Film News

'തനിക്ക് സംഭവിക്കാത്തതുകൊണ്ട് പ്രതികരിക്കില്ലെന്നു പറയരുത്, അമ്മ സംഘടന ശക്തമായ നിലപാടെടുക്കണം': ഉര്‍വശി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയില്‍ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ഉര്‍വശി. അമ്മ സംഘടന ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കണമെന്ന് നടി പറഞ്ഞു. തനിക്ക് സംഭവിക്കാത്തത് കൊണ്ട് താന്‍ പ്രതികരിക്കില്ല എന്ന മനോഭാവം ഉണ്ടാവരുത്. ഈ വിഷയങ്ങളില്‍ ആദ്യം തീരുമാനമുണ്ടാവേണ്ടത് അമ്മ സംഘടനയില്‍ നിന്ന് തന്നെയാണ്. ഒരു സ്ത്രീ തന്റെ നാണവും ലജ്ജയും വിഷമവും മറന്ന് ഒരു കമ്മിറ്റിയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടിന് വലിയ വില കൊടുക്കണം. താന്‍ എന്നും ബുദ്ധിമുട്ടുകള്‍ നേരിട്ട സ്ത്രീകള്‍ക്കൊപ്പമുണ്ടാകുമെന്ന് മാധ്യമങ്ങളോട് നടി പറഞ്ഞു.

ഉര്‍വശി പറഞ്ഞത്:

സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത് ഇദ്ദേഹം ഇന്ത്യയിലെ വലിയൊരു സംവിധായകനാണെന്നും അതുകൊണ്ട് വെറുതെ ഒരു ആരോപണമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നുമാണ്. ആരോപണങ്ങള്‍ എന്ത് തന്നെ വന്നാലും ഈ സ്ത്രീകളുടെ കാര്യത്തില്‍ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിത്. അവരുടെ നിലപാടുകളാണ് ഒഴുകിയും തെന്നിയും മാറിക്കൊണ്ടിരിക്കുന്നത്. 'ആലോചിക്കാം, വസ്തുതകളെ പഠിച്ചിട്ട് ചിന്തിക്കാം' എന്നൊന്നുമല്ലാതെ വളരെ ശക്തമായി ഒന്നിച്ച് നിലകൊള്ളാം. സ്ത്രീകള്‍ ഈ പറയുന്ന ആരോപണങ്ങള്‍ സിനിമയിലുള്ള പുരുഷന്മാരെ ആണെന്ന് ഓര്‍ക്കണം. സിനിമയുടെ എല്ലാ മേഖലയിലുമുള്ള പുരുഷന്‍മാര്‍ക്കാണ് ഇത് അപമാനമാവുന്നത്.

എന്നെപ്പോലെ സിനിമയാണ് ഉപജീവനം എന്ന് കരുതുന്ന എത്രയോ പേര്‍ ഇവിടെയുണ്ട്. നമ്മളെക്കുറിച്ച് പുറത്തുള്ള ആളുകള്‍, ഇത്രയും കാലം ഇങ്ങനെയുള്ള പുരുഷന്മാരോടൊപ്പമാണ് ഇവര്‍ ജോലി ചെയ്തതെന്ന് ധരിക്കുന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമല്ലേ? അങ്ങനെയല്ല സിനിമ. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ അന്തസ്സോടെ പുരുഷനും സ്ത്രീയും ഒരുമിച്ച് നിന്നാണ് സിനിമയുണ്ടാകുന്നത്. എല്ലാ മേഖലയിലും ഉള്ളത് പോലെ ഇവിടെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനം സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകണം. ആദ്യം തീരുമാനം ഉണ്ടാകേണ്ടത് അമ്മ സംഘടനയില്‍ നിന്നാണ്.

തനിക്ക് സംഭവിക്കാത്തത് കൊണ്ട് പ്രതികരിക്കില്ല എന്നല്ല പറയേണ്ടത്. സമൂഹത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കാന്‍ കഴിയുന്ന വിഷയം ആണിത്. ഒരന്യ ഭാഷയിലെ നടിയാണ് ആരോപണം നടത്തിയിട്ടുള്ളത്. അവര്‍ എന്തായിരിക്കും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാകുക. ഇപ്പോള്‍ പാന്‍ ഇന്ത്യ ആണുള്ളത്. ഇനി ഈ വിഷയം മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരും. അമ്മ സംഘടന വളരെ ശക്തമായ ഒരു നിലപാടാണ് എടുക്കേണ്ടത്. സിദ്ദീഖ് പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. ആദ്യത്തെ പ്രതികരണം എന്ന നിലയില്‍ അദ്ദേഹത്തിന് അത്രയേ പറയാന്‍ കഴിഞ്ഞുള്ളു. പക്ഷെ ഇനിയങ്ങോട്ട് ഒഴിവു കഴിവ് പറഞ്ഞ് മുന്നോട്ട് പോകാനാകില്ല. ഒരു സ്ത്രീ തന്റെ നാണവും ലജ്ജയും വിഷമവും മറന്ന് ഒരു കമ്മിറ്റിയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടിന് വലിയ വില കൊടുക്കണം. ചുമ്മാ ആരുടെയെങ്കിലും വൈരാഗ്യം തീര്‍ക്കാന്‍ പറയുന്നതാണെങ്കില്‍ പ്രസ്സ്മീറ്റില്‍ പറഞ്ഞാ പോരെ. ആ സ്ത്രീകളുടെ ഒപ്പം എന്നും ഉണ്ടാകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT