തിയറ്ററുകളിൽ നിറഞ്ഞോടുന്ന മഞ്ഞുമൽ ബോയ്സിന് അഭിനന്ദനവുമായി തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ. ജാൻ-എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമൽ ബോയ്സ്. മഞ്ഞുമൽ ബോയ്സ് കണ്ടു ജസ്റ്റ് വൗവ് എന്നാണ് ഉദയനിധി എക്സിൽ എഴുതിയത്. ഒരിക്കലും ഈ ചിത്രം മിസ്സാക്കരുത് എന്ന് പറഞ്ഞ ഉദയനിധി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമായ മഞ്ഞുമൽ ബോയ്സ് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസിന് ശേഷമെത്തിയ ആദ്യ ഞായര്‍ ദിവസത്തിലും ചിത്രം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് റിപ്പോർട്ടുകൾ. സാക്‌നില്‍ക് ഡോട്ട് കോമിന്റെ കണക്കുകള്‍ പ്രകാരം റിലീസ് ദിനത്തില്‍ അല്ലാതെ ഒരു മലയാള ചിത്രം ഒരു ദിനത്തില്‍ നേടുന്ന മികച്ച കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടി. ബോക്സ് ഓഫീസ് ട്രാക്കറിന്‍റെ കണക്ക് പ്രകാരം ആഭ്യന്തര ബോക്സ് ഓഫീസിൽ ഞായറാഴ്ച ദിവസം 4.70 കോടി രൂപയാണ് മഞ്ഞുമൽ നേടിയത്.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.