സമൂഹത്തില്‍ ഉണ്ടാകേണ്ട മാറ്റത്തിന്റെ തുടക്കമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് നടന്‍ ടൊവീനോ തോമസ്. തെറ്റ് ചെയ്യാനുള്ള ആളുകളുടെ ധൈര്യമാണ് റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നതെന്നും നടന്‍ പറഞ്ഞു. രണ്ട് ദിവസത്തെ വാര്‍ത്തയായി മാത്രം അവസാനിക്കേണ്ടതല്ല റിപ്പോര്‍ട്ടിലെ വിഷയങ്ങള്‍. സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് പറയുമ്പോള്‍, ഈ പരാതികള്‍ എത്തുന്നത് പുരുഷാധിപത്യമുള്ള സമൂഹത്തിലേക്കാണെന്നും ഓര്‍ക്കണം. കമ്മിറ്റികള്‍ സമൂഹത്തിന്റെ സ്വയം തിരുത്തലിനെ വേഗത്തിലാക്കുന്നുണ്ടെന്ന് ഷോഷാ എന്ന ഓണ്‍ലൈന്‍ ചാനലിനോട് ടൊവീനോ പറഞ്ഞു.
അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടന്‍. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോ ട്രിപ്പിള്‍ റോളിലാണ് എത്തുക. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി എന്നിവരാണ് നായികമാര്‍. സെപ്റ്റംബര്‍ 12ന് ചിത്രം തിയറ്ററുകളിലെത്തും.
ടൊവീനോ പറഞ്ഞത്:
മലയാളം സിനിമാ മേഖലയില്‍ മാത്രമല്ല ഈ പ്രശ്‌നങ്ങളുള്ളത്. കുഴപ്പങ്ങള്‍ ഉള്ളത് സിനിമാ മേഖലയില്‍ മാത്രമല്ല. എല്ലാ തൊഴിലിടങ്ങളിലും പ്രതിസന്ധികളുണ്ട്. ഇന്ത്യയിലെ കാര്യം മാത്രമല്ല ഇത്. ലോകത്ത് എല്ലായിടത്തുമുണ്ട്. ഹേമ കമ്മിറ്റി പോലെയുള്ള കമ്മിറ്റികള്‍ കുറെയധികം പ്രശ്‌നങ്ങളെ പരിഹരിക്കും. അത് ചിലപ്പോള്‍ ഒരു ദിവസം കൊണ്ടായിരിക്കില്ല. ഇതൊരു തുടക്കമായിരിക്കും. വ്യക്തികളോട് മോശമായി പെരുമാറിയവര്‍ ശിക്ഷിക്കപ്പെടണം. അതില്‍ ഒരു ചോദ്യവുമില്ല. അടിസ്ഥാനപരമായ കാര്യമാണ് ഇതെല്ലാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ട് കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും എന്ന് തന്നെയാണ് കരുതുന്നത്. അതുമാത്രമല്ല, ആളുകളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി തെറ്റ് ആവര്‍ത്തിക്കാന്‍ ആളുകള്‍ ധൈര്യപ്പെടില്ല. നടന്നു കഴിഞ്ഞ സംഭവങ്ങള്‍ക്കെതിരെ നടപടിയുണ്ടാകണം. സ്ത്രീകള്‍ക്കെതിരെയുള്ള അനീതികള്‍ ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. സമൂഹം സ്വയം തിരുത്തുന്ന അവസ്ഥ ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആ മാറ്റത്തെ വേഗത്തിലാക്കുകയാണ് കമ്മിറ്റികള്‍ ചെയ്യുന്നത്.
സിനിമാ മേഖലയില്‍ പുരുഷാധിപത്യമുണ്ടെന്ന് എല്ലാവരും പറയുന്നു. പിന്നീട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്ത വരുന്നു. പരാതികള്‍ ഉണ്ടാകുന്നു. ഇതെല്ലാം എവിടേക്കാണ് എത്തുന്നത്? പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിലേക്ക്. രണ്ടു ദിവസത്തെ വാര്‍ത്തയായി മാത്രം അവസാനിച്ചു പോകേണ്ട വിഷയങ്ങളല്ല ഇതൊന്നും. സമൂഹത്തില്‍ മാറ്റം ഉണ്ടാകുകയാണ് വേണ്ടത്. ലോകത്തിലെ എല്ലാ ഇടങ്ങളിലും പുരുഷനും സ്ത്രീയും കുട്ടികളുമെല്ലാം അവരായിരിക്കുന്ന ഇടങ്ങളില്‍ സുരക്ഷിതരായിരിക്കണം.