പുറമെ ഗൗരവക്കാരൻ എന്ന അഭിപ്രായമുള്ള മമ്മൂട്ടിയുടെ ഉള്ളിൽ തമാശ പറയുന്ന ഒരു കുട്ടിയുണ്ടെന്ന് നടി ഉർവശി. ഉള്ളിൽ നർമ്മബോധമുള്ള തന്റെ പല സഹപ്രവർത്തകർക്കും അത് പുറത്തേക്ക് പ്രകടിപ്പിക്കാൻ കഴിയാറില്ല. അതിന് താൻ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണമാണ് മമ്മൂട്ടി. തമാശ കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുള്ള നടനാണ് മമ്മൂക്ക. രാജമാണിക്യവും തുറുപ്പുഗുലാനും പോലുള്ള കോമഡി വേഷങ്ങൾ ചെയ്തിട്ടുള്ള ആളുമാണ് അദ്ദേഹം. ഗൗരവക്കാരൻ എന്ന അഭിപ്രായം മമ്മൂക്കയ്ക്ക് മാറ്റിയെടുത്തുകൂടെ എന്ന് താൻ ആലോചിക്കാറുണ്ടെന്ന് ഉർവശി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ഉർവശിക്ക് ലഭിച്ചിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ് ലഭിച്ചത്.
ഉർവശി പറഞ്ഞത്:
ഉള്ളിൽ വളരെ നർമ ബോധവും ലാളിത്യവും ഉള്ള എന്റെ സഹ പ്രവർത്തകർക്ക് പോലും പലപ്പോഴും അത് പൊതുവായി പ്രകടിപ്പിക്കാൻ കഴിയാറില്ല. അതിനു ഉദാഹരണമാണ് മമ്മൂക്ക. മമ്മൂക്കയുടെ ഉള്ളിൽ ഇപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ട്. ഒപ്പം പ്രവർത്തിച്ച് അനുഭവമുള്ള കാര്യമാണത്. കോമഡി കഥാപാത്രങ്ങൾ ചെയ്യാനാണ് മമ്മൂക്കയ്ക്ക് ഏറ്റവും ഇഷ്ടം. ബാക്കി ചെയ്യുന്നതെല്ലാം ഒരു ബാലൻസ് ചെയ്യലാണ്.
കൊവിഡിനിടയിൽ ആദ്യമായി ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്യുന്ന സമയത്ത് ഒരു സംഭവമുണ്ടായിരുന്നു. മൂക്കുത്തി അമ്മൻ, സുരറൈ പോട്രു എന്നീ ചിത്രങ്ങളാണ് എന്റേതായി റിലീസ് ചെയ്തിരുന്നത്. പിന്നീട് ഒരു ആന്തോളജിയും റിലീസ് ചെയ്തിരുന്നു. മൂക്കുത്തി അമ്മൻ സിനിമ കണ്ടിട്ടാണ് മമ്മൂക്ക എന്നെ കോവിഡ് സമയത്ത് വിളിക്കുന്നത്. ആ തമാശപ്പടം കണ്ട അഭിപ്രായമാണ് എന്നോട് പറഞ്ഞത്. സുരറൈ പോട്രിനെ കുറിച്ചല്ല സംസാരിച്ചത്. ആ മനസ്സൊന്ന് ആലോചിച്ച് നോക്കൂ.
മമ്മൂക്ക ഒരുപാടു ഹ്യൂമർ വേഷങ്ങളും ചെയ്തിട്ടുണ്ട്. രാജ്യമാണിക്യവും തുറുപ്പുഗുലാനും ഒന്ന് ആലോചിച്ചു നോക്കൂ. അതെല്ലാം ആഗ്രഹിച്ചു ചെയ്യുന്നതാണ്. മമ്മൂക്കയുടെ ഉള്ളിൽ നല്ല താളബോധവും സംഗീതവുമുണ്ട്. പക്ഷെ താനിത് ചെയ്‌താൽ ശരിയാകുമോ എന്ന തോന്നലാണ് പലതിൽ നിന്നും മമ്മൂക്കയെ പിന്തിരിപ്പിക്കുന്നത്. സ്വാതന്ത്രമുള്ളവരെ കണ്ടാൽ മമ്മൂക്ക ഒരുപാട് തമാശകളൊക്കെ പറയും. പൊതുവെ ഗൗരവക്കാരൻ എന്ന അഭിപ്രായം അദ്ദേഹത്തിന് മാറ്റിയെടുത്തുകൂടെ എന്ന് ഞാൻ ആലോചിക്കും.