയും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സതീശന്‍ ഓര്‍മിപ്പിച്ചു.
ബംഗാളി നടിയും ഇടതുപക്ഷ ആക്ടിവിസ്റ്റുമായ ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്ത് രാജിവെച്ചത്. യുവനടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖും രാജി വെച്ചു. രഞ്ജിത്ത് സ്വമേധയാ രാജി നല്‍കുകയായിരുന്നെന്നും സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടില്ലെന്നുമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
സജി ചെറിയാന‍് ഇന്ന് പറഞ്ഞത്
സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്. കഴിഞ്ഞ ദിവസം തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചത് വേദനയുണ്ടാക്കി. മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടക്കം അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ താമസിക്കുന്ന ഏക പുരുഷനാണ് ഞാന്‍. സ്ത്രീകള്‍ക്ക് എതിരായ ഏത് നീക്കത്തേയും ശക്തമായി ചെറുക്കുന്ന ആളാണ്.