മുംബൈ ആഡംബര കപ്പലിലെ ലഹരി മരുന്ന റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് കഴിഞ്ഞ ദിവസമാണ് എന്‍സിബി അന്വേഷണ സംഘം കണ്ടെത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ ടൊവിനോ തോമസ് പ്രതികരിച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ നാരദന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.
'നിലവില്‍ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍, ഷാരൂഖ് ഖാനെയും മകനെയും അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. അതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമാണ് എന്നാണ് തോന്നുന്നത്'; ടൊവിനോ പറഞ്ഞു.
അതോടൊപ്പം ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കും മാധ്യമ വിചാരണകള്‍ക്കും എന്ത് ന്യായീകരണമാണ് ഉള്ളത്. ഒരാളെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിന് മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത തെറ്റാണെന്നും ടൊവിനോ അഭിപ്രായപ്പെട്ടു. സംവിധായകന്‍ ആഷിഖ് അബുവും ആര്യന്‍ ഖാന്റെ കേസില്‍ രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 3നാണ് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ തിയേറ്ററുകളില്‍ എത്തിയത്. മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഉണ്ണി ആര്‍ ആണ് തിരക്കഥ. ടൊവിനോയ്ക്ക് പുറമെ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍വ എന്നിവരും ചിത്രത്തിലുണ്ട്.