മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലെത്തുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ടീസർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ വല്യേട്ടൻ മലയാളത്തിലെ മാസ്സ് സിനിമകളിൽ തന്നെ പ്രാധാന്യം ഏറെയുള്ള ചിത്രമാണ്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വല്യേട്ടനെ വെള്ളിത്തിരയിൽ തിരിച്ചെത്തിക്കുന്നത്.
2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനിൽ എത്തിയത്. 24 വർഷങ്ങൾക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് വീണ്ടും ‘വല്യേട്ടൻ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ മലയാള സിനിമ പ്രേമികൾക്ക് അത് ഗൃഹാതുരത്വമുണർത്തുന്നതുമായ അനുഭവം കൂടിയാവുമെന്ന് തീർച്ചയാണ്. ആവേശമേറിയ കഥയും, ശ്രദ്ധേയമായ പ്രകടനങ്ങൾക്കുമൊപ്പം ആരാധകർ ഏറ്റുപാടിയ ഗാനങ്ങളുമായിരുന്നു ചിത്രത്തിന്റെ സക്സസ്സ് ഫോർമുല.
മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ വീണ്ടും തിയേറ്ററുകളിൽ കാണുവാനുള്ള ഒരു അവസരം കൂടിയാണ് പ്രേക്ഷകർക്ക് ഇത്.
വൻവിജയമായി മാറിയ പൊന്നിയിൻ സെൽവൻ, ബർഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ രവി വർമ്മൻ ഛായാഗ്രഹണം നിർവഹിച്ച മലയാള ചിത്രം കൂടിയാണ് ‘വല്യേട്ടൻ’. നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ആഖ്യാനത്തിൻ്റെ വൈകാരിക വ്യാപ്തിയും തീവ്രതയും വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് നിർണായകമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനും കലാസംവിധാനം നിർവഹിച്ചത് ബോബനുമാണ്.
അറക്കൽ മാധവനുണ്ണിയുടെ മാസ്സ് രംഗങ്ങൾ 4K ശബ്ദസംവിധാനത്തിൽ തിരിച്ചെത്തുമ്പോൾ ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആർ രാജകൃഷ്ണൻ, ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.