അജിത് കുമാര്‍ നായകനായ വലിമൈയില്‍ വില്ലന്‍ കഥാപാത്രമാകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിന് വേണ്ടി ആ റോള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അത് ശരിയായ തീരുമാനമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ് ടൊവിനോ പറഞ്ഞത്.
വലിമൈക്ക് പുറമെ അമീര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലെ കഥാപാത്രവും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം.
ടൊവിനോ പറഞ്ഞത്:
മിന്നലിന്റെ ഷൂട്ട് നടക്കുമ്പോഴാണ് അമീര്‍ ഖാന്‍ ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ വിളിക്കുന്നത്. അത് ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു. അത് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ മിന്നലിന്റെ ഷൂട്ട് എപ്പോള്‍ വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥയായതു കൊണ്ട് വേണ്ടെന്ന് വെച്ചു.
വലിമൈയിലെ വില്ലന്‍ കഥാപാത്രവും ഉണ്ടായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരു നടനാണ് അജിത്ത് കുമാര്‍. പക്ഷെ അതിനേക്കാള്‍ ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുത്തതും, കൊടുക്കേണ്ടി ഇരുന്നതും. അത് ശരിയായ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത് അതാണ് കാലം തെളിയിച്ചത്.
അതേസമയം ആഷിഖ് അബു സംവിധാനം ചെയ്ത നാരദനാണ് റിലീസിന് കാത്തിരിക്കുന്ന ടൊവിനോ ചിത്രം. മാര്‍ച്ച് 3ന് ലോകവ്യാപകമായി തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അന്ന ബെന്‍, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഉണ്ണി ആര്‍ ആണ് തിരക്കഥ.