Film News

'മാധവനായി വിനായകനും ശങ്കുണ്ണിയായി സുരാജും'; എസ്.ഹരീഷിന്റെ തിരക്കഥയിൽ 'തെക്ക് വടക്ക്' ചിത്രീകരണം ആരംഭിച്ചു

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന 'തെക്ക് വടക്ക്' എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു. മമ്മൂട്ടി നായകനായ നൻപകൽ നേരത്തിനു ശേഷം എസ്. ഹരീഷ് തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. ചിത്രത്തിൽ കെഎസ്ഇബി എഞ്ചിനീയർ മാധവൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. അരിമിൽ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു. ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയത്. മിന്നൽ മുരളി- ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. വിക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.

ജയിലറിനു ശേഷം വിനായകൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. പേരറിയാത്തവർ- എന്ന സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ സുരാജ് വെഞ്ഞാറമ്മൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്ക്കാരം നേടിയ വിനായകനും അതുല്യമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടിയവരാണ്. ഇവർ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത ഈ പ്രൊജക്ടിനുണ്ട്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന നിലയ്ക്കാണ് ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നും ഈ വർഷം ഓണം റിലീസായി സിനിമ തിയറ്ററിൽ എത്തിക്കും എന്നുമാണ് സിനിമയുടെ സഹനിർമാതാക്കളിലൊരാളും സംവിധായകനുമായ വി. എ ശ്രീകുമാർ പറയുന്നത്.

എസ് ഹരീഷ് ഇതിനു മുൻപ് ഏദൻ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്ന “രണ്ടു പേർ” സംവിധാനം ചെയ്തത് പ്രേം ശങ്കറായിരുന്നു. ഒഗിൾവി, ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. ബ്രിട്ടാണിയ, ഐടിസി, ടിവിഎസ്, ലിവൈസ്, റാംഗ്ലർ തുടങ്ങിയ ബ്രാൻഡുകൾക്കായി പരസ്യ ചിത്രങ്ങൾ പ്രേം ശങ്കർ സംവിധാനം ചെയ്തിട്ടുണ്ട്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാ​ഗ്രണം നിർവഹിക്കുന്നത്. കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

SCROLL FOR NEXT